Keralaliterature.com

രണ്ടാമൂഴം

രണ്ടാമൂഴം(നോവല്‍)

എം.ടി. വാസുദേവന്‍ നായര്‍

എം.ടി. വാസുദേവന്‍ നായര്‍ രചിച്ച മലയാളത്തിലെ പ്രശസ്ത നോവലാണ് രണ്ടാമൂഴം. മഹാഭാരത കഥ ആസ്പദമാക്കിയുള്ള നോവലില്‍ ഭീമനാണ് കേന്ദ്രകഥാപാത്രം. അഞ്ചു മക്കളില്‍ രണ്ടാമനായ ഭീമന് എല്ലായ്‌പ്പോഴും അര്‍ജ്ജുനനോ യുധിഷ്ഠിരനോ കഴിഞ്ഞ് രണ്ടാമൂഴമേ ലഭിക്കുന്നുള്ളൂ. പാഞ്ചാലിയുടെ കാര്യത്തിലും ഇത് തുടരുന്നു. ഇതാണ് പേരിനു പിന്നില്‍. അതിശക്തനും ലളിതചിന്താഗതിക്കാരനുമായ ഭീമന്‍ എന്ന മനുഷ്യന്റെ ചിന്തകളും വികാരങ്ങളും ഭീമന്റെ നിത്യജീവിതത്തില്‍ സംഭവിക്കുന്ന സംഭവങ്ങളും നോവലില്‍ ഭീമന്റെ കണ്ണിലൂടെ വിവരിക്കുന്നു. പലപ്പോഴും സഹോദരന്മാരുടെ ചിന്തകള്‍ ഭീമന് മനസ്സിലാവുന്നില്ല. കാനനകന്യകയായ ഹിഡിംബിയിലാണോ അതോ രാജകുമാരിയായ ദ്രൗപദിയിലാണോ ഭീമന് കൂടുതല്‍ പ്രണയം എന്ന് വായനക്കാരന് സംശയം ഉണ്ടാകുന്നു. വായുപുത്രനാണ് എന്ന് വിശ്വസിച്ച് എല്ലാ ആപത്ഘട്ടങ്ങളിലും വായുദേവനെ വിളിച്ചുപോന്ന ഭീമന്റെ പിതൃത്വം കഥാന്ത്യത്തില്‍ ചോദ്യം ചെയ്യപ്പെടുന്നു. ശക്തനായ ഒരു മകനെ കിട്ടാന്‍ വേണ്ടി കാട്ടില്‍ നിന്നും ചങ്ങലയഴിഞ്ഞു വന്ന ഒരു കാട്ടാളനെ പ്രാപിക്കേണ്ടി വന്നു എന്ന് കുന്തി ഭീമനോട് പറയുന്നു. വായുപുത്രനെന്ന് അഹങ്കരിച്ചിരുന്ന ഭീമന്‍ ഒടുവില്‍ അവിടെയും തോല്‍ക്കുന്നു. ഒടുവില്‍ ഭാരതയുദ്ധത്തിനു ശേഷം മലകയറവേ ഓരോ സഹോദരങ്ങളായി വീണുപോവുന്നു. അവരുടെ പാപങ്ങളാണ് അവരെ വീഴ്ത്തിയതെന്ന യുധിഷ്ഠിരന്റെ വാക്കുവിശ്വസിച്ച് മുന്നോട്ട് നടക്കവേ ദ്രൗപദിയും വീഴുന്നു. ഇതു കണ്ട് ദ്രൗപദിയെ താങ്ങാന്‍ ഭീമന്‍ തിരിഞ്ഞുനടക്കുന്നു.1977 നവംബറില്‍ മരണം വളരെ സമീപത്തെത്തി പിന്മാറിയ സമയം അവശേഷിച്ച കാലം കൊണ്ട് എങ്ങനെയെങ്കിലും എഴുതിതീര്‍ക്കണമെന്ന് ആഗ്രഹിച്ച് എഴുതിയ ഒരു നോവലാണ് രണ്ടാമൂഴം എന്ന് എം.ടി പറയുന്നു. 1985 ലെ വയലാര്‍ പുരസ്‌കാരം ഈ കൃതിക്കാണ് ലഭിച്ചത്.

Exit mobile version