പരസ്യം മറക്കും
രഹസ്യമോര്‍ക്കും
സ്‌നേഹിക്കപ്പെടാത്തോരും
സ്‌നേഹിക്കാത്തോരും-കഷ്ടം
ചിറകുമുറിഞ്ഞ പറവപോലെയാകും.
അഹന്തയുള്ളവര്‍ക്കബദ്ധം നിശ്ചയം
കാന്തന്നു മുന്നിലും പിന്നിലും ഉള്ളിലും കാന്ത
നടന്നുജീവിക്കുന്നവര്‍ക്ക്
കിടന്നുമരിക്കേണ്ടി വരില്ല
ആത്മാര്‍ഥമായ് വിളിപ്പോര്‍ത-
ന്നുള്ളിലെത്തിടുമീശ്വരന്‍
മണ്ണെടുത്തോളൂ
വെള്ളമൊഴിച്ചോളൂ
കൂട്ടിക്കുഴച്ചോളൂ
പിന്നെ വേണ്ടതു ചെയ്യേണ്ടതു
നിന്‍വിരലിന്‍ മനം
ആണുകാമിക്കും
പെണ്ണുപ്രേമിക്കും
കാടുണ്ടെങ്കില്‍
കടലുണ്ടെങ്കില്‍
കൂടുണ്ടെങ്കില്‍ കൂടീടാം
കൂടീടുകിലോ കേടുണ്ടാം
ഇഡ്‌ല്യോ ദോശ്യോ മാഷക്കിഷ്ടം
നുണപറയാനായ് മടിയുള്ളതിനാല്‍
ഇഡ്‌ലീം ദോശേം മാഷക്കിഷ്ടം
നേരോ നുണയോ മാഷക്കിഷ്ടം
നുണപറയാനായ് മടിയുള്ളതിനാല്‍
പറയാന്‍ നേരും കേള്‍ക്കാന്‍ നുണയും മാഷക്കിഷ്ടം
ഉത്സാഹമുണ്ടെങ്കില്‍
വൈകല്യം കൈവല്യമാക്കാം
ഒരു രോഗമുണ്ടെങ്കില്‍
ഒരു മരുന്നുമുണ്ട്
വീശിയാല്‍ വിശപ്പാറുകയില്ല
തത്കാല സുഖം കൊതിച്ച്
നിത്യ സുഖം കളയരുത്
ജീവിതമൊരു നീണ്ട രണം
മരണം രമണവും
എന്‍ മുന്നിലും നിന്‍മുന്നിലുമവന്‍ മുന്നിലു
മതിന്‍ മുന്നിലുമെനിക്കെളിമ
ഉറങ്ങിയുണ്ടാക്കണമുണര്‍വ്
ഉണ്ടാല്‍ മാത്രം പോരാ
ഊക്കുണ്ടാവാന്‍ ഉറങ്ങുകകൂടി വേണം
യോഗമുണ്ടോ രോഗമില്ല
ശൂന്യതയ്ക്കുള്ളതാം ശക്തി
പൂര്‍ണതയ്ക്കില്ല നിശ്ചയം
മാനംപോലൊരു മോന്ത
മണ്ണുപോലൊരു മേനി
ഇവനാരിവനാരാരപ്പാ
പിട്ടുള്ളോനില്ല പാട്ട്
കാരണം
പാട്ടിനു പിട്ടുപറ്റില്ല
കണ്ണുണ്ടെങ്കില്‍ നടന്നോളും
വായുണ്ടെങ്കില്‍ വളര്‍ന്നോളും
വേണ്ടാ വേണ്ടാ വളര്‍ത്തിത്തളര്‍ത്തേണ്ട
തന്നത്താനങ്ങു വളര്‍ന്നോളും കുഞ്ഞ്
തന്നത്താന്‍ നന്നായ് വളര്‍ന്നോളും
ഞാന്‍ ലോകത്തിലോ
ലോകമെന്നിലോ
കാടുവെട്ടുന്നവരുടെയുളളില്‍
കൊടും കാടുണ്ട്
കലയ്ക്കില്ല കാലദോഷം
ആകാശമില്ലാത്തൊരു ദിക്കു കാണാ
നാശിച്ചു സഞ്ചരിച്ചപ്പോളയ്യാ
ആശയില്ലാത്ത മനസ്സാണാദിക്കെന്ന
ങ്ങാരോ പറവതു കേള്‍ക്കുമാറായ്
ജനനംപോലതിഭീകരമായിട്ടെന്തുണ്ടീ മണ്ണില്‍
മരണം പോലെ മനോഹരമായിട്ടെന്തുണ്ടീ മണ്ണില്‍
പ്രകൃതിക്ക് പ്രതിഭാദാരിദ്ര്യമില്ല
കലഹമുണ്ടോ കലയില്ല
രാവിന്നു കൂട്ടായ് പകലിരുന്നീടേണം
പകലന്നു കൂട്ടായ് രാവിരുന്നീടേണം
രാവും പകലുമല്ലാത്ത സമയത്ത് ഞാനിരുന്നീടണം
കവിതയുണ്ടീടണം
കവിത കെട്ടീടണം
എനിക്കു ഞാനുണ്ടെങ്കില്‍
എല്ലാവരുമുണ്ട്
ആകാശമുണ്ടായതീശന്‍ പെറ്റിട്ട്
ഈശനുണ്ടായതോ
(ഈശനുണ്ടായതല്ല ഉള്ളതാണ്)
അടയ്ക്കരുതടിക്കരുതൊടിക്കരുതൊടുക്കരുതിടിക്കരു
തിതുപറക മലരുപൊരിയുന്ന പടി, യെന്നാല്‍
തെരുതെരെവരുമറിക പലപലകഴിവുമാര്‍ക്കും
മനശ്ശാന്തിയുള്ളവര്‍ക്ക്
ലോകശാന്തിയുമുണ്ട്
കാരണം മനസ്സാണ് മ്
മനുഷ്യന്റെ ലോകം
ശക്തിയുണ്ടോ ശാന്തിയുണ്ട്
സ്വന്തം കവിതയെപ്പറ്റി കുഞ്ഞുണ്ണിമാഷ്
പതിനായിരത്തോളം പഴഞ്ചൊല്ലുകള്‍ ശേഖരിച്ച് ഞാനെന്റെ സ്വന്തം കൈകൊണ്ട് പലവട്ടമെഴുതിയിട്ടുണ്ട്. എന്റെ ഇരുപതിരുപത്തഞ്ചുകാലത്ത് ഈ പഴഞ്ചൊല്ലുകളുടെ മഹാപ്രപഞ്ചത്തില്‍ ഞാന്‍ മറ്റെല്ലാം മറന്ന് അലഞ്ഞുനടക്കുകയായിരുന്നു.
ഇരുപത്തഞ്ചുകൊല്ലം കഴിഞ്ഞിരിക്കുന്ന ഇന്നും നിന്നനില്‍പില്‍നിന്ന് കൈയും കെട്ടി, കണ്ണുമടച്ച്, ഒരു പത്തഞ്ഞൂറ് പഴമൊഴി പറയാന്‍ എനിക്കൊരു പണിയുമില്ല. അമര്‍ന്നിരുന്നാലോചിച്ച് അകാരാദിക്രമത്തില്‍ തുടങ്ങിയാല്‍ ആയിരമോ രണ്ടായിരമോ പറഞ്ഞെന്നും വരും. ആവശ്യംവന്നിട്ടില്ലെന്നതിനാല്‍ ഇതൊന്നും പരീക്ഷിച്ചു നോക്കിയിട്ടില്ലെന്നുമാത്രം.
അടക്കം, ഒതുക്കം, പിരിമുറുക്കം, വ്യംഗ്യഭംഗി, ധ്വന്യാത്മകത തുടങ്ങിയ ഗുണങ്ങള്‍ക്ക് പഴഞ്ചൊല്ലുകളോടാണ് എന്റെ കവിത കടപ്പെട്ടിരിക്കുന്നത് എന്നു തോന്നുന്നു.
സൃഷ്ടിയുടെ രസം ആസ്വദിക്കാന്‍ അതു നടത്തുമ്പോള്‍ ഞാന്‍ മറന്നുപോകുന്നു. മറക്കുകയല്ല, എനിക്കതിനു സാധിക്കാതെ വരികയാണ്. അതെന്റെ കഴിവുകേടു കൊണ്ടല്ല. സൃഷ്ടിക്കുമ്പോള്‍ ആസ്വദിക്കാന്‍ സാധിക്കില്ല. പലഹാരമുണ്ടാക്കുമ്പോള്‍ അതു തിന്നാന്‍ സാധിക്കില്ലല്ലോ എന്ന ദൃഷ്ടാന്തം ഇവിടെ ശരിയാവില്ല.
ഞാനെന്റെ കവിതയെഴുതുന്നു. അതില്‍ നിങ്ങള്‍ നിങ്ങളുടെ കവിത വായിക്കുന്നു എന്നതു ശരിയാണെങ്കില്‍ നിങ്ങള്‍ വായിക്കുന്ന സമയത്ത് ആസ്വാദനമല്ല സൃഷ്ടിതന്നെയാണ് നടക്കുന്നത്. ആസ്വാദനം നടക്കുന്നത് ആ വായിച്ചത് അയവിറക്കുമ്പോള്‍ മാത്രമാണ്. അപ്പോഴും ആസ്വാദനമാണോ നടക്കുന്നത്. അയവിറക്കുമ്പോള്‍ എന്തെങ്കിലുമൊരു പുതുമ തോന്നുന്നില്ലേ. പുതുമയുണ്ടാകുന്നെങ്കില്‍ നടക്കുന്നത് സൃഷ്ടിയല്ലേ, ആസ്വാദനമാണോ?
അപ്പോള്‍ കവിതയില്‍ ആസ്വാദനമെന്നൊന്നില്ല എന്നല്ലേ വരുന്നത്?
……..കുരുമുളകിന് കാരം കുറയും. കുള്ളന് കാമം കൂടും. കാമം കൂടിയവന്‍ കല്യാണം കഴിക്കരുത്. ഒന്നുകില്‍ കാവിയുടുക്കണം. അല്ലെങ്കില്‍ കവിയാകണം. കാവിയുടുക്കാനുള്ള കരുത്തെനിക്കില്ല. കവിതയെഴുതാനുള്ള വാസന കുറച്ചുണ്ടുതാനും അതിനാല്‍ ഞാനൊരു കവിയായി.
………..എനിക്കൊരു രഹസ്യക്കാരിയുണ്ട്. എന്റെ കവിത. ഇവളുള്ളതുകൊണ്ടാണ് ഞാനെന്റെ വീട്ടുകാരിയെ സഹിക്കുന്നത്.