Keralaliterature.com

കുഞ്ഞനന്തന്റെ ശംശയങ്ങള്‍

ലളിത മോട്ടി

കുഞ്ഞനന്തന്‍ തരിച്ചിരുന്നുപോയി. ആരോട് ചോദിച്ചിട്ടും ഒരു മറുപടിയും കിട്ടിയില്ല. കാഞ്ചനാക്കയുടെ പുഞ്ചിരിയില്‍ നിഗൂഢത.
വിജയ പെരിയമ്മ മുഖം കറുപ്പിച്ച്, ആണ്‍കുട്ടികള്‍ക്ക് ഇതൊക്കെ അറിഞ്ഞിട്ട് എന്തുവേണമെന്ന മുഖഭാവവുമായി ‘ഛടക് ഛടക്’ എന്ന് കാലിലെ മെട്ടി കിലുക്കിക്കൊണ്ട് അകത്തേക്ക് പോകുന്നു. ഈ പെരിയമ്മ അല്ലെങ്കിലും ഇങ്ങനെയാണ്. അഗ്രഹാരത്തിലെ കാര്‍ണോത്തിയാണെന്നാ വിചാരം! വാല്യക്കാരി ചെല്ലമ്മ (ആട്ടുന്ന ഇഡ്ഡലി മാവ് സ്വന്തം വീട്ടിലേക്ക് ചോറ്റുപാത്രത്തിലേക്ക് രഹസ്യമായി പകരുമ്പോള്‍ കള്ളിച്ചെല്ലമ്മ) യോട് ചോദിച്ചു, എന്താണ് ഇന്‍ഫെക്ഷിയസ് ഡിസീസ് എന്ന്.
‘അതെന്തര് കുഞ്ഞേ?’ എന്ന് അവള്‍ ഇങ്ങോട്ട്. വസന്ത ചിറ്റയാണെങ്കില്‍ കേട്ടില്ലെന്ന ഭാവത്തിലുള്ള ഇരിപ്പാണ്. ഒടുവില്‍, നടരാജണ്ണയെ സമീപിച്ചു. മഠത്തിലെ ബുദ്ധിരാക്ഷസന്‍ എന്നു വിളിക്കപ്പെടുന്ന, ബികോം വിദ്യാര്‍ത്ഥിയായ നടരാജണ്ണാ. ‘നീ പോടാ ഒരു അഞ്ചു കൊല്ലം കഴിയുമ്പോള്‍ പറഞ്ഞുതരാം’. സ്വതസ്സിദ്ധമായ മേല്‍ക്കോയ്മയോടുകൂടി ‘ബുദ്ധിരാക്ഷസന്‍’ തിരിച്ചടിച്ചു.
എന്തുപറ്റി? ഇതെന്തുപറ്റി? തൊട്ടുമുമ്പുവരെ കല്പനാക്കയ്ക്ക് ഒരു കുഴപ്പവും ഇല്ലായിരുന്നു. കള്ളനും പോലീസും കളിച്ചപ്പോള്‍, മത്സരിച്ചു ഊഞ്ഞാലാടിയപ്പോള്‍, മാവില്‍ കയറി മാമ്പഴം കുലുക്കി ഇട്ടുകൊടുത്തപ്പോള്‍, ഓടിനടന്നു പെറുക്കിയപ്പോള്‍, അസുഖം ഒന്നും ഇല്ലായിരുന്നല്ലോ?
എന്താണീ ഇന്‍ഫെക്ഷിയസ് ഡിസീസ്? സൗകര്യാര്‍ത്ഥം കുഞ്ഞനന്തന്‍ അതിനെ ഐ.ഡി എന്ന് വിളിക്കാന്‍ തീരുമാനിച്ചു. പകര്‍ച്ചവ്യാധികളെക്കുറിച്ച് അഞ്ചാം ക്ലാസിലേക്ക് കയറാന്‍ പോകുന്ന തനിക്ക് അറിയില്ലെങ്കില്‍… ഛെ! ലജ്ജാവഹം! വസൂരി, അഞ്ചാംപനി, ചിക്കന്‍ പോക്‌സ്, നിപ്പാ, ചിക്കന്‍ ഗുനിയ, ഡങ്കിപ്പനി അങ്ങനെ അങ്ങനെ…. കടവുളേ ! ഇനി കൊറോണയാണോ? അങ്ങനെയെങ്കില്‍ ആരും വെപ്രാളപ്പെട്ട് കണ്ടില്ലല്ലോ?
കല്പനാക്ക തുമ്മിയില്ല, ശ്വാസംമുട്ടല്‍ പ്രകടിപ്പിച്ചില്ല. കാരണവര്‍ ‘കൂള്‍’ ആയിരിക്കുന്നു 3.30 വരെ കളിച്ചും ചുമ്മാ കൂടെ ഇരുന്ന് കഥ പറഞ്ഞുതന്ന കല്‍പ്പനാക്ക തനിക്ക് വിലക്ക് തന്നിരിക്കുന്നു. 3.45ന് ഐ.ഡി! തൊട്ടുകൂടാ, അടുത്തുചെല്ലുക പോലും പാടില്ല! എന്തുകൊണ്ട്? ‘അതേയ്…. അതേയ്…’ കല്പനാക്ക ഒന്ന് ചമ്മി. ‘മൂന്നു ദിവസത്തേക്ക് എന്റെഅടുത്ത് വരാന്‍ പാടില്ല.’
എന്താണിത്? വാട്ട് ഈസ് ദിസ്? ഐ.ഡി ആണെങ്കില്‍ നാലാം ദിവസം ഭേദം ആകും എന്നതിന് എന്താണ് ഉറപ്പ്? കുഞ്ഞനന്തന്റെ കുഞ്ഞു മനസ്സൊന്നു പിടഞ്ഞു. കുട്ടനാടന്‍ മനസ്സില്‍ വീണ്ടും ഒരു വെള്ളപ്പൊക്കം. ഒന്നുമില്ലെങ്കിലും കല്പനാക്കയുടെ കുഞ്ഞനിയന്‍ അല്ലേ താന്‍?
ഒരേയൊരു അമ്മാവന്‍ ഹരിമാമയോട് തന്നെ ചോദിക്കാം. തന്റെ ഏത് കിന്നാര ചോദ്യത്തിനും ശാന്തമായി ഉത്തരം പറയുന്ന ഹരിമാമ. കല്പനയ്ക്ക് ഭയങ്കര അസുഖമാണെന്ന് കേട്ട് ഹരിമാമ ഒന്നു വിരണ്ടു. ‘എന്താണ് കല്പനയ്ക്ക്? എന്താ?’
അഗ്രഹാരമുറ്റം മുഴുവന്‍ അടച്ച് കോലം ഇട്ടുകൊണ്ടിരുന്ന അടുക്കളക്കാരി അമ്മുമാമി പറഞ്ഞു, ‘കല്പനയ്ക്ക് തൊട്ടുടാ.’
‘ഓ വെളിയിലെയാ? ഇവ്വളവുതാനാ?’
ലോകത്തിലെ ഏറ്റവും ബുദ്ധി കുറഞ്ഞ ജീവിയാണെന്ന മട്ടില്‍ തന്നെ നോക്കി. പൂജാദി കര്‍മ്മങ്ങള്‍ക്ക് മുന്നോടിയായി കുളക്കടവിലേക്ക് പോയി അദ്ദേഹം. ദേഹം മുഴുവന്‍ വൈക്കോലുമായി തുറു ഉണ്ടാക്കിക്കൊണ്ടിരുന്ന വേലുവും, വള്ളക്കാരന്‍ ബാലനും, ബോട്ട് ഡ്രൈവര്‍ പ്രഭാകരനും കൈമലര്‍ത്തി. നിരാശനായി തിരിഞ്ഞു നടന്ന പയ്യന്റെ പുറകില്‍ അവര്‍ അവനെ ‘ആക്കി’ചിരിച്ചു. അല്ലെങ്കിലും അകത്തുള്ള അമ്യാര്‍മാരുടെ വിശേഷങ്ങളില്‍ അവര്‍ക്കെന്ത് കാര്യം.
പാവം കുഞ്ഞനന്തന്‍! അവന്റെ ജീവനായ കല്‍പ്പനാക്ക മരിക്കും തീര്‍ച്ച. അത്ര ഭയങ്കര പകര്‍ച്ചവ്യാധിയല്ലേ വന്നിരിക്കുന്നത്! ഐ.ഡി!
അവസാനത്തെ അത്താണി അമ്മതന്നെ.
‘അമ്മാ, കല്പനാക്ക മരിച്ചു പോകുമോ ?’ ഉത്തരക്കടലാസുകളുടെ കൂമ്പാരങ്ങള്‍ക്കിടയില്‍നിന്ന്
തലയുയര്‍ത്തി മീന ടീച്ചര്‍ മകനെ നോക്കി. ‘നീ എന്ത് അബദ്ധമാണ് ഈ പറയുന്നത്?’ മരിക്കുകേ? ഓ അത്… അത്.., എല്ലാ മാസവും ഉണ്ടാകുന്ന ഒരു.. ഒരു… പ്രത്യേകതയാണ്. ഞങ്ങള്‍ക്ക് ഇടയ്ക്ക് ഒരു വിശ്രമം ഒക്കെ വേണ്ടേ?’ അമ്മ അവന്റെ കുഞ്ഞി കുടുമയില്‍ തലോടി. കുഞ്ഞനന്തന്‍ അമ്മയെ കെട്ടിപ്പിടിച്ചു. അമ്മ പറഞ്ഞാല്‍ അതിനപ്പുറം ഒന്നുമില്ല അവന്.
നോക്കിയപ്പോള്‍ അങ്ങ് ആണുങ്ങള്‍ അധികം കയറാത്ത മാടപ്പുരയില്‍, കായവറുത്തതും കൊറിച്ച്, അപ്പോള്‍ സജ്ജമാക്കിയ ജമുകാളത്തില്‍ ചാഞ്ഞിരുന്ന്, തലയിണ കെട്ടിപ്പിടിച്ചു തമിഴ് സിനിമാ മാസികയില്‍ മുഴുകിയിരിക്കുന്ന കല്പനാക്ക.. വിഭവസമൃദ്ധമായ ഊണ്-കാപ്പി-പലഹാരങ്ങള്‍ വാല്യക്കാരികള്‍ കുറച്ചു ദൂരെയായി കൊണ്ടുവച്ചു കൊടുക്കുന്നുണ്ട്. ചെറിയ വെള്ളിമൊന്തയില്‍നിന്ന് കാച്ചികുറുക്കിയ പാലിന്റെ മണം കിട്ടിയപ്പോള്‍ അവനു കൊതിയായി. എന്തായാലും കൊറോണ അല്ല. പക്ഷേ ഐ.ഡി ആണല്ലോ!. സൂക്ഷിച്ചില്ലെങ്കില്‍ പകരും. നാലാം ദിവസം കളിക്കാന്‍ കൂട്ടിനെത്തും കല്പനാക്ക…
എന്നാലും, ആ സുഖലോലുപമായ ജീവിതം തനിക്കും കിട്ടിയാല്‍ കൊള്ളാമായിരുന്നു. നന്നായി വിശ്രമിക്കാം. പഠിക്കാന്‍ ആരും പറയുകയില്ല. ഇഷ്ടമുള്ളതൊക്കെ തിന്നാന്‍ കിട്ടും. ആരും വഴക്കു പറയില്ല.
സ്വര്‍ഗ്ഗം!! അടുത്തിടെ ഉപനയനം കഴിഞ്ഞിരുന്നെങ്കിലും മൂന്നുനേരം ഗായത്രി ജപിക്കേണ്ട. സന്ധ്യാവന്ദനം വേണ്ട. മന്ത്രങ്ങള്‍ പറയാനേ പാടില്ലത്രേ.
കൊച്ചുകുടുമ ഒന്നുകൂടി അഴിച്ചു അറിയാവുന്നതുപോലെ കെട്ടി. പുതിയ പൂണൂല്‍ ഭക്തിപൂര്‍വം തലോടിക്കൊണ്ട് നമ്മുടെ കുട്ടിപ്പട്ടര്‍ കുഞ്ഞനന്തന്‍ മനസ്സുരുകി പ്രാര്‍ത്ഥിച്ചു:
എന്റെ മങ്കൊമ്പിലമ്മേ! എനിക്കും എല്ലാ മാസത്തിലും വരുന്ന ഈ ഇന്‍ഫെക്ഷിയസ് ഡിസീസ് എത്രയും വേഗം വരുത്തണേ!!
മരമാളികയുടെ കോലായില്‍നിന്ന് ജേഷ്ഠന്‍ നാരായണന്‍ കല്പനയെ കോക്രി കാണിച്ചുകൊണ്ട് പറഞ്ഞു:
‘എടാ അഗ്രഹാരകഴുതേ!’ കുഞ്ഞ്‌നന്താ! ദേ സോഷ്യല്‍ ഡിസ്റ്റന്‍സിങ്!

 

കഥയെക്കുറിച്ച് കഥാകൃത്തിന്റെ കുറിപ്പ്

ഈ കഥ എഴുതിയിരിക്കുന്നത്, ഒരു യാഥാസ്ഥിതിക ബ്രാഹ്മണ കുടുംബത്തിന്റെ പശ്ചാത്തലത്തിലാണ്. ബ്രാഹ്മണരുടെയിടയില്‍ ഇപ്പോഴും പലയിടങ്ങളിലും നിലവിലുള്ള സമ്പ്രദായമാണ് സ്ത്രീകളുടെ തൊട്ടുകൂടായ്മ. മാസംതോറും മൂന്നു ദിവസത്തേക്ക് സ്ത്രീകള്‍ക്ക് വിശ്രമിക്കാനായി കാരണവന്മാര്‍ നിലനിര്‍ത്തിയിരിക്കുന്ന സമ്പ്രദായം.
കഥാനായകന്‍ ഒമ്പതു വയസ്സുള്ള കുഞ്ഞനന്തന്‍. ആ പ്രായത്തില്‍ ഒരു കുഞ്ഞ്, എത്ര നിഷ്‌കളങ്കന്‍ ആയിരിക്കണമോ, അത്രയും തന്നെ കുട്ടിത്തമുള്ള, സ്‌നേഹവാനായ ഒരു കുട്ടി.
ആധുനിക ലോകത്തിലെ മള്‍ട്ടിമീഡിയയുടെ അതിപ്രസരവും കണ്ണില്‍ച്ചോരയില്ലാത്ത ധനമോഹവും കാരണം സാധാരണ ശൈശവത്തിലൂടെ വളര്‍ന്നു വലിയവനാകേണ്ട ഒരു കുഞ്ഞ്, സാനിട്ടറി നാപ്കിന്‍സ് എന്താണെന്ന് കാണുന്നു. കോണ്ടംസ് പലതരത്തിലുള്ളതും കാണുന്നു. കാണാത്തതായി ഒന്നുമില്ല. പറഞ്ഞുകേള്‍ക്കാത്തതായി ഒന്നുമില്ല. മനോഹരവും നിഷ്‌കളങ്കവുമായ ബാല്യത്തില്‍ നിന്നും, അറിയേണ്ട പ്രായത്തില്‍ അറിഞ്ഞാല്‍ മതി എന്നു നമ്മള്‍ വിചാരിക്കുന്ന പല കാര്യങ്ങളും അവന്‍ അറിയാന്‍ നിര്‍ബന്ധിതനാണ്.
ഇങ്ങനെയുള്ള സാഹചര്യത്തില്‍ കുഞ്ഞനന്തന്‍ വളരുന്നു. ഒമ്പതു വയസ്സുള്ള ഒരു കുട്ടി എങ്ങനെ വളരണമോ, അങ്ങനെ. ഒരു യാഥാസ്ഥിതിക കുടുംബത്തിലെ പതിവുള്ള ആചാരങ്ങളെ, അവയുടെ പൊരുള്‍ മനസ്സിലാക്കി മുറകേപ്പിടിക്കുന്ന ബന്ധുജനങ്ങളുടെയിടയില്‍, ചിട്ടകളോടും അനുസരണയോടും വളരുന്ന കുഞ്ഞനന്തന്‍. നമ്മുടെ മനസ്സുകളിലെ അതിമനോഹരമായ ഒരിക്കലും നടക്കാന്‍ സാധ്യതയില്ലാത്ത മധുരമോഹന നടക്കാത്ത സ്വപ്‌നത്തിന്റെ മനുഷ്യാവിഷ്‌കാരമാണ്.

ഒരു കുഞ്ഞെപ്പോഴും കുഞ്ഞുതന്നെ. ആ കുട്ടിയെ എന്തു പദമുപയോഗിച്ചു വിളിച്ചാലും അവന്‍ കുട്ടിതന്നെ. പ്രകൃതിയെ സ്‌നേഹിക്കുന്ന, തുമ്പിയുടെയും ചിത്രശലഭത്തിന്റെയും പുറകില്‍ പാറിനടക്കുന്ന, മഴവില്ല് കാണുമ്പോള്‍ തുള്ളിച്ചാടുന്ന, ഗുരുഭൂതന്മാരെയും പ്രായപൂര്‍ത്തിയായവരെയും ബഹുമാനിക്കുന്ന, സല്‍സ്വഭാവിയായി വളരുന്ന ഒരു നല്ല വ്യക്തി.
അങ്ങനെയുള്ള കുറച്ച് കുഞ്ഞനന്തന്മാര്‍-ഈ കള്ളലോകത്തെ കാപട്യങ്ങളെയും കുതികാല്‍വെട്ടുകളെയും വഞ്ചനയെയും സന്തുലിതമാക്കിക്കൊള്ളും, തീര്‍ച്ച.

(ഡോ. ലളിത മോട്ടി
കിഴക്കേമഠം, മങ്കൊമ്പ്)

Exit mobile version