ശില്പ മുരളി
കഴിക്കുന്ന പാത്രത്തിലേക്ക് വെള്ളം വീണ് ഒരു ചുഴി സൃഷ്ട്ടിച്ചു ഓവുചാലിന്റെ ഇരുട്ടിലേക്ക് ഒഴുകി പോകുന്നതിലൊരു താളമുണ്ട്. നിരന്തരമായി അതിനെ നോക്കി നിൽക്കുന്നത് ഒരുതരം മയക്കം തൻ്റെ കണ്ണുകളിലേക്ക് കൊണ്ടുവരുന്നെന്ന് കനിക്ക് തോന്നി. പാത്രങ്ങൾ വെട്ടിത്തിളങ്ങുന്നത് വരെ കഴുകണമെന്ന് അവൾക്ക് പലപ്പോഴും തോന്നുമെങ്കിലും അതിനുള്ള സാവകാശം ലഭിക്കാറില്ല. ഒരു കൂട്ടം പാത്രങ്ങൾ വരുന്നു, ആളുകൾ കഴിച്ചതിന്റെ ബാക്കി മാറ്റുന്നു കഴുകുന്നു, കുട്ടൻ അതിനെ തുടച്ചുണക്കി മാറ്റുന്നു. കുട്ടൻ തൻ്റെ അനുജൻ ആകേണ്ടവനായിരുന്നെന്ന് കനിക്ക് തോന്നിയിട്ടുണ്ട്. തന്നോട് അവന് വല്ലാത്ത സ്നേഹമാണ്. ബസ് സ്റ്റാൻഡിൽ നിന്നും അവനെ വലിയ സാര്‍ പണിക്ക് കൊണ്ടുവരുമ്പോൾ അവൻ തീരെ ചെറുതായിരുന്നു. തല നിറയെ നല്ല കറുത്ത അറ്റം ചുരുണ്ട മുടിയും, വലിയ നീണ്ട വെള്ളാരംകല്ലുപോലത്തെ കണ്ണുകളും, ചാമ്പക്ക പോലെയുള്ള മൂക്കും, മുഖം നിറഞ്ഞു ചിരിതരുന്നൊരു വായും. തന്റെ അമ്മ അവനെ അവരുടെ വാടകമുറിയിലേക്ക് കൂട്ടികൊണ്ടുവന്നതും കട്ടിലിന്റെ ഒരു അറ്റം അവനായി മാറ്റി വെച്ചതും, അമ്മ രണ്ടുപേർക്കും ചോറ് വാരിത്തന്നിരുന്നതുമൊക്കെ അവൾക്ക് ഇപ്പോഴും ഓർമയുണ്ട്. തൈരിന്റെയും അച്ചാറിന്റെയും മണമുള്ള അമ്മയുടെ കൈ വായുടെ അടുത്ത് എത്തുമ്പോൾ തന്നെ വായിൽ വെള്ളം വരും.
‘പാടേ’ എന്നൊരു ശബ്ദത്തോടെ അടുത്ത കൂട്ടം പാത്രങ്ങളെത്തി. രണ്ടുദിവസമായി ‘പാടേ’യുടെ ശബ്ദം കുറഞ്ഞു വരുന്നതായി കനി ശ്രദ്ധിച്ചു. വലിയ സാറിന്റെ കച്ചവടം കുറവാണെങ്കിൽ തനിക്ക് വേറെ എവിടെയെങ്കിലും ജോലി നോക്കേണ്ടി വരുമല്ലോയെന്ന് അവളോർത്തു. പാത്രങ്ങൾ വന്നുകൊണ്ടേയിരുന്നു, കനിയും കുട്ടനും അവ കഴുകി അടുക്കി കൊണ്ടേയിരുന്നു. അന്ന് രാത്രി വലിയ സാർ എല്ലാവരോടുമായി ഒരുകാര്യം പറഞ്ഞു, “ലോകത്ത് ഒരുതരം വൈറസ് പൊട്ടിപുറപ്പെട്ടിട്ടുണ്ട്, എപ്പോഴും കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകണം. ആവശ്യമില്ലാതെ എപ്പോഴും മുഖത്ത് കൈ കൊണ്ട് തുടരുത്”. എപ്പോഴും സോപ്പിട്ട് പാത്രം കഴുകുന്ന താൻ ഇനിയും കഴുകണോ എന്ന് മനസ്സിൽ തെകിട്ടി വന്ന ചോദ്യം കനി വിഴുങ്ങി. പെട്ടെന്ന് നാട്ടിലുള്ള അമ്മുമ്മയെ ഓർമവന്നു. അമ്മുമ്മയോട് സൂക്ഷിക്കാൻ പറയണം. അമ്മുമ്മയെ വിവരം അറിയിക്കണമെന്ന് ഉറപ്പിച്ച് കനിയും കുട്ടനും അന്ന് രാത്രി ഹോട്ടലിൽ നിന്നിറങ്ങി. വഴിയിൽ കണ്ട ബൂത്തിലെ ചേട്ടനെ വിട്ട് പലതവണ അയൽപക്കത്തെ വീട്ടിലെ നമ്പറിലേക്ക് വിളിപ്പിച്ചെങ്കിലും ആരും ഫോൺ എടുത്തില്ലാന്നു അയാൾ പറഞ്ഞു.
അന്ന് രാത്രി മുഴുവൻ വൈറസിനെക്കുറിച്ചുള്ള കുട്ടന്റെ ചോദ്യങ്ങൾക്ക് അവളുടെ ഭാവനയിലെ ഉത്തരങ്ങൾ നൽകി കനി ഉറങ്ങി. അടുത്ത ദിവസം പതിവുപോലെ വന്നു ഹോട്ടൽ തൂത്തു വൃത്തിയാക്കി നിൽക്കുമ്പോഴാണ് കടയിലെ ടിവിയിൽ വൈറസിന്റെ ഫോട്ടോ കനിക്കും കുട്ടനും മറ്റുള്ളവർ കാണിച്ച് കൊടുത്തത്. കണ്ണിനു കാണാൻ കഴിയാത്ത വൈറസിന് ഇത്ര നിറവും ഭംഗിയും ഉണ്ടെന്ന് കണ്ടു കനി അതിശയിച്ചു. കുട്ടനോട് എന്തായാലും ഒരിടത്തും തൊടാതെ നടക്കണമെന്നും എപ്പോഴും കൈ കഴുകണമെന്നും അവൾ ശട്ടം കെട്ടി. പതിവ് പോലെ വേഗതയിൽ പാത്രം കഴുകുന്നെങ്കിലും മനസ് മുഴുവൻ അമ്മുമ്മയായിരുന്നു. ദൂരെ ആണെങ്കിലും അമ്മുമ്മ ഉണ്ടെന്ന ധൈര്യം കനിക്ക് വലിയ മുതൽക്കൂട്ടാണ്. അമ്മ പോയതിൽ പിന്നെ തനിക്കും കുട്ടനും അമ്മുമ്മയാണ് എല്ലാം. എല്ലാ മാസവും കിട്ടുന്ന കാശിന്റെ മുക്കാലും അമ്മുമ്മയ്ക്ക് അയക്കും. അമ്മുമ്മ അതിന്റെ മുക്കാലും അരി പാത്രത്തിൽ സൂക്ഷിക്കുമെന്ന് അവൾക്കറിയാം. അമ്മുമ്മയ്ക്ക് ഒന്നും വരുത്തരുതേയെന്ന് അവൾ പ്രാർത്ഥിച്ചു. ഹോട്ടലിൽ അന്നും ആൾ കുറവായിരുന്നു.
അന്ന് വൈകുന്നേരം പോകുംവഴിയും കനി അയല്പക്കത്തെ വീട്ടിലേക്ക് വിളിച്ചു. ആരും ഫോൺ എടുത്തില്ല. സങ്കടം സഹിക്കാൻ വയ്യാതെ അവൾ വലിയ സാറിനെവിട്ട് തന്നെ ഇവിടേക്ക് കയറ്റിവിട്ട നാട്ടിലെ ചേട്ടനെ വിളിപ്പിച്ച് അമ്മുമ്മയ്ക്ക് സുഖമാണോയെന്ന് അന്വേഷിക്കാൻ ഏൽപ്പിച്ചു. ആ സന്തോഷത്തിൽ തിരികെ വന്നപ്പോഴാണ് മറ്റ് ഹോട്ടലുകളിൽ ജോലി ചെയുന്ന ചേച്ചിമാർ കൂട്ടം കൂടിനിന്ന് സംസാരിക്കുന്നത് അവൾ കണ്ടത്. അവരുടെ ഹോട്ടലുകൾ അടയ്ക്കാൻ പോകുകയാണ്. മുതലാളിമാർ അവരോട് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഹോട്ടലുകളിലേക്കും കടകളിലേക്കും വരണ്ടായെന്നാണ് പറഞ്ഞിരിക്കുന്നത്. ഹോട്ടലിൽ കച്ചവടം കുറവായത് കൊണ്ടല്ല, ആ വൈറസ് കാരണമാണ്. രാജ്യത്തെല്ലാം ഇതാണ് അവസ്ഥപോലും. എല്ലാ കടകളും സർക്കാർ ആപ്പീസുകളും പൂട്ടുകയാണെന്നും, എല്ലാരും വീടുകളിലേക്ക് പോകുകയാണെന്നും അവർ പറഞ്ഞു.
പിറ്റേന്ന് നേരം വെളുക്കും മുൻപ് തന്നെ കുട്ടനെ കൂട്ടാതെ അവൾ വലിയ സാറിന്റെ വീട്ടിലേക്ക് ഓടി. അവിടെ ഹോട്ടലിലെ മറ്റ് ജീവനക്കാരും ഉണ്ടായിരുന്നു. തന്നെ കണ്ടയുടൻ വലിയ സാർ അമ്മുമ്മ സുഖമായിരിക്കുന്നു എന്ന്‍ വിവരം പറഞ്ഞു. അവള്‍ കേട്ട കാര്യങ്ങൾ ശരിയാണെന്നും, എല്ലാവർക്കും അത്യാവശ്യം വഴിച്ചിലവിനുള്ള കാശ് താൻ തരികയാണെന്നും പറഞ്ഞു സാർ അവിടെ എത്തിയവർക്ക് കാശ് നൽകി. കാശ് വാങ്ങിക്കൊണ്ട് തിരികെ നടന്നപ്പോൾ കനി ഓർത്തു. വീട്ടിൽ ചെന്നിട്ട് എന്താണ് ചെയ്യേണ്ടത്. ഒരു മാസത്തിന്റെ അവസാനമായിരിക്കുന്നു, ശമ്പളമായിട്ട് തന്നിരുന്നെങ്കിൽ ഒരുപക്ഷെ തങ്ങൾക്ക് മൂന്നുപേർക്കും അത് ഉപകാരപ്പെട്ടേനെ, ഇതിപ്പോൾ, തൻറെ കൈയിലുള്ള കാശുകൊണ്ട് എന്തുചെയ്യണമെന്ന് ആലോചിച്ച് കനി മുറിയിൽ എത്തി. കുട്ടനെ വിളിച്ചിരുത്തി കാര്യങ്ങൾ പറഞ്ഞു. അയക്കാൻ കാശില്ലെങ്കിൽ കുറച്ച് നാളുകൾ കഴിയുമ്പോൾ അമ്മുമ്മ പട്ടിണിയാകും. ഇവിടെ നിന്നാൽ ഹോട്ടലിൽ പണിയുമില്ലാതെ കയ്യിൽ കാശുമില്ലാതെ നമ്മളും പട്ടിണിയാകും. അതിനാൽ എത്രയും പെട്ടെന്ന് തിരികെ വീട്ടിലെത്തണം. അവൾ കിട്ടിയ തുണികളെല്ലാം എടുത്തൊരു ബാഗിലാക്കി. ഇറങ്ങാൻ നേരം ഒരു നിമിഷം അവൾ നിന്നു . അവസാനമായി ഇവിടെ നിന്നും ഇങ്ങനെ ഇറങ്ങിയത് അമ്മയെ വീട്ടിലേക്ക് കൊണ്ടുപോകുമ്പോഴാണ്. കറുത്തിരുണ്ട് കറ പിടിച്ചു കിടന്നൊരു മുറിയെ അമ്മയാണ് വീടാക്കിയത്. മുഖം നോക്കുന്ന കണ്ണാടിയിൽ അമ്മ വെച്ച് പഴകി നിറംപോയ പൊട്ടുകൾ ഒട്ടിച്ചേർന്ന് ഇരുപ്പുണ്ട്. അമ്മയുടെ തലയിലെ എണ്ണ പുരണ്ട് നിറം മങ്ങിയ തോർത്ത് അതുപോലെ കിടപ്പുണ്ട് അയയിൽ. അവൾ അതുകുടെ എടുത്ത് തോളിലിട്ട് കുട്ടനെയും കൂട്ടി ഇറങ്ങി.
വലിയ റോഡിലേക്ക് കയറിയപ്പോൾ ആളുകൾ എല്ലാം പഴയപോലെ രാവിലെ സവാരിക്ക് ഇറങ്ങിയിട്ടില്ല, കുറച്ച് പേർ അവരവരുടെ വീടുകളിലെ ഉയരങ്ങളിൽ നിന്നും ചായ ഊതി കുടിക്കുന്നു. നഗരം ഉറക്കം എഴുന്നേറ്റിട്ടില്ലാത്ത പോലെ അവൾക്ക് തോന്നി. ഈയടുത്തായി ഒരുപാട് ഉറങ്ങുന്നപോലെ. അവൾ റെയിൽവേ സ്റ്റേഷൻ ലക്ഷ്യമാക്കി നടന്നു. സ്റ്റേഷനിൽ എത്തിയപ്പോൾ സ്റ്റേഷൻ വിജനമാണ്. ട്രെയിനുകൾ ഒന്നും ഓടുന്നില്ലയെന്നും ഇനി കുറച്ച് ദിവസത്തേക്ക് ഇതിങ്ങനെ ആയിരിക്കുമെന്ന് ഒരാൾ പറഞ്ഞു. അവിടെ നിന്നൊരു ഉദ്യോഗസ്ഥൻ സോപ്പ് വെള്ളം നിറച്ചൊരു കുപ്പി നൽകിയിട്ട് വന്ന സ്ഥലത്തേക്ക് തന്നെ തിരികെ പോകണമെന്നും ശുചിയായി ഇരിക്കണമെന്നും പറഞ്ഞു. വന്ന സ്ഥലത്തേക്ക് തിരികെ പോകാനാണ് താൻ ഇവിടേക്ക് വന്നതെന്ന് പറയുന്നതിന് മുൻപേ ആ സാർ നടന്നുപോയി. കിട്ടിയ കുപ്പി പിടിച്ചുകൊണ്ട് അവർ ബസ് സ്റ്റാൻഡിലേക്ക് നടന്നു. മഞ്ഞു മാറി തുടങ്ങുന്നേ ഉണ്ടായിരുന്നുള്ളു. അപ്പോഴേക്കും തന്നെ നടന്നു നടന്നു തളർന്നു തുടങ്ങിയപോലെ.
നടക്കുമ്പോഴെല്ലാം അമ്മയെയാണ് ഓർമ വരുന്നത്. ഓർമകളിൽ അമ്മ നടക്കുന്നൊരു ചിത്രമാണ് കനിയുടെ മനസ്സിൽ ശേഷിക്കുന്നത്. അമ്മ സാരിത്തുമ്പ് കൂട്ടിപ്പിടിച്ച് ഇടത്ത് വശത്ത് തിരുകി ശ്വാസം പിടിച്ച് നടക്കും. നടക്കുമ്പോൾ അമ്മയ്ക്കൊരു താളമുണ്ട്, വേഗത്തിലാണോ നടക്കുന്നതെന്ന് ചോദിച്ചാൽ അല്ല, എന്നാൽ പതുക്കെയാണോ അതുമല്ല. അമ്മ എന്നാൽ ആ ചലനമാണ് കനിക്ക് ഓർമ്മ. ചലിക്കുന്നത് നിന്നാൽ ജീവിതം നിന്നുപോകും എന്ന് തോന്നിക്കുന്നവണ്ണം അമ്മ എന്തെങ്കിലും ചെയ്തുകൊണ്ടേ ഇരിക്കുന്നപോലെ അവൾക്ക് തോന്നും. അമ്മയേക്കാൾ മുന്നിലെത്താൻ ഓടി കിതച്ച് നിൽക്കുമ്പോഴും ഒരു ചിരി തിരിച്ചുകൊണ്ട് അമ്മ തന്റെ മുന്നിലൂടെ മുന്നോട്ട് പോകും. നടക്കുമ്പോൾ ചെവിക്ക് ഒരു നുള്ള് തന്നുകൊണ്ട് ‘അമ്മ പറയും “നടന്നു കൊണ്ടേയിരിക്കണം, കിതയ്ക്കാതെ നടക്കാൻ പഠിക്കണം”. അമ്മ അങ്ങനെ നടന്നു നടന്ന് മഞ്ഞിലേക്ക് മറഞ്ഞുപോയി.
ബസ് സ്റ്റാൻഡിൽ ബസുകളും ഓടുന്നില്ല. തിരികെ വാടകമുറിയിലേക്ക് പോയാലും ഒന്നും കിട്ടാനില്ല, എന്ത് തന്നെ സംഭവിച്ചാലും വീടെത്തണമെന്ന് അവൾ തീരുമാനിച്ചു. അതിപ്പോൾ നടന്നിട്ട് എങ്കിൽ അങ്ങനെ. അമ്മയെ വീടിലേക്ക് കൊണ്ടുപോകാൻ വലിയ സാർ ശരിയാക്കി തന്ന വണ്ടി ഒരു രാത്രി ഉറങ്ങി എഴുന്നേറ്റപ്പോൾ വീടെത്തി. ഒരുപക്ഷെ അത്രയും വേഗം എത്തിയില്ലെങ്കിലും നടന്നാൽ എത്താവുന്ന ദൂരമേ വീട്ടിലേക്ക് ഉള്ളുവെന്ന് അവൾക്ക് തോന്നി. വീട്ടിൽ എത്തിയാൽ അമ്മുമ്മ ഉണ്ട്. ഇവിടെ രണ്ടുപേരും ഒറ്റയ്ക്കാണ്. അവൾ കുട്ടനോട് വീട്ടിലേക്ക് നടന്നു പോകാമോയെന്നു ചോദിച്ചു. നടക്കാമെന്നു അവൻ സമ്മതിച്ചു. കനി അവനോട് പറഞ്ഞു ” പതിയെ തളരാതെ നടക്കണം. വേഗം നടക്കണ്ട. പക്ഷെ വീട്ടിലെത്താൻ വേണ്ടി നടക്കണം”. അവൻ ചിരിച്ചുകൊണ്ട് “പതുക്കെ ഓടിയോടി നടക്കാം” എന്ന് പറഞ്ഞു. അവൾക്ക് അത് കേട്ട് ചിരി വന്നു. അവർ ചിരിച്ചുകൊണ്ട് നടക്കാൻ തുടങ്ങി.
സമയം പോകുംതോറും ചിരി മാഞ്ഞു മാഞ്ഞു പോയി. വെയിൽ കൂടിക്കൂടി വന്നു. രണ്ട് പേരും വിയർത്ത് ഒഴുകിക്കൊണ്ടിരുന്നു. പക്ഷെ അവർ നടത്തം തുടർന്നു. ഭക്ഷണമില്ലാതെ ഇതുനുമുന്പേയും അവർ കഴിച്ചുകൂട്ടിയിട്ടുണ്ട്. പക്ഷെ വെള്ളമില്ലാതെ പറ്റില്ല. കുട്ടൻ ചെറിയ കുട്ടിയും കൂടെയാണ്. അതിനാൽ അവൾ വഴി നീളെ പൊതുപൈപ്പുകൾ ഉണ്ടോയെന്ന് അന്വേഷിച്ചു നടന്നു. പൈപ്പിൽ വെള്ളം ഉണ്ടായിരുന്ന ഇടത്തുനിന്നെല്ലാം വയർ വീർക്കേ അവർ വെള്ളം കുടിച്ചു. വൈകുന്നേരത്തോട് അടുത്ത് കുട്ടൻ തളർന്നപ്പോൾ അവൾ അവനെ എടുത്തുകൊണ്ട് നടക്കാൻ തീരുമാനിച്ചു. എന്നാൽ അധിക ദൂരം അങ്ങനെ നടക്കാൻ അവൾക്ക് സാധിച്ചില്ല. അവളുടെ ബുദ്ധിമുട്ട് മനസിലാക്കി അവൻ താഴെ ഇറങ്ങി നടന്നു. കുറച്ച് നേരം ഇരുന്നിട്ട് നടക്കാമെന്ന് പറഞ്ഞു കനി അവനെയും കൂട്ടി ഒരു കടത്തിണ്ണയിൽ ഇരുന്നു. സമയം ഇരുട്ടി തുടങ്ങിയിരുന്നു.
“നിങ്ങൾ എവിടെ പോകുകയാണ്? എന്തിനാണ് ഈ സമയത്ത് പോകുന്നത്? എന്നിങ്ങനെ ചോദിച്ച് കൊണ്ട് ഒരാൾ അവരെ വിളിച്ചുണർത്തി. എത്ര നേരം മയങ്ങി എന്നറിയില്ല. കനിയുടെ തൊണ്ട വരണ്ട് അവൾക്ക് അയാളോട് ഒന്നും പറയാൻ കഴിഞ്ഞില്ല. അയാൾ തന്റെ ഫോണും കൊണ്ട് നടന്നകന്നു. കനി അയാൾ പോകുന്നത് നോക്കി ഇരുന്നു. പതിയെ പതിയെ കണ്ണ് തെളിഞ്ഞപ്പോൾ അയാൾ നടന്ന ദിശയിലേക്ക് ഒരുപാട് പേർ നടക്കുന്നപോലെ കനിക്ക് തോന്നി. തന്റെ അമ്മയുടെ നടത്തത്തെ ഓർമിപ്പിക്കുന്ന ചലനം. ആളുകളുടെ എണ്ണം കൂടിക്കൂടി വരുന്നപോലെ അവൾക്ക് തോന്നി. പെട്ടെന്ന് അവൾ കുട്ടനെ തട്ടിയുണർത്തി. ബാഗെടുത്ത് കുട്ടനെയും കൂട്ടി അവൾ ആ വഴിയിലേക്ക് നടന്നു. റോഡിൻറെ അരികുകളിൽ കാഴ്ച്ച കാണുന്ന പോലെ ആളുകൾ നോക്കി നിൽക്കുന്നത് അവൾ കണ്ടു. രാവിലെ ചായ ഊതി കുടിച്ചവരെ പോലെ വീടുകളിൽ നിന്നും കുറെ പേർ ഈ വലിയ ചലനത്തെ നോക്കുന്നു.
പക്ഷേ അതൊന്നും നടക്കുന്നവരെ ബാധിക്കുന്നില്ല. അമ്മ പറഞ്ഞപോലെ അവർ കിതയ്ക്കാതെ നടക്കുകയാണ്. തന്റെയൊപ്പം നടക്കുന്നവർ എവിടേക്കാണോ നടക്കുന്നത് അവിടേക്കാണ് താനും കുട്ടനും നടക്കേണ്ടതെന്ന് അവൾക്ക് തോന്നി. അവൾ കുട്ടന്റെ കൈപിടിച്ച് നടന്നു.