(ലളിതാംബിക അന്തര്‍ജനത്തിന്റെ സമ്പൂര്‍ണ കഥാസമാഹാരത്തില്‍ എടുത്തുചേര്‍ത്തിട്ടുള്ള കഥാകാരിയുടെ വാക്കുകള്‍)
ജീവിതത്തിലുള്ള താത്പര്യമാണല്ലോ ജീവിതാവിഷ്കരണത്തിനും പ്രേരണ നല്‍കുന്നത്. നിറഞ്ഞുതുളുമ്പുന്ന ജീവിതപ്രേമത്തില്‍നിന്നേ നിറവുള്ള കലാസൃഷ്ടികള്‍ ഉടലെടുക്കുകയുള്ളൂ. പഞ്ചേന്ദ്രിയങ്ങളില്‍നിന്നു നേടുന്ന നൈമിഷികമായ സംവേദനങ്ങള്‍ അന്തര്‍മണ്ഡലത്തില്‍ ലയിച്ച് അനുഭൂതിയായി മാറുന്നു. യാഥാര്‍ഥ്യത്തിന്റെ സത്യസന്ധതയും ഭാവനയുടെ നിറപ്പകിട്ടും ഒന്നുചേര്‍ന്ന് സ്വപ്നസാന്ദ്രമായ ആ പശ്ചാത്തലത്തിലാണ് സാഹിത്യചോദന ഉറവെടുക്കുന്നത്-സൂര്യപ്രകാശം ചന്ദ്രനില്‍ പതിച്ച് നിലാവായി മാറുംപോലെ എന്നു വേണമെങ്കില്‍ പറയാം. യഥാര്‍ഥ ദര്ശനത്തെക്കാള് സ്വപ്നദര്‍ശനം സുന്ദരമാവുന്നതതാണ്. ഒരു വിത്തു മുളയ്ക്കുന്നത് മണ്ണിലാണെങ്കിലും വളര്‍ന്നുവികസിച്ച് ഫലസമ്പുഷ്ടമാകുന്നത് വിശാലമായ ആകാശത്തിലാണല്ലോ. കലാബീജങ്ങളും ഇതുപോലെയാണ്. ഭാവനയില്കിടന്ന് കുരുത്ത് യാഥാര്‍ഥ്യത്തിലേക്ക് വളര്‍ന്നെങ്കിലേ കലാസൃഷ്ടിയാവുന്നുള്ളൂ.
ഞാന്‍ ആദ്യം എഴുതിത്തുടങ്ങിയത് കവിതയാണ്. വികാരത്തിന്റെ ഒരല-ഒരു പൊരി- മനസ്സില്‍ നിറഞ്ഞുതുളുമ്പുന്നതാണ്, അല്ലെങ്കില്‍ ജ്വലിക്കുന്നതാണല്ലോ കവിത. കഥനകൗതുകം എറെ അതിലില്ല. വിചാരത്തിനും സ്ഥാനമില്ല. പറയാനുള്ളത് മുഴുവന്‍ അതിലൊതുങ്ങിയില്ലെങ്കില് സ്വാഭാവികമായി മറ്റുമാര്‍ഗങ്ങള്‍ വന്നുചേരുന്നു. ഞാനൊരു കഥാകര്ത്രിയായതെങ്ങനെയാണ്. വികാരവിചാരങ്ങളെ സമഗ്രമായി യോജിപ്പിച്ച് ശക്തമായി പ്രതിപാദിക്കാന്‍ ചെറുകഥ പോലെ നല്ല കലാരൂപം മറ്റില്ല. വിശേഷിച്ചും കലോപാസനയ്ക്കിടയില് ചില ലക്ഷ്യങ്ങള്‍ കൂടി സാധിക്കണമെന്നുള്ളവര്ക്ക്, കവിതയുടെ വീട്ടില്‍നിന്നും കഥയിലേക്ക് കുടികയറാനിടയായത് ഇതുകൊണ്ടായിരിക്കാം.
എന്റെ ആദ്യത്തെ കഥ, അത്ഭുതമെന്ന പറയട്ടെ, അതൊരു നോവലായിരുന്നു. പതിന്നാലോ പതിനഞ്ചോ വയസ്സു പ്രായം. ടാഗോറിന്റെ ‘വീട്ടിലും പുറത്തും’ എന്ന നോവല്‍ (ശ്രീമതി ബി. കല്യാണി അമ്മ തര്‍ജമ ചെയ്തത്) വായിച്ച ഇടയാണ്. ആ പുസ്തകം എന്നെ വളരെ ആകര്‍ഷിച്ചു. വളരെയധികം തവണ ഞാനതു വായിച്ചു. ആ വിമലയും സന്ദീപനും, വിധവയായ ജ്യേഷ്ഠത്തിയമ്മ വരെ, എന്റെ വീട്ടുകാരായിത്തോന്നി. സാധാരണയായി ഞാന്‍ വായിക്കുന്ന കഥകളുടെയും നോവലുകളുടെയും കഥകള്‍ എന്റെ കൂട്ടുകാര്‍ക്ക് (അധികവും എഴുത്തറിയാത്തവര്) പറഞ്ഞുകൊടുക്കുന്നത് എനിക്കു രസമായിരുന്നു. ഈ കഥ അങ്ങനെ പറഞ്ഞുകൊടുക്കാന്‍ പറ്റിയതല്ല. അതുകൊണ്ട് അത് മനസ്സില്‍ ജീവിച്ചു. ആ സാങ്കേതികരീതി എനിക്ക് ഇഷ്ടപ്പെടുകയും ചെയ്തു. അക്കാലത്ത് ഞങ്ങളുടെ ഭവനത്തില്‍ ബന്ധത്തില്‍പ്പെട്ട ദരിദ്രയായ ഒരു അന്തര്‍ജനം താമസിച്ചിരുന്നു. അവര്‍ പല കഥകളും പറയാറുണ്ട്. അധികവും വിഷാദാത്മകമായ സ്വന്തം കഥകള്‍. ഭര്‍ത്താവിനാല്‍ ത്യക്തയായി രണ്ടു കുട്ടികളൊത്തു കഴിയുന്ന ആ അനാഥയ്ക്ക് തന്റെ കഷ്ടതകളെക്കാള് കൂടുതല്‍ സങ്കടം മറ്റുള്ളവരുടെ ദുര്‍വിധി ഓര്‍ത്തായിരുന്നു. വളരെ നാളു മുമ്പു പിരിഞ്ഞ തന്റെ അഭാഗയായ അനിയത്തിയുടെ കഥയോര്‍ത്ത് അവര്‍ വിലപിക്കും: ‘ എഴാംപെണ്ണ്, എരന്നാലും കിട്ടില്ല എന്നു പറയും. എഴാമത്തേതായിരുന്നുാ അവള്, എന്തൊരു തലമുടി! എന്തു നിറം! അതൊക്കെ കണ്ടാണല്ലോ അവര്‍..’
കണ്ണുനീര് തുടച്ചുകളഞ്ഞ് ആ കഥ വീണ്ടും വിവരിക്കും. അമ്മായിയുടെ അനിയത്തി സുന്ദരിയായിരുന്നു എന്നു പറഞ്ഞുവല്ലോ. ആ കുടുംബം ദരിദ്രമായിരുന്നു. അച്ഛന് മരിക്കുകയും ചെയ്തു. പെണ്‍കൊടയ്ക്ക് അത്യാവശ്യമായി വേണ്ട സ്ത്രീധനത്തിന് വകയില്ല. അങ്ങനെയിരുന്നപ്പോഴാണ് ആരോ ചില ദല്ലാളികള് അടുത്തുകൂടിയത്. പണം ആവശ്യമില്ല, വേണമെങ്കില്‍ കുറെ ഇങ്ങോട്ടു തരികയും ചെയ്യും. വരന്, വടക്കന്‍ ഒരെമ്പ്രാന്തിരിയാണ്. പ്രായം കുറച്ചു കൂടുതലായിരിക്കും. സാരമില്ല, പണമുണ്ട്. പൊന്നുപോലെ നോക്കിക്കൊള്ളും.
അവരുടെ സഹോദരന് വിചാരിച്ചിരിക്കാം- സാരമില്ല, പണമില്ലാത്തപെണ്ണിന് ചെറുപ്പക്കാരനെയും സുന്ദരനെയുമുണ്ടോ കിട്ടാന്‍ പോകുന്നു? ചെലവൊന്നുമില്ല. വലിയൊരു കാര്യം നടക്കുകയും ചെയ്യും. അവള്‍ക്കു ഭാഗ്യമുണ്ടെങ്കില്‍ എല്ലാം നന്നാവും. അങ്ങനെ അതേര്പ്പാടായി.
നാടേതെന്നറിഞ്ഞുകൂടാ-വീടേതെന്നറിഞ്ഞുകൂടാ. ഭാഷപോലുമറിയാത്ത ആ വയസ്സന് തടിയനുമൊത്ത് ഇറങ്ങിപ്പോകാന്‍ പറഞ്ഞപ്പോള്‍ പതിനാലു വയസ്സായ ആ പെണ്‍കുട്ടി തന്റെ അമ്മയെ കെട്ടിപ്പിടിച്ച് ഉറക്കെ കരഞ്ഞുവത്രെ- എനിക്കു പേടിയാകുന്നു; അമ്മേ എനിക്കു പേടിയാകുന്നു.
അമ്മയും മകളും കെട്ടിപ്പിടിച്ചു കരഞ്ഞു. പിന്നെ വളരെ വിഷമിച്ചാണ് അ സഹോദരന് അവളെ തള്ളിപ്പറഞ്ഞയച്ചത്. കൊല്ലം മുപ്പതുകഴിഞ്ഞു. അവളെ പിന്നെ അവര്‍ കണ്ടിട്ടില്ല. എവിടെയാണെന്നറിഞ്ഞുകൂടാ. ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്നുമറിഞ്ഞുകൂടാ.
ഇക്കഥ എന്റെ മനസ്സിനെ വല്ലാതെയിട്ടു കുലുക്കി. ഇതു കെട്ടുകഥയല്ല. കേട്ടുകേള്‍വിയുമല്ല. അവരെപ്പോലെ ഒരു കുടുംബത്തില്‍ ജനിച്ചിരുന്നുവെങ്കില്‍ എനിക്കും ഇതു വരാമായിരുന്നുവല്ലോ. എനിക്കു പേടിയാകുന്നു അമ്മേ, പേടിയാകുന്നു എന്ന വിളിയും കണ്ണുനീര് നിറഞ്ഞ ആ വലിയ കണ്ണുകളും എന്റെ മനോമണ്ഡലത്തില്‍ തങ്ങിനിന്നു. എങ്ങനെയെങ്കിലും അതു ബഹിര്ഗമിച്ചേ തീരൂ-മുമ്പു വായിച്ച നോവലിന്റെ ആകര്‍ഷണവും ഇപ്പോള്‍ കേട്ട കഥയുടെ ജീവനും ഒന്നിച്ചുചേര്‍ന്ന്, ആഖ്യാനരീതിയില്‍ ഞാനൊരു നോവലെഴുതി. ദേവകിയുടെ കഥ-ദീക്ഷിതരുടെ കഥ-മല്ലിനാഥന്റെ കഥ- ഇങ്ങനെ. ദേവകിയെ ദീക്ഷിതര്‍ കൊണ്ടുപോയി ഒരു വ്യഭിചാരത്തെരുവില്‍ വില്‍ക്കുന്നു. നിഷ്കളങ്കയായ ആ പെണ്‍കുട്ടിയുടെ അപ്പോഴത്തെ ധര്‍മസങ്കടം. അവിടെ ആദ്യം ചെന്ന മല്ലിനാഥന്‍ എന്ന ബംഗാളി യുവാവ് (അയാള്‍ക്കും ആദ്യാനുഭവമാണ്) അവളെ രക്ഷപ്പെടുത്തിക്കൊണ്ടുപോകുന്നു-ഇങ്ങനെ തുടരും കഥ. മുഴുവന്‍ ഓര്‍മയില്ല. ആ നോവല്‍ ഞാനൊഴിച്ച് ആരും കണ്ടിട്ടില്ല. തട്ടിന്‍പുറത്തുള്ള ഒരു പെട്ടിയില്‍ കുറെനാള്‍ കിടന്നു ചിതല്പിടിച്ചുപോയി. എന്നാലും അതാണെന്റെ ആദ്യകഥ.
ഞാന്‍ ആദ്യം പ്രസിദ്ധപ്പെടുത്തിയത് മലയാള രാജ്യം ചിത്രവാരികയിലെ ‘യാത്രാവസാനം’ എന്ന കഥയാണ്. സീതാദേവി ശതോപാധ്യായ മോഡേണ്‍ റിവ്യുവില്‍ എഴുതിയിരുന്ന ഒരു കഥ വായിച്ചു കേട്ടതിന്റെ സ്വതന്ത്രാനുകരണം.
കഥാകര്ത്രിയായി സാഹിത്യരംഗത്തില് പ്രവേശിച്ച ആദ്യഘട്ടത്തില്‍ സാഹിത്യത്തിലെ എന്റെ ‘ദൈവം’ ടാഗോറിലായിരുന്നു. ശ്രീ. പുത്തേഴത്തു രാമമേനവന്റെയും കല്യാണിയമ്മയുടെയും വിവര്ത്തനത്തില്കൂടി പരിചയപ്പെട്ട ടാഗോര്‍. പിന്നെ ബങ്കിംചന്ദ്രന്‍ മുതലായ മറ്റു ബംഗാളി ആഖ്യായികാകാരന്മാര്‍-കൂടാതെ ചെറുപ്പംമുതല്‍ ശ്രീരാമകൃഷ്ണാശ്രമവുമായി ബന്ധപ്പെട്ടിരുന്നതുകൊണ്ട്, ശ്രീരാമകൃഷ്ണ പരമഹംസന്റെയും സ്വാമി വിവേകാനന്ദന്റെയും പ്രേരണാശക്തിയും ആശയരൂപീകരണത്തില്‍ സഹായിച്ചിട്ടുണ്ട്. ഈ വലിയ നിഴലുകളുടെ (അല്ല പ്രകാശങ്ങളുടെ) നിഴലില്‍നിന്ന് തപ്പിത്തടയുകയാണ് ഇപ്പോഴുമെന്റെ ഭാവന.
എന്റെ കഥകളില്‍ എനിക്കിഷ്ടപ്പെട്ടതേതാണെന്നു ചോദിച്ചാല്‍-എന്റെ സന്താനങ്ങളില്‍ എറ്റവുമിഷ്ടപ്പെട്ടതേതാണെന്ന്-മറുപടി പറയാന്‍ വയ്യ. എഴുതിക്കഴിഞ്ഞ കഥകള്‍ പിന്നെ വായിക്കുന്ന ശീലമില്ലാത്തതിനാല്‍ നിങ്ങള്ക്കിഷ്ടപ്പെട്ടതെല്ലാം എനിക്കും ഇഷ്ടമാണെന്നേ പറയാവൂ.
കഥാബീജമായി മുളച്ചുവരാവുന്ന ഒരനുഭവം മനസ്സില്‍ വന്നാല്‍ പെട്ടെന്നതു തിരിച്ചറിഞ്ഞു എന്നുവരില്ല. കുറെ സമയത്തിനുശേഷം-കുറെ നാളുകള്‍ക്കുശേഷം-കുറെ വര്ഷങ്ങള്ക്കുശേഷവുമാകാം-പെട്ടെന്നതു ഓര്മ വരുന്നു. അബോധമനസ്സില്നിന്നു ബോധമണ്ഡലത്തിലേക്ക്. മനസ്സില്‍ക്കിടന്നു വിങ്ങുന്നു. എഴുതുകയും ചെയ്യുന്നു. യഥാര്ഥാനുഭവങ്ങളുടെ ചൂടും ചലനവും അപ്പോള്‍ കുറഞ്ഞിരിക്കും. പക്ഷേ, സാങ്കല്പികമായ പുന:സൃഷ്ടിക്കുള്ള പ്രചോദനത്തില്‍ സംഭവങ്ങളുടെ പച്ചനിറം വിട്ട് നവ്യവും പരിപക്വവുമായ ഒരവസ്ഥാന്തരം വന്നുചേരുന്നു. തന്റെ കഥാബീജത്തിന്റെ അടിമയാവുകയല്ല, കഥാബീജത്തെ തന്റെ അടിമയാക്കുകയാണ്. പക്ഷേ, പലപ്പോഴും അതു സാധിക്കുകയില്ല. ഒരു നല്ല കഥ ആരും ആദ്യവസാനം നോട്ടുകുറിച്ച് എഴുതുമെന്നു തോന്നുന്നില്ല. പിന്നെ എഴുതിവരുമ്പോലെയാവും പരിണാമം. സുഖാന്തമായി ഉദ്ദേശിച്ച കഥകള്‍ ദു:ഖാന്തമായും മറിച്ചും അനുഭവപ്പെട്ടിട്ടുണ്ട്. കഥാപാത്രങ്ങളോടൊത്ത് അനുഭവഗതികള് നീങ്ങുമ്പോള്‍ സ്വാഭാവികമായി വരുന്ന പരിണാമമായിരിക്കും ശരി.
സര്‍ഗോന്മുഖമായ ചോദനങ്ങളുടെ ഉണര്വിനെത്തന്നെയാണല്ലോ ഇന്സ്പിറേഷന് എന്നു പറയുന്നത്. മഹത്തായ കലാസൃഷ്ടികളുടെ പിന്നില്‍ മഹത്തരമായ ചോദനമുണ്ടായിരിക്കും. ഉരുകിത്തിളച്ചുവരുന്ന ആശയങ്ങള്‍ക്കു രൂപം കൊടുക്കാനുള്ള വെമ്പല്‍. ഇന്സ്പിറേഷന് എന്നൊന്നില്ലെന്നും അതില്ലാതെ തന്നെ എഴുതാമെന്നും പറയുന്നവരുണ്ട്. പക്ഷേ, അതിനും എഴുതിത്തുടങ്ങിയാല്‍ ഉണര്‍വുണ്ടാകും-ഉപദ്രവിക്കാനല്ല എഴുതുന്നതെങ്കില്‍. കഥാബീജത്തിന്റെ ആധാനം മുതല്‍, വളര്‍ന്ന്, ഒരു സുഭഗ കഥ പിറക്കുന്നതുവരെയുള്ള മധുരമായ അസ്വാസ്ഥ്യത്തെ ഞാന്‍ വിവരിക്കുന്നില്ല. എന്തെന്നാല്‍, അങ്ങനെ മധുരമായ ഒരസ്വാസ്ഥ്യമുണ്ടെങ്കില് അതു വിവരിക്കാവുന്നതല്ല.
യഥാര്‍ഥജീവിതത്തിലെ ഛായകളും അനുഭവങ്ങളുമാണല്ലോ സങ്കല്പത്തില് പ്രതിഫലിച്ച് കലാരൂപമായി ഉരുത്തിരിയുന്നത്. മന:പൂര്‍വം ഉദ്ദേശിച്ചല്ലായിരിക്കാം. ആരുടേത്, എപ്പോള്‍, എങ്ങനെ എന്നൊന്നും വ്യക്തമല്ലായിരിക്കാം. സങ്കീര്ണഭാവത്തിലാണെങ്കിലും തന്റെ ഉള്ളില്‍ത്തട്ടിയ ഒന്നിനെയാണ് സങ്കല്പം വരച്ചെടുക്കുന്നത്. ഭാവാത്മക കഥകളില്‍ ആശയത്തിനായിരിക്കും പ്രാധാന്യം. സമാനചിന്താഗതിയുളളവര് എഴുതുമ്പോള്‍ അതിലും ഛായാസാമ്യം വരുന്നു. അപഹര്ത്താവെന്ന അപവാദവും അറിയാതെ വന്നുകൂടിയേക്കാം.
സങ്കല്പസൃഷ്ടികളായ കഥാപാത്രങ്ങളില്‍ ‘കൊടുങ്കാറ്റില്‍പ്പെട്ട ഇല’ എന്ന കഥയിലെ പഞ്ചാബിപ്പെണ്കിടാവിനെ ഞാന്‍ സവിശേഷം ഇഷ്ടപ്പെടുന്നു. എന്തെന്നാല്‍ ആ പെണ്‍കുട്ടി എന്റെ സങ്കല്പസൃഷ്ടി മാത്രമാണ്. പഞ്ചാബ് അന്നു ഞാന്‍ കണ്ടിട്ടില്ല. അഭയാര്‍ഥികളെപ്പറ്റി നേരിട്ടറിവുമില്ല. ഒരു ദിവസം പത്രവാര്‍ത്ത കണ്ടു, അപഹൃദകളായ ഇത്രയും പെണ്‍കുട്ടികളെ അങ്ങോട്ടും അത്രയും പെണ്‍കുട്ടികളെ ഇങ്ങോട്ടും കൈമാറിയിരിക്കുന്നു എന്ന്. അന്നുരാത്രി കിടന്നപ്പോള്‍ അവിചാരിതമായി ആ വാര്‍ത്ത ഓര്‍മയില്‍ വന്നു. അതോടെ ചിന്തനാതീതമായ സങ്കടമനുഭവിക്കുന്ന അഭയാര്‍ഥി യുവതിയുടെ രൂപവും. അപ്പോള്‍ എഴുന്നേറ്റ് കഥയും എഴുതിത്തീര്‍ത്തു. ധര്മപരീക്ഷണത്തില്പ്പെട്ടുലയുന്ന സ്ത്രീത്വത്തിന്റെ പ്രതീകമായ ഈ കഥാപാത്രത്തെ ഞാന്‍ എറ്റവുമധികം ഇഷ്ടപ്പെടുന്നു. എന്തെന്നാല്‍ അവളുടെ സൃഷ്ടി എന്റെ സങ്കല്പമാണ് സാധിച്ചത്.
കഥയ്ക്കുവേണ്ടി പ്രത്യേകമായ ഒരു സാങ്കേതിക സമ്പ്രദായവും ഞാന്‍ പരീക്ഷിച്ചുനോക്കിയിട്ടില്ല. എഴുതുന്ന കഥയ്ക്കനുസരണമായി സാങ്കേതികസമ്പ്രദായം വന്നുപോവുകയാണ്. ഭാവാത്മക കഥകള്‍ക്കും യഥാര്‍ഥ കഥകള്‍ക്കും രേഖാചിത്രങ്ങള്‍ക്കും രീതി വെവ്വേറെയായിരിക്കും. ഒന്ന് മറ്റൊന്നില്‍ ഫലിക്കുകയുമില്ല. ഒരു പരീക്ഷണമെന്ന നിലയില്‍ ഒരിക്കല്‍ മാത്രം ശ്രമിച്ചു. മനുഷ്യന് എന്ന ജീവബീജത്തിന്റെ ആധാനസമയത്തെ അനുഭവപരമ്പരകളെപ്പറ്റി ശ്രദ്ധിച്ചു ഒരു കഥ എഴുതിനോക്കി-അതു പടിപടിയായി ഒരു പരമ്പര എഴുതണമെന്ന് വിചാരിച്ചിരുന്നതാണ്. പക്ഷേ, വിഷയത്തിനുവേണ്ട ശാസ്ത്രീയമായ അറിവ് ഇല്ലെന്നു തോന്നിയതുകൊണ്ട് മതിയാക്കി.
സ്വന്തമായ ഒരു ജീവിതദര്‍ശനം വച്ചുകൊണ്ടായിരിക്കയില്ല ആരും എഴുതിത്തുടങ്ങുന്നത്. പക്ഷേ, എഴുതിവരുമ്പോള്‍ അതുണ്ടാവുന്നു, ഉണ്ടാവാതെ വയ്യ. കഥാകൃത്തിന്റെ ജീവിതദര്‍ശനം കഥയിലുടനീളം കാണും.
പ്രചരണത്തിനുദ്ദേശമില്ല-പക്ഷേ, തന്റേതായിത്തീര്‍ന്ന ആശയങ്ങള്‍, അഭിലാഷങ്ങള്‍, ലക്ഷ്യങ്ങള്‍-ഇവയൊക്കെ കലയിലൂടെ പ്രചരിക്കപ്പെടുന്നു. നല്ല സാഹിത്യത്തില്‍ അങ്ങനെയൊരു വശവുമുണ്ട്. വാല്മീകിയും വ്യാസനുംപോലും പ്രചരണമാധ്യമത്തിലാണല്ലോ എഴുതിയത്.
സാമുദായികജീവിതത്തിന്റെ ഇടുങ്ങിയതും ജീര്‍ണിച്ചതുമായ കഴുക്കോലുകള്‍ പൊളിച്ചുമാറ്റുന്നതോടൊപ്പം അവിടെ പരിഷ്കൃതവും ആരോഗ്യകരവുമായ പുതിയ മന്ദിരം പണിയാനുള്ള കരുക്കള്‍ ഇണക്കുന്നതും കലാകാരന്റെ-കലാകാരിയുടെയും-കടമയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. നോവലാകട്ടെ, ചെറുകഥയാകട്ടെ, കവിതയാവട്ടെ, കലാസൃഷ്ടിയെല്ലാം അതിന്റെ ഉപാധിമാത്രം.