ബാലഡ്‌സ് എന്ന് ഇംഗ്ലീഷില്‍ പറയുന്ന കഥാഗാനങ്ങളുടെ മികച്ച പാരമ്പര്യമുള്ള ഭാഷയാണ് മലയാളം. വീരാരാധനാപരങ്ങളും മതപരങ്ങളും ചരിത്രപരവുമായ
ഉള്ളടക്കമാണ് ഇതിന്. മലയാളത്തിലെ കഥാഗാനങ്ങളെപ്പറ്റി ചിന്തിക്കുമ്പോള്‍ പല വിഭാഗങ്ങള്‍ ഉണ്ടെന്നു കാണാം. പ്രധാനമായും ഉള്ളത് വടക്കന്‍പാട്ടുകളും
തെക്കന്‍പാട്ടുകളുമാണ്. മറ്റ് വിഭാഗങ്ങളില്‍പ്പെടുന്നവയുമുണ്ട്. ഇവയെല്ലാം, പ്രത്യേകിച്ച് വടക്കന്‍പാട്ടും തെക്കന്‍പാട്ടും പലകാലങ്ങളിലായി പ്രമുഖ പണ്ഡിതന്മാര്‍
കണ്ടെത്തി പ്രസിദ്ധീകരിച്ച് വ്യാഖ്യാനിച്ച് ശാശ്വതമാക്കിയിട്ടുണ്ട്.
ആദ്യം വടക്കന്‍ പാട്ടുകളെപ്പറ്റി ചിന്തിക്കാം.
പ്രാചീനകേരളത്തിലെ ചില വീരനായകന്മാരെയാണ് ഇതു ചിത്രീകരിക്കുന്നത്. കേരളത്തിന്റെ ആയോധനചരിത്രത്തിന്റെ ഒരു സുവര്‍ണഘട്ടത്തെ അതു
പ്രതിനിധാനം ചെയ്യുന്നു. ധീരരായ സ്ത്രീകളെയും പുരുഷന്മാരെയും അതില്‍ കാണാം. ഇവരുടെ പ്രധാന തട്ടകം കോലത്തിരി നാട്, കടത്തനാട്, വയനാട്, വടകര
എന്നിവിടങ്ങളാണ്. ഈ കഥകളില്‍ത്തന്നെ രണ്ട് വ്യക്തികളാണ് മുന്നില്‍നില്‍ക്കുന്നത്-ആരോമല്‍ ചേകവരും തച്ചോളി ഒതേനനും. ഇവരുടെയും അവരുടെ
കുടുംബങ്ങളുടെയും വീരചരിതമാണ് വടക്കന്‍പാട്ടുകളില്‍ പ്രധാനമായും കാണുന്നത്.
തച്ചോളി, പുത്തൂരവും വീടുകള്‍ക്കുപുറമെ, ആറ്റുംമണമേല്‍, തൊണ്ണൂറാംവീട്, പാലാട്ട് വീട് തുടങ്ങിയ ചില കുടുംബങ്ങളും ഈ രണ്ടു
പ്രധാനകുടുംബങ്ങളുമായി കഥാപാത്രങ്ങളിലൂടെയും മറ്റും ബന്ധപ്പെടുന്നു. ഈ കുടുംബങ്ങളിലെ വീരനായകരെ വാഴ്ത്തുകയാണ് ഈ പാട്ടുകളുടെ മുഖ്യ
ഉദ്ദേശ്യമെങ്കിലും അന്നാട്ടിലെ നാടുവാഴികളും മേനോന്മാരും കൊല്ലന്മാരും ജോനകരുമെല്ലാം ആ കഥകളില്‍ പങ്കാളികളാകുന്നു.
നാടുവാഴികള്‍ തങ്ങളുടെ ശത്രുക്കളെ അമര്‍ച്ച ചെയ്യാന്‍ അക്കാലത്ത് ഉപയോഗിച്ചിരുന്ന വീരപോരാളികളുടെ ഒരു പരമ്പര ഉണ്ടായിരുന്നു.
അക്കൂട്ടത്തില്‍ പ്രമുഖങ്ങളായിരുന്നിരിക്കണം പുത്തൂരം, തച്ചോളി വീട്ടുകാര്‍. രാജാക്കന്മാര്‍ വീരന്മാരെ നിയോഗിച്ച് ശത്രുക്കളെ അങ്കം വെട്ടി തോല്‍പ്പിച്ചിരുന്നു.
പക്ഷേ, എപ്പോഴും ചത്തുവീഴുന്നത് ഇതില്‍ ഒരു പടയാളിയായിരിക്കുമെന്നു മാത്രം.
ഈഴത്തുനാട്ടില്‍നിന്ന് വന്ന ആരോമല്‍വീട്ടുകാര്‍ക്ക് സ്വസമുദായാംഗങ്ങളായ കുടകുമല കുഞ്ഞിക്കണ്ണനും കേളുമൂപ്പനും ലഭിക്കാത്ത സ്ഥാനമാനങ്ങള്‍
ചേകോരാണെന്ന കാരണത്താല്‍ അനുഭവിക്കാന്‍ കഴിയുന്നതായി ചരിത്രകാരന്മാര്‍ പറയുന്നു.
പ്രധാനപ്പെട്ട കഥാപാത്രങ്ങളെ നമുക്ക് പരിചയപ്പെടാം.
ആരോമല്‍ച്ചേകവര്‍: പൂത്തൂരംവീട്ടിലെ ആരോമല്‍ച്ചേകവരും സഹോദരി ഉണ്ണിയാര്‍ച്ചയും അവളുടെ മകന്‍ ആരോമുണ്ണിയുമാണ് മൂന്നുപാട്ടുകളിലെ കഥയില്‍
മുഖ്യമായി കടന്നുവരുന്നത്. ആരോമല്‍ച്ചേകവരുടെ അച്ഛന്‍ കണ്ണപ്പനും അങ്കംവെട്ടില്‍ അതിപ്രഗത്ഭനായിരുന്നു. ആരോമര്‍ പകിടകളിക്കാന്‍ പോയ കഥയും, അങ്കം
വെട്ടി വീരചരമടയുന്നതും പാട്ടിലുണ്ട്.
മൂപ്പിളമത്തര്‍ക്കം തീര്‍ക്കാന്‍ അങ്കം വെട്ടിയ കഥയാണ് ആരോമലുമായി ബന്ധപ്പെട്ട് പ്രധാനമായി ഉള്ളത്. കുറുങ്ങാട്ടിടത്തിലെ കൈമള്‍
ദേശാടനത്തിനുപോയപ്പോള്‍ അനന്തരവന്മാരെ വിളിച്ച് കാര്യങ്ങള്‍ നോക്കാനേല്പിച്ചിരുന്നു. ഒരാള്‍ക്ക് ഒരു ദിവസത്തെ മൂപ്പ് ഉണ്ടെന്നുള്ള തര്‍ക്കം ആദ്യമേ
തുടങ്ങി. കാരണവര്‍ തിരിച്ചെത്തി അധികമാകുംമുമ്പേ മരിച്ചു. അതോടെ അനന്തരവന്മാര്‍ തമ്മില്‍ അധികാരത്തര്‍ക്കമായി. നിസ്സാരപ്രശ്‌നങ്ങളില്‍ തുടങ്ങിയ വഴക്ക്
അങ്കം വെട്ടി തീര്‍ക്കാന്‍ തീരുമാനിച്ചു. അതാണ് അന്നത്തെ നാട്ടുനടപ്പ്.
ഉണിച്ചന്ത്രോരുടെ ചേകവനായി അരിങ്ങോടര്‍ ക്ഷണിക്കപ്പെട്ടു. ഉണിക്കോനാര്‍ ആളെത്തിരക്കിയിറങ്ങി എത്തിച്ചേര്‍ന്നത് പുത്തൂരം വീട്ടിലാണ്.
അങ്കപ്പണം ആവോളം ദക്ഷിണവച്ചപ്പോള്‍ ആരോമര്‍ ചെല്ലാമെന്നേറ്റു. മാതാപിതാക്കളും ഉണ്ണിയാര്‍ച്ചയുമെല്ലാം കാലുപിടിച്ച് പറഞ്ഞിട്ടും ആരോമര്‍ തീരുമാനം
മാറ്റിയില്ല. സഹായിയായി പോയത് ചന്തുവാണ്. അച്ഛന്റെ അനന്തരവനായ ചന്തുവിനെ വിവാഹം കഴിക്കാമെന്നുവരെ വാഗ്ദാനം ചെയ്തിട്ടാണ് ഉണ്ണിയാര്‍ച്ച
അച്ഛനെ സഹായിക്കണമെന്ന് അഭ്യര്‍ഥിക്കുന്നത്. എന്നിട്ടും, ചുരികപണിത കൊല്ലനെ സ്വാധീനിച്ച് കള്ളപ്പണി ചെയ്യിച്ചു.
കോഴിങ്കം കഴിഞ്ഞ് ആളങ്കം നടക്കവേ, ചുരിക ഒടിഞ്ഞുപോയിട്ടും അരിങ്ങോടരെ കൊല്ലാന്‍ ആരോമര്‍ക്കായി. പക്ഷേ, ക്ഷീണിതനായി ചന്തുവിന്റെ
ചുമലില്‍ചാരിയ ആരോമരുടെ ചെറിയ മുറിവില്‍ കുത്തുവിളക്കിന്റെ മുന കുത്തിയിറക്കാന്‍ ചന്തു മടിച്ചില്ല. എല്ലാവരോടും യാത്രപറഞ്ഞ് ആ വീരയോദ്ധാവ്
വിടപറയുന്നതോടെ ആ പാട്ട് അവസാനിക്കുന്നു.
ഉണ്ണിയാര്‍ച്ചയുടെ വീരകഥകളും മകന്‍ ആരോമുണ്ണിയുടെ കഥകളും പാട്ടുരൂപത്തിലുണ്ട്.
തച്ചോളി ഒതേനന്‍: ഒതേനനെപ്പറ്റിയാണ് കഥകളധികവും. വടകര തച്ചോളി മാണിക്കോത്തുള്ള പ്രാചീനമായ ഒരു നായര്‍ തറവാട്ടില്‍ ജനിച്ചുവളര്‍ന്നതാണ് ഒതേനന്‍.
കോമപ്പന്‍ എന്ന ജ്യേഷ്ഠനും ഉണിച്ചിരുത എന്ന അനിയനും ഉണ്ടായിരുന്നു. ഒപ്പം സന്തത സഹചാരിയായ തണ്ടാച്ചേരി ചാപ്പനും.
കളരിയഭ്യാസി എന്നതുപോലെ താന്ത്രിക വിദ്യയിലും നിപുണനായിരുന്നു ഒതേനന്‍. ഒതേനനെപ്പറ്റിയുള്ള പാട്ടുകളില്‍ പ്രധാനമാണ്
വിവാഹത്തെപ്പറ്റിയും മരണത്തെയും പറ്റിയുള്ളവ.
ഒതേനന്റെ വിവാഹവുമായി ബന്ധപ്പെട്ട പാട്ടില്‍, കാവിലും ചാത്തോത്ത് മാതേയി അമ്മ തന്റെ ഒമ്പതാമത്തെ മകള്‍ ചീരുവിന്റെ മഞ്ഞക്കുളി കല്യാണത്തിന്
ഒതേനനുമായി ബന്ധമുറപ്പിക്കാന്‍ ആഗ്രഹിക്കുന്നു. അതിന് അനുവാദം ചോദിച്ച് തച്ചൊളി മേപ്പയില്‍ എത്തുന്നു. പാട്ട് ഇങ്ങനെയാണ്:
‘കാവിലും ചാത്തോത്ത് മാതേയിയമ്മ
നേരംപുലരുന്നതും നോക്കി നോക്കി
എളങ്കോഴി കൂകുന്നതും കേട്ടുകേട്ട്
കിഴിഞ്ഞു പുറപ്പെട്ടു പോരുന്നമ്മ..’
എന്നാല്‍ ഒതേനന്‍ ചീരുവിന്റെ സൗന്ദര്യത്തെ ക്രൂരമായി പരിഹസിക്കുന്നു’
” കാക്കയെപ്പോലെ കറുത്ത ചീരു
എനിക്കീച്ചീരൂനെ വേണ്ടെന്റേട്ടാ
ചക്കച്ചൊളപ്പല്ലും പേന്തലയും
അച്ഛനുമമ്മയ്ക്കും വേണ്ടെങ്കിലും
വടകരപ്പൊക്കപ്പന്‍ ചോനകന്
കൊപ്പരകാക്കാനങ്ങാക്കിക്കോട്ടെ.”
ഇങ്ങനെ പറഞ്ഞു പരിഹസിച്ചുവിട്ട ചീരു കുറെക്കൊല്ലം കഴിഞ്ഞപ്പോള്‍ സുന്ദരിയായി. ഒതേനന്‍ യാദൃച്ഛികമായി ചീരുവിനെ കാണുന്നു. ചാപ്പനെ
പറഞ്ഞുവിട്ട് മുറുക്കാന്‍ ചോദിപ്പിക്കുന്നു. മുറുക്കാന്‍ ചോദിക്കല്‍ വിവാഹസമ്മതം ചോദിക്കലാണ് അക്കാലത്ത്. എന്നാല്‍, മുള്ളുവാക്കുകള്‍ പറഞ്ഞ് അവള്‍
ചാപ്പനെ മടക്കി അയക്കുന്നു. ദു:ഖിതനായ ഒതേനന്‍ വീട്ടിലെത്തി ആരോടും മിണ്ടാതെ കിടക്കുന്നു. ഒടുവില്‍ ചാപ്പന്‍ സ്വദേഹത്തില്‍ ചില മുറിവുകളുണ്ടാക്കി
കാവിലും ചാത്തോത്ത് വേഷംമാറിച്ചെന്ന് ചില വിദ്യകള്‍കാട്ടി സ്ത്രീകളെ രസിപ്പിക്കുന്നു. തന്നോടു കൂടെയുള്ള ഒരു പൊട്ടന്‍ പല അത്ഭുതവിദ്യകളും കാട്ടുന്നു
എന്നു പറഞ്ഞു വിശ്വസിപ്പിച്ച് അന്നുരാത്രി ചീരുവിന്റെ കട്ടിലിനു താഴെ അവനെ ഉറക്കാന്‍ സമ്മതം വാങ്ങുന്നു.
ചീരുവിനെ പ്രണയിക്കാന്‍ പൊട്ടന്‍ ചമയുന്ന ഒതേനന്റെ വിദ്യകളെല്ലാം വര്‍ണിക്കുന്നതാണ് ആ പാട്ടുകള്‍.
ഒതേനന്റെ വീരചരമത്തെപ്പറ്റിയും പാട്ടുണ്ട്. മൊത്തം പന്ത്രണ്ടു പാട്ടുകളാണ് ഒതേനനെപ്പറ്റി ഉള്ളത്. വേറെയും പല പാട്ടുകളും കണ്ടുകിട്ടി. പാലാട്ട്
കോമനെപ്പറ്റിയും പാട്ടുകളുണ്ട്.
വടക്കേ മലബാറില്‍ ഒരുകാലത്ത് നാടോടിഗായകന്മാര്‍ വടക്കന്‍ പാട്ടുകള്‍ പലതും പാടിനടന്നിരുന്നതായും വീടുകളില്‍ ചെന്ന് പാട്ടുപാടി പണം
സമ്പാദിച്ചിരുന്നതായും ഡോ.ചേലനാട്ട് അച്യുതമേനോന്‍ എഴുതിയിട്ടുണ്ട്. സമുദായത്തിന്റെ ഉന്നത മധ്യതലങ്ങളില്‍ മാത്രമല്ല, ഞാറുപറിക്കുകയും നടുകയും
ചകിരി തല്ലുകയും ചെയ്യുന്ന തൊഴിലാളികളുടെ ഇടയില്‍പ്പോലും അവ ആവേശത്തിന്റെ അലകള്‍ സൃഷ്ടിച്ചിരുന്നു എന്ന് അദ്ദേഹം പറയുന്നു.
കല്പിതകഥാപാത്രങ്ങള്‍ ഉണ്ടെന്നിരിക്കിലും അക്കാലത്തെ സാമൂഹിക സ്ഥിതിഗതികളുമായി അത്യധികമായ രക്തബന്ധം പുലര്‍ത്തുന്നവയാണ് ഈ പാട്ടുകള്‍ എന്ന്
ഇളംകുളം കുഞ്ഞന്‍പിള്ള പറയുന്നു.
(തുടരും)