Keralaliterature.com

തോമസ് കുളത്തൂര്‍

തോമസ് കുളത്തൂര്‍

ജനനം : 1945 ഒക്‌ടോബര്‍ 5
ജന്മസ്ഥലം : കോട്ടയം പട്ടണം.
മാതാപിതാക്കളും കുടുംബവും: കെ.തോമസ് വര്‍ഗീസും  അച്ചാമ്മ വര്‍ഗീസും
    കോട്ടയം പാലത്തുങ്കല്‍ കുടുംബത്തില്‍ നിന്നും പൂര്‍വ്വപിതാക്കന്മാര്‍ അഞ്ചേരി കളത്തൂര്‍ പറമ്പിലേക്ക് താമസം മാറി. കൃഷിയും മറ്റും തുടങ്ങി നടത്തിയെങ്കിലും സാമ്പത്തിക തകര്‍ച്ചയെ തുടര്‍ന്ന്, പിതാവ് കോട്ടയത്തേയ്ക്ക് തന്നെ മടങ്ങിവന്ന്, യറുശലേം പള്ളിയുടെ ശുശ്രൂഷകവൃത്തിയില്‍ ഏര്‍പ്പെട്ടു. ഏകസന്താനമായി തോമസ് കെ.വര്‍ഗ്ഗീസ് എന്ന ഞാന്‍ കോട്ടയത്തു ജനിച്ചു. സാമ്പത്തികമായി വിഷമതകള്‍ നേരിട്ടിരുന്നു എങ്കിലും പട്ടിണി ഉണ്ടായിട്ടില്ല. ദൈവവിശ്വാസികളായിരുന്നു മാതാപിതാക്കള്‍. രണ്ടുവയസ്സു കഴിഞ്ഞിട്ടും സംസാരിക്കാതിരുന്ന ഞാന്‍, ഊമയാണോ ഇനി സംസാരിക്കുമോ എന്ന് മാതാപിതാക്കളും ബന്ധുക്കളും സംശയിച്ചു. ഏങ്കിലും മാതാവും പിതാവും എന്നെ  മടിയിലിരുത്തി, നിത്യസംഭവങ്ങളും കഥകളും പറയുക പതിവായിരുന്നു. നാട്ടില്‍ പാമ്പുകടിയേറ്റ് ഒരു യുവാവു മരിച്ചു. ഈ സംഭവം, എന്റെ പിതാവ് വളരെ ദുഃഖത്തോടെ എന്നോടു വിവരിച്ചു. ഞാന്‍ സാധാരണപോലെ ''ഉം…ഉം…''എന്നു മൂളുകമാത്രം ചെയ്തുകൊണ്ടിരുന്നു. വിവരണം കേട്ടുകൊണ്ടിരുന്ന ഞാന്‍ ആദ്യമായി മൂന്നുവാക്കുകള്‍ ഉരുവിട്ടു. ''ഞാന്‍ എന്നാ….ചെയ്യാനാ….''. പറഞ്ഞ സംഭവം ദുഃഖകരമായിരുന്നാലും എന്റെ വാക്കുകള്‍ സന്തോഷത്തിന്റെ മാലപ്പടക്കത്തിനു തീകൊളുത്തി. ആര്‍ദ്രത എന്റെ മനസ്സില്‍ അന്നേ രൂഢമൂലമായിരുന്നു എന്നു പറയാം.
    ആറോ ഏഴോ വയസ്സുള്ളപ്പോള്‍ സമപ്രായക്കാരായ അയല്‍ക്കൂട്ടുകാരുമൊത്ത്, പറമ്പില്‍ വേദി ഉണ്ടാക്കി നാടകം കളിക്കാറുണ്ടായിരുന്നു. ഞങ്ങളുടെ ഒക്കെ മാതാപിതാക്കളും മറ്റയല്ക്കാരും കാഴ്ചക്കാരായി വന്നിരുന്നു. ഒരു നാടകത്തില്‍, ''നിനക്ക് ഞാനുണ്ട്'' എന്ന് നായികയോട് ഞാന്‍ പറഞ്ഞ ഡയലോഗ് കേട്ട് എല്ലാവരും പൊട്ടിച്ചിരിച്ചു. അന്ന് വേദിയില്‍ നിന്നും ഇറങ്ങി ഓടിയശേഷം പിന്നീട് വേദിയില്‍ കയറുന്നത് മിഡില്‍ സ്‌കൂളില്‍ എത്തിയശേഷമാണ്.
    തീരെ ചെറുപ്പം മുതല്‍ കഥകള്‍ എഴുതാന്‍ ശ്രമിച്ചിരുന്നു. അവയെല്ലാം വെളിച്ചം കാണാതെ പോവുകയായിരുന്നു. എന്നാല്‍ മിഡില്‍ സ്‌കൂളില്‍ വച്ച് 'കന്യാകുമാരിയിലേക്കുള്ള ഒരു യാത്രാവിവരണം' എഴുതി സ്‌കൂള്‍ മാസികയില്‍ പ്രസിദ്ധീകരിച്ചു. വായനക്കാരായ അനേകരുടെയും അഭിനന്ദനം, മലയാളഭാഷയെ പ്രണയിയ്ക്കാന്‍ എനിക്ക് ഉത്തേജനം നല്കി. കോളേജിലെ കൈ എഴുത്തു മാസികയിലും ചില അക്ഷരകുസൃതികള്‍ നടത്തി. കോളേജ് യൂണിയന്റെ ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാനായി നടത്തിയ പ്രസംഗങ്ങളിലൊക്കെ നല്ല ഭാഷ ഉപയോഗിക്കാന്‍ അവസരം കിട്ടി. കോളേജ് വാര്‍ഷികത്തില്‍ 'മെര്‍ച്ചന്റ് ഓഫ് വെനീസിലെ'' അന്റോണിയോ ആയി വേഷമിട്ടു. കോളേജ് ജീവിതത്തില്‍ പല സമരങ്ങള്‍ക്കും നേതൃത്വം നല്‍കി. 1974-75 ലെ ഹിന്ദി സമരത്തോടനുബന്ധിച്ച് ബെസേലിയസ് കോളേജിനു മുമ്പില്‍ മൂന്ന് ദിവസം നിരാഹാരസത്യാഗ്രഹം കിടക്കുകയുണ്ടായി. ഇതോടെ ഒരു ''നിഷേധി''യുടെ ആവരണം കൂടെയായി.
    അനീതിക്കെതിരെ പ്രതികരിക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയും കാട്ടിയിട്ടില്ല, അതുപോലെ മറ്റുള്ളവര്‍ക്ക് സഹായമോ ധനമോ ചെയ്യുന്നതിലും. കോട്ടയം ശാന്തി ഭവനിലെ അന്തേവാസികളുടെ ദുരിതം അറിയാനിടയായപ്പോള്‍ മുനിസിപ്പാലിറ്റി ഉപരോധിയ്ക്കാന്‍ സ്വയമേവ നോട്ടീസു നല്കി. ചെയര്‍മാനായിരുന്ന ശ്രീമാന്‍ കുര്യന്‍ ഉതുപ്പ് മാമ്മന്‍ മാപ്പിള ഹാളില്‍ മീറ്റിംഗ് വിളിച്ചു കൂട്ടി ആശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് ഉറപ്പുനല്‍കുകയും നടപടികളില്‍ ഭാഗഭാക്കാകാന്‍ ക്ഷണിക്കുകയും ചെയ്തു. അന്ന് യറുശലേം പളളി യൂത്ത്‌ലീഗിന്റെ സെക്രട്ടറി സ്ഥാനത്തിരുന്നുകൊണ്ട്, ഇടവകാംഗങ്ങളുടെ വീടുതോറും കയറി ഇറങ്ങി, ആവശ്യമായ സഹായങ്ങള്‍ ശാന്തിഭവനില്‍ എത്തിച്ചു.
    ഒരു കുടുംബസുഹൃത്തിന്റെ മകള്‍ അധികം അറിയപ്പെടാത്ത രോഗം വന്ന് പെട്ടെന്ന് മരിക്കുകയുണ്ടായി. നാട്ടുകാരും സ്വന്തക്കാരും രോഗം പകരുമെന്ന പേടിയില്‍ മൃതശരീരം കുളിപ്പിക്കാന്‍ തയ്യാറാകാതെ മാറി നിന്നു. ആ അവസരത്തില്‍ ഒരു സ്ത്രീ സുഹൃത്തിനെ കുടെക്കൂട്ടി, മറ്റൊരു സുഹൃത്തുമായി മൃതശരീരം കുളിപ്പിച്ച് അടക്കത്തിന് തയ്യാറാക്കി. ആ ധൈര്യം നാട്ടുകാരില്‍ നിന്ന് പ്രശംസയും ബഹുമാനവും നേടിത്തന്നു.
ഒന്നും ചിന്തിക്കാതെ പൊതുവിന്റേയും മറ്റുള്ളവരുടേയും ആവശ്യങ്ങള്‍ക്കു വേണ്ടി, എടുത്തു ചാടുന്നത് ഒരു സ്വഭാവമായിത്തീര്‍ന്നു. കോട്ടയം ടൗണിലെ പച്ചമരുന്നുകടകള്‍ക്ക് ഒരു രാത്രിയില്‍ തീപിടിത്തമുണ്ടായി. ഫുട്‌ബോള്‍ കളിച്ച് പരിക്കുപറ്റിയ കൈ, തിരുമ്മി, രണ്ടുവശത്തും ആറ് ഇഞ്ച് സ്‌കെയില്‍ വെച്ചുകെട്ടി, വിശ്രമമെടുക്കുകയായിരുന്നു ഞാന്‍. എന്നാല്‍ വലിയ തീപിടിത്തം കണ്ട് ഒന്നും ആലോചിക്കാതെ സംഭവസ്ഥലത്തേയ്‌ക്കോടി. പഴയ 'ഹോസുകളും' മറ്റും ഉപയോഗിക്കാന്‍ ഫയര്‍ഫോഴ്‌സിനെ സഹായിച്ചു. തീ കെടുംവരെ, കഠിനാദ്ധ്വാനം ചെയ്തു. തിരികെ വീട്ടിലെത്തിയപ്പോള്‍ 'ബാന്‍ഡേജി'നുള്ളിലെ സ്‌കെയിലുകള്‍ നഷ്ടപ്പെട്ടിരുന്നു. നീരും വളരെ കൂടിയിരുന്നു. വേദനയെപ്പറ്റി അപ്പോഴാണ് ഓര്‍ത്തതും അറിഞ്ഞതും.
    പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കോട്ടയം സന്ദര്‍ശിച്ചപ്പോള്‍, പരേഡുഗ്രൗണ്ടിനടുത്തുള്ള രണ്ടു കല്‍മതിലുകള്‍ തിരക്കുമൂലം ഇടിഞ്ഞുവീണു. അനേകര്‍ക്ക് പരിക്കേറ്റു. മറ്റു സംസ്ഥാനങ്ങളില്‍ എത്തിയ ഭൂരിപക്ഷം വരുന്ന പോലീസുകാരെ ഈ അപ്രതീക്ഷിത സംഭവം ഒരു സ്ഥലജലഭ്രമത്തിലാക്കി. കാഴ്ചക്കാരായിരുന്നെങ്കിലും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്നു. പലരേയും മതിലിനടിയില്‍ നിന്ന് വലിച്ചെടുത്ത്, പോലീസ് വാനുകളില്‍ ഡിസ്ട്രിക്ട് ആശുപത്രിയിലേക്കും മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും നിര്‍ദ്ദേശിച്ചയച്ചു. പിന്നീട് ഉയര്‍ന്ന പോലീസുദ്യോഗസ്ഥര്‍ വരെ, ഇനി എന്ത്, എങ്ങോട്ട് എന്ന് വന്നു ചോദിച്ചുകൊണ്ടിരുന്നത്, ഏതോ തെറ്റിദ്ധാരണയിലായിരുന്നു. എങ്കിലും സഹായിക്കാന്‍ സാധിച്ചത് കൂടുതല്‍ ആത്മവിശ്വാസം ജനിപ്പിച്ചു.
    കോട്ടയത്ത് ഒരു ''യുണൈറ്റഡ് ക്രിസ്തുമസ് ഫെസ്റ്റിവല്‍'' ആരംഭിക്കാന്‍ ആദ്യമായി ആലോചിച്ച ഏതാനും ചെറുപ്പക്കാരില്‍ ഒരാളായിത്തീരാന്‍ കഴിഞ്ഞത് ഇന്നും അഭിമാനത്തോടെ ഓര്‍ക്കുകയാണ്. 45 വര്‍ഷങ്ങളോളമായി. എങ്കിലും, ഇന്നും തുടര്‍ച്ചയായി, ഗംഭീരമായി തന്നെ നടന്നുപോകുന്നു.
കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയിട്ടില്ല. ഐ.റ്റി.ഐയില്‍ നിന്ന് ജയിച്ച് മരയ്ക്കാര്‍ മോട്ടോഴ്‌സില്‍ അപ്രന്റിസായി. പിന്നീട് 'മെര്‍ച്ചന്റ് നേവിയില്‍' കുറച്ചുകാലം; പലകമ്പനികളുടേയും വില്പന പ്രതിനിധിയായി അലഞ്ഞുനടക്കല്‍; ഇതിനെല്ലാം ഇടയില്‍ കളരിപ്പയറ്റും ഗുസ്തിയും ഭാരോദ്വഹന, ശരീരസൗന്ദര്യമത്സരങ്ങളും. മൂന്ന് കൊല്ലം ഭാരോദ്വഹനത്തിന് ഡിസ്ട്രിക്ടില്‍ സമ്മാനം വാങ്ങി. പിന്നെ മൂന്നുകൊല്ലം റിപ്പബ്ലിക് ദിനത്തില്‍ ഡിസ്ട്രിക്ട് മത്സരങ്ങളില്‍ വിധികര്‍ത്താവായി പ്രവര്‍ത്തിച്ചു.
    1973 ജനുവരി 18ന് ശോശാമ്മ എന്ന കുഞ്ഞമ്മിണിയെ കരിപ്പാല്‍ കുടുംബത്തില്‍ നിന്ന് വിവാഹം കഴിച്ചു. 1975 അവസാനം, അമേരിക്കന്‍-വിസാ കിട്ടുംവരെ, കോട്ടയത്തെ കലാസാംസ്‌കാരിക  സാഹിത്യമണ്ഡലങ്ങളില്‍ കൈതൊടാതെ പോയതൊന്നുമില്ല. ചെറുപ്പം മുതല്‍ വിവിധ രാഷ്ട്രീയപാര്‍ട്ടി നേതാക്കളുമായി ഇടപെടാനുള്ള അവസരം കിട്ടിയിട്ടുണ്ട്. മനോരമയും ദീപികയും കേരളഭൂഷണവും കേരളധ്വനിയും അനേക സാഹിത്യകാരന്മാരേയും പത്രപ്രവര്‍ത്തകരേയും കോട്ടയത്തെത്തിച്ചിട്ടുണ്ട്. പലരുമായും ഇടപെടാനും അവസരം കിട്ടി. പള്ളിക്കു ലൈബ്രറിയും മാമ്മന്‍മാപ്പിള ഹാളും, വൈ.എം.സി.എയും മറ്റൊരു മുതല്‍കൂട്ടായിരുന്നു. ആത്മീയകാര്യങ്ങളിലും സജീവമായിരുന്നു. പുതിയ കാഴ്ചപ്പാടുണ്ടാക്കാനും വിപ്ലവാത്മകമായ വിഷയങ്ങളെ സംവദിക്കാനും അവസരമുണ്ടാക്കി. നല്ല കാര്യങ്ങള്‍ ഇനിയുമുണ്ട് അനവധി. ജീവിതത്തിന്റെ ഭാഗമായി അവകാശപ്പെടാന്‍. മുപ്പതു വയസ്സിനുള്ളില്‍ ഇത്രയൊക്കെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ത്ഥ്യമുണ്ട്.
കേരളത്തില്‍ ജിവിച്ച മുപ്പതു വയസ്സുവരെയുള്ള ജീവിതം വൈവിധ്യമാര്‍ന്ന മേഖലകളിലൂടെയായിരുന്നു. വളരാനോ നേടാനോ വേണ്ടി സ്വയമേവ ചിന്തിച്ചിട്ടുമില്ല, പ്രവര്‍ത്തിച്ചിട്ടുമില്ല. പ്രവര്‍ത്തിക്കേണ്ട ഇടങ്ങള്‍ കാണുമ്പോള്‍, പ്രജ്ഞ ആവശ്യപ്പെടുമ്പോള്‍, സ്വയമേവ ഇറങ്ങിച്ചെന്ന് ജീവിതം സംഭവബഹുലമാക്കി എന്നു പറയാം.
    അമേരിക്കയിലെ ജീവിതം പ്രവാസിയായി ആരംഭിച്ചു. അതിന്റെ തത്രപ്പാടുകളില്‍ വായനയും ഏഴുത്തും അല്പമൊന്നുലഞ്ഞു. ഫാക്ടറി ജോലിയില്‍ ആരംഭിച്ചു. എന്തു ജോലിയും ചെയ്യാന്‍ യാതൊരു മടിയും തോന്നിയില്ല. പുച്ഛത്തോടെ ഇന്ത്യക്കാരെ നോക്കുന്ന അമേരിക്കക്കാരേയും, സ്‌നേഹപൂര്‍വ്വം ഇടപെടുന്നവരേയും കണ്ടുമുട്ടി. ജോലിക്കിടയില്‍ കോളേജ് വിദ്യാഭ്യാസം പുനരാരംഭിച്ചു. പലതും പഠിച്ചു. 1978-80 കളിലെ ക്ഷാമം ജോലി നഷ്ടപ്പെടുത്തി. പിന്നീട് കമ്പനികളില്‍ 'ജേര്‍ണിമാന്‍ മെഷീനിസ്റ്റാ'യും 'ഇന്‍സ്‌പെക്ടര്‍' ആയും ജോലി ചെയ്തു. ഒന്നും അധികനാള്‍ നീണ്ടു നില്ക്കായ്കയാല്‍ രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം 'റസ്റ്ററന്റുകള്‍' നടത്തി. പണനഷ്ടം വളരെയായിരുന്നു. വീണ്ടും മെഡിക്കല്‍ ഫീല്‍ഡില്‍ പഠനം ആരംഭിച്ചു. എക്‌സ്‌റേ, ക്യാറ്റ് സ്‌കാന്‍ എന്നിവയില്‍ ലൈസെന്‍സെടുത്ത്, കൗണ്ടി ആശുപത്രിയില്‍ 14 വര്‍ഷത്തോളം ജോലി ചെയ്തു. ഇപ്പോള്‍ പെന്‍ഷനായി മക്കളും കൊച്ചുമക്കളുമായി കഴിയുന്നു.
    എനിക്ക് രണ്ട് ആണ്‍മക്കള്‍. അവര്‍ക്ക് ഈരണ്ട് ആണ്‍മക്കള്‍. കഴിഞ്ഞ 40 വര്‍ഷത്തെ അമേരിക്കന്‍ ജീവിതത്തിനിടെ പല ചെറുനാടകങ്ങള്‍ എഴുതി അഭിനയിക്കുകയും അനേകം ലേഖനങ്ങളും ഏതാനും കഥകളും പ്രസിദ്ധീകരിക്കുകയും ചെയ്തു. സപ്തതിയുടെ നിറവില്‍ പുറകോട്ടു തിരിഞ്ഞുനോക്കാന്‍ അവസരം ഉണ്ടായത്, നന്നെന്നുതന്നെ തോന്നുന്നു. സമൂഹത്തില്‍ കാണുകയും കേള്‍ക്കുകയും അനുഭവിക്കുകയും ചെയ്യുന്ന അസമത്വങ്ങള്‍ മനസ്സിനെ പിടിച്ചുകുലുക്കി, ചിന്തകളെ അസ്വസ്ഥമാക്കി, എഴുതാന്‍ നിര്‍ബന്ധിക്കും. അങ്ങനെ സാമൂഹ്യവും രാഷ്ട്രീയവും മതപരവുമായ അനേക ലേഖനങ്ങള്‍ എഴുതി പ്രസിദ്ധീകരിച്ചു. എന്നാല്‍ കഥകള്‍ ക്രമേണ മനസ്സില്‍ രൂപം കൊണ്ട് അതിനെ ചെത്തി മിനുക്കി പുറത്തിറക്കാന്‍ കൂടുതല്‍ സമയവും വേണ്ടി വരുന്നതിനാല്‍ കഥകളുടെ എണ്ണം കുറഞ്ഞുപോയി. ആരോഗ്യം അനുവദിക്കുന്നിടത്തോളം കാലം ഈ സപര്യ തുടര്‍ന്നുകൊണ്ടിരിക്കും.

 

Exit mobile version