പ്രാചീന ഗ്രീസിലാണ് ആദ്യമായി വായനശാലകള്‍ നിലവില്‍ വന്നതെന്നു കരുതപ്പെടുന്നു.
ദീര്‍ഘകാലം നിലനില്‍ക്കുന്നതും പെട്ടെന്ന് നശിക്കുന്നതുമായി രണ്ടുതരത്തില്‍ പെട്ട എഴുത്തുസമ്പ്രദായങ്ങള്‍ ഭാരതത്തില്‍ നിലനിന്നിരുന്നു. രാജശാസനങ്ങളാണ് ആദ്യവിഭാഗത്തില്‍. ഇത് ശിലകള്‍, ലോഹങ്ങള്‍ എന്നിവയിലായിരുന്നു. താലപത്രമെന്ന പേരില്‍ ഭാരതത്തിലുടനീളം പ്രചാരത്തിലുണ്ടായിരുന്നതാണ് എഴുത്തോലകള്‍. പ്രാചീനഭാരതത്തില്‍ എ.ഡി 400നു മുന്‍പ് ഗ്രന്ഥശാലകളൊന്നും ഉണ്ടായിരുന്നതായി തെളിവുകള്‍ ഇല്ല. ബുദ്ധകാലഘട്ടത്തിലെ നളന്ദ സര്‍വകലാശാലയിലെ ഗ്രന്ഥാലയമാണ് ഏറ്റവും പുരാതനം. ബുദ്ധകൃതികള്‍, വേദങ്ങള്‍, സാംഖ്യതത്വശാസ്ത്രം ,ഭാഷാശാസ്ത്രം, കൃഷി, വൈദ്യം എന്നീ വിഷയങ്ങളുടെ വിവരങ്ങള്‍ താളിയോലകളിലായി ഇവിടെ സൂക്ഷിക്കപ്പെട്ടിരുന്നു. ഇവിടെ കല്ല്, കുമ്മായം എന്നിവ കൊണ്ട് നിര്‍മ്മിച്ച പുസ്തകത്തട്ടുകളിലായിരുന്നു ഗ്രന്ഥങ്ങള്‍ സൂക്ഷിച്ചിരുന്നത്.
സൗരാഷ്ട്രയിലെ വലഭി, വിക്രമശില, തക്ഷശില, നാഗാര്‍ജുന എന്നീ പഠനസ്ഥാപനങ്ങളിലും ബനാറസ്, മിഥില, നാദിയ എന്നീ സാംസ്‌കാരികകേന്ദ്രങ്ങളിലും ഗ്രന്ഥശാലകള്‍ സ്ഥാപിച്ചിരുന്നു. തഞ്ചാവൂരിലെ സരസ്വതി മഹാള്‍ ലൈബ്രറി പതിനെട്ടാം നൂറ്റാണ്ടില്‍ സ്ഥാപിച്ചതാണ്. പത്തൊന്‍പതാം നൂറ്റാണ്ടോടുകൂടി വ്യാപകമായി വായനശാലകള്‍ പ്രവര്‍ത്തിച്ചുതുടങ്ങി.
തിരുവനന്തപുരം പൊതുവായനശാലയാണ് കേരളത്തിലെ ആദ്യത്തെ വായനശാല. ഇന്ത്യയിലെ തന്നെ ആദ്യത്തെ പൊതുവായനശാല ഇതാണ് എന്നു കരുതപ്പെടുന്നു. 1829ല്‍ സ്വാതിതിരുന്നാള്‍ മഹാരാജാവാണ് ഇതു സ്ഥാപിച്ചത്. 1945ല്‍ പി.എന്‍ പണിക്കര്‍ സെക്രട്ടറിയായി തിരുവിതാംകൂര്‍ ഗ്രന്ഥശാലാസംഘം രൂപവത്കരിച്ചു. കേരള സംസ്ഥാന രൂപവത്കരണത്തോടെ കേരള ഗ്രന്ഥശാലാസംഘം ഉണ്ടായി. 1977ല്‍ സംഘത്തെ സര്‍ക്കാര്‍ ഏറ്റെടുത്തു.
ഭാരതത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ നാള്‍വഴി നോക്കാം.1867ല്‍ പ്രസ് ആന്റ് രജിസ്‌ട്രേഷന്‍ ഓഫ് ബുക് ആക്റ്റ്‌നിലവില്‍ വന്നു. 1954ല്‍ ഡെലിവറി ഓഫ് ബുക്‌സ് ലൈബ്രറി ആക്റ്റ് പാസ്സാക്കി. 1972ല്‍ രാജാ റാംമോഹന്റോയ് ലൈബ്രറി ഫൗണ്ടേഷന്‍ കൊല്‍ക്കത്തയില്‍ സ്ഥാപിതമായി. ഗ്രന്ഥശാലാപ്രസ്ഥാനത്തിന്റെ നവീകരണമായിരുന്നു ഇതിന്റെ ലക്ഷ്യം. 1986ല്‍ ദേശീയഗ്രന്ഥശാലാ നയം രൂപവത്കരിച്ചു.
കൊല്‍ക്കത്തയിലാണ് ഭാരതീയ ദേശീയ ഗ്രന്ഥശാല സ്ഥിതിചെയ്യുന്നത്. 1835ല്‍ കൊല്‍ക്കട്ട പബ്ലിക് ലൈബ്രറിയായിട്ടാണ് പ്രവര്‍ത്തനമാരംഭിച്ചത്. 1948ല്‍ ദേശീയഗ്രന്ഥശാലയായി. പുസ്തകങ്ങള്‍, ഭൂപടങ്ങള്‍, കൈയെഴുത്തുപ്രതികള്‍ എന്നിവയെല്ലാം ഇവിടെയുണ്ട്. 550 വായനാമുറികളും ഇവിടെ ഉണ്ട്. 1954ല്‍ കോപിറൈറ്റ് ആക്റ്റ് പ്രകാരമുള്ള ഡെപോസിറ്ററി ലൈബ്രറിയായി മാറി.യു.എന്‍ പ്രസിദ്ധീകരണങ്ങളുടെ ഡെപോസിറ്ററി ലൈബ്രറി കൂടിയാണിത്.
വായനശാലകളെക്കുറിച്ചും അവയുടെ നടത്തിപ്പിനെക്കുറിച്ചുമുള്ള പഠനത്തിന് ലൈബ്രറി മാനേജ്‌മെന്റ് പഠനം എന്നു പറയുന്നു.