പദ്യസാഹിത്യത്തിലെ ഒരു വിഭാഗമാണ് സന്ദേശകാവ്യം. പരസ്പരം വേര്‍പിരിഞ്ഞിരിക്കുന്ന നായികാ നായകന്മാരില്‍ ഒരാള്‍ ദൂതന്‍ വഴി തന്റെ സന്ദേശം മറ്റൊരാള്‍ക്ക് എത്തിക്കുകയാണ് സന്ദേശകാവ്യങ്ങളുടെ രീതി. വാല്മീകി രാമായണത്തിലെ കിഷ്‌കിന്ധാ കാണ്ഡത്തില്‍ ശ്രീരാമന്‍ ഹനുമാന്റെ പക്കല്‍ സീതയ്ക്കു ദൂതു നല്‍കുന്നതും, നളദമയന്തി കഥയില്‍ ദൂതുമായി പോകുന്ന ഹംസവുമെല്ലാം സന്ദേശകാവ്യത്തിന്റെ ആദ്യമാതൃകകളാണ്. കാളിദാസന്റെ മേഘദൂതാണ് സന്ദേശകാവ്യ പ്രസ്ഥാനത്തിന് ഇന്നു കാണുന്ന രീതിയിലുള്ള ഘടന നല്‍കിയത്. പ്രണയപരവശരായ സ്ത്രീപുരുഷന്മാര്‍ വിധിവശാല്‍ പിരിഞ്ഞിരിക്കേണ്ടിവരിക, വിരഹത്തില്‍ ആമഗ്‌നനായ കാമുകന്‍ കാമുകിക്ക് ഒരു സന്ദേശം എത്തിക്കുവാന്‍ ഒരു വസ്തുവിനെയോ വ്യക്തിയെയോ കണ്ടെത്തി അഭ്യര്‍ത്ഥിക്കുക, അങ്ങനെ ഇരുവരുടേയും ഉത്കണ്ഠയ്ക്ക് ശമനം വരുത്തുക-ഇതാണ് സന്ദേശകാവ്യങ്ങളുടെ മൗലികഘടന. നായകന്‍, നായിക, സന്ദേശവാഹകന്‍ ഇവരാണ് മുഖ്യ കഥാപാത്രങ്ങള്‍. സന്ദേശകാവ്യത്തിന് രണ്ടുഭാഗങ്ങളുണ്ട്- പൂര്‍വ്വഭാഗവും ഉത്തരഭാഗവും. പൂര്‍വ്വഭാഗത്ത് സന്ദശം അയയ്ക്കാനുള്ള കാരണം, സന്ദേശവാഹകനെ കണ്ടെത്തിയ സന്ദര്‍ഭം, മാര്‍ഗവിവരണം ഇവയും ഉത്തരഭാഗത്ത് നായികയുടെ വാസസ്ഥലം വര്‍ണന, നായികാ വര്‍ണന, സന്ദേശം എന്നിവ ഉള്‍പ്പെടുന്നു. മന്ദാക്രാന്ത വൃത്തമാണ് സന്ദേശകാവ്യങ്ങളില്‍. അംഗിയായ രസം ശൃംഗാരമാണ്. മന്ദാക്രാന്ത വൃത്തത്തിലാണ് സന്ദേശകാവ്യങ്ങള്‍ രചിക്കപ്പെട്ടിട്ടുള്ളത്. മറ്റു ചില വൃത്തങ്ങളിലും ചിലതു രചിക്കപ്പെട്ടിട്ടുണ്ട്. ദൂതുമായി പോകുന്ന വഴിയില്‍ കാണാന്‍ സാധ്യതയുള്ള ദേശങ്ങളും പട്ടണങ്ങളും വര്‍ണിക്കുന്നു. സാമൂഹികവും രാഷ്ട്രീയവുമായ പല സംഗതികളും ഇതുവഴി അനാവരണം ചെയ്യപ്പെടുന്നു.
സംസ്‌കൃതത്തില്‍നിന്നു മലയാളത്തിലേക്കു കടന്നുവന്ന സാഹിത്യപ്രസ്ഥാനമാണ് സന്ദേശകാവ്യ പ്രസ്ഥാനം. മേഘദൂതിന്റെ അനുകരണങ്ങളായിത്തന്നെയാണ് ഇവ പ്രത്യക്ഷപ്പെട്ടത്. കേരളത്തില്‍ സംസ്‌കൃതത്തിലും മലയാളത്തിലും കാവ്യങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ട്.
കേരളത്തിലുണ്ടായ ചില സംസ്‌കൃതസന്ദേശകാവ്യങ്ങള്‍:
ശുകസന്ദേശം – കരിങ്ങമ്പള്ളി ലക്ഷ്മിദാസൻ നമ്പൂതിരി
കോകിലസന്ദേശം – ഉദ്ദണ്ഡശാസ്ത്രികൾ
ചകോരസന്ദേശം – പയ്യൂർ വാസുദേവഭട്ടതിരി
ഭൃംഗസന്ദേശം – വാസുദേവ ഭട്ടതിരി
നീലകണ്ഠസന്ദേശം – പുന്നശ്ശേരി ശ്രീധരൻ നമ്പി
വിപ്രസന്ദേശം – കൊടുങ്ങല്ലൂർ കൊച്ചുണ്ണിത്തമ്പുരാൻ
കപോതസന്ദേശം – തൈക്കാട്ട് നാരായണൻ മൂസ്സത്
മേഘപ്രതിസന്ദേശം – രാമശാസ്ത്രി
ചില മലയാള സന്ദേശകാവ്യങ്ങൾ:
ഉണ്ണുനീലിസന്ദേശം – അജ്ഞാതകർതൃകം
ചക്രവാകസന്ദേശം – അജ്ഞാതകർതൃകം
മയൂരസന്ദേശം – കേരളവർമ്മ വലിയകോയിത്തമ്പുരാൻ, 1894
ഭൃംഗസന്ദേശം – അപ്പാടൻ വീട്ടിൽ രാമനെഴുത്തച്ഛൻ (സൃഗ്ദരവൃത്തം), 1894
ഹംസസന്ദേശം – കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ, 1896
ദാത്യുഹസന്ദേശം – ശീവൊള്ളി നാരായണൻ നമ്പൂതിരി, 1897
കോകിലസന്ദേശം – മൂലൂർ എസ് പത്മനാഭപ്പണിക്കർ, 1905
ഗരുഡസന്ദേശം – ഏ.ആർ. രാജരാജവർമ്മ, 1907
ചകോരസന്ദേശം – തളിയില് കെ. ലക്ഷ്മിയമ്മ, 1913
കപോതസന്ദേശം – കൊട്ടാരത്തില് ശങ്കുണ്ണി, 1924
ഭൂപസന്ദേശം – കെ.എം. പണിക്കർ, 1934
റാണിസന്ദേശം – സഹോദരന് കെ. അയ്യപ്പൻ (ഗാഥാവൃത്തം), 1935
അശ്വസന്ദേശം – നല്ലമുട്ടം ജി. പദ്മനാഭപിള്ള, 1944