Keralaliterature.com

സംഘകാലത്തെ കവയിത്രിമാര്‍

സംഘകാലത്തു തന്നെ സ്ത്രീകള്‍ സാഹിത്യരംഗത്ത് സജീവമായിരുന്നു. ഔവ്വയാര്‍, കാകൈപാടിനിയാര്‍, നചെള്ളയര്‍ എന്നിവര്‍ അക്കാലത്തെ മികച്ച കവയിത്രിമാരാണ്. പരണര്‍, കപിലര്‍, തിരുവള്ളുവര്‍ എന്നിവരുടെ സമകാലികയായിരുന്നു ഔവ്വയാര്‍. നറ്റിണൈയിലെ ഏഴു പാട്ടുകള്‍, കുറുന്തൊകൈയിലെ പതിനഞ്ച് പാട്ടുകള്‍, അകനാനൂറിലെ നാലു പാട്ടുകള്‍, പുറനാനൂറിലെ മുപ്പത്തിമൂന്നുപാട്ടുകള്‍ എന്നിവ ഔവ്വയാര്‍ രചിച്ചതാണെന്ന് കരുതപ്പെടുന്നു.
പാണ്ഡ്യരാജധാനിയിലെ ആസ്ഥാന കവിയായിരുന്നു ഔവ്വയാര്‍. രാജകൊട്ടാരങ്ങളില്‍ മാത്രമല്ല, ജനങ്ങളുടെയിടയിലും നല്ല സ്വീകാര്യത അവര്‍ നേടി. ഊരുകള്‍ തോറും നടന്ന് കര്‍ഷകരുടെയും കുട്ടികളുടെയും പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ അവര്‍ ശ്രമിച്ചിരുന്നു. അത്തിച്ചുടന്‍, കോന്‍ടായിവെന്തന്‍, മുതുരൈ, നല്‍വഴി എന്നീ കൃതികള്‍ അവര്‍ കുട്ടികള്‍ക്കായി രചിച്ചു. തത്വചിന്തകള്‍ ലളിതമായി പ്രതിപാദിക്കുന്നവയാണ് എല്ലാ രചനകളും. കവയിത്രി എന്ന നിലയില്‍ ഉന്നതമായ സാമൂഹികപദവികള്‍ ഉണ്ടായിരുന്നു.
ഔവ്വയാരെ കൂടാതെ മുപ്പതിലേറെ കവയിത്രിമാരെ സംഘസാഹിത്യത്തില്‍ കാണാം. ആതിമന്തി, കാരക്കല്‍മാത, ആണ്ടാള്‍ , അലാലൂര്‍, കച്ചിപ്പെട്ടു നന്നകൈയ്യാര്‍, കഴര്‍കീരന്‍എയിറ്റി, കാകൈപ്പാടിനിയാര്‍, കാമക്കണ്ണിയാര്‍, നപ്പച്ചല്ലയാര്‍, കുറമകള്‍ ഇളവെയിനി, കുറമകള്‍ കുരുവെയിനി കാവര്‍പെണ്ടു, തായങ്കണ്ണിയാര്‍, നചെനയി, നന്നകൈയാര്‍ നെടുംപല്ലിയത്തായി, പെരുംകൊഴിനായന്‍മകള്‍ നക്കണ്ണയര്‍, പാരിയുടെ പുത്രിമാര്‍, പെയ്മകള്‍ ഇളവെയിനി, പൂങ്കണ്ണ് ഉതിരയാര്‍, മധുരൈ നല്‍വള്ളിയാര്‍, മാറോക്കത്ത് നപ്പച്ചല്ലയാര്‍, മുടത്താമക്കണ്ണിയാര്‍, വരുമുലയാരത്തി, വെണ്മണിപ്പൂതി, വെണ്‍പൂതി, വെണ്ണിക്കുയത്തിയാര്‍, വെള്ളിവീതിയാര്‍ എന്നിവരും അതില്‍പ്പെടുന്നു.

Exit mobile version