തോമസ് സ്റ്റേര്‍സ് എലിയറ്റ് ഇരുപതാം നൂറ്റാണ്ടിലെ ശ്രദ്ധേയനായ വിമര്‍ശകനാണ്. വ്യാഖ്യാനിക്കുകയും
കാലഘട്ടത്തിന്റെ അഭിരുചികളെ തിരുത്തിക്കുറിക്കുകയുമാണ് ഒരു വിമര്‍ശകന്‍ ചെയ്യേണ്ടതെന്ന് വാദിച്ചയാള്‍. കവി, നാടകകൃത്ത്, സാഹിത്യ വിമര്‍ശകന്‍, പത്രപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ ബഹുമുഖ പ്രതിഭയാണ്. ബെന്‍ ജോണ്‍സണില്‍ ആരംഭിച്ച് വേര്‍ഡ്‌സ്‌വര്‍ത്ത്, കോള്‍റിഡ്ജ്, ഷെല്ലി, ആര്‍നോള്‍ഡ്, റോബര്‍ട്ട് ബ്രിഡ്ജസ് എന്നിവരിലൂടെ നീളുന്ന കവിയായ വിമര്‍ശകരുടെ നിരയില്‍ പ്രധാനിയാണ് ടി.എസ്.എലിയറ്റ്.
കൃതികള്‍
1. സേക്രട്ട് വുഡ്
2. ദ യൂസ് ഓഫ് പോയട്രി ആന്റ് യൂസ് ഓഫ് ക്രിട്ടിസിസം
3. നോട്ട്‌സ് ടുവേര്‍ഡസ് എ ഡെഫനിഷന്‍ ഓഫ് കള്‍ച്ചര്‍
4. സെലക്ടഡ് ഇസ്സേയ്‌സ്
5. ഓണ്‍ പോയട്രി ആന്റ് പോയറ്റ്‌സ്
6. ടു ക്രിട്ടിസൈസ് ദ ക്രിട്ടിക്‌സ്
പാരമ്പര്യവും വ്യക്ത്യഭിരുചിയും എന്ന പ്രബന്ധം എലിയറ്റിന്റെ വിമര്‍ശന ജീവിതത്തിന്റെ പ്രകടനപത്രികയാണ്. ഈ സിദ്ധാന്തത്തിന്റെ പിന്‍ബലത്തിലാണ് എലിയറ്റ് തന്റെ പില്ക്കാല വിമര്‍ശനങ്ങളെല്ലാം പടുത്തുയര്‍ത്തിയിരിക്കുന്നത്. ഇംഗ്ലീഷ് സാഹിത്യം പൊതുവെയും, വിമര്‍ശനം പ്രത്യേകിച്ചും, പാരമ്പര്യം എന്ന സംജഞയെ ശരിക്ക് വിലയിരുത്തിയിട്ടില്ല എന്നു പ്രസ്താവിച്ചുകൊണ്ടാണ് എലിയയറ്റ് വിമര്‍ശനം ആരംഭിക്കുന്നത്. സര്‍ഗാത്മക സൃഷ്ടിയേക്കാള്‍ ഒട്ടും പിന്നിലല്ല വിമര്‍ശനം എന്ന് എലിയറ്റ് വാദിക്കുന്നു. നേരേമറിച്ച്, സൃഷ്ടിയോടൊപ്പം തന്നെയാണ് വിമര്‍ശനത്തിന്റെയും സ്ഥാനം. സൃഷ്ടിക്കാനും വിമര്‍ശിക്കാനും ഉള്ള മാനസിക സിദ്ധികളാല്‍ അനുഗൃഹീതമാണ് എല്ലാ ജനതയെന്നും എലിയറ്റ് പറയുന്നു. ജീവന്‍ നിലനിര്‍ത്താന്‍ ശ്വാസം ആവശ്യമാണ് എന്നതുപോലെ വിമര്‍ശനത്തെയും നമുക്ക് ഒഴിവാക്കാനാവില്ല. കാരണം, ഒരു കൃതിയെക്കുറിച്ചുള്ള വായനക്കാരന്റെ ബുദ്ധിപരമായ പ്രതികരണവും വികാരവിചാരങ്ങളും വിമര്‍ശനത്തിലൂടെയാണ് പ്രകടമാകുന്നത്.
പാരമ്പര്യത്തില്‍നിന്ന് വേറിട്ട ഒന്നായി വ്യക്ത്യഭിരുചിയെ എലിയറ്റ് കാണുന്നില്ല. അദ്ദേഹം പറയുന്നു: ‘മുന്‍കൂര്‍ ധാരണയെ ഒഴിവാക്കിക്കൊണ്ട് ഒരു കവിയെ വിലയിരുത്തുമ്പോള്‍ കവിയുടെ വ്യക്ത്യഭിരുചിയോടൊപ്പമാണ് പാരമ്പര്യത്തിന്റെ നിലനില്‍പ്പെന്നു കാണാം; മാത്രമല്ല, പാരമ്പര്യമാണ് കാവ്യവ്യക്തിത്വത്തെ രൂപപ്പെടുത്തുന്നതെന്നുപറയാം’. കവിതയെ സംബന്ധിക്കുന്ന നിര്‍വൈയക്തിക വാദം ഈ പ്രബന്ധത്തിലാണ് എലിയറ്റ് അവതരിപ്പിക്കുന്നത.് കവിത ആത്മാവിഷ്‌കാരമാണെന്ന കാല്പനിക സിദ്ധാന്തത്തെ അദ്ദേഹം പാടേ നിരസിക്കുന്നു. വികാരങ്ങളെ അഴിച്ചുവിടുന്നതല്ല, വികാരങ്ങളില്‍ നിന്നുള്ള രക്ഷപ്പെടലാണ് കവിത. അത് വ്യക്തിത്വത്തിന്റെ ആവിഷ്‌ക്കാരമല്ല, വ്യക്തിത്വത്തില്‍ നിന്നുള്ള പലായനമാണ്.
എലിയറ്റിന്റെ വീക്ഷണത്തില്‍ കവിത വ്യക്തിത്വത്തില്‍നിന്ന് രക്ഷപ്പെട്ട് ദേശീയ പാരമ്പര്യത്തില്‍ ലയിക്കുകയാണ്. ദേശീയ പാരമ്പര്യം എന്നത്, ഇന്നോളമുള്ള മനുഷ്യസംസ്‌കാരത്തിന്റെ ഭാഗം തന്നെയാണ്. എലിയറ്റിന്റെ സങ്കല്പത്തിലെ ചരിത്രബോധം ഈ വിശാലമായ കാഴ്ചപ്പാടിനെ ഉള്‍ക്കൊള്ളുന്നു. ചരിത്രബോധത്തില്‍ സ്വന്തം നാടിന്റെ സാഹിത്യവും ഹോമര്‍ തൊട്ട് ഇങ്ങോട്ടുള്ള പാശ്ചാത്യസാഹിത്യവും അടങ്ങിയിരിക്കുന്നു. ഇവയുടെ ഏകകാലികമായ അസ്തിത്വമാണ് കവിയുടെ പാരമ്പര്യത്തെയും ചരിത്ര ബോധത്തെയും നിര്‍ണയിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. യൂറോപ്യന്‍ സാഹിത്യത്തെക്കുറിച്ച് ആഴമേറിയ ധാരണ ഉണ്ടായിരിക്കുന്നതിന് ഗ്രീക്കും ലാറ്റിനും അറിഞ്ഞിരിക്കുകയും വേണം. ഇതെല്ലാം കൂടിച്ചേര്‍ന്നതാണ് പാരമ്പര്യത്തെക്കുറിച്ചുള്ള എലിയറ്റിന്റെ സങ്കല്പം. ഇത് ലഘുവായൊരു വിനോദമല്ല. ഈ പാരമ്പര്യം വലിയ അധ്വാനംകൊണ്ടു മാത്രമേ നേടിയെടുക്കാന്‍ കഴിയു എന്ന് എലിയറ്റ് വാദിക്കുന്നു.
ഇതോടൊപ്പംതന്നെ കവിഹൃദയം രാസത്വരകമാകാമെന്ന സിദ്ധാന്തവും അദ്ദേഹം ആവിഷ്‌കരിക്കുന്നുണ്ട്. സ്വയം ഒരു മാറ്റവും കൂടാതെ രാസപ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്തുന്ന വസ്തുവാണ് രാസത്വരകം. പരീക്ഷണശാലയില്‍ സള്‍ഫ്യൂറിക്കാസിഡ് ഉണ്ടാകുന്നതിന് സള്‍ഫര്‍ ഡൈ ഓക്‌സൈഡും ഓക്‌സിജനും ആവശ്യമാണ്. എന്നാല്‍, അവയോടൊപ്പം പ്ലാറ്റിനത്തിന്റെ സാന്നിധ്യംകൂടി ഇല്ലെങ്കില്‍ സള്‍ഫ്യൂരിക്കാസിഡ് ഉണ്ടാകില്ല. രാസപ്രക്രിയയ്ക്ക് വിധേയമാകാതെ രാസപ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്തുക മാത്രമാണ് ഇവിടെ പ്ലാറ്റിനം ചെയ്യുന്നത്. അതുകൊണ്ട് പ്ലാറ്റിനം രാസത്വരകമാണ്. കവിഹൃദയം ഒരു രാസത്വകരമാണെന്ന് എലിയറ്റ് പറയുന്നു. മാറ്റത്തിന് വിധേയമാകാതെ അത് അനുഭവങ്ങളെ കവിതയാക്കി മാറ്റും. ദേശീയ പാരമ്പര്യത്തിന്റെയും മനുഷ്യസംസ്‌കാരത്തിന്റെയും ഭാഗമായി മാറിയിട്ടുള്ള നിര്‍മ്മാണവേളയില്‍ കവി വ്യക്തിപരമായ സങ്കുചിതവലയങ്ങളില്‍നിന്ന് രക്ഷപ്പെടുകയും ചെയ്യുന്നു. ഇങ്ങനെ നോക്കുമ്പോള്‍ കവിമനസ്സ് ഒരു രാസത്വരകമാണെന്ന സിദ്ധാന്തം കവിതയെക്കുറിച്ചുള്ള എലിയറ്റിന്റെ അവൈയക്തിക സിദ്ധാന്തവുമായി ഇണങ്ങുന്നു.
വിമര്‍ശനത്തിന്റെ ധര്‍മങ്ങള്‍
1928-ല്‍ എലിയറ്റ് തന്റെ നിലപാട് ഇങ്ങനെ വിശദീകരിക്കുകയുണ്ടായി: ‘താന്‍ സാഹിത്യത്തില്‍ ഒരു ക്ലാസിസ്റ്റും രാഷ്ട്രതന്ത്ര രാജഭരണവാദിയും വിശ്വാസത്തില്‍ ആംഗ്ലോ കത്തോലിക്കനും ആണ്’. വമ്പിച്ച വാദകോലാഹലങ്ങള്‍ക്കിടെ നടത്തിയ ഈ പ്രസ്താവന വാസ്തവത്തില്‍ എലിയറ്റിന് പാരമ്പര്യത്തോടുള്ള അചഞ്ചലമായ കൂറ് പ്രഖ്യാപിക്കുന്നു. വിമര്‍ശനത്തിലെ അവ്യവസ്ഥകള്‍ക്കും ക്രമരാഹിത്യത്തിനുമെതിരായ ജാഗ്രതയോടെ പോരാടിയ എലിയറ്റ് തന്റെ നിലപാട് സംശയാതീതമാംവണ്ണം ഉറപ്പിച്ചുകൊണ്ടാണ് മുന്നേറിയത്. എലിയറ്റിനെ സംബന്ധിച്ചിടത്തോളം വിമര്‍ശനത്തിന്റെ ധര്‍മങ്ങള്‍ പരിമിതമാണ്. കലാസൃഷ്ടിയുടെ പൊരുള്‍ വ്യക്തമാക്കുക, അഭിരുചിയെ സംസ്‌കരിക്കുക -എലിയറ്റ് തന്റെ വിമര്‍ശന പ്രയത്‌നം മുഴുവന്‍ ഈ രണ്ടു ലക്ഷ്യങ്ങള്‍ക്കുവേണ്ടിയാണ് സമര്‍പ്പിച്ചത്. അനുവാചകന് കലാസൃഷ്ടിയെക്കുറിച്ചുള്ള വസ്തുതകള്‍ നല്‍കാന്‍ കഴിയുമെങ്കിലേ വ്യാഖ്യാനത്തിന് പ്രസക്തിയുള്ളൂ. കലാസൃഷ്ടിയുടെ പൊരുള്‍ വ്യക്തമാക്കണമെങ്കില്‍ വസ്തുനിഷ്ഠമായ സമീപനത്തോടൊപ്പം തെളിവുറ്റ പാരമ്പര്യബോധവും കൂടിയേതീരൂ.
വിമര്‍ശകന്റെ മുഖ്യ ഉപകരണങ്ങള്‍ രണ്ടാണെന്ന് എലിയറ്റ് ചൂണ്ടിക്കാണിക്കുന്നു: താരതമ്യപഠനവും അപഗ്രഥനവും. പാരമ്പര്യബോധമാണ് ഇവ രണ്ടും ശരിയായി ഉപയോഗിക്കുന്നതിന് വിമര്‍ശകനെ പ്രാപ്തനാക്കുന്നത്. ആര്‍ജിത സംസ്‌കാരത്തിന്റെ പശ്ചാത്തലത്തില്‍, താരതമ്യത്തിലൂടെ കലാസൃഷ്ടികളെ അപഗ്രഥിക്കുകയാണ് വിമര്‍ശനത്തിന്റെ മുഖ്യധര്‍മമെന്ന് എലിയറ്റ് കരുതുന്നു.
വസ്തുനിഷ്ഠമായ വിമര്‍ശനത്തിനുള്ള ധര്‍മങ്ങള്‍
1 . കവിതയുടെ സ്വഭാവം വിശകലനം ചെയ്യുകയും കാവ്യമേന്മകള്‍ കണ്ടുപിടിക്കുകയും ചെയ്യുക. നല്ല കവിതയെ തിരഞ്ഞെടുക്കാനും മോശമായതിനെ തള്ളിക്കളയാനുമുള്ള കഴിവാണ് വിമര്‍ശനത്തിന്റെ പ്രഥമതത്വം.
2. സാഹിത്യത്തിലെ ജീവല്‍ പാരമ്പര്യങ്ങളെ നിലനിര്‍ത്തിക്കൊണ്ട് അഭിരുചികളെ സംസ്‌കരിക്കുകയും കലാസൃഷ്ടികളെ വിശകലനം ചെയ്യുകയും ചെയ്യുക. കവിത ആസ്വദിക്കാനും മനസ്സിലാക്കാനും ഉള്ള കഴിവ് വളര്‍ത്തിയെടുക്കുവാന്‍ ഇത് ആവശ്യമാണ്.
3. സമകാലിക സാഹിത്യത്തെ രൂപപ്പെടുത്തുവാനുള്ള ശാശ്വതങ്ങളായ കലാമൂല്യങ്ങളും മാനദണ്ഡങ്ങളും ചൂണ്ടിക്കാണിക്കുക. സ്വന്തം കാലഘട്ടത്തിന്റെ കലാപരമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള മാര്‍ഗമാണിത്. കവികളായ വിമര്‍ശകര്‍ക്കാണ് ഇതു സാധിക്കുക എന്നാണ് എലിയറ്റിന്റെ പക്ഷം.
ഈ ധര്‍മങ്ങളെല്ലാം എലിയറ്റിന്റെ വിമര്‍ശനത്തില്‍ സാക്ഷാത്കൃതമാകുന്നുണ്ട്. കവിതയുടെ സ്വഭാവത്തെക്കുറിച്ചും കാവ്യരചനാ പ്രക്രിയയെക്കുറിച്ചുമുള്ള വസ്തുനിഷ്ഠവും ആത്മാര്‍ത്ഥവുമായ അന്വേഷണമാണത്. പാരമ്പര്യത്തിന്റെ പ്രവാചകനും പ്രചാരകനും എന്ന നിലയില്‍ എലിയറ്റിന്റെ പ്രാധാന്യം ചോദ്യം ചെയ്യാനാവില്ല. അഭിരുചികളെ സംസ്‌കരിക്കുന്ന കാര്യത്തിലും എലിയറ്റ് വളരെയേറെ വിജയിക്കുകയുണ്ടായി. എലിയറ്റിന്റെ സൃഷ്ടിയും വിമര്‍ശനവുമെല്ലാം ഇക്കാര്യം ഭംഗിയായി വ്യക്തമാക്കുന്നുണ്ട്. കാവ്യരചനയോടും കാവ്യാസ്വാദനത്തോടും പുതിയൊരു സമീപനവും പ്രതികരണവും വളര്‍ത്തിയെടുക്കുവാന്‍ എലിയറ്റിന് കഴിഞ്ഞു. പാരമ്പര്യം നിലനിര്‍ത്തിക്കൊണ്ടുതന്നെ കവിതയില്‍ വിപ്ലവകരമായ പരിവര്‍ത്തനങ്ങള്‍ വരുത്തുന്നതിന് ഏലിയറ്റിന് കഴിഞ്ഞത് അദ്ദേഹത്തിന്റെ വിമര്‍ശന പ്രതിഭയുടെ വിജയം കൂടിയാണ്.
ഒബ്ജ്ക്ടീവ് കോ-റിലേറ്റീവ്
എലിയറ്റിന്റെ സാഹിത്യവിമര്‍ശന സിദ്ധാന്തത്തിലെ ഏറ്റവും ശ്രദ്ധേയമായ സംജ്ഞയാണ് ഒബ്ജക്റ്റീവ് കോറിലേറ്റീവ്. ഷേക്‌സ്പിയറിന്റെ ‘ഹാംലെറ്റ്’ എന്ന നാടകം കലാപരമായ ഒരു പരാജയമാണെന്ന് വാദിക്കുന്ന ഒരു പ്രബന്ധത്തിലാണ് ഈ പദം അദ്ദേഹം ഉപയോഗിക്കുന്നത്. ഈ പദം ആദ്യം ഉപയോഗിച്ചത് എലിയറ്റല്ല, വാഷിംഗ്ടണ്‍ ഇര്‍വിനാണെന്ന് എലിയറ്റ് തന്നെ സമ്മതിച്ചിട്ടുണ്ട്. കലയുടെ രൂപത്തില്‍ ഒരു വികാരം ആവിഷ്‌കരിക്കുവാനുള്ള ഒരേയൊരു മാര്‍ഗം ഒരു ഒബ്ജക്റ്റീവ് കോറിലേറ്റീവ് കണ്ടെത്തുക എന്നുള്ളതാണ്. വികാരത്തെ പ്രകാശിപ്പിക്കുന്നതിനുതകുന്ന സംഭവശൃംഖലകള്‍, കഥാപാത്രങ്ങള്‍, ബാഹ്യവസ്തുക്കള്‍, |സന്ദര്‍ഭങ്ങള്‍, പ്രതീകങ്ങള്‍, ബിംബങ്ങള്‍ എല്ലാം ഇതില്‍ അടങ്ങിയിരിക്കുന്നു എന്ന് എലിയറ്റ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ഹാംലെറ്റ് നാടകത്തിലെ പ്രധാന വികാരം രാജകുമാരന് അമ്മയോടുതോന്നുന്ന വിദ്വേഷമാണ്. ഈ വികാരത്തെ ആവിഷ്‌കരിക്കുന്നതില്‍ രൂപശില്പം തകര്‍ന്നുപോയി. കഥാപാത്രങ്ങള്‍, സംഭവശൃംഖലകള്‍, ബിംബങ്ങളുടെ നിര ഇവയെല്ലാമാണ് ഇന്ദ്രിയാനുഭവങ്ങളുടെ രൂപശില്പം. ഇതില്‍ കൊള്ളാവുന്നതില്‍ കൂടുതലാണ് വികാരമെങ്കില്‍ രൂപശില്‍പം തകര്‍ന്നുപോകുന്നു. ഹാംലെറ്റിലെ ശക്തമായ വികാരങ്ങളെ താങ്ങുന്നതിന് ആ ദുരന്തനാടകത്തിലെ രൂപശില്പത്തിന് കഴിയാതെപോകുന്നു. അതിനാല്‍ രൂപത്തിന്റെ മൂശ ഉടഞ്ഞുപോകുന്നു. അതുകൊണ്ട് ഹാംലെറ്റ് നാടകം കലാപരമായ ഒരു പരാജയമാണെന്ന് എലിയറ്റ് പറയുന്നു.
ഭാരതീയമായ രസസൂത്രത്തിലെ (വിഭാവാനുഭാവ വ്യഭിചാരീ സംയോഗാദ് രസനിഷ്പത്തി) വിഭാവം, എലിയറ്റിന്റെ ഒബ്ജക്ടീവ് കോ-റിലേറ്റീവുമായി ചേര്‍ന്നുനില്‍ക്കുന്നുവെന്ന് പലനിരൂപകന്മാരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്തും മൂര്‍ത്തമായി ആവിഷ്‌കരിക്കുക എന്ന മുണ്ടശ്ശേരിയുടെ വാക്കുകളിലൂടെ (നാടകാന്തം കവിത്വം ) പൗരസ്ത്യവും പാശ്ചാത്യവുമായ ഈ സങ്കല്പങ്ങള്‍ തന്നെയാണ് സമന്വയിക്കുന്നത്.
എലിയറ്റിന്റെ സെന്‍സിബിലിറ്റി
മെറ്റാഫിസിക്കല്‍ കവികളെക്കുറിച്ചുള്ള ഒരു പ്രബന്ധത്തിലാണ് സെന്‍സിബിലിറ്റിയെക്കുറിച്ചുള്ള തന്റെ വീക്ഷണം എലിയറ്റ് അവതരിപ്പിച്ചത്. പതിനാറാം നൂറ്റാണ്ടിലെ നാടകകൃത്തുക്കളുടെ പിന്തുടര്‍ച്ചക്കാരായ മെറ്റാഫിസിക്കല്‍ കവികള്‍ക്ക് ഏതുതരത്തിലുള്ള അനുഭവത്തെയും ആവാഹിക്കാനുള്ള സംഗ്രഹണ കൗശലമുണ്ടായിരുന്നു. അവരുടെ കവിതകളില്‍ ലാളിത്യവും കൃത്രിമത്വവും ദുര്‍ഗ്രഹതയും ഫാന്റസിയും ഒക്കെയുണ്ട്. പതിനേഴാം നൂറ്റാണ്ടില്‍ സെന്‍സിബിലിറ്റിക്ക് ഒരു പിരിവ് ഉണ്ടായി. അതില്‍നിന്ന് ഇംഗ്ലീഷ് കവിത ഇതുവരെ രക്ഷപ്പെട്ടിട്ടില്ല. നൂറ്റാണ്ടിലെ ഏറ്റവും വലിയ കവികളായ മില്‍ട്ടന്റെയും ഡ്രൈഡന്റെയും സ്വാധീനമാണ് അതിന് പ്രധാനകാരണം. ഈ രണ്ടു കവികളും കവിതയുടെ ചില ധര്‍മങ്ങള്‍ അതിസമര്‍ത്ഥമായി നിര്‍വഹിച്ചതുകൊണ്ട് മറ്റുള്ളവരുടെ പോരായ്മ പരിഹരിക്കപ്പെട്ടു. യുക്തിക്കും വര്‍ണനയ്ക്കും എതിരായി വിപ്ലവം അഴിച്ചുവിട്ട റൊമാന്റിക് കവികളാകട്ടെ, കവിതയുടെ മറ്റുചില ധര്‍മങ്ങള്‍ നിറവേറ്റുന്നതില്‍ മാത്രമേ ശ്രദ്ധിച്ചിട്ടുള്ളൂ. റൊമാന്റിക്ക് വികാരാധിക്യമുണ്ടെങ്കില്‍ ടെന്നിസനും ബ്രൗണിങ്ങിനും വിചാരശീലം കുറവായിപ്പോയി. അവര്‍ക്കാര്‍ക്കും വിഭിന്നങ്ങളായ അനുഭവങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. ചുരുക്കത്തില്‍, സെന്‍സിബിലിറ്റിയില്‍ വന്ന മാറ്റം തുടരുകതന്നെ ചെയ്തു. തന്മൂലം ഒരു ഏകീകൃത സംവേദനക്ഷമത വളര്‍ത്തിയെടുത്ത് കവിതയില്‍ ഒരു വിപ്ലവം നടത്തേണ്ടത് അനിവാര്യമാണെന്ന് എലിയറ്റിന് ബോധ്യമായി. റൊമാന്റിസിസം കടുത്ത ആക്രമണത്തിന് വിധേയമായെങ്കിലും എലിയറ്റിന്റെ പ്രധാനലക്ഷ്യം ഒരു ഏകീകൃത സംവേദനക്ഷമതയ്ക്കുള്ള വേദി ഒരുക്കുകയായിരുന്നു. അത്തരം സെന്‍സിബിലിറ്റിയുള്ള കവിതയില്‍ അനുഭവങ്ങളെയും അനുഭൂതികളെയും വികാരങ്ങളെയും ചിന്തകളെയും ഒറ്റപ്പെട്ടുനില്‍ക്കുകയല്ല, നേരേമറിച്ച് അവയുടെയെല്ലാം ഉദ്ഗ്രഥനത്തിന്റെ ബാഹ്യഘടനയായ പദസമാനതയാണുണ്ടാവുക.
എലിയറ്റിന്റെ സിദ്ധാന്തത്തില്‍ വികാരത്തിനും ചിന്തയ്ക്കുമുള്ള പ്രാധാന്യം പ്രത്യേകം പരിശോധിക്കേണ്ടതാണ്. കവിത വികാരത്തില്‍ നിന്നും വ്യക്തിത്വത്തില്‍ നിന്നുമുള്ള മോചനമാണെന്ന് പ്രഖ്യാപിച്ച എലിയറ്റ്, വികാരത്തെ കവിതയില്‍ നിന്നും നിഷ്‌കാസനം ചെയ്യുകയാണോ എന്ന സംശയത്തിന് സാംഗത്യമുണ്ട്. വാസ്തവത്തില്‍ വികാരത്തെ സംബന്ധിച്ച പ്രശ്‌നമാണ് എലിയറ്റിന്റെ സിദ്ധാന്തത്തിന്റെ കാതലായ ഭാഗം. വികാരത്തോടുള്ള എലിയറ്റിന്റെ സമീപനം നിഷേധാത്മകമല്ല. കവിയുടെ ജീവിതത്തില്‍ പ്രാധാന്യമുള്ള വികാരങ്ങള്‍ക്ക് കവിതയില്‍ വലിയ പ്രാധാന്യമില്ലെന്നും കവിത വ്യക്തിനിരപേക്ഷമാണെന്നുമാണ് എലിയറ്റിന്റെ വാദം. വികാരത്തിന് കവിതയിലുള്ള സ്ഥാനം എലിയറ്റ് തീര്‍ത്തും അംഗീകരിക്കുന്നുണ്ട്.