Keralaliterature.com

വ്യാകരണം

മലയാള വ്യാകരണപാഠം–  1

മലയാള ഭാഷ: എ.ആറിന്റെ
ഘട്ടവിജനം

മലയാള ഭാഷയുടെ വികാസപരിണാമങ്ങളെ കേരളപാണിനി എ.ആര്‍.രാജരാജ വര്‍മ മൂന്നുഘട്ടങ്ങളായി തിരിച്ചിരിക്കുന്നു.

ആദ്യഘട്ടം

ബാല്യാവസ്ഥ അതായത് കരിന്തമിഴ് കാലം ആണ് ആദ്യഘട്ടം.
എ.ഡി 825 മുതല്‍ 1325 വരെയുള്ള കാലമാണിത്. കൊല്ലവര്‍ഷാരംഭം മുതല്‍ക്കാണ് എ.ആര്‍ ഘട്ടവിഭജനം തുടങ്ങുന്നത് എന്നത് ശ്രദ്ധേയമാണ്. 500 വര്‍ഷക്കാലയളവ്.
അടുത്തത് മധ്യഘട്ടം
ഭാഷയുടെ കൗമാരാവസ്ഥയാണിത്. മലയാണ്മക്കാലം എന്നു വിളിക്കുന്നു. എ.ഡി 1325 മുതല്‍ 1625 വരെയുള്ള 300 വര്‍ഷക്കാലമാണിത്.

ആധുനിക ഘട്ടം

1625നുശേഷമുള്ള കാലമാണ് എ.ആര്‍ ആധുനികഘട്ടമായി കണക്കാക്കുന്നത്. ഇതു ഭാഷയുടെ യൗവനാവസ്ഥയെക്കുറിക്കുന്നതായി അദ്ദേഹം പറയുന്നു. മലയാളകാലം ഇവിടെ മുതല്‍ക്കാണ് തുടങ്ങുന്നതത്രെ.

കൊല്ലവര്‍ഷാരംഭമായ എ.ഡി 825നു മുമ്പ് മലയാളം ഗര്‍ഭാവസ്ഥയിലായിരുന്നു എന്നാണ് എ.ആറിന്റെ പക്ഷം.ണ മാതാവായ തമിഴിന്റെ ഗര്‍ഭത്തിലായിരുന്നു. കരിന്തമിഴായി അഞ്ഞൂറോളം വര്‍ഷം ബാല്യാവസ്ഥയില്‍ കഴിഞ്ഞുകൂടി.
പിന്നീട് 300 വര്‍ഷക്കാലം കൗമാരത്തില്‍ കഴിഞ്ഞു. മലയാണ്മക്കാലമായിരുന്നു അത്. പിന്നീട് യൗവനാവസ്ഥയില്‍ മലയാളം എന്ന അവസ്ഥയിലെത്തി. ഭാഷ മലയാളം എന്ന പേരു സ്വീകരിക്കുന്നത് ഈ വേളയിലാണ്.
ആദ്യഘട്ടത്തെ കരിന്തമിഴ് എന്നു വിളിക്കുന്നതിന് കാരണമുണ്ട്. അക്കാലം തമിഴിന്റെ ശക്തമായ പിടിയിലായിരുന്നു ഭാഷ. ഈ കാലഘട്ടത്തിലാണ് രാമചരിതം കാവ്യം ഉണ്ടാകുന്നത്.
300 വര്‍ഷം നീണ്ട മലയാണ്മക്കാലത്തില്‍ സംസ്‌കൃതഭാഷയുടെ സ്വാധീനം വര്‍ധിച്ചുവന്നു. തമിഴിന്റെ പിടിയില്‍ നിന്ന് അല്പാല്പം കുതറി മാറി സംസ്‌കൃതത്തിന്റെ പ്രഭാവത്തിലായി.
എ.ഡി 1625 മുതല്‍, അതായത് പതിനേഴാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങള്‍ മുതല്‍, മലയാളമായി പരിണമിച്ച യൗവന കാലമാരംഭിക്കുകയായി. ‘ന്റെ’ എന്ന് ഇപ്പോള്‍ എഴുതുന്ന ലിപിവിന്യാസം ദ്രാവിഡത്തിന്റെ മാത്രം പ്രത്യേകതയാണ്. ‘ഉടെ’ എന്ന സംബന്ധികാ വിഭക്തി പ്രത്യയമാണ് ‘ന്റെ’ ആയി മാറിയത്. അവനുടയ എന്നത് അവനുടെയും അവന്റെയും എന്നായി മാറുന്നു. റ ഇരട്ടിച്ച റ്റ യും മലയാളത്തിന്റെ മാത്രം പ്രത്യേകതയാണ്.

ഭാഷയില്‍ ‘റ’ ഇരട്ടിച്ച ‘റ്റ’യും പഴയലിപി പ്രകാരമുള്ള റ്റയും ഇടകലര്‍ന്നു വന്നെങ്കിലും ഇപ്പോള്‍ മാറ്റം എന്നതിലെ ‘റ്റ’ പോലെ തന്നെയാണ് മിക്ക ‘റ്റ’കളും ഉച്ചരിക്കുന്നത്. തെറ്റ് എന്നതിലും ഇങ്ങനെതന്നെ.
സംസ്‌കൃതത്തില്‍ ഇല്ലാത്ത ഈ വര്‍ണങ്ങള്‍ മലയാളത്തിന് സ്വന്തമാണ്.

മലയാള വ്യാകരണപാഠം-     2

എ.ആറിന്റെ അക്ഷരമാലയും ഇന്നത്തെ സ്ഥിതിയും

മലയാള ഭാഷയില്‍ എ.ആറിന്റെ കേരളപാണിനീയം അനുസരിച്ച് 16 സ്വരങ്ങളും 37 വ്യഞ്ജനങ്ങളുമാണുള്ളത്.
മൊത്തം 53 അക്ഷരങ്ങള്‍. എന്നാല്‍, ഇന്ന് അത്രയും ഉപയോഗിക്കുന്നില്ല. അതിന്റെ ആവശ്യവുമില്ല.
എങ്കിലും എ.ആര്‍ പറയുന്നത് എന്താണെന്ന് നമുക്ക് നോക്കേണ്ടതുണ്ട്.
സ്വരങ്ങള്‍ മൂന്നുതരമാണ്. ഒന്ന് ഹ്രസ്വ സ്വരങ്ങള്‍. ഉദാ: അ, ഇ, ഉ, ഋ എന്നിവ
രണ്ട്, ദീര്‍ഘ സ്വരാക്ഷരങ്ങള്‍. ഉദാ: ആ, ഈ, ഊ, ഋ എന്നതിന്റെ ദീര്‍ഘം. ഇത് അച്ചടിച്ച് കാണിക്കാന്‍ നിര്‍വാഹമില്ല.

മൂന്ന്, സന്ധ്യക്ഷരങ്ങള്‍. ഉദാ: എ, ഒ, എ
ഏ, ഓ, ഐ, ഔ എന്നിവ. ഇതിലും ഹ്രസ്വവും ദീര്‍ഘവുമുണ്ട്.

എ.ആറിന്റെ സ്വരാക്ഷരങ്ങളില്‍ ഖരം, അതിഖരം, മൃദു, ഘോഷം, അനുനാസികം എന്നിങ്ങനെയുളള് 25 എണ്ണം ഇന്നും പ്രാബല്യത്തിലുള്ളതാണ്.
കചടതപ വര്‍ഗങ്ങള്‍ ആണവ.
യ, ര, ല,വ എന്നിവ മധ്യങ്ങള്‍ എന്നും അന്തസ്ഥങ്ങള്‍ എന്നും അറിയപ്പെടുന്നു.
ശ,ഷ,സ എന്നിവ ഊഷ്മാക്കളാണ്. ഹ ഘോഷിയാണ്. ള,ഴ,റ എന്നിവയാണ് ദ്രാവിഡമധ്യമം. ഇതെല്ലാം ഇന്നും ആവശ്യമായവ ആണ്. എന്നാല്‍, എ.ആര്‍ പറയുന്ന ദ്രാവിഡാനുനാസികം ഇന്ന് പ്രചാരത്തിലില്ലാത്തതിനാല്‍ അച്ചടിയിലുമില്ല, എഴുത്തിലുമില്ല. അതിനാല്‍ ഇവിടെ എഴുതിക്കാണിക്കാനുമാവില്ല.

ഇനി നമുക്ക് എ.ആര്‍ പറയുന്നപ്രകാരമുള്ള വര്‍ണം എന്താണെന്ന് നോക്കാം.

ശ്വാസവായുവിനെ വെളിയിലേക്ക് വിടുമ്പോഴുണ്ടാകുന്ന ഒച്ചയാണ് വര്‍ണം എന്നറിയപ്പെടുന്നത്. വര്‍ണങ്ങള്‍ കൂടിച്ചേര്‍ന്നതാണ് അക്ഷരം. അക്ഷരങ്ങള്‍ക്ക് ഒരടയാളം വേണമല്ലോ. അതാണ് ലിപി. ഇംഗ്ലീഷ് ഭാഷയില്‍ വര്‍ണങ്ങള്‍ക്കാണ് ലിപി ഉള്ളത്. അതിനാല്‍ എബിസിഡി…യെ വര്‍ണമാല എന്നു പറയുന്നു. മലയാളം ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ഭാഷകളില്‍ അക്ഷരമാലയാണ്.

ശ്വാസകോശത്തില്‍ നിന്ന് പുറപ്പെടുന്ന വായു മുഖോദര സ്ഥാനങ്ങളില്‍ തട്ടി, വെളിയിലേക്ക് വരുന്ന ധ്വനിക്ക് വ്യത്യസ്ത ശ്രുതിഭേദം വരുന്നതിന് എ.ആര്‍ ആറു കാരണങ്ങള്‍ പറയുന്നു.

അവ ഇനിപ്പറയുന്നു:

 1. അനുപ്രദാനം
 2. കരണവിഭ്രമം
 3. സംസര്‍ഗം
 4. മാര്‍ഗഭേദം
 5. സ്ഥാനഭേദം
 6. പരിമാണം

ഒന്നൊന്നായി നമുക്ക് പരിശോധിക്കാം.

അനുപ്രദാനം:
ശ്വാസത്തെ വെളിയിലേക്ക് വിടുന്നതിന്റെ മാതിരിഭേദം എന്നാണ് അര്‍ഥം. നാവിന്റെ അഗ്രം, ഉപാഗ്രം, മധ്യം, മൂലം, പാര്‍ശ്വങ്ങള്‍ എന്നിവ കൊണ്ട് കണ്ഠാദിസ്ഥാനങ്ങളില്‍ ശ്വാസത്തെ തട്ടിത്തടഞ്ഞോ തടയാതെയോ വിടാം. തടയുന്നതുതന്നെ അല്പമായിട്ടോ പകുതിയായിട്ടോ ആകാം.
കണ്ഠാദി സ്ഥാനം അല്ലെങ്കില്‍ മുഖോദരസ്ഥാനം എന്നു പറഞ്ഞാല്‍ കണ്ഠം, താലു, മൂര്‍ധാവ്, വര്‍ത്സം, ദന്തം, ഓഷ്ഠം എന്നീ സ്ഥാനങ്ങളാണ്.
അനുപ്രദാനം നാലുവിധമുണ്ട്:

 1. അസ്പൃഷ്ടം
 2. സ്പൃഷ്ടം
 3. ഈഷല്‍സ്പൃഷ്ടം
 4. നേമസ്പൃഷ്ടം സ്വരം എന്ന വാക്കിന്റെ അര്‍ഥം തന്നെ ഒരു തടസ്സവുമില്ലാതെ സ്വരിക്കുന്നത് എന്നാണ്. ഒഴുകുക എന്നും പറയാം. ഓരോ വ്യഞ്ജനത്തിലും സ്വരം അടങ്ങിയിരിക്കുന്നു. അങ്ങനെ സ്വരം വ്യഞ്ജിക്കുന്നതുകൊണ്ടാണ് വ്യഞ്ജനം എന്ന പേരുണ്ടായത്.

രണ്ടാമത്തേത് കരണവിഭ്രമമാണ്. കരണം എന്നാല്‍ ഉപകരണം എന്നാണ്. വിഭ്രമം എന്നാല്‍ ചേഷ്ട. വര്‍ണോച്ചാരണത്തിനുള്ള കരണം, അഥവാ ഉപകരണം നാവാണ്. നാവിന്റെ ചേഷ്ടാവിലാസമാണ് കരണവിഭ്രമം.
കണ്ഠരന്ധ്രം തുറന്നുച്ചരിക്കുമ്പോള്‍ ധ്വനി ഒന്നോടെ വെളിയിലേക്ക് വരും. ഈ ധ്വനിയെ ശ്വാസരൂപധ്വനി എന്നു പറയുന്നു. കണ്ഠരന്ധ്രം ചുരുക്കി വായുവിനെ വെളിയിലേക്ക് വിടുമ്പോള്‍ ധ്വനി ചെറുതായി ഉള്ളില്‍ മുഴങ്ങിപ്പുറപ്പെടും. ഇങ്ങനെയുള്ള ധ്വനിയെ നാദരൂപ ധ്വനി എന്നു പറയും. ശ്വാസരൂപ ധ്വനികളെ ശ്വാസികള്‍ എന്നും നാദരൂപ ധ്വനികളെ നാദികള്‍ എന്നും വിളിക്കുന്നു.
സ്വരാക്ഷരങ്ങളില്‍ ഖരവും അതിഖരവും ഊഷ്മാക്കളും ശ്വാസികളാണ്. വര്‍ഗാക്ഷരങ്ങളില്‍ മൃദുഘോഷാനുനാസികങ്ങള്‍ മധ്യമാക്ഷരങ്ങളും സ്വരങ്ങളും നാദികളാകുന്നു. ഘോഷി എന്ന ഹകാരം ശ്വാസിയുമാണ് നാദിയുമാണ്.

മൂന്നാമത്തേത് സംസര്‍ഗമാണ്. ഒരു ധ്വനിയില്‍ മറ്റൊരു ധ്വനി കൂടിച്ചേരുന്നതാണ് സംസര്‍ഗം. ഇതിന് ഹകാരം എന്ന ഘോഷിയാണ് ഉപയോഗിക്കുന്നത്.
വര്‍ഗപ്രഥമമായ ശ്വാസിയായ ഖരത്തോട് ഹകാരം ചേരുമ്പോള്‍ വര്‍ഗദ്വിതീയമായ അതിഖരം ഉണ്ടാകുന്നു. ഉദാ: ക്+ഹ=ഖ.

നാദിയായ വര്‍ഗതൃതീയത്തോട് നാദിയായ ഹകാരം ചേരുമ്പോള്‍ ഘോഷാധിക്യത്താല്‍ വര്‍ഗചതുര്‍ഥമായ ഘോഷം ഉണ്ടാകുന്നു. ഉദാ: ഗ്+ഹ=ഘ
സംസര്‍ഗത്താല്‍ ഉണ്ടാകുന്ന വര്‍ണങ്ങളെ സംസൃഷ്ട വര്‍ണങ്ങള്‍ എന്നുപറയുന്നു. അതിഖരവും ഘോഷവും സംസൃഷ്ട വര്‍ണങ്ങളാണ്. സംസൃഷ്ട വര്‍ണങ്ങളെ മഹാപ്രാണങ്ങള്‍ എന്നും അല്ലാത്ത വര്‍ണങ്ങളെ അല്പപ്രാണങ്ങള്‍ എന്നും പറയുന്നു. അതായത് ഖരം അല്പപ്രാണം, അതിന്റെ മഹാപ്രാണം അതിഖരം. മൃദു അല്പപ്രാണം, ഘോഷം മഹാപ്രാണം.

സം സര്‍ഗം സ്വരങ്ങളിലുമുണ്ട് എന്ന് എ.ആര്‍ ചൂണ്ടിക്കാട്ടുന്നു.

അ+ഇ=എ
അ+ഉ=ഒ
അ+എ=ഐ
അ+ഒ=ഔ

സംസര്‍ഗം കൊണ്ടുണ്ടായ സ്വരങ്ങളെ ‘സന്ധ്യക്ഷരങ്ങള്‍’ എന്നാണ് പറയുക.അല്ലാത്ത സ്വരങ്ങളെ സമാനാക്ഷരങ്ങള്‍ എന്നും.

നാലാമത്തേത് മാര്‍ഗഭേദമാണ്. ശ്വാസവായുവിനെ രണ്ടുമാര്‍ഗത്തിലൂടെ വെളിയിലേക്ക് വിടാം-നാസികയിലൂടെയും വായിലൂടെയും. നാസികയിലൂടെ വെളിയില്‍ വിടുമ്പോഴുണ്ടാകുന്ന വര്‍ണങ്ങളാണ് അനുനാസികങ്ങള്‍. ങ,ഞ,ണ,ന,മ എന്നിവ അനുനാസികങ്ങളാണ്. അല്ലാത്തവ അനനുനാസികങ്ങള്‍ അല്ലെങ്കില്‍ ശുദ്ധം എന്നു പേര്‍.

അഞ്ചാമത്തേത് സ്ഥാനഭേദമാണ്. വര്‍ണോച്ചാരണവുമായി ബന്ധപ്പെടുന്ന വായുടെ ഉള്‍ഭാഗത്തിലെ സ്ഥാനങ്ങളെ അടിസ്ഥാനമാക്കിയും വര്‍ണങ്ങള്‍ വിഭജിക്കപ്പെടുന്നു. വായയുടെ ഉള്‍ഭാഗം കണ്ഠം, താലു, മൂര്‍ധാവ്, ദന്തം, ഓഷ്ഠ ഇവയാണ്. ഇതിലൂടെ വരുന്ന വര്‍ണത്തെ വര്‍ഗാക്ഷരങ്ങള്‍ എന്നു പറയുന്നു.

കവര്‍ഗം-കണ്ഠ്യം
ചവര്‍ഗം- താലവ്യം
ടവര്‍ഗം-മൂര്‍ധന്യം
തവര്‍ഗം-ദന്ത്യം
പവര്‍ഗം- ഓഷ്ഠ്യം

ആറാമതുള്ളത് പരിമാണമാണ്. മാത്ര അല്ലെങ്കില്‍ അളവ് എന്നാണ് അര്‍ഥം. ഹ്രസ്വ ദീര്‍ഘ സ്വരൂപം നോക്കാം.

അ, ഇ,ഉ എന്നിവ ഒരു മാത്രയാണ്.
ആ, ഈ, ഊ എന്നിവ രണ്ടുമാത്രയാണ്.
സ്വരങ്ങളിലും വ്യഞ്ജനങ്ങളിലും ഈ മാത്രാഭേദമുണ്ട്. തീവ്രധ്വനിയാര്‍ന്ന ചില്ല് പിന്നീട് വന്നാല്‍ ഹ്രസ്വം ദീര്‍ഘമാകും.

മലയാള വ്യാകരണപാഠം 3

സന്ധി എന്നാല്‍ എന്ത്?

സന്ധി എന്നാല്‍ ചേര്‍ച്ച എന്നാണ് അര്‍ഥം. രണ്ടു വര്‍ണങ്ങള്‍ ചേരുമ്പോഴുണ്ടാകുന്ന മാറ്റമാണത്. ഈ സന്ധി മൂന്നുരീതിയിലാണ് ഉണ്ടാകുന്നത്.

 1. സന്ധിക്കുന്ന വര്‍ണങ്ങളുടെ സ്ഥലഭേദത്തെ ആസ്പദമാക്കി.
 2. സന്ധിക്കുന്ന വര്‍ണങ്ങളുടെ സ്വരവ്യഞ്ജന ഭേദത്തെ ആസ്പദമാക്കി
 3. സന്ധിക്കുന്ന വര്‍ണങ്ങളുടെ വികാരങ്ങളെ ആസ്പദമാക്കി.

സ്ഥലഭേദത്തെ ആസ്പദമാക്കിയുള്ള മാറ്റങ്ങള്‍ക്ക് മൂന്നു പേരുകളുണ്ട്.

 1. പദ മധ്യസന്ധി
 2. പദാന്ത സന്ധി
 3. ഉഭയ സന്ധി
  പദമധ്യ സന്ധിയില്‍ പ്രകൃതിയും പ്രത്യയവും ചേരുന്നു.
  ഉദാ: മരം+ഇല്‍= മരത്തില്‍

പദാന്ത സന്ധിയില്‍ പദവും പദവും തമ്മില്‍ സന്ധിക്കുന്നു.
ഉദാ: പൊന്‍+പൂ= പൊല്‍പൂ

ഉഭയ സന്ധിയില്‍ പദമധ്യവും പദാന്തവും ചേരുന്നു.
ഉദാ: മണി+അറ+ഇല്‍=മണിയറയില്‍

ഇനി സ്വരവ്യഞ്ജനത്തെ ആസ്പദമാക്കിയുള്ള സന്ധി വിഭജനം നോക്കാം.
ഇതു നാലുതരമുണ്ട്.

 1. സ്വരസന്ധി
 2. സ്വരവ്യഞ്ജന സന്ധി
 3. വ്യഞ്ജനസ്വര സന്ധി
 4. വ്യഞ്ജന സന്ധി

ഇതു വിശദീകരിക്കാം.
സ്വരവും സ്വരവും തമ്മില്‍ ചേരുന്നതാണ് സ്വരസന്ധി.
ഉദാ: മഴ+ഇല്ല=മഴയില്ല
ദൈത്യ+അരി=ദൈത്യാരി
ഹൃദയ+ഐക്യം= ഹൃദയൈക്യം
അല+ആഴി=അലയാഴി

സ്വരവും വ്യഞ്ജനവും ചേരുന്നതാണ് സ്വരവ്യഞ്ജന സന്ധി.
ഉദാ: താമര+ കുളം=താമരക്കുളം

വ്യഞ്ജനവും സ്വരവും ചേരുന്നതാണ് വ്യഞ്ജനസ്വര സന്ധി
ഉദാ: കണ്‍+ഇല്ല= കണ്ണില്ല

വ്യഞ്ജനവും വ്യഞ്ജനവും ചേരുന്നതാണ് വ്യഞ്ജന സന്ധി.
ഉദാ: നെല്+മണി= നെന്മണി

മലയാള വ്യാകരണത്തില്‍ വര്‍ണങ്ങളുടെ വികാരങ്ങളെ ആസ്പദമാക്കിയുള്ള സന്ധികള്‍ക്കാണ് പ്രാമുഖ്യം. പ്രധാനമായും നാലുതരം സന്ധികളാണ് ഈ വിഭാഗത്തില്‍പ്പെടുന്നത്.

 1. ലോപ സന്ധി
 2. ആഗമ സന്ധി
 3. ദ്വിത്വ സന്ധി
 4. ആദേശ സന്ധി

ഇവയെ നമുക്ക് പരിശോധിക്കാം.

രണ്ടു വര്‍ണങ്ങള്‍ തമ്മില്‍ ചേരുമ്പോള്‍ പൂര്‍വ വര്‍ണം, അതായത് ആദ്യത്തെ വര്‍ണം ലോപിക്കുന്നതാണ് ലോപസന്ധി. ലോപിക്കുക എന്നാല്‍ കുറയുക എന്നാണര്‍ഥം. സ്വരങ്ങളും അര്‍ധസ്വരങ്ങളായ മധ്യമങ്ങളുമാണ് പ്രായേണ ലോപിക്കുന്നത്. സ്വരങ്ങള്‍- അ, ഇ, എ, ഉ
മധ്യമങ്ങള്‍- യ,ര,ല

ഉദാ: അത്+അല്ല= അതല്ല
പോയി+ഇല്ല= പോയില്ല
വന്ന്+ഇരുന്നു= വന്നിരുന്നു
ചെയ്യാതെ+ ആയി= ചെയ്യാതായി

രണ്ടുവര്‍ണങ്ങള്‍ ചേരുമ്പോള്‍ മൂന്നാമതൊരു വര്‍ണം വന്നു ചേരുന്നതാണ് ആഗമ സന്ധി.

ഉദാ: മഴ+ഇല്ല= മഴയില്ല
അല+ആഴി= അലയാഴി
തിരു+ആതിര= തിരുവാതിര
ഇ+അന്‍= ഇവന്‍

രണ്ടു വര്‍ണങ്ങള്‍ കൂടിച്ചേരുമ്പോള്‍ ഒരു വര്‍ണം ഇരട്ടിക്കുന്നതാണ് ദ്വിത്വസന്ധി.

ഉദാ: നെയ്+ആര്‍= നെയ്യാര്‍
അവിടെ+പോയി= അവിടെപ്പോയി

ആറ്+ഇല്‍= ആറ്റില്‍
ആവി+കപ്പല്‍= ആവിക്കപ്പല്‍
ദ്വിത്വ സന്ധിയില്‍ ഇരട്ടിപ്പ് വരാത്ത ചില സന്ദര്‍ഭങ്ങളുമുണ്ട്.
ഉദാ: അര+കല്ല്= അരകല്ല്
എരി+തീ= എരിതീ
ഇവിടെ എല്ലാ ആദ്യ പദങ്ങളും ക്രിയാധാതുക്കളാണ്.

ദ്വിത്വ സന്ധിയില്‍ പല പദങ്ങളും വിശേഷ വിശേഷ്യങ്ങളായിട്ടാണ് വരുക. ഇതല്ലാതെ പദങ്ങള്‍ക്ക് തുല്യ പ്രാധാന്യം കല്പിച്ച് ദ്വന്ദ്വസമാസമാക്കി കൂട്ടിച്ചേര്‍ത്താല്‍ ഇരട്ടിപ്പ് വരികയില്ല.
ഉദാ: കൈ+കാല്‍=കൈകാല്‍
ആന+കുതിരകള്‍+ ആനകുതിരകള്‍

നാലാമത്തേത് ആദേശ സന്ധിയാണ്.
രണ്ടുവര്‍ണങ്ങള്‍ തമ്മില്‍ ചേരുമ്പോള്‍ ഒരു വര്‍ണം പോയിട്ട് അതിന്റെ സ്ഥാനത്ത് പുതിയ ഒരു വര്‍ണം വന്നുചേരുന്നതാണ് ആദേശ സന്ധി. രണ്ടു തരത്തിലുള്ള വ്യഞ്ജനങ്ങള്‍ അടുത്തടുത്തു വരുമ്പോള്‍ ഉച്ചാരണക്ലേശം ഒഴിവാക്കാനാണ് ഈ മാറ്റം.
പിരിച്ചെഴുതുമ്പോള്‍ ആദ്യ പദം ചില്ലുകളില്‍ അവസാനിക്കുകയോ അനുസ്വാരത്തില്‍ അവസാനിക്കുകയോ ചെയ്യുകയാണെങ്കില്‍ മിക്കവാറും അതു ആദേശ സന്ധിയായിരിക്കും.

ല്-ല്‍
ന്=ന്‍
ള്-ള്‍
ര്-ര്‍
്ണ്-ണ്‍ എന്നിവയാണ് ചില്ലുകളായി വരുന്നത്.

ആദേശ സന്ധിക്ക് ഉദാഹരങ്ങള്‍ നോക്കാം.

എണ്‍+നൂറ്= എണ്ണൂറ്
തണ്‍+താര്‍=തണ്ടാര്‍
നല്+മ=നന്മ
ചെമ്പ്+ഏട്= ചെപ്പേട്
വെള്+മ= വെണ്മ
തിരുമുന്‍+കാഴ്ച= തിരുമുല്‍ക്കാഴ്ച
ദേശം+എ= ദേശത്തെ

ദ്വിത്വ സന്ധിക്കും ആഗമ സന്ധിക്കും ഒരു വ്യത്യാസം മാത്രമേയുള്ളൂ. ദ്വിത്വത്തില്‍ ആഗമിക്കുന്നത് അവിടെയുളള വര്‍ണങ്ങളില്‍ ഒന്നുതന്നെയാണ്. ആഗമത്തില്‍ മൂന്നാമതൊരു വര്‍ണമാണ് ആഗമിക്കുന്നത്.
സന്ധിയിലെ എല്ലാ വര്‍ണവികാരങ്ങള്‍ക്കും അടിസ്ഥാനം ഉച്ചാരണ സൗകര്യമാണ്. സ്വരങ്ങള്‍ക്ക് സ്പഷ്ടമായ ഉച്ചാരണമുണ്ട്. സ്വരങ്ങള്‍ കൂടിച്ചേരുമ്പോഴാണ് വര്‍ണവികാരം കൂടുതലായി ഉണ്ടാകുന്നത്. വ്യഞ്ജനങ്ങള്‍ക്ക് അങ്ങനെയല്ല. സ്വരസഹായമില്ലാതെ ഉച്ചാരണ സ്പഷ്ടത ഉണ്ടാകാത്തതിനാല്‍ രണ്ടു വ്യഞ്ജനങ്ങള്‍ തമ്മില്‍ ചേര്‍ന്നാലും അക്ഷരം ഒന്നുമാത്രമായിട്ടേ വരികയുള്ളൂ.

വ്യാകരണകാര്യങ്ങള്‍ എളുപ്പത്തില്‍ പഠിക്കാനും ഹൃദിസ്ഥമാക്കാനും കേരളപാണിനി കാരികകളായിട്ടാണ് മിക്കതും നല്‍കിയിട്ടുള്ളത്. അതിനാല്‍ സന്ധി സംബന്ധിച്ച പ്രധാനപ്പെട്ട കാരികകളില്‍ ചിലതു ഉദ്ധരിച്ച് വിശദമാക്കാം.

സ്വരത്തിന് മുന്‍പ് ലോപിക്കും
സംവൃതം വ്യര്‍ഥമാകയാല്‍;
അതിനെ സ്വരമായിട്ടേ
വകവയ്‌ക്കേണ്ട സന്ധിയില്‍

ലോപ സന്ധി സംബന്ധിച്ച ഒരു കാരികയാണിത്. സംവൃതോകാരത്തിനുശേഷം സ്വരം വരുമ്പോള്‍ സംവൃതോകാരം ലോപിക്കും. അതിനാല്‍ സന്ധിയില്‍ സംവൃതോകാരത്തെ സ്വരമായിട്ടേ കണക്കാക്കേണ്ടതില്ല എന്നാണ് അര്‍ഥം.

ഉദാ: തണുപ്പ്+ഉണ്ട്= തണുപ്പുണ്ട്

മറ്റൊരു കാരിക നോക്കാം:

അകാരം ലുപ്തമായിക്കാണും
വേറിട്ടും പലെടങ്ങളില്‍

അതിനു ഉദാഹരണമായ വാക്ക് തന്നെയാണ് പലെടങ്ങളില്‍. പല+ഇടങ്ങളില്‍= പലെടങ്ങളില്‍.
ലോപസന്ധികളില്‍ തന്നെ പലെടത്തും ലോപിച്ചും ലോപിക്കാതെയുമുള്ള രൂപങ്ങളുണ്ട്. ഉദാ: പോട്ടെ+അവന്‍= പോട്ടവന്‍, പോട്ടെയവന്‍.

മുഖ്യമായ ചില പ്രത്യേകതകള്‍

 1. സംസ്‌കൃത വ്യാകരണഗ്രന്ഥമായ പാണിനീയത്തെയാണ് കേരള പാണിനി എ.ആര്‍.രാജരാജവര്‍മ കൂടുതലും അനുകരിച്ചിട്ടുള്ളത്.
 2. എന്നാല്‍, അദ്ദേഹം കൂടുതലും പിന്തുടര്‍ന്നത് ഡോ.കാല്‍ഡ്വെലിന്റെ രീതിയാണ്.
 3. ലീലാതിലകകാരന്‍ കേരളഭാഷയുടെ വ്യാകരണം ചര്‍ച്ച ചെയ്യാന്‍ ആശ്രയിച്ചത് തമിഴ് വ്യാകരണഗ്രന്ഥങ്ങളായ തൊല്‍ക്കാപ്പിയത്തെയും നന്നൂലിനെയുമാണ്.
 4. സകല വര്‍ണവികാരങ്ങള്‍ക്കും ഉച്ചാരണ സൗകര്യമാണ് അടിസ്ഥാനമെന്ന് കേരളപാണിനി നിരീക്ഷിക്കുന്നു.
 5. അര്‍ഥവ്യതിയാനത്തിനുവേണ്ടിയും സന്ധി ചെയ്യേണ്ടിവരും. ആന പുറത്തുകയറി, ആനപ്പുറത്തുകയറി എന്നീ പ്രയോഗങ്ങള്‍ നോക്കാം. പ ഇരട്ടിക്കുമ്പോള്‍ അര്‍ഥവ്യത്യാസവും ഉണ്ടാകുന്നു.

ആഗമ സന്ധിയിലെ ഒരു കാരിക നോക്കാം.

വകാരാഗമമേ ചേരൂ
ചുട്ടെഴുത്തുകള്‍ മൂന്നിലും
അറിവാനറിവേനെന്ന
വകാരം ഭാവിചിഹ്നമാം

ചുട്ടെഴുത്ത് എന്നാല്‍ ചൂണ്ടിപ്പറയുന്ന എഴുത്താണ്. ചൂണ്ട്+എഴുത്ത്=ചുട്ടെഴുത്ത്.
ഭാഷയിലെ ചുട്ടെഴുത്തുകള്‍ ഇവയാണ്: അ,ഇ,എ. അകലെയിരിക്കുന്നതിനെ ചൂണ്ടിപ്പറയുന്നത് അ. അടുത്തിരിക്കുന്നതിനെ ചൂണ്ടിപ്പറയുന്നത് ഇ. ചോദ്യവാചിയായ ചൂണ്ടിപ്പറയല്‍ എ. ചുട്ടെഴുത്തുകളെ കേവലസ്വരങ്ങള്‍ എന്നും പറയും.
ചുട്ടെഴുത്തുകള്‍ക്ക് പരമായി സ്വരം വരുമ്പോള്‍ വകാരമേ ആഗമിക്കൂ.

ഉദാ:
അ+അന്‍= അവന്‍
ഇ+അന്‍= ഇവന്‍
എ+അന്‍= എവന്‍

അറിവാന്‍, അറിവേന്‍ എന്നിവിടങ്ങളില്‍ കാണുന്ന വകാരം ആഗമ സന്ധി നിയമം അനുസരിച്ചുള്ളതല്ല. ഇൗ വകാരം ഭാവിപ്രത്യയചിഹ്നം ആകുന്നു.

മലയാള വ്യാകരണ പാഠം-4

അക്ഷരം

ഭാഷാശാസ്ത്രപരമായി ,
ഉച്ചാരണക്ഷമമായ എറ്റവും
ചെറിയ ഭാഷാ യൂണിറ്റ്

സ്വരം, സ്വരം ചേര്‍ന്ന വ്യഞ്ജനം,
സ്വതന്ത്ര ഉച്ചാരണമുള്ള വര്‍ണം,
വര്‍ണങ്ങളുടെ സമൂഹം
എന്നിവയും അക്ഷരങ്ങള്‍

ഒറ്റയായിട്ടോ
വ്യഞ്ജനത്തോടു ചേര്‍ന്നോ
നില്‍ക്കുന്ന ഒരു സ്വരമാണ് ഒരക്ഷരം

ഉദാ: അ, ഉ, എ, ഒ- ഒറ്റസ്വരം
ക, പു-വ്യഞ്ജന സഹിതമുള്ള സ്വരം
സ്പ, ഷ്ട -മുന്‍ സംയോഗസഹിതമുള്ള സ്വരം

അക്ഷരമാല

മലയാളത്തില്‍
53 വര്‍ണങ്ങളെന്ന്
എ.ആര്‍.രാജരാജവര്‍മ

16സ്വരങ്ങളും 37 വ്യഞ്ജനങ്ങളും

ഇന്ന് 49 വര്‍ണങ്ങള്‍ മതി

എഴുത്തച്ഛന്റെ കാലം വരെ
ഉപയോഗിച്ചിരുന്നത് വട്ടെഴുത്ത്

വട്ടെഴുത്ത് തമിഴരുടെ
അക്ഷരമാലയിലുള്ളത്
സംസ്‌കൃത ലിപി ഉണ്ടായിരുന്നില്ല

ഈ ന്യൂനത പരിഹരിച്ചത്
തുളുമലയാളം അക്ഷരമാല
എഴുത്തച്ഛന്‍ ഉപയോഗിച്ചത്

അകാരം

കേവല സ്വരങ്ങളിലൊന്ന്

മലയാള അക്ഷരമാലയിലെ
ആദ്യത്തെ അക്ഷരം
ഇതു സ്വരാക്ഷരമാണ്

മലയാളത്തില്‍ അ കാരത്തിന്റെ ധ്വനി
പലപ്പോഴും ദുഷിച്ചുപോകുന്നു
എ കാരത്തിന്റെ ഛായയിലാണ് ഉച്ചാരണം
ഉദാ: ഗജം ഗെജം
ജനം ജെനം
രവി രെവി

താലവ്യ അകാരം

എകാരഛായയില്‍ വരുന്ന
അകാരം
താലവ്യ അകാരം

യഥാര്‍ഥ അകാരം ശുദ്ധം
താലവ്യ അകാരം ദുഷിച്ചത്

അകര്‍മക ക്രിയ

കര്‍മമില്ലാത്ത ക്രിയകള്‍
ക്രിയക്ക് കര്‍മമില്ലാതെ വരുന്നു

ക്രിയയുടെ ഫലം
അനുഭവിക്കുന്നത് കര്‍ത്താവ് തന്നെ

ഉദാ: അവന്‍ കരയുന്നു, അവള്‍ ഓടുന്നു

കര്‍മം

കര്‍ത്താവ് ചെയ്യുന്ന
പ്രവൃത്തിയുടെ ഫലം
അനുഭവിക്കുന്നതാരോ
അല്ലെങ്കില്‍ എന്തോ
അതാണ് കര്‍മം

ഉദാ: രാമന്‍ രാവണനെ കൊന്നു.

രാമന്‍- കര്‍ത്താവ്
രാവണന്‍- കര്‍മം
കൊന്നു- ക്രിയ

കാരിത ക്രിയ

രൂപത്തെ അടിസ്ഥാനമാക്കിയുള്ള
ഒരു ക്രിയാവിഭാഗം

ക്കു
ഉള്ള കേവല ക്രിയകള്‍
കാരിതങ്ങള്‍

ഉദാ: എഴുതിക്കുക, പറയിക്കുക

അകാരിത ക്രിയ

‘ക്ക്’ ഇല്ലാത്തവ അകാരിതം

ഉദാ: ഓടുക, ചാടുക,
വീഴുക, തിരിയുക, പുകയുക

പ്രകാരം

ധാതുക്കളുടെ
രൂപഭേദങ്ങളില്‍ ഒന്ന്

ഒരു ധാതു അതിന്റെ അര്‍ഥത്തെ
എങ്ങനെ വെളിപ്പെടുത്തുന്നുവോ അത്

പ്രകാരം നാലുവിധം

 1. നിയോഗ മട്ടിലുള്ളത്
  നിയോജകം. (ആട്ടെ ചേര്‍ന്നുവരും)
  ഉദാ: വന്നാട്ടെ, പറയട്ടെ, കുളിക്കട്ടെ
 2. ശാസനയുടെ മട്ടിലുള്ളത്
  വിധായകം
  (അണം ചേര്‍ന്നുവരും)
  ഉദാ: പറയണം, കളിക്കണം
 3. സമ്മതത്തിന്റെ മട്ടിലുള്ളത്
  അനുജ്ഞായകം. (അം ചേര്‍ന്നു വരും)
  ഉദാ: പറയാം, കളിക്കാം
 4. ധാതുവിന്റെ അര്‍ഥം
  തനിയെ കാട്ടുന്നത്
  നിര്‍ദ്ദേശകം
  ഉദാ: കുളിക്കുന്നു, കൊന്നു

അനുപ്രയോഗം

ഒരു ധാതുവിന്റെ അര്‍ഥത്തിന്
പരിഷ്‌കാരം വരുത്താന്‍
പിന്നില്‍ച്ചേര്‍ന്നു വരുന്ന
ക്രിയകള്‍

ഉദാ: കരഞ്ഞു-കരഞ്ഞുപോയി

അനുനാസികം

നിശ്വാസവായുവിനെ മൂക്കില്‍ക്കൂടി
നിര്‍ഗമിപ്പിച്ച് ഉച്ചരിക്കുന്ന
വര്‍ണങ്ങള്‍

വര്‍ഗാക്ഷരങ്ങളിലെ അവസാനത്തെ
അഞ്ചുവര്‍ണങ്ങളും (വര്‍ഗപഞ്ചമങ്ങള്‍)
വര്‍ത്സ്യ ‘ന’കാരവും ചേര്‍ന്ന്
ആറു അനുനാസികങ്ങള്‍

വര്‍ഗപഞ്ചമങ്ങള്‍
ങ ഞ ണ ന മ

വര്‍ത്സ്യ ‘ന’ കാരം

അനനുനാസികം

നിശ്വാസവായു വായില്‍ക്കൂടി
നിര്‍ഗമിച്ചുണ്ടാകുന്ന വര്‍ണങ്ങള്‍
അനുനാസികമല്ലാത്ത
എല്ലാ വര്‍ണങ്ങളും ഇതില്‍

ശുദ്ധ വര്‍ണങ്ങള്‍
എന്നറിയപ്പെടുന്നു

അനുനാസികാതിപ്രസരം

എ.ആര്‍.രാജരാജവര്‍മ മുന്നോട്ടുവച്ച
ആറു ഭാഷാനയങ്ങളിലൊന്ന്

അനുനാസിക വര്‍ണം
തൊട്ടടുത്തു വരുന്ന
വര്‍ണത്തെ സ്വാധീനിച്ച്
അതിനെക്കൂടി അനുനാസികമാക്കുന്നു

അനുനാസികം ആദ്യവും
ഖരം പിമ്പുമായി വന്നാല്‍
ഖരം അനുനാസിക
വര്‍ഗത്തിലെ ഖരമാകും

അനുനാസികം മുമ്പും
ഖരം പിമ്പുമായി
കൂട്ടക്ഷരം വന്നാല്‍
അനുനാസികം ഇരട്ടിക്കും

മലയാള വ്യാകരണ പാഠം-5

അനുസ്വാരം എന്നാലെന്ത്?

സംസ്‌കൃതത്തിലെ പദാന്ത മകാരത്തിന് മലയാളത്തില്‍ വരുന്ന വികാരമാണ് അനുസ്വാരം. മലയാളം സംസ്‌കൃത അക്ഷരമാല സ്വീകരിച്ചപ്പോഴുണ്ടായ വിശേഷപ്പെട്ട ഒരു ഭാഷാ പ്രത്യേകതയാണിത്.

സംസ്‌കൃതത്തിലെ 'മ്' മലയാളത്തില്‍ 'ം' ആയി മാറി.
അനുസ്വാരത്തിനുശേഷം സ്വരത്തില്‍ തുടങ്ങുന്ന വാക്ക് ചേര്‍ത്ത് സമസ്ത പദമാക്കുമ്പോള്‍ മ കാരം വരുന്നു.

ഉദാ: മരം+അല്ല= മരമല്ല

അനുസ്വാരത്തിനുശേഷം വര്‍ഗാക്ഷരങ്ങള്‍ വരുമ്പോള്‍ വര്‍ഗത്തിലെ അഞ്ചാമക്ഷരം ആദേശമായി വരും.
ഉദാ: വരും+കാലം= വരുങ്കാലം (വരും+ങ്+കാലം)
പോകും+ തോറും= പോകുന്തോറും

അനുസ്വാരത്തിനുശേഷം സമുച്ചയ നിപാതമായ ‘ഉം’ ചേരുമ്പോള്‍ വകാരം വരും.
ഉദാ: ധനം+ഉം=ധനവും

ആഖ്യ എന്നാലെന്ത്?

വാക്യാംഗമാണ് ആഖ്യ. എതിനെപ്പറ്റിയാണോ പറയുന്നത് അതാണ് ആഖ്യ. നാമമോ സര്‍വനാമമോ നാമവാക്യമോ ആഖ്യയാകാം.
കര്‍ത്താവും കര്‍ത്താവിന്റെ പരിവാരങ്ങളും ചേര്‍ന്ന വാക്യാംഗമാണ് ഇത്.

ആഖ്യാതം എന്നാലെന്ത്?

ഇതും ഒരു വാക്യാംഗമാണ്. ആഖ്യയെപ്പറ്റി എന്തുപറയുന്നുവോ അതാണ് ആഖ്യാതം. ക്രിയാ പദങ്ങളും പരിവാരങ്ങളും ചേര്‍ന്നതാണിത്. മുറ്റുവിനയാണ് ആഖ്യാതം.

ഒരു വാക്യത്തിന്റെ പ്രധാനപ്പെട്ട രണ്ടു ഘടകങ്ങളാണ് ആഖ്യയും ആഖ്യാതവും. ചെറിയ വാക്യത്തില്‍പ്പോലും ആഖ്യയും ആഖ്യാതവും ഉണ്ടായിരിക്കും. നാമവു നാമവിശേഷണവും ചേര്‍ന്നത് ആഖ്യ. ക്രിയയും ക്രിയാവിശേഷണവും ചേര്‍ന്നത് ആഖ്യാതം.

അന്വയം എന്നാലെന്ത്?

ആഖ്യയും ആഖ്യാതവും തമ്മില്‍ വാക്യത്തിലുള്ള പൊരുത്തമാണ് അന്വയം.

കാലം എന്നാലെന്ത്?

ക്രിയ നടക്കുന്ന സമയത്തെ കാണിക്കുന്നതിന് ധാതുവില്‍ ഉണ്ടാക്കുന്ന രൂപഭേദമാണ് കാലം.
മൂന്നു കാലങ്ങളാണുള്ളത്. ഭൂതം, വര്‍ത്തമാനം, ഭാവി കഴിഞ്ഞത് ഭൂതം, നടക്കുന്നത് വര്‍ത്തമാനം, വരാനുള്ളത് ഭാവി.

 1. ഭൂതകാലം
  ഇംഗ്ലീഷില്‍ പാസ്റ്റ് ടെന്‍സ് എന്നു പറയുന്ന, നടന്നുകഴിഞ്ഞ ക്രിയയാണ് ഭൂതകാലം.
 2. വര്‍ത്തമാനകാലം
  പ്രെസന്റ് ടെന്‍സ് എന്ന് ഇംഗ്ലീഷില്‍ പറയുന്നതിന്റെ മലയാളം. ഇപ്പോള്‍ നടക്കുന്ന ക്രിയയാണിത്.
 3. ഭാവികാലം
  ഫ്യൂച്ചര്‍ ടെന്‍സ് എന്ന് ഇംഗ്ലീഷില്‍ പറയുന്നതാണിത്. നടക്കാനിരിക്കുന്ന ക്രിയയെക്കുറിക്കുന്ന കാലം. കാലപ്രത്യയങ്ങള്‍ ഇവയാണ്:
  ‘ഇ’ ഭൂതകാലപ്രത്യയം
  ‘ഉന്നു’ വര്‍ത്തമാന കാല പ്രത്യയം
  ‘ഉം’ ഭാവികാല പ്രത്യയം.

സ്വരാന്തമോ ചില്ലന്തമോ ആയ ധാതുവിന് ഭൂതത്തില്‍ ‘തു’ പ്രത്യയമാണുള്ളത്.
ഉദാ: തൊഴുതു (തൊഴു+തു)
കണ്ടു )കണ്‍+തു)

മൂന്നു കാലങ്ങളിലും ധാതുവിന് വരുന്ന മാറ്റങ്ങളെ നോക്കുക

ഭൂതം വര്‍ത്തമാനം ഭാവി

ഓടി ഓടുന്നു ഓടും
ചെയ്തു ചെയ്യുന്നു ചെയ്യും
എടുത്തു എടുക്കുന്നു എടുക്കും
കറങ്ങി കറങ്ങുന്നു കറങ്ങും
പാടി പാടുന്നു പാടും

ബഹുവചനം നാലുവിധമുണ്ട്.

വചനം എന്നാലെന്ത്?
വസ്തു ഒന്നോ അതിലധികമോ എന്നു കാണിക്കുന്നതിനായി ശബ്ദത്തില്‍ വരുത്തുന്ന രൂപഭേദമാണ് വചനം. ദ്രാവിഡ ഭാഷയില്‍ ദ്വിവചനമില്ല. ഏകവചനവും ബഹുവചനവുമേ ഉള്ളൂ.
ശബ്ദത്തിന്റെ സ്വന്തം രൂപം തന്നെയാണ് ഏകവചനം. ഏകവചനത്തിന് പ്രത്യയമില്ല. രാമന്‍, സീത, കാട്.
ലിംഗപ്രത്യയത്തോടുകൂടിയോ അല്ലാതെയോ ശബ്ദരൂപം വരുന്നു.
ഒന്നിലധികം എണ്ണത്തെക്കുറിക്കുന്നത് ബഹുവചനം.
ഇതിന്റെ പ്രത്യയങ്ങള്‍:
അര്‍, മാര്‍, കള്‍.

 1. സലിംഗ ബഹുവചനം
  ആണ്‍, പെണ്‍ ഇവയിലൊന്നിന്റെ ബഹുത്വത്തെ കാണിക്കുന്നതാണിത്. ഉദാ: സ്ത്രീകള്‍, പുരുഷന്മാര്‍, സമര്‍ഥകള്‍, സമര്‍ഥന്മാര്‍.
 2. അലിംഗ ബഹുവചനം
  സ്ത്രീകളും പുരുഷന്മാരും കൂടിച്ചേര്‍ന്ന ബഹുത്വത്തെ കാണിക്കുന്നു.
  ഉദാ: വിദഗ്ദ്ധര്‍, അധ്യാപകര്‍
 3. നപുംസക ബഹുവചനം
  നപുംസക വസ്തുക്കളുടെ ബഹുത്വത്തെ കാണിക്കുന്നു. ഇതിനുള്ള പ്രത്യയം ‘കള്‍;’ ആണ്.
  ഉദാ: മലകള്‍, ആനകള്‍, മരങ്ങള്‍, ഉണ്ണികള്‍, നാടുകള്‍, ഓര്‍മകള്‍, കുട്ടികള്‍
 4. പൂജക ബഹുവചനം
  ഒരു വ്യക്തിയുടെ ബഹുമാനത്തിനുവേണ്ടി ചേര്‍ക്കുന്നത്.
  ഉദാ: വാധ്യാര്‍, ഗുരുക്കള്‍

നപുംസക ലിംഗ ശബ്ദങ്ങളില്‍ ബഹുത്വത്തിന് ബഹുവചന പ്രത്യയം ചേര്‍ക്കേണ്ടതില്ല.
ഉദാ: പത്തു രൂപ, ആയിരം തേങ്ങ

ലിംഗം എന്നാലെന്ത്?

മൂന്നു ലിംഗങ്ങളാണ് മലയാളത്തില്‍ പ്രധാനമായി ഉള്ളത്. അര്‍ഥത്തെ അടിസ്ഥാനമാക്കിയാണ് ഇതു വരുന്നത്. 

പുരുഷ ജാതിയെ കുറിക്കുന്നത് പുല്ലിംഗം
സ്ത്രീ ജാതിയെ കുറിക്കുന്നത് സ്ത്രീലിംഗം
പുരുഷ-സ്്ത്രീഭേദമില്ലാത്തത് നപുംസക ലിംഗം
പുറമെ അധികം ഉപയോഗമില്ലാത്ത ഉഭയലിംഗം എന്ന ഒരു വിഭാഗവും ഉണ്ട്.

ഉദാഹരണങ്ങള്‍

പുല്ലിംഗം സ്ത്രീലിംഗം

അച്ഛന്‍ അമ്മ
അവന്‍ അവള്‍
മിടുക്കന്‍ മിടുക്കി

നപുംസക ലിംഗം
ഉദാ: നദി, പട്ടണം

ഉഭയലിംഗം

പുല്ലിംഗത്തിലും സ്ത്രീലിംഗത്തിലും ഉള്‍പ്പെടുന്നതാണിത്.

ഉദാ: ചങ്ങാതി, കുട്ടി

മലയാളത്തില്‍ ലിംഗഭേദം വ്യക്തമാക്കാന്‍ ലിംഗപ്രത്യയത്തിന്റെ ആവശ്യമുണ്ട്. ആണ്‍വിഭാഗത്തിനുവേണ്ടത് പുല്ലിംഗ പ്രത്യയം

സ്ത്രീ വിഭാഗത്തിനുവേണ്ടത് സ്ത്രീലിംഗ പ്രത്യയം.

പുല്ലിംഗത്തില്‍ അന്‍, സ്ത്രീലിംഗത്തില്‍ ഇ, നപുംസക ലിംഗത്തില്‍ ‘ അം’ എന്നിവയാണ് പ്രത്യയങ്ങള്‍.

സര്‍വനാമങ്ങളില്‍ പുല്ലിംഗത്തിന് ‘അന്‍’, സ്ത്രീലിംഗത്തിന് ‘അള്‍’, നപുംസകലിംഗത്തിന് ‘ ത്’ എന്നിവയാണ് പ്രത്യയങ്ങള്‍.
ഉദാ: അവന്‍, അവള്‍, അത്

ചിലേടത്ത് നപുംസക ലിംഗത്തിന് അന്‍ പ്രത്യയം തന്നെ ചേര്‍ക്കുന്നു.
ഉദാ: മനുഷ്യന്‍, തെക്കന്‍
സംസ്‌കൃത ശബ്ദങ്ങളെ മലയാളത്തിലുപയോഗിക്കുമ്പോള്‍ സംസ്‌കൃതത്തിന്റെ ലിംഗ നിയമങ്ങള്‍ പാലിക്കേണ്ടതില്ല

മലയാള വ്യാകരണ പാഠം-6

വാക്യം

പൂര്‍ണമായ ആശയം പ്രകാശിപ്പിക്കുന്ന പരസ്പരബന്ധമുള്ള പദസമൂഹമാണ് വാക്യം. ആകാംക്ഷക്ക് എല്ലാം പൂര്‍ത്തിവരുന്ന വിധത്തില്‍ ചേര്‍ത്ത ഒരു സംഗതിയെ പൂര്‍ണമായി വിവരിക്കുന്ന പദക്കൂട്ടമെന്ന് എ.ആര്‍. രാജരാജവര്‍മ.
വാക്യത്തിന് ആഖ്യ, ആഖ്യാതം എന്നിങ്ങനെ രണ്ടുഭാഗമുണ്ട്.
ആദ്യം കര്‍ത്താവ്, പിന്നെ കര്‍മമുണ്ടെങ്കില്‍ അത്, ഒടുവില്‍ ക്രിയാപദം എന്ന ക്രമത്തിലായിരിക്കണം മലയാളത്തിലെ വാക്യഘടന എന്നതാണ് ഭാഷാനിയമം. അതായത് കര്‍ത്താവ്, കര്‍മം, ക്രിയ എന്ന ക്രമം.

അര്‍ഥം, രൂപം, സ്വഭാവം എന്നിവയുടെ അടിസ്ഥാനത്തിലാണ് വാക്യങ്ങളെ പ്രധാനമായും തരംതിരിക്കുന്നത്.
അര്‍ഥം അനുസരിച്ച് വാക്യത്തെ നാലായി തിരിച്ചിരിക്കുന്നു.
 1. നിര്‍ദേശകവാക്യം (സൂചകവാക്യം)-ഇംഗ്ലീഷില്‍ ഇതിനെ അസെര്‍ട്ടീവ് സെന്റന്‍സ് എന്നു പറയുന്നു.
 2. നിയോജക വാക്യം (ആഭിലാഷിക വാക്യം)- ഇംഗ്ലീഷില്‍ ഇംപെരേറ്റിവ് സെന്റന്‍സ്
 3. ആനുയോഗിക വാക്യം (പ്രശ്‌നവാക്യം)-ഇംഗ്ലീഷില്‍ ഇന്ററഗേറ്റിവ് സെന്റന്‍സ്.
 4. വ്യാക്ഷേപക വാക്യം-എക്‌സ്‌ക്ലമേറ്ററി സെന്റന്‍സ്

നിര്‍ദേശക വാക്യം
കേവലമായ ഒരു കാര്യം അതായത് ഒരു വസ്തുത മാത്രം ചൂണ്ടിക്കാട്ടുന്ന വാക്യമാണ് നിര്‍ദേശക വാക്യം.
ഉദാ: ആകാശത്ത് ചന്ദ്രന്‍ ഉദിച്ചു.

നിയോജക വാക്യം
ആജ്ഞ, അപേക്ഷ, സമ്മതം, വിധി തുടങ്ങിയ അര്‍ഥത്തെക്കുറിക്കുന്ന വാക്യം.
ഉദാ: ഇവിടെ വരൂ.

ആനുയോഗിക വാക്യം
ചോദ്യത്തിന്റെയും അന്വേഷണത്തിന്റെയും സംശയപ്രകടനത്തിന്റെയും രൂപത്തിലുള്ള വാക്യമാണ് ആനുയോഗിക വാക്യം.
ഉദാ: നിനക്കിന്ന് അവധിയാണോ?

വ്യാക്ഷേപക വാക്യം
വക്താവിന്റെ പലവിധത്തിലുള്ള വികാരങ്ങളെ സൂചിപ്പിക്കുന്ന വാക്യം.
ഉദാ: അയ്യോ! ബസ് പോയല്ലോ.

രൂപം അനുസരിച്ച് വാക്യം രണ്ടുതരമുണ്ട്.

 1. അംഗിവാക്യം
 2. അംഗ വാക്യം

എന്താണ് അംഗിവാക്യം?

മറ്റൊന്നിനും കീഴടങ്ങാതെ സ്വതന്ത്രമായി നില്‍ക്കുന്ന പ്രധാന വാക്യമാണ് അംഗിവാക്യം.

എന്താണ് അംഗവാക്യം?
അംഗിവാക്യത്തിന് കീഴ്‌പ്പെട്ട് അതിനെ ആശ്രയിച്ചുനില്‍ക്കുന്ന അപ്രധാനവാക്യമാണ് അംഗവാക്യം.
ഉദാ: പെട്രോളിന്റെ വില വര്‍ധിച്ചപ്പോള്‍ വാഹനയാത്രക്കാര്‍ വലഞ്ഞു.
ഈ വാക്യത്തില്‍ വാഹനയാത്രക്കാര്‍ വലഞ്ഞു എന്നത് അംഗിവാക്യവും പെട്രോളിന്റെ വില വര്‍ധിച്ചപ്പോള്‍ എന്നത് അംഗവാക്യവുമാണ്.

സ്വഭാവമനുസരിച്ച് വാക്യം മൂന്നുവിധം
 1. ചൂര്‍ണിക (സിമ്പിള്‍ സെന്റന്‍സ്)
 2. സങ്കീര്‍ണകം ( കോംപ്ലക്‌സ് സെന്റന്‍സ്)
 3. മഹാവാക്യം ( കോമ്പൗണ്ട് സെന്റന്‍സ്)
 4. ചൂര്‍ണിക
  വളരെ ലളിതമായ വാക്യത്തിനാണ് ചൂര്‍ണിക എന്നു പറയുന്നത്. അംഗവാക്യമില്ലാതെയുള്ള ഒറ്റവാക്യമാണിത്. ഒരു കര്‍ത്താവും പൂര്‍ണ ക്രിയയുമുള്ള വാക്യം. കേവലമായ ഒരാശയം മാത്രം വെളിപ്പെടുത്തുന്നു.
  ഉദാ: കൃഷ്ണന്‍ ഓടക്കുഴല്‍ വായിച്ചു
  പ്രഭാതത്തില്‍ പക്ഷികള്‍ ഉണര്‍ന്നു പാടുന്നു.
 5. സങ്കീര്‍ണകം
  ഒരു പ്രധാനവാക്യവും (അംഗിവാക്യം) ഒന്നോ അതിലധികമോ അപ്രധാന വാക്യവും (അംഗവാക്യം) ചേരുന്ന വാക്യം.

ഉദാ: മക്കള്‍ക്ക് വിശന്നപ്പോള്‍ അമ്മ ആഹാരം കൊടുത്തു.

 1. മഹാവാക്യം (യൗഗികം)
  ഒന്നിലധികം അംഗിവാക്യങ്ങളുള്ള വാക്യമാണിത്.
  ഉദാ: മഴ പെയ്‌തെങ്കിലും നല്ല ചൂടുണ്ടായിരുന്നതിനാല്‍ തുണികള്‍ വേഗം ഉണങ്ങിക്കിട്ടി.

എന്താണ് വിധി വാക്യവും നിഷേധ വാക്യവും?

ഒരു സംഗതി ഉണ്ടെന്ന് പറയുന്നത് വിധി വാക്യവും ഇല്ലെന്ന് പറയുന്നത് നിഷേധ വാക്യവും. വിധിയുടെ അര്‍ഥത്തില്‍ വരുന്നത്് വിധിവാക്യം.നിഷേധാര്‍ഥത്തില്‍ വരുന്നത് നിഷേധവാക്യം.

അല്ല, ഇല്ല, വയ്യാ, കൂടാ എന്നിങ്ങനെ വരുന്നതെല്ലാം നിഷേധങ്ങളാണ്.

ഉദാ: കുഞ്ഞുറങ്ങുന്നു (വിധിവാക്യം)
കുഞ്ഞുറങ്ങുന്നില്ല (നിഷേധ വാക്യം)

പ്രയോഗങ്ങള്‍

കര്‍ത്തൃകര്‍മാദി കാരകങ്ങളില്‍ എതെങ്കിലുമൊന്നിന് പ്രാധാന്യം കൊടുക്കുന്നതാണ് പ്രയോഗം. ഇതു മൂന്നുവിധമുണ്ട്.
 1. കര്‍ത്തരി പ്രയോഗം
  ഇംഗ്ലീഷില്‍ ആക്ടീവ് വോയ്‌സ് എന്നു പറയുന്നതാണ് ഇത്. വാക്യത്തില്‍ കര്‍ത്താവിന് പ്രാധാന്യം നല്‍കി പ്രയോഗിക്കുന്നത് കര്‍ത്തരി പ്രയോഗം.
  ഉദാ: രാമന്‍ രാവണനെ കൊന്നു.
 2. കര്‍മണി പ്രയോഗം
  ഇംഗ്ലീഷില്‍ പാസീവ് വോയ്‌സ് എന്നു പറയുന്നതാണിത്. കര്‍മത്തിന് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള വാക്യമാണിത്.
  ഉദാ: രാവണന്‍ രാമനാല്‍ കൊല്ലപ്പെട്ടു.
  ഇപ്പോള്‍ മലയാളത്തിലും ഇംഗ്ലീഷിലുമെല്ലാം കര്‍ത്തരി പ്രയോഗത്തിനു തന്നെയാണ് മുന്‍തൂക്കം. പഴയകാല ഇംഗ്ലീഷിലും പഴയ മലയാളത്തിലും കര്‍മണി പ്രയോഗത്തിന് പ്രാചുര്യം ഉണ്ടായിരുന്നു.
 3. ഭാവേ പ്രയോഗം
  ഒരു കര്‍മത്തിനും പ്രാധാന്യം നല്‍കാതെ ക്രിയാഭാവത്തിനുമാത്രം പ്രാധാന്യം നല്‍കുന്നതാണ് ഭാവേ പ്രയോഗം. സംസ്‌കൃതഭാഷയിലാണ് ഇത്തരം പ്രയോഗം ധാരാളമായി ഉള്ളത്.
  ഉദാ: കുഞ്ഞിന് ആരോഗ്യം വേണം

മലയാള വ്യാകരണ പാഠം-7

നാമം എന്നാലെന്ത്?

ഒരു ദ്രവ്യത്തിന്റെയോ, പ്രവൃത്തിയുടെയോ, ഗുണത്തിന്റെയോ പേരായ ശബ്ദമാണ് നാമം.

ഉദാ: ദ്രവ്യം-രാമന്‍, ആന, കുതിര
പ്രവൃത്തി-പഠിപ്പ്, കുളി, ഉറക്കം
ഗുണം-അഴക്, മിടുക്ക്, നന്മ

നാമങ്ങള്‍ മൂന്നുവിധം

 1. ദ്രവ്യനാമം
 2. ക്രിയാനാമം
 3. ഗുണനാമം
 4. ദ്രവ്യനാമം
  പദാര്‍ഥങ്ങള്‍, വസ്തുക്കള്‍, വ്യക്തികള്‍, സ്ഥലങ്ങള്‍ എന്നിവയെ കുറിക്കുന്നതാണ് ദ്രവ്യനാമം.

ഉദാ: ആന, കുതിര, രാമന്‍, അയോധ്യ

 1. ക്രിയാനാമം
  ഒരു പ്രവൃത്തിയെ കുറിക്കുന്നതാണ് ക്രിയാനാമം. അതായത് ക്രിയയില്‍ നിന്നുണ്ടായ നാമം.
  ഉദാ: നടത്തം, കുളി, ഉറക്കം, നോട്ടം, ചാട്ടം
 2. ഗുണനാമം
  ഏതെങ്കിലും ഒരു വസ്തുവിന്റെ ഗുണത്തെയോ ദോഷത്തെയോ സ്വഭാവത്തെയോ കാണിക്കുന്നതാണ് ഗുണനാമം.
  ഉദാ: തണുപ്പ്, ഇരുട്ട്, അഴക്, സാമര്‍ഥ്യം, മണം, മിടുക്ക്, വിഡ്ഢിത്തം ദ്രവ്യനാമത്തെ വീണ്ടും നാലായി തിരിച്ചിരിക്കുന്നു:
 3. സംജ്ഞാനാമം 2. സാമാന്യ നാമം
 4. സര്‍വനാമം 4. മേയനാമം
 5. സംജ്ഞാനാമം
  ഒരു പ്രത്യേക വ്യക്തിയുടെയോ, വസ്തുവിന്റെയോ, സ്ഥലത്തിന്റെയോ പേരാണ് ഇത്.
  ഉദാ: രാമന്‍, കൃഷ്ണന്‍, മദര്‍ തെരേസ, തിരുവനന്തപുരം
 6. സാമാന്യ നാമം
  ഒരു ജാതിയെയോ വര്‍ഗത്തെയോ കുറിക്കുന്നതാണ് സാമാന്യനാമം
  ഉദാ: മനുഷ്യന്‍, മൃഗം, മരം, പൂവ്
 7. സര്‍വനാമം
  ഏതൊരു നാമത്തിനും പകരം പ്രയോഗിക്കുന്ന പദം. സര്‍വതിന്റെയും നാമമായിട്ടുള്ളത് എന്നു വാച്യാര്‍ഥം.

ഉദാ: നീ, ഞാന്‍, അവന്‍, അവള്‍, അത്

 1. മേയനാമം
  ജാതി-വ്യക്തിഭേദം കൂടാതെയുള്ള നാമം.
  ഉദാ: വെള്ളം, മണ്ണ്, വായു, സ്വര്‍ണം, ആകാശം

പ്രധാനപ്പെട്ട സര്‍വനാമ വിഭാഗങ്ങള്‍

 1. ഉത്തമപുരുഷന്‍
  പറയുന്ന ആളിനെ സൂചിപ്പിക്കുന്ന സര്‍വനാമം. ഞാന്‍ (എന്‍), ഞങ്ങള്‍, നമ്മള്‍, നാം
 2. മധ്യമപുരുഷന്‍
  ആരോട് പറയുന്നുവോ അയാള്‍. നീ (നിന്‍), താന്‍, താങ്കള്‍, നിങ്ങള്‍
 3. പ്രഥമ പുരുഷന്‍
  മൂന്നാമതൊരു നാമത്തെ കുറിക്കുന്നു. അവന്‍, അവള്‍, അത്, ഇവന്‍, ഇവള്‍, ഇത്, അവ, ഇവ, അദ്ദേഹം, ഇദ്ദേഹം.
 4. വ്യാക്ഷേപക സര്‍വനാമങ്ങള്‍
  യാതൊരുവന്‍, യാതൊരുവള്‍, ഏവന്‍ ഏവള്‍
 5. ചോദ്യ സര്‍വനാമം
  ഏവന്‍ ഏവള്‍, ഏത്, എന്ത്, ആര്
 6. സര്‍വവാചി
  എല്ലാം

വിഭക്തി

മറ്റു പദങ്ങളുമായുള്ള സംബന്ധത്തെ കുറിക്കുന്നതിന് നാമങ്ങളില്‍ ചേര്‍ക്കുന്ന പ്രത്യയങ്ങളാണ് വിഭക്തി.
മലയാളത്തില്‍ എഴു വിഭക്തികളാണ് ഉള്ളത്.
 1. നിര്‍ദേശിക
  കര്‍ത്താവിനെ സൂചിപ്പിക്കുന്നു. ഇതിന് പ്രത്യേക പ്രത്യയമൊന്നുമില്ല. ഒരു നാമത്തെ നിര്‍ദേശിക്കുക മാത്രം ചെയ്യുന്നിടത്തും ഇതുതന്നെയാണ്.
  ഉദാ: രാമന്‍, അച്ഛന്‍, രാമന്‍ കാട്ടില്‍ താമസിച്ചു, രാമന്‍ രാവണനെ കൊന്നു.
 2. പ്രതിഗ്രാഹിക
  കര്‍മത്തെ കുറിക്കുന്നതിനും കര്‍മത്തിന് പ്രാധാന്യം നല്‍കുന്നതുമായ വിഭക്തിയാണ് പ്രതിഗ്രാഹിക.

ഇതിന്റെ പ്രത്യയം ‘എ’.
ഉദാ: രാമന്‍ കൃഷ്ണനെ അടിച്ചു.

 1. സംയോജിക
  സാക്ഷി അല്ലെങ്കില്‍ ഉപാധി എന്ന അര്‍ഥത്തില്‍ ഉപയോഗിക്കുന്ന വിഭക്തി.

പ്രത്യയം-ഓട്
ഉദാ: ശിവന്‍ ശക്തിയോട് ചേരുന്നു.

 1. ഉദ്ദേശിക
  സ്വാമി കാരകം എന്ന അര്‍ഥമാണ് ഉദ്ദേശികയ്ക്ക്.
  ക്ക് എന്നോ കകാരം ലോപിച്ചിട്ട് വെറും ഉ് മാത്രമോ ആണ് പ്രത്യയം. ന് എന്നും വരും.
  ഉദാ: അവള്‍ക്ക് പുത്രനുണ്ടായി, അവന് പുത്രിയുണ്ടായി.
 2. പ്രയോജിക
  ഹേതുകാരകമായ അര്‍ഥമാണ് ഇതിനുള്ളത്. ആല്‍ എന്നാണ് പ്രത്യയം.
  ഉദാ: ഭാഗ്യത്താല്‍ ആഗ്രഹം സാധിച്ചു. വീഴ്ചയാല്‍ പൊട്ടലുണ്ടായി.
 3. സംബന്ധിക
  ഉടമസ്ഥതാ ബോധം ഉണ്ടാക്കുകയാണ് ഈ വിഭക്തിയുടെ ധര്‍മം. സ്വത്വം എന്ന അര്‍ഥം. പ്രത്യയം ന്റെ ‘ ഉടെ.

ഉദാ: എന്റെ പുസ്തകം, കൃഷ്ണന്റെ പുസ്തകം

 1. ആധാരിക
  അധികരണം എന്ന അര്‍ഥത്തിലുള്ള വിഭക്തി. രണ്ട് പ്രത്യയങ്ങള്‍-ഇല്‍, കല്‍

ഉദാ: യോഗത്തില്‍ പ്രസംഗിച്ചു, പടിക്കല്‍ നില്‍ക്കുന്നു

ബാലന്‍ എന്ന നാമത്തോട് ഈ വിഭക്തി പ്രത്യയങ്ങള്‍ ചേരുമ്പോഴുള്ള രൂപമാറ്റം നോക്കുക:

നിര്‍ദേശിക- ബാലന്‍ (പ്രത്യയം ഇല്ല)
പ്രതിഗ്രാഹിക- ബാലനെ
സംയോജിക- ബാലനോട്
ഉദ്ദേശിക- ബാലന്
പ്രയോജിക- ബാലനാല്‍
സംബന്ധിക- ബാലന്റെ
ആധാരിക- ബാലനില്‍

വിഭക്ത്യാഭാസം


അര്‍ഥം കൊണ്ട് വിഭക്തി എന്നു സിദ്ധിക്കുന്നതും എല്ലാ നാമങ്ങളുടെയും കൂടെ ചേര്‍ക്കാന്‍ പറ്റാത്തതുമായ ശബ്ദങ്ങളാണ് വിഭക്ത്യാഭാസം.
ഉദാ: കാറ്റത്ത് (കാറ്റില്‍ എന്ന് ആധാരികാ വിഭക്തിയുടെ അര്‍ഥം കിട്ടുന്നു.
മഴയത്ത്, മഞ്ഞത്ത് എന്നിവയിലെല്ലാം വിഭക്ത്യാഭാസമാണ്.
ഒന്നിലേറെ വിഭക്തി പ്ത്യയങ്ങള്‍ ചേര്‍ന്നുവരുന്നതും വിഭക്ത്യാഭാസമാണ്.
ഉദാ: കാട്ടിലെ (ഇല്‍, എ എന്നീ പ്രത്യയങ്ങള്‍ ആവര്‍ത്തിക്കുന്നു)

വിഭക്തികള്‍ മനപ്പാഠമാക്കാന്‍

7 വിഭക്തികളുടെയും ആദ്യാക്ഷരങ്ങള്‍ അതിന്റെ ക്രമത്തില്‍ ചേര്‍ത്ത് മനപ്പാഠമാക്കിയാല്‍ മറക്കില്ല. അതിതാണ്:
” നിപ്രസം ഉപ്രസം ആ’

മലയാള വ്യാകരണ പാഠം-8

ക്രിയ

ലോക സാധാരണമായ ഒരവസ്ഥയെയോ ഒരു പ്രവൃത്തിയെയോ കുറിക്കുന്നതാണ് ക്രിയ. ആഖ്യാതം എന്നും ഇതിനു പേരുണ്ട്.
ക്രിയ ഒരു പ്രവൃത്തിയാണ്. ഒരു പ്രവൃത്തി ചെയ്തുകഴിയുന്നതുവരെ അതു ക്രിയയാണ്. പ്രവൃത്തി ചെയ്തു കഴിഞ്ഞാലതു നാമമാകും.
ക്രിയക്ക് ഒരു ഫലവും ഫലാനുകൂലമായ വ്യാപാരവുമുണ്ട്. ക്രിയക്ക് കൃതി എന്നും പേരുണ്ട്.

ക്രിയയുടെ വിഭജനങ്ങള്‍

 1. സകര്‍മകം-അകര്‍മകം (അര്‍ഥം അനുസരിച്ച്)
 2. കേവലം-പ്രയോജകം (പ്രകൃതം പ്രമാണിച്ച്)
 3. കാരിതം-അകാരിതം (രൂപം,സ്വഭാവം അനുസരിച്ച്)
 4. മുറ്റുവിന-പറ്റുവിന (പ്രാധാന്യം അനുസരിച്ച്

ഇതിനെ നമുക്ക് വിശദമായി പരിശോധിക്കാം.

സകര്‍മകം-അകര്‍മകം

ക്രിയയുടെ അര്‍ഥം അടിസ്ഥാനമാക്കിയുള്ള വിഭജനമാണിത്. കര്‍മം ഉള്ള ക്രിയകള്‍ സകര്‍മകം. കര്‍മമില്ലാത്തത് അകര്‍മകം.
ആരെ, അല്ലെങ്കില്‍ എന്തിനെ എന്ന ചോദ്യത്തിന് സകര്‍മക ക്രിയയില്‍ ഉത്തരമുണ്ടാകും. എന്നാല്‍, അകര്‍മകങ്ങളില്‍ ഉത്തരം ലഭിക്കുന്നില്ല.

ഉദാ: അധ്യാപകന്‍ കുട്ടികളെ പഠിപ്പികുന്നു (സകര്‍മകം)

പുഴ ഒഴുകുന്നു (അകര്‍മകം)

കേവലം-പ്രയോജകം
ക്രിയയുടെ പ്രകൃതം പ്രമാണിച്ചുള്ള വിഭജനമാണിത്. മറ്റാരുടെയും പ്രേരണയില്ലാതെ കര്‍ത്താവ് സ്വയം ചെയ്യുന്ന ക്രിയ കേവല ക്രിയ.
ഉദാ: ചാടുന്നു, പറയുന്നു
പരപ്രേരണയോടുകൂടി നടക്കുന്ന ക്രിയ പ്രയോജക ക്രിയ.
ഉദാ: ചാടിക്കുന്നു, പറയിക്കുന്നു

കാരിതം-അകാരിതം
ക്രിയയുടെ രൂപം അല്ലെങ്കില്‍ സ്വഭാവം അനുസരിച്ചുള്ള വിഭജനമാണിത്. കേവല ക്രിയകളുടെ രണ്ട് രൂപങ്ങളാണ് ‘ക്കു’ ഉള്ളവയും ‘ക്കു’ ഇല്ലാത്തവയും. ‘ക്കു’ ഉള്ള രൂപം കാരിതവും ‘ക്കു’ ഇല്ലാത്ത രൂപം അകാരിതവും.
ഉദാ: എടുക്കുന്നു (കാരിതം)
വീഴുന്നു (അകാരിതം)

മുറ്റുവിന-പറ്റുവിന
ക്രിയയുടെ പ്രാധാന്യം അനുസരിച്ചുള്ള വിഭജനമാണിത്. വാക്യങ്ങളില്‍ പ്രധാന പദങ്ങളും അപ്രധാന പദങ്ങളുമുണ്ട്. വാക്യത്തിലെ മറ്റൊരു പദത്തിനും കീഴടങ്ങാതെ വരുന്ന പ്രധാനക്രിയയാണ് മുറ്റുവിന. അംഗിക്രിയ, പൂര്‍ണക്രിയ എന്നീ പേരുകളിലും മുറ്റുവിന അറിയപ്പെടുന്നു.
ഉദാ: പറഞ്ഞു, ചെയ്തു

അപ്രധാന ക്രിയകളാണ് പറ്റുവിന. മറ്റേതെങ്കിലും ക്രിയകള്‍ക്ക് കീഴടങ്ങിനിന്നാല്‍ മാത്രം അര്‍ഥം പൂര്‍ണമാകുന്നവ. അപൂര്‍ണക്രിയ എന്നും ഇതിനുപേരുണ്ട്.
ഉദാ: പറയുന്ന കാര്യം, പറഞ്ഞുകേട്ട കാര്യം.

പറ്റുവിന രണ്ടുതരമുണ്ട്: പേരെച്ചം, വിനയെച്ചം
 1. പേരെച്ചം (നാമാംഗജം)
  നാമത്തെ ആശ്രയിച്ചുനില്‍ക്കുന്ന അപൂര്‍ണ ക്രിയയാണ് പേരെച്ചം.
  ഉദാ: പോകുന്ന വണ്ടി, കേട്ട വാര്‍ത്ത
 2. വിനയെച്ചം (ക്രിയാംഗജം)
  ക്രിയയെ വിശേഷിപ്പിക്കുന്ന അപൂര്‍ണ ക്രിയയാണ് വിനയെച്ചം.
  ഉദാ: നടന്നുപോകുന്നു, നടക്കാന്‍ പോയി

ഇനി വിനയെച്ചത്തിന്റെ അഞ്ചുതരമേതെന്ന്് നോക്കാം.

 1. മുന്‍ വിനയെച്ചം 2. പിന്‍വിനയെച്ചം 3. തന്‍ വിനയെച്ചം 4. നടു വിനയെച്ചം
 2. പാക്ഷിക വിനയെച്ചം.
 3. മുന്‍ വിനയെച്ചം
  പൂര്‍ണക്രിയക്ക് മുമ്പ് നടക്കുന്ന പ്രവൃത്തിയെ കുറിക്കുന്നത് മുന്‍വിനയെച്ചം. ഭൂതകാല രൂപത്തിലുള്ള ക്രിയാവിശേഷണമാണിത്.
  ഉദാ: വന്നു പറഞ്ഞു (ഇതില്‍ വന്നു എന്നുള്ളത് മുന്‍വിനയെച്ചം, പറഞ്ഞു എന്നത് പൂര്‍ണക്രിയ)
 4. പിന്‍വിനയെച്ചം
  പൂര്‍ണക്രിയക്കു ശേഷം നടക്കുന്ന പ്രവൃത്തിയെ കുറിക്കുന്നത് പിന്‍വിനയെച്ചം. ഭാവികാല രൂപത്തിലുള്ളതാണ്.
  ഉദാ: ഞങ്ങള്‍ കളിക്കാന്‍ പോകും
 5. നടുവിനയെച്ചം
  കാലഭേദമില്ലാത്ത വിനയെച്ചമാണ് നടുവിനയെച്ചം.
  ഉദാ: ജോലി ചെയ്യുക തന്നെ വേണം.
 6. തന്‍വിനയെച്ചം
  വര്‍ത്തമാനകാല ക്രിയയെ കുറിക്കുന്ന വിനയെച്ച രൂപമാണിത്.
  ഉദാ: പോലീസുകാരന്‍ നോക്കിനില്‍ക്കെ കള്ളന്‍ ഓടിക്കളഞ്ഞു.
 7. പാക്ഷിക വിനയെച്ചം
  ഒരു ക്രിയ സംഭവിക്കുന്ന പക്ഷം എന്ന അര്‍ഥത്തില്‍ പ്രയോഗിക്കുന്നത് പാക്ഷിക വിനയെച്ചം.
  ഉദാ: സമയത്തു തിരികെ തന്നാല്‍ കടം തരാം.

ഭേദകം എന്നാലെന്ത്?

ഒരു ശബ്ദത്തിന്റെ അര്‍ഥത്തെ വിശേഷിപ്പിക്കുന്നതാണ് ഭേദകം. വിശേഷണം, വിശേഷ്യം എന്നിങ്ങനെ രണ്ടുഘടകങ്ങള്‍ ഭേദകത്തിലുണ്ട്.
ഉദാ: ബുദ്ധിയുള്ള കുട്ടി (ഇവിടെ 'ബുദ്ധിയുള്ള' എന്നത് വിശേഷണവും 'കുട്ടി' എന്നതു വിശേഷ്യവുമാണ്. 

ഭേദകം എഴുതരത്തില്‍ വരാം.

 1. ശുദ്ധം: നാമത്തോടു പറ്റിച്ചേര്‍ന്നു മാത്രം നില്‍ക്കുന്ന വിശേഷണങ്ങളാണ് ശുദ്ധം.
  ഉദാ: ചെമ്മാനം, ചെറുപൈതല്‍, വന്‍കാട്
 2. സാംഖ്യം: എണ്ണത്തെ കുറിക്കുന്ന വാക്കുകള്‍ വിശേഷണ രൂപത്തില്‍ വരുന്നത്.
  ഉദാ: അറുമുഖന്‍, കോടീശ്വരന്‍, പതിറ്റാണ്ട്.
 3. വിഭാവകം: വിശേഷ്യമായി വരുന്ന നാമത്തിന്റെ എതെങ്കിലും സവിശേഷ സ്വഭാവത്തെ കുറിക്കുന്ന വിശേഷണങ്ങളാണ് വിഭാവകം.
  ഉദാ: അവശരായ രോഗികള്‍, തെക്കന്‍കാറ്റ്.
 4. പാരിമാണികം: പരിമാണത്തെ (അളവിനെ) കാണിക്കുന്ന വിശേഷണമാണിത്.
  ഉദാ: നാഴിയരി, രണ്ടുതുടം വെള്ളം, ഒരുപിടി നെല്ല്
 5. സാര്‍വനാമികം: സര്‍വനാമ രൂപത്തില്‍ വരുന്ന ഭേദകം.
  ഉദാ: ഇപ്പറഞ്ഞത്, അക്കാര്യം
 6. നാമാംഗജം: നാമാംഗം എന്നാല്‍ പേരെച്ചം. പേരെച്ചങ്ങളെല്ലാം നാമവിശേഷണങ്ങളാണ്. നാമത്തെ ആശ്രയിച്ചാണ് അവ നിലകൊള്ളുന്നത്.
  ഉദാ: കറുത്ത പശു, ചെറിയ മനുഷ്യന്‍, ഉറ്റ ചങ്ങാതി
 7. ക്രിയാംഗജം: വിശേഷണമായിട്ടു വരുന്ന വിനയെച്ചമാണ് ക്രിയാംഗജം. ഇതു ക്രിയയെ ആശ്രയിച്ചു നില്‍ക്കുന്നു.
  ഉദാ: ഊന്നിപ്പറഞ്ഞു, മെല്ലെ നടന്നു, പെട്ടെന്ന് എഴുതി.
Exit mobile version