Keralaliterature.com

മലയാളനാടകവേദി

കല്ലൂര്‍ ഉമ്മന്‍ പീലിപ്പോസ് ഷെയ്ക്‌സ്പിയര്‍ കൃതിയില്‍നിന്ന് പരിഭാഷപ്പെടുത്തിയ ആള്‍മാറാട്ടമാണ് (കോമഡി ഒഫ് എറേഴ്‌സ്) മലയാളത്തിലെ ആദ്യനാടക കൃതിയെന്ന് കരുതുന്നു (1866). കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്റെ അഭിജ്ഞാന ശാകുന്തളം വിവര്‍ത്തനത്തെ രണ്ടാമത്തേതായും കണക്കാക്കുന്നു. 1882ല്‍ പ്രകാശിതമായ ശാകുന്തളവിവര്‍ത്തനത്തിനു മുമ്പ് കേരളത്തില്‍ നാടകം എന്നപേരില്‍ അറിയപ്പെട്ടിരുന്നത് തമിഴ്‌നാട്ടില്‍ നിന്നും കേരളത്തില്‍ വന്ന് അവതരിപ്പിച്ചിരുന്ന സംഗീത നാടകങ്ങളായിരുന്നു. പിന്നീട് ഒട്ടനവധി സംസ്‌കൃത നാടക വിവര്‍ത്തനങ്ങളും സ്വതന്ത്ര നാടകകൃതികളും പുറത്തിറങ്ങിയെങ്കിലും പലതും രംഗത്ത് അവതരിപ്പിച്ചിരുന്നില്ല. സംസ്‌കൃതത്തില്‍ നിന്ന് മാളവികാഗ്‌നിമിത്രം, വിക്രമോര്‍വശീയം, മാലതീമാധവം, ചാരുദത്തം, സ്വപ്നവാസവദത്തം, പഞ്ചരാത്രം, അഭിഷേകനാടകം, അവിമാരകം, മധ്യമവ്യായോഗം, വേണീസംഹാരം, മൃച്ഛകടികം, രത്‌നാവലി, നാഗാനന്ദം തുടങ്ങിയ നാടകങ്ങള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. ഇംഗ്‌ളീഷില്‍ നിന്ന് ചില ഷെയ്ക്‌സ്പിയര്‍ കൃതികളും പോര്‍ഷ്യാ സ്വയംവരം, കലഹിനീദമനകം, ലിയര്‍ നാടകം, സുനന്ദാസരസവീരം, ഹാംലെറ്റ്, വെനീസിലെ വ്യാപാരി, വാസന്തികാസ്വപ്നം എന്നീ പേരുകളില്‍ മലയാളത്തിലെത്തി. സാമൂഹികപ്രശ്‌നങ്ങള്‍ അവതരിപ്പിക്കുന്ന നാടകങ്ങളും പ്രഹസനങ്ങളും പത്തൊമ്പതാം നൂറ്റാണ്ടിനൊടുവില്‍ പ്രത്യക്ഷപ്പെട്ടു. ചന്ദ്രികാനാടിക (കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍  1891); എബ്രായക്കുട്ടി (കണ്ടത്തില്‍ വര്‍ഗീസ് മാപ്പിള  1893); മത്തവിലാസം (സി.വി. 1893); ചക്കീചങ്കരം (മുന്‍ഷി രാമക്കുറുപ്പ്-1894) എന്നിവ.
ആദ്യകാലത്തെ പ്രധാന നാടകങ്ങളില്‍ ചിലത്: സി.വി.രാമന്‍പിള്ളയുടെ 'ചന്ദ്രമുഖീവിലാസം' (1885), കൊച്ചുണ്ണിത്തമ്പുരാന്റെ കല്യാണീകല്യാണം (1888), കെ.സി.കേശവപിള്ളയുടെ ലക്ഷ്മീകല്യാണം (1893), കണ്ടത്തില്‍ വറുഗ്ഗീസ് മാപ്പിളയുടെ 'എബ്രായക്കുട്ടി'(1894), കലഹിനീദമനകം (വില്യം ഷേക്‌സ്പിയറിന്റെ 'റ്റേമിങ് ഓഫ് ദ് ഷ്ര്യൂ' എന്ന കൃതിയുടെ വിവര്‍ത്തനം), കൊച്ചീപ്പന്‍ തരകന്റെ 'മറിയാമ്മ' (1903). സി.വി. രാമന്‍പിള്ള 1909ല്‍ 'കുറുപ്പില്ലാക്കളരി' എന്ന ആക്ഷേപഹാസ്യ നാടകവുമായി രംഗത്തുവന്നു. സി.വി.യുടെ പില്‍ക്കാല നാടകങ്ങള്‍ 'തെണ്ടനാംകോട്ടു ഹരിശ്ചന്ദ്രന്‍' (1918), 'ബട്‌ലര്‍ പപ്പന്‍' (1921) എന്നിവയായിരുന്നു.
തമിഴ്‌നാടകസംഘങ്ങള്‍ അവതരിപ്പിച്ചിരുന്ന ചരിത്രപുരാണ നാടകങ്ങളും കേരളത്തില്‍ ഗണ്യമായ സ്വാധീനം ചെലുത്തി. രാമായണം, മഹാഭാരതം, ഭാഗവതം തുടങ്ങിയവയെ ഇതിവൃത്തമാക്കിയുള്ള സംഗീതനാടകങ്ങള്‍ക്ക് ഏറെ ആസ്വാദകരുണ്ടായിരുന്നു. സി.വി.യുടെ ആഖ്യായികകളും ഇന്ദുലേഖയും നാടകരൂപത്തില്‍ എത്തിയപ്പോള്‍ പുതിയൊരു നാടകസങ്കല്പം മലയാളത്തില്‍ വികസിച്ചു. തിരുവട്ടാര്‍ നാരായണപ്പിള്ളയുടെ മനോമോഹനം കമ്പനി, സി.പി. അച്യുതമേനോന്റെ വിനോദചിന്താമണി, ചാത്തുക്കുട്ടി മന്നാടിയാരുടെ രസികരഞ്ജിനി, പി.എസ്. വാര്യരുടെ പരമശിവവിലാസം എന്നിവ അവയില്‍ ചിലതാണ്. ടി.സി. അച്യുതമേനോന്റെ സംഗീത നൈഷധം (1892), കെ.സി. കേശവപിള്ളയുടെ സദാരാമ (1903) എരുവയില്‍ ചക്രപാണിവാര്യരുടെ ഹരിശ്ചന്ദ്രചരിതം (1913) എന്നീ നാടകങ്ങള്‍ സംഗീത നാടകകലയെ പുഷ്ടിപ്പെടുത്തി. 
1903ല്‍ എഴുതപ്പെട്ട സദാരാമ മുതല്‍ക്കാണ് യഥാര്‍ഥത്തില്‍ മലയാള നാടകവേദിയുടെ ചരിത്രം ആരംഭിക്കുന്നതെന്ന് സി.എന്‍. ശ്രീകണ്ഠന്‍ നായര്‍ അഭിപ്രായപ്പെടുന്നു. സാഹിത്യഗുണവും സംഗീതഭംഗിയും ഒന്നുപോലെ സമ്മേളിച്ച സദാരാമ മാത്രമേ അക്കാലത്ത് പരിപൂര്‍ണവിജയം നേടിയിട്ടുള്ളുവെന്ന് എന്‍. കൃഷ്ണപിള്ളയും സൂചിപ്പിച്ചിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തിലുണ്ടായ സി.വി. രാമന്‍പിള്ളയുടെ പ്രഹസനങ്ങളും മലയാളനാടകത്തിന്റെ വളര്‍ച്ചയ്ക്ക് പുതിയ മുഖം സമ്മാനിച്ചു. തെന്തനാംകോട്ട് ഹരിശ്ചന്ദ്രന്‍ (1914), കയ്മളശ്ശന്റെ കടശ്ശിക്കൈ (1915), ഡാക്ടര്‍ക്ക് കിട്ടിയ മിച്ചം (1916), ചെറുതേന്‍ കൊളംബസ് (1917), പണ്ടത്തെ പാച്ചന്‍ (1918), പാപി ചെല്ലുന്നിടം പാതാളം (1919), കുറുപ്പിന്റെ തിരിപ്പ് (1920), ബട്‌ളര്‍ പപ്പന്‍ (1921) എന്നിവയായിരുന്നു അവ.
1886 മുതല്‍ 1930 വരെയുള്ള കാലത്ത് ഇരുന്നൂറോളം നാടകങ്ങള്‍ രചിക്കപ്പെട്ടു. സംഗീതനാടകം കലാപരമായി അധഃപതിച്ച കാലഘട്ടത്തിലാണ് സ്വാമി ബ്രഹ്മവ്രതന്‍, കുമാരനാശാന്റെ കരുണ (1930) നാടകരൂപത്തില്‍ അവതരിപ്പിച്ചത്. സംഗീതനാടകവേദിയില്‍ പുതിയ ചലനങ്ങളുണ്ടായി. പ്രഗല്ഭരായ കലാകാരന്മാരുടെ നേതൃത്വത്തില്‍ പുതിയ നാടകാവതരണങ്ങളുണ്ടായി. അഞ്ചല്‍ രാമകൃഷ്ണപിള്ളയുടെ ബഹ്മവിലാസം സംഗീതനടനസഭ, പി.ജെ. ചെറിയാന്റെ റോയല്‍ ഡ്രമാറ്റിക് കമ്പനി, പൊടക്കനയത്ത് വേലുപ്പിള്ളയുടെ ഓച്ചിറ പരബ്രഹ്മോദയ സംഗീത നടനസഭ, കടയ്ക്കാവൂര്‍ കുഞ്ഞുകൃഷ്ണപണിക്കരുടെ സഹ്ര്‍ദയാനന്ദിനി സംഗീത നടനസഭ, തുടങ്ങിയ നാടകക്കമ്പനികള്‍ ഇക്കാലത്ത് രൂപംകൊണ്ടവയാണ്. മലയാളനാടകരംഗത്ത് ഫ്രൊഫഷനലിസത്തിനു തുടക്കംകുറിച്ചത് കടയ്ക്കാവൂര്‍കുഞ്ഞുകൃഷ്ണപണിക്കരാണ്. ഓച്ചിറ വേലുക്കുട്ടി, സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതര്‍, തേവലക്കര കുഞ്ഞന്‍പിള്ള, തിരുവമ്പാടി പാച്ചുപിള്ള, പാല്‍ക്കുളങ്ങര കൃഷ്ണന്‍കുട്ടി നായര്‍, ആര്‍.പി. കേശവപിള്ള തുടങ്ങിയ നടന്മാര്‍ പേരെടുത്തതും ഈ കാലയളവിലാണ്.

സാമൂഹിക അനാചാരങ്ങളും അസമത്വങ്ങളും കൊടികുത്തി വാണ ഒരു കാലഘട്ടത്തിലാണ് സംഗീത നാടകങ്ങളില്‍ നിന്ന് വ്യത്യസ്തമായി, മാനവികബോധം ഊട്ടിയുറപ്പിക്കുന്ന ഒരു നാടകസങ്കല്പം കേരളത്തില്‍ പിറവികൊള്ളുന്നത്. ലോകമെമ്പാടും സംഭവിച്ച സാമൂഹികപരിണാമങ്ങളും രാഷ്ട്രീയ സംഭവവികാസങ്ങളും അതിന് പ്രചോദനമായി. 1929ല്‍ വി.ടി. ഭട്ടതിരിപ്പാട് രചിച്ച അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് എന്ന സാമൂഹിക നാടകം ഒട്ടേറെ കോളിളക്കങ്ങള്‍ സൃഷ്ടിച്ചു. ബ്രാഹ്മണ സമൂഹത്തിലെ അനാചാരങ്ങളെ പുറത്തുകാട്ടിയ ആ നാടകം മലയാള നാടകവേദിക്ക് പുതിയൊരു സാമൂഹ്യദര്‍ശനം പകര്‍ന്നു നല്‍കി. എം.ആര്‍.ബി.യുടെ മറക്കുടയ്ക്കുള്ളിലെ മഹാനരകം (1931), പ്രേംജിയുടെ ഋതുമതി (1938) എന്നീ നാടകങ്ങളും പരിവര്‍ത്തനസ്വഭാവം കൊണ്ടു മികച്ചുനിന്നു.
1930 കളില്‍ ഇബ്‌സന്റെ നാടകങ്ങളുടെ സ്വാധീനം ആംഗലേയലോകത്തെന്നപോലെ മലയാളത്തിലും നാടകരംഗത്ത് സുപ്രധാന മാറ്റങ്ങള്‍ക്കു വഴിതെളിച്ചു. പ്രശസ്തനിരൂപകനായ എ.ബാലകൃഷ്ണപിള്ള ഇബ്‌സന്റെ 'പ്രേതങ്ങള്‍' 1936ല്‍ മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്തു. 1940ല്‍ സി.നാരായണപിള്ള 'റോസ്‌മെര്‍ഹോം' മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്തു. വി.ടി.ഭട്ടതിരിപ്പാടിന്റെ 'അടുക്കളയില്‍നിന്നും അരങ്ങത്തേക്ക്' (1930) എന്ന നാടകം നാടൊട്ടൊക്കും പ്രചുരപ്രചാരം നേടി. വി.ടി.യുടെ മറ്റൊരു പ്രധാന നാടകമാണ് 'ഋതുമതി' (1939).
 സി.വി.രാമന്‍പിള്ളയുടെ ചരിത്ര ദുരന്തങ്ങളുടെയും ആക്ഷേപഹാസ്യത്തിന്റെയും പാത പിന്തുടര്‍ന്ന് ഇ.വി. കൃഷ്ണപിള്ള പല നാടകങ്ങളും രചിച്ചു. ഇ.വി.യുടെ ഹാസ്യരസ പ്രധാനമായ നാടകങ്ങളുടെ ശൈലി പിന്തുടര്‍ന്ന് നാടകമെഴുതിയവരില്‍ പ്രധാനികളായിരുന്നു ടി.എന്‍.ഗോപിനാഥന്‍നായരും എന്‍.പി.ചെല്ലപ്പന്‍നായരും. ആ പാത പിന്തുടര്‍ന്നവരായിരുന്നു കൈനിക്കര പത്മനാഭപിള്ള ('വേലുത്തമ്പി ദളവാ', 'കാല്‍വരിയിലെ കല്പപാദപം' (1934)), കാപ്പന കൃഷ്ണമേനോന്‍ ('ചേരമാന്‍ പെരുമാള്‍', 'പഴശ്ശിരാജാ'), കൈനിക്കര കൃഷ്ണപിള്ള ('ഹരിശ്ചന്ദ്രന്‍' (1938)), കുട്ടനാട്ട് രാമകൃഷ്ണപിള്ള ('തപ്തബാഷ്പം' (1934)) തുടങ്ങിയവര്‍.
കെ.ദാമോദരന്റെ 'പാട്ടബാക്കി' (1938) പുതിയ ചരിത്രം കുറിച്ചു. 1940 കളില്‍ എന്‍.ബാലകൃഷ്ണപിള്ള, പുളിമന പരമേശ്വരന്‍പിള്ള, ഇടശ്ശേരി ഗോവിന്ദന്‍ നായര്‍, സി.ജെ.തോമസ് തുടങ്ങിയവര്‍ മലയാള നാടകരംഗത്തേക്ക് ദുരന്തനാടകങ്ങളെ അവതരിപ്പിച്ചു. കൃഷ്ണപിള്ളയുടെ പ്രധാന നാടകങ്ങളില്‍ 'ഭഗ്‌നഭവനം' (1942), 'കന്യക' (1944), ബലാബലം (1946), തുടങ്ങിയവ ഉള്‍പ്പെടും. പുളിമാന പരമേശ്വരന്‍പിള്ളയുടെ 'സമത്വവാദി' (1944) 'എക്‌സ്പ്രഷനിസ്റ്റ്' സമ്പ്രദായത്തിലെഴുതിയ ഒരു അമൂല്യ കൃതിയാണ്. ഇടശ്ശേരിയുടെ 'കൂട്ടുകൃഷി'(1950) ഗ്രാമീണയാഥാര്‍ത്ഥ്യങ്ങളുടെ കഥപറഞ്ഞു. സി.ജെ.തോമസിന്റെ പ്രധാന നാടകമായ 'അവന്‍ വീണ്ടും വരുന്നു' മലയാള നാടകങ്ങള്‍ക്കു ഒരു പുതിയ മാനം നല്‍കി. അദ്ദേഹത്തിന്റെ പരീക്ഷണത്വര അതിന്റെ പാരമ്യത്തിലെത്തുന്നത് '1128 ല്‍ ക്രൈം 27' (1954) എന്ന നാടകത്തിലൂടെയാണ്. 1950-60കളിലെ നാടകങ്ങള്‍ നാടക ഗാനങ്ങള്‍ക്കു പ്രാധാന്യമുള്ളവയും രാഷ്ട്രീയസാമൂഹിക ചായ്‌വുകള്‍ ഉള്ളവയുമായിരുന്നു. തോപ്പില്‍ ഭാസി, എന്‍.എന്‍. പിള്ള, കെ.ടി. മുഹമ്മദ്, ജി. ശങ്കരപ്പിള്ള, കാവാലം നാരായണപ്പണിക്കര്‍ തുടങ്ങിയവര്‍ ചലച്ചിത്രങ്ങളുടെ കുത്തൊഴുക്കിലും നാടകരംഗത്തെ ചലനാത്മകവും ആസ്വാദകവുമാക്കി നിലനിര്‍ത്തി.
Exit mobile version