Keralaliterature.com

‘മാര്‍ത്താണ്ഡവര്‍മ്മ’ യിലെ കഥാപാത്രങ്ങള്‍

പ്രധാന കഥാപാത്രങ്ങള്‍

മാര്‍ത്താണ്ഡവര്‍മ്മ / യുവരാജാവ്:

വീരരസലക്ഷണങ്ങളോടുകൂടിയ, ഇരുപതിനും ഇരുപത്തിയഞ്ചിനും ഇടയില്‍ പ്രായമുള്ള യുവരാജാവ്. ന്യായപ്രകാരം രാമവര്‍മ്മ മഹാരാജാവിന്റെ കാലശേഷം രാജാവാകേണ്ട യുവരാജാവ്. തനിക്കെതിരെ ഉപജാപങ്ങള്‍ ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടികള്‍ എടുക്കുവാന്‍ രാമയ്യന്‍ നിര്‍ദ്ദേശിച്ചപ്പോഴും അതിനു തയ്യാറാകാത്ത സഹിഷ്ണുതയുള്ളവന്‍. സുഭദ്രയുടെ വാക്കുകളെ വിലമതിച്ച്, രാജാവായപ്പോള്‍ തടവിലായ കുടമണ്‍പിള്ളയെ വിട്ടയക്കുന്നു.

അനന്തപത്മനാഭന്‍/ഭ്രാന്തന്‍ ചാന്നാന്‍/കാശിവാസി/ദ്വിഭാഷി/ഭിക്ഷു/ഷംസുഡീന്‍

– തിരുമുഖത്തുപിള്ളയ്ക്ക് കുടമണ്‍പിള്ളയുടെ മാതൃസഹോദരിയുടെ പുത്രിയുമായുണ്ടായ ബന്ധത്തിനുശേഷം മറ്റൊരു സ്ത്രീയില്‍ ഉണ്ടായ പുത്രന്‍. സുഭദ്രയുടെ അര്‍ദ്ധസഹോദരന്‍. ആയോധനാപാടവത്തില്‍ പ്രഗല്ഭനും ആള്‍മാറാട്ടത്തില്‍ നിപുണനുമായ ഇരുപത്തിരണ്ടു വയസ്സുകാരനായ അനന്തപത്മനാഭന്‍ ചെമ്പകശ്ശേരിയിലെ പാറുക്കുട്ടിയുമായി സ്‌നേഹത്തിലാണ്. പഞ്ചവന്‍കാട്ടില്‍വച്ച് ആക്രമിക്കപ്പെട്ടെങ്കിലും പഠാണിവ്യാപാരികള്‍ രക്ഷിക്കുന്നു. തുടര്‍ന്ന് ഭ്രാന്തന്‍ ചാന്നാന്‍, ഷംസുഡീന്‍, കാശിവാസി, ഭിക്ഷു എന്നീ വേഷങ്ങളില്‍ നടക്കുന്നു, മാര്‍ത്താണ്ഡവര്‍മ്മ യുവരാജാവിനെ ആപത്തുകളില്‍ നിന്ന് രക്ഷിക്കുകയും ഹാക്കിമിന്റെ പിന്തുണ ലഭിക്കുന്നതിന് ശ്രമിക്കുകയും ചെയ്യുന്നു. മാങ്കോയിക്കല്‍ കുറുപ്പിനെ പഠാണിപ്പാളയത്തില്‍ പരിചയപ്പെടുത്തുകയും, കുറുപ്പിന് ഹിന്ദുസ്ഥാനി ഭാഷ പഠിക്കുവാന്‍ സഹായിക്കുകയും ചെയ്യുന്നു.

സുഭദ്ര/ചെമ്പകം അക്ക

– തിരുമുഖത്തുപിള്ളയുടെയും കുടമണ്‍പിള്ളയുടെ അനന്തരവളുടെയും മകള്‍, അന്തപത്മനാഭന്റെ അര്‍ദ്ധസഹോദരി. ഒരു യക്ഷിയെപ്പോലെ സുന്ദരിയായ ഇരുപത്തിയഞ്ചു വയസ്സുകാരി. കുടമണ്‍പിള്ളയുടെ ബന്ധുവായ ഒരു നായര്‍ വിവാഹം ചെയ്‌തെങ്കിലും, ആറുമാസം കഴിഞ്ഞപ്പോള്‍ ഭാര്യയുടെ അന്യപുരുഷന്മാരുമായിട്ടുള്ള സമ്പര്‍ക്കത്തില്‍ സംശയാലുവാകുന്നു. പത്മനാഭന്‍തമ്പിക്കു സുഭദ്രയുമായുള്ള ബന്ധത്തെപറ്റിയുള്ള കിംവദന്തി വിശ്വസിച്ച് നായര്‍ വീട് വിട്ടുപോകുന്നു. തന്റെ ദാമ്പത്യജീവിതം തകര്‍ത്തവരോട് പ്രതികാരം ചെയ്യാന്‍ തന്റേടവും ദൃഢനിശ്ചയവുള്ള സുഭദ്ര മാര്‍ത്താണ്ഡവര്‍മ്മ യുവരാജാവിനെ ഉപജാപകരുടെ ശ്രമങ്ങളില്‍ നിന്ന് രക്ഷപ്പെടുവാന്‍ സഹായിക്കുന്നു. കുടമണ്‍പിള്ളയാല്‍ കൊല്ലപ്പെടുന്നു.

ശ്രീ റായി പത്മനാഭന്‍ തമ്പി/പപ്പു തമ്പി

– രാമവര്‍മ്മ മഹാരാജാവിന്റെ മൂത്തമകനായ പത്മനാഭന്‍ തമ്പി ദൃഢഗാത്രനും, നിറമുള്ളവനും, ആഭരണങ്ങള്‍ അണിയുന്നതില്‍ തല്‍പരനും ആണ്. പരസ്ത്രീകളെ കാംക്ഷിക്കുന്ന തമ്പി ശിവകാമിയുമായും ഏഴാംകുടിയിലെ സ്ത്രീയുമായും അവിഹിതബന്ധം പുലര്‍ത്തുന്നു. രാമവര്‍മ്മ മഹാരാജാവിന്റെ കാലശേഷം രാജാവാകുവാന്‍ വേണ്ടി ഉപജാപങ്ങള്‍ ചെയ്യുന്നു. സുഭദ്രയോടും പാറുക്കുട്ടിയോടും തമ്പി ബന്ധം പുലര്‍ത്താന്‍ ആഗ്രഹിക്കുന്നു.

സുന്ദരയ്യന്‍/പുലമാടന്‍

– പത്മനാഭന്‍ തമ്പിയെ രാജാവാക്കാന്‍ നടത്തുന്ന ഉപജാപങ്ങളുടെ മുഖ്യ സൂത്രധാരനായ നാല്പതു വയസ്സുകാരന്‍. മധുരയ്ക്കടുത്തുള്ള ഒരു ശാസ്ത്രിയുടെയും ഒരു മറവസ്ത്രീയുടെയും മകന്‍. കാലക്കുട്ടിയുടെ അനന്തരവള്‍ ഭാര്യയാണ്. പത്മനാഭന്‍ തമ്പിക്കുവേണ്ടി പാറുക്കുട്ടിയുമായുള്ള സംബന്ധാലോചനയ്ക്ക് മുന്‍കൈ എടുക്കുന്നു. കോടാങ്കിയുടെ സഹോദരനാണ്. മണക്കാട്ടു നടന്ന യുദ്ധത്തില്‍ ബീറാംഖാനാല്‍ കൊല്ലപ്പെടുന്നു.

പാറുക്കുട്ടി/പാര്‍വ്വതി അമ്മ/പാര്‍വ്വതി പിള്ള/തംങ്കം

– കാര്‍ത്ത്യായനി അമ്മയുടെയും ഉഗ്രന്‍ കഴക്കൂട്ടത്തു പിള്ളയുടെയും മകള്‍. യോഗ്യമായ പൊക്കമുള്ള പതിനാറു വയസ്സുകാരിയായ പാറുക്കുട്ടി കൃശഗാത്രയും ചെമ്പകപ്പൂവിന്റെ നിറമുള്ളവളുമാകുന്നു. ഗണിതം, അമരകോശം, സിദ്ധരൂപം എന്നിവ പഠിച്ചിട്ടുള്ള പാറുക്കുട്ടി നന്നായി രാമായണം വായിക്കും. അനന്തപത്മനാഭനെ സ്‌നേഹിക്കുന്ന പാറുക്കുട്ടിയെ സംബന്ധം ചെയ്യാന്‍ പത്മനാഭന്‍ തമ്പി ആഗ്രഹിക്കുന്നു.

വേലുക്കുറുപ്പ് –

പത്മനാഭന്‍തമ്പിയുടെ പക്ഷക്കാരനായ യോദ്ധാവ്. വാള്‍, വേല്‍ മുറകളില്‍ പ്രഗല്ഭന്‍. അനന്തപത്മനാഭനെ പഞ്ചവന്‍കാട്ടില്‍ വച്ച് ആക്രമിച്ച വേലുക്കുറുപ്പ്, മാര്‍ത്താണ്ഡവര്‍മ്മ യുവരാജാവിനെ ചാരോട്ടുകൊട്ടാരം, മാങ്കോയിക്കല്‍ വീട്, യുവരാജാവിന്റെ മാളികയിലേക്കുള്ള വഴി എന്നിവിടങ്ങളില്‍ വച്ച് ആക്രമിക്കാന്‍ ശ്രമിക്കുന്നു. വേലുക്കുറുപ്പിന്റെ കാതുകളില്‍ ഒന്ന് മാങ്കോയിക്കല്‍ യുദ്ധത്തില്‍ ചാന്നാന്‍ അരിഞ്ഞുവീഴ്ത്തുന്നു, ശ്രീപണ്ടാരത്തുവീട്ടിലെ കല്ലറയില്‍ ചാന്നാന്റെ വെടിയേറ്റ് മരിക്കുന്നു.

മാങ്കോയിക്കല്‍ കുറുപ്പ്/ ഇരവിപ്പെരുമാന്‍ കണ്ടന്‍കുമാരന്‍ കുറുപ്പ് –

മാങ്കോയിക്കല്‍ തറവാട്ടിലെ കാരണവര്‍. വേലുക്കുറുപ്പിന്റെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട് വന്ന മാര്‍ത്താണ്ഡവര്‍മ്മ യുവരാജാവിനും പരമേശ്വരന്‍പിള്ളയ്ക്കും ഇദ്ദേഹം മാങ്കോയിക്കല്‍ വീട്ടില്‍ അഭയം നല്‍കുന്നു. മാര്‍ത്താണ്ഡവര്‍മ്മ യുവരാജാവിനുവേണ്ടി തന്റെ അനന്തരവന്മാരുടെ കീഴില്‍ യോദ്ധാക്കളെ കൂട്ടുന്നതിനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ ചെയ്യുന്നു.

മറ്റ കഥാപാത്രങ്ങള്‍
പരമേശ്വരന്‍ പിള്ള: മാര്‍ത്താണ്ഡവര്‍മ്മ യുവരാജാവിന്റെ പരിചാരകന്‍. യുവരാജാവ് രാജാവായി സഥാനമേറ്റതിനുശേഷം രാജാവിന്റെ പള്ളിയറവിചാരിപ്പുകാരനാകുന്നു.
രാമന്‍ തമ്പി :– രാമവര്‍മ്മമഹാരാജാവിന്റെ ഇളയപുത്രന്‍
തിരുമുഖത്തുപിള്ള :– അനന്തപത്മനാഭന്റെയും സുഭദ്രയുടെയും പിതാവായ മന്ത്രിശ്രേഷ്ഠന്‍.
ചുള്ളിയില്‍ ചടച്ചി മാര്‍ത്താണ്ഡന്‍പിള്ള :– എട്ടുവീട്ടില്‍പിള്ളമാരുടെ പക്ഷം ചേരുന്ന തിരുമുഖത്തുപിള്ളയുടെ സേവകനായ പ്രഗല്ഭ വില്ലാളി
ആനന്തം :– കാലക്കുട്ടിയുടെ അനന്തരവള്‍, സുന്ദരയ്യന്റെ ഭാര്യ.
കോടാങ്കി/പലവേശം :– സുന്ദരയ്യന്റെ മൂത്ത സഹോദരന്‍. അനന്തപത്മനാഭനാല്‍ വധിക്കപ്പെടുന്നു.
കാലക്കുട്ടി പിള്ള: – ആനന്തത്തിന്റെ അമ്മാവന്‍.

എട്ടുവീട്ടില്‍പിള്ളമാര്‍

കുടമണ്‍പിള്ള :– എട്ടുവീട്ടില്‍പിള്ളമാരില്‍ ഒരാള്‍. ഇദ്ദേഹം മാതൃസഹോദരിയുടെ പൗത്രിയായ സുഭദ്രയെ കൊല്ലുന്നു. ഇയാളെ അനന്തപത്മനാഭന്‍ വധിക്കുന്നു.
രാമനാമഠത്തില്‍ പിള്ള : എട്ടുവീട്ടില്‍പിള്ളമാരില്‍ ഒരാള്‍. സുഭദ്രയുടെ സാമീപ്യം ആഗ്രഹിക്കുന്ന ഇദ്ദേഹം തിരുവോണനാളില്‍ ഭാര്യപുത്രാദികളെ സന്ദര്‍ശിക്കുന്നു.
കഴക്കൂട്ടത്തുപിള്ള/തേവന്‍ വിക്രമന്‍ :– എട്ടുവീട്ടില്‍പിള്ളമാരില്‍ ഒരാള്‍. മാതുലപുത്രിയായ പാറുക്കുട്ടിയെ കല്യാണമാലോചിച്ചിരുന്നു. കിളിമാനൂരില്‍ നിന്ന് യുവരാജാവിന് സഹായവുമായി നാരായണയ്യന്റെ കീഴില്‍ വന്ന യോദ്ധാക്കളെ തോല്പിക്കുന്നു.
ചെമ്പഴന്തി പിള്ള/തേവന്‍ നന്തി : –എട്ടുവീട്ടില്‍പിള്ളമാരില്‍ ഒരാള്‍
മാര്‍ത്താണ്ഡന്‍ തിരുമഠത്തില്‍ പിള്ള :– എട്ടുവീട്ടില്‍പിള്ളമാരില്‍ ഒരാള്‍
വെങ്ങാനൂര്‍ പിള്ള –: എട്ടുവീട്ടില്‍പിള്ളമാരില്‍ ഒരാള്‍. മാങ്കോയിക്കലില്‍ നിന്ന് യുവരാജാവിന് സഹായവുമായി വന്ന യോദ്ധാക്കളെ തോല്പിക്കുന്നു.
പള്ളിച്ചല്‍ പിള്ള : എട്ടുവീട്ടില്‍പിള്ളമാരില്‍ ഒരാള്‍
ഉഗ്രന്‍ കഴക്കൂട്ടത്തു പിള്ള : കാര്‍ത്ത്യായനി അമ്മയുടെ ഭര്‍ത്താവ്. പാറുക്കുട്ടിയുടെ പിതാവും തേവന്‍ വിക്രമന്‍ കഴക്കൂട്ടത്തു പിള്ളയുടെ അമ്മാവനും ആകുന്നു.
കാര്‍ത്ത്യായനി അമ്മ/കാര്‍ത്ത്യായനി പിള്ള :–ഉഗ്രന്‍ കഴക്കൂട്ടത്തു പിള്ളയുടെ വിധവയായ ഭാര്യ. അവര്‍ പാറുക്കുട്ടിയുടെ അമ്മയും ചെമ്പകശ്ശേരി മൂത്തപിള്ളയുടെ ഇളയ സഹോദരിയും ആകുന്നു.
ചെമ്പകശ്ശേരി മൂത്തപിള്ള :–കാര്‍ത്ത്യായനി അമ്മയുടെ മൂത്ത സഹോദരന്‍.
ശങ്കുആശാന്‍ :–ചെമ്പകശ്ശേരിയിലെ എഴുപതു വയസ്സുചെന്ന ആയുധപ്പുരസൂക്ഷിപ്പുകാരന്‍. ചെമ്പകശ്ശേരിയിലെ മുന്‍ആയുധപ്പുരസൂക്ഷിപ്പുകാരന്‍. ഒരു വേലക്കാരിക്ക് പിറന്നവന്‍.

മുസ്ലിം കഥാപാത്രങ്ങള്‍
ബീറാംഖാന്‍ :– കുടമണ്‍പിള്ളയുടെ ബന്ധുവായ ഒരു ഗൃഹസ്ഥന്റെ അനന്തരവനായ നായര്‍ യുവാവ്. സുഭദ്രയെ വിവാഹം ചെയ്ത് ആറു മാസം കഴിഞ്ഞ് ഭാര്യയെപ്പറ്റി കേട്ട അപവാദങ്ങള്‍ക്ക് വഴങ്ങി പത്മനാഭന്‍ തമ്പിയും തന്റെ ഭാര്യയേയും പറ്റിയുള്ള തെറ്റായ അറിവുമൂലം വീടുവിട്ട് പോകുന്നു. പിന്നീട് മതം മാറി മുസ്ലീമായി ഫാത്തിമയെ വിവാഹം കഴിക്കുന്നു.
ഫാത്തിമ : ഹാക്കിമിന്റെ ഇളയ സഹോദരന്റെയും ആയിഷയുടേയും മൂത്ത പുത്രി. സുലൈഖയുടെയും നുറഡീന്റെയും സഹോദരി. ബീറാംഖാനെ വിവാഹം കഴിക്കുന്നു.
സുലൈഖ : ഹാക്കിമിന്റെ ഇളയ സഹോദരന്റെയും ആയിഷയുടെയും ഇളയ പുത്രി. ഫാത്തിമയുടെയും നുറഡീന്റെയും സഹോദരി. ഷംസുഡീനായ അനന്തപത്മനാഭനെ സ്‌നേഹിക്കുന്നു.
നുറഡീന്‍: ഹാക്കിമിന്റെ ഇളയ സഹോദരന്റെയും ആയിഷയുടെയും പുത്രന്‍. ഫാത്തിമയുടെയും സുലൈഖയുടെയും സഹോദരന്‍. സുന്ദരിയായ ഒരു യുവതിയെ വിവാഹം കഴിക്കുന്നു.
ആജിം ഉദ് ദൗളാഖാന്‍/ഹാക്കിം : ചികിത്സാവിദഗ്ദനായ പഠാണി മേധാവി. ഫാത്തിമയുടെയും നുറഡീന്റെയും സുലൈഖയുടെയും പിതൃസഹോദരന്‍. ഇദ്ദേഹത്തിന്റെ ചികിത്സ അനന്തപത്മനാഭനെ ഭേദമാക്കുന്നു. രാമവര്‍മ്മ മഹാരാജാവിന്റെയും പാറുക്കുട്ടിയുടെയും രോഗബാധയ്ക്ക് മരുന്നു നല്‍കുന്നു.
ഉസ്മാന്‍ഖാന്‍ : ഹാക്കിമിന്റെ കാര്യസ്ഥന്‍.

കൊട്ടാരത്തില്‍ നിന്നുള്ള കഥാപാത്രങ്ങള്‍

കാര്‍ത്തിക തിരുന്നാള്‍ രാമവര്‍മ്മ: ഇളയ തമ്പുരാന്‍
അജ്ഞാതനാമാവായ അമ്മതമ്പുരാട്ടി :രാമവര്‍മ്മ ഇളയ തമ്പുരാന്റെ അമ്മ.
രാമവര്‍മ്മ മഹാരാജാവ്: രോഗബാധിതനായ രാജാവ്, പത്മനാഭന്‍ തമ്പിയുടെയും രാമന്‍ തമ്പിയുടെയും പിതാവ്.
ആറുമുഖം പിള്ള (ദളവാ): രാജ്യത്തെ പ്രധാനമന്ത്രി. ഇദ്ദേഹം മധുരപ്പടയുടെ സേവനത്തിന് നല്‍കേണ്ട കുടശ്ശിക തീര്‍ക്കാന്‍ ഭൂതപാണ്ടിയിലേക്ക് പോകുകയും, കടം തീര്‍ക്കുവാനുള്ള പണം തികയാത്തതിനാല്‍ രാജപക്ഷത്തില്‍ നിന്നുള്ള ഉറപ്പിനായി അവിടെ തങ്ങുകയും ചെയ്യുന്നു.
രാമയ്യന്‍ (രായസ്സക്കാരന്‍) – മാങ്കോയിക്കല്‍ കുറുപ്പിനെ തേടുന്നതില്‍ മാര്‍ത്താണ്ഡവര്‍മ്മ യുവരാജാവിനെ സഹായിക്കുന്ന കൊട്ടാരത്തിലെ ഉദ്യോഗസ്ഥന്‍. കൊട്ടാരത്തിലേക്ക് ഇരച്ചുകയറിയ കുപിതരായ ജനങ്ങളുടെ മുന്നിലേക്ക് രാമവര്‍മ്മ മഹാരാജാവിനെകൊണ്ടു വന്ന് ജനങ്ങളെ തിരിച്ചയക്കുവാന്‍ തന്ത്രം മെനയുന്നു.
കിളിമാനൂര്‍ കോയിത്തമ്പുരാന്‍ (മൃതിയടഞ്ഞ): രാമവര്‍മ്മ ഇളയ തമ്പുരാനെ കൊല്ലുവാന്‍ രാമനാമഠത്തില്‍പിള്ളയും കൂട്ടരും നടത്തുന്ന ശ്രമങ്ങളെ ചെറുത്ത് കൊല്ലപ്പെടുന്ന തമ്പുരാന്‍.
കേരളവര്‍മ്മ കോയിത്തമ്പുരാന്‍ – മാര്‍ത്താണ്ഡവര്‍മ്മ യുവരാജാവിനുവേണ്ടി കിളിമാനൂരില്‍ നിന്ന് നാരായണയ്യന്റെ കീഴില്‍ പടയെ ഏര്‍പ്പാടു ചെയ്യുന്ന തമ്പുരാന്‍, തമ്പിമാരുടെയും എട്ടുവീട്ടില്‍പിള്ളമാരുടെയും ആക്രമണസമയത്ത് രാമവര്‍മ്മ ഇളയതമ്പുരാനെയും അമ്മത്തമ്പുരാട്ടിയേയും ചെമ്പകശ്ശേരിയില്‍ സംരക്ഷിക്കുന്നു.
നാരായണയ്യന്‍ : കിളിമാനൂരില്‍ നിന്നയച്ച പടയെ നയിക്കുന്ന രാജഭൃത്യന്‍.
ശങ്കരാചാര്‍ : സുഭദ്രയുടെ നായര്‍ ഭൃത്യന്മാരില്‍ പ്രധാനി. മാര്‍ത്താണ്ഡവര്‍മ്മ യുവരാജാവിനെ വേലുക്കുറുപ്പില്‍ നിന്ന് രക്ഷിക്കുവാന്‍ ശ്രമിച്ച് കൊല്ലപ്പെടുന്നു.
അജ്ഞാതനാമാവായ ഭൃത്യന്‍ : സുഭദ്രയുടെ നിര്‍ദ്ദേശമനുസരിച്ച് പന്ത്രണ്ടു നായര്‍ ഭൃത്യന്മാരെ കൊണ്ടു വരുന്ന, ശങ്കരാചാരുടെ കൂട്ടുകാരനായ നായര്‍ ഭൃത്യന്‍.
പപ്പു : സുഭദ്രയുടെ ഒരു ഭൃത്യന്‍. സുഭദ്രയുടെ നിര്‍ദ്ദേശമനുസരിച്ച് പത്മനാഭന്‍ തമ്പിയുടെ വീട്ടില്‍ ചെന്ന് സുഭദ്ര മരിച്ചുവെന്ന് നിലവിളിക്കുന്നു. ശ്രൂപണ്ടാരത്തു വീട്ടിലെ കാവല്‍ക്കാരില്‍ നിന്ന് ഭ്രാന്തന്‍ ചാന്നാനെ പറ്റിയുള്ള വിവരങ്ങളറിയുവാന്‍ പറഞ്ഞയക്കുന്നു.

Exit mobile version