സന്ധ്യ ആർ

കൊറോണാ
നീ എന്തിനാണ്

ഞങ്ങളുടെ അവധിക്കാലത്തിന്റെ
നെഞ്ചിലേക്ക്
ഭയപ്പാടായി
ഇങ്ങനെ ഇടിച്ചിറങ്ങിയത്?

 

കൊറോണാ,
നീ എന്തിനാണ്

പരീക്ഷകളും ഹോംവർക്കുകളും

ട്യൂഷൻ ക്ളാസ്സുകളും
ഇമ്പോസിഷനുകളും

അലട്ടാത്ത ഞങ്ങളുടെ അവധിക്കാലം

തകർത്തെറിഞ്ഞത്?

 

കൊറോണാ,
അലമാരയറയിലെ
യാത്രാ
ടിക്കറ്റുകൾ
നിന്റെ വരവോടെ
വിറയാർന്നിരിക്കുന്നു.

ഒരു കൊല്ലക്കാലംകൊണ്ട്
ഞങ്ങൾ
നെയ്തൊരുക്കിയ
പൂങ്കാവനങ്ങളെയാണ്
നീ
മരുഭൂമിയാക്കുന്നത്.

 

കൊറോണാ
നീ എന്തിനാണ്
ഞങ്ങളുടെ
കോലാഹലങ്ങൾ നിറയേണ്ട
കളിക്കളങ്ങളെ
മൂകത മുഴങ്ങുന്ന
കാറ്റുകൾക്ക്
വിട്ടുകൊടുത്തത്?

 

കൊറോണാ
കയ്യടികളും
പോപ്കോൺ മണങ്ങളും
തങ്ങേണ്ട തിയേറ്ററുകളിലെ
വെള്ളിവെളിച്ചങ്ങളിൽ
നീ
എന്തിനാണ്
നിശ്ശബ്ദത കനച്ച
ഇരുട്ടുനിറച്ചത്?

കൊറോണാ,
മരണത്തിന്റെ
മഞ്ഞപ്പല്ലുകൾ കാട്ടി
നിനക്ക്
ഞങ്ങളെ
ഭയപ്പെടുത്താനാവില്ല.

എങ്കിലും
ഉറ്റവരും ഉടയവരുമില്ലാത്ത

ഒറ്റപ്പെടലിന്റെ
ഇരുട്ടറകൾ

ഞങ്ങളെ ഭയപ്പെടുത്തുന്നു

 

കൊറോണാ,
ഒരു ഓണാവധിക്കാലം
തട്ടിയെടുത്തു
പ്രളയം ഓടി മറയുന്നത്

വിങ്ങലോടെ നോക്കി നിന്നവരാണ് ഞങ്ങൾ.

കൊറോണാ,
ഞങ്ങളുടെ വേനലവധി

ഞങ്ങൾക്കു വിട്ടുതരൂ…