Keralaliterature.com

പണിതീരാത്ത വീട്

പണിതീരാത്ത വീട്(നോവല്‍)

പാറപ്പുറം

കെ.ഇ. മത്തായിയുടെ(പാറപ്പുറത്ത്) പ്രശസ്തനോവലാണ് പണിതീരാത്ത വീട്. 1964ലാണ് ഇത്
പ്രസിദ്ധീകരിക്കുന്നത്. നൈനിത്താളിന്റെ പശ്ചാത്തലത്തില്‍ രചിച്ച നോവലില്‍ ‘ഭയാശങ്കയും വേദനയും അസംതൃപ്തിയും അനിശ്ചിതത്വവുംകൊണ്ട് ഭാരപ്പെട്ട ഹൃദയവുമായി ജീവിച്ച്, അവസാനം നിരുപാധികമായി വിധിക്കുകീഴടങ്ങി, വ്യാമോഹങ്ങളുടെ പണിതീരാത്ത വീടിന്റെ കല്‍ത്തറയില്‍ കബറടക്കപ്പെടുന്ന മനുഷ്യജീവിതമാണ്’ ആവിഷ്‌കരിക്കുന്നത്. തന്റെ സൈനികജീവിതത്തിന്റെ വലിയൊരു പങ്ക് നൈനിത്താളില്‍ ചെലവഴിച്ച പാറപ്പുറത്ത്,അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ പട്ടാളക്കഥ എഴുതുന്നത്.ആര്‍മി ആഫീസ് ക്ലര്‍ക്കായി നൈനിത്താളിലെത്തുന്ന ജോസ് ജേക്കബിന്റെ അനുഭവങ്ങളിലൂടെയാണ് നോവലിന്റെ ആഖ്യാനം. മെയ്ജൂണ്‍ സീസണില്‍
ആരംഭിച്ച് 1962 ഒക്‌ടോബറിലെ ചൈനീസ് ആക്രമണകാലത്ത് അവസാനിക്കുന്ന ആറുമാസത്തിലാണ് കഥ നടക്കുന്നത്. മാവേലിക്കരനിന്ന് നിലമ്പൂരില്‍ കുടിയേറിയതാണ് ജോസിന്റെ കുടുംബം. അദ്ധ്വാനിക്കാന്‍ തയ്യാറല്ലാത്ത അപ്പന്റെ സ്വഭാവം കാരണം ദാരിദ്ര്യത്തിലാകുന്ന കുടുംബത്തെയും സഹോദരിയെയും കരുതിയാണ് ജോസ് സൈനികസേവനത്തിന് എത്തുന്നത്. സീസണില്‍ സഞ്ചാരികളെത്തുമ്പോള്‍ ശബ്ദായമാനമാകുന്ന നൈനിത്താള്‍ സീസണ്‍ തീരുമ്പോള്‍ അശാന്തമായ നിദ്രയിലാകുന്നു. നൈനിത്താളിലെ ജീവിതങ്ങളുടെ ദുഃഖങ്ങളാണ് അതിന്റെ അശാന്തി. മകന്‍ അല്‍ഫോണ്‍സ് പുറത്താക്കിയ ഡേവിഡ് മസി, കാമുകന്‍ ഗര്‍ഭിണിയാക്കി ഉപേക്ഷിച്ച റേച്ചല്‍ ജോണ്‍, ജോസിനെ സേഠ്‌സാഹബിന്റെ ഔട്ട് ഹൗസ് തരപ്പെടുത്തിക്കൊടുക്കുന്ന നെയ്യാറ്റിങ്കരക്കാരന്‍ തങ്കയ്യാ നാടാര്‍, അനുജന്‍ സാഹബിന്റെ കാമാഗ്‌നിയില്‍നിന്ന് കുതറിമാറാന്‍ ശ്രമിക്കുന്ന അനാഥയായ ജീവന്തീദേവി(ജിബുലി) എന്ന 15 വയസ്സുകാരി, ഏതോ പണക്കാരി ഉപേക്ഷിച്ചുപോയ ജിബുലിയെ വളര്‍ത്തിയവളും ഹോട്ടല്‍ ജോലിക്കാരിയായിരിക്കെ സാഹബിനെ വലവെച്ചുപിടിച്ചവളുമായ മോഹിനി, ഔട്ഹൗസിലെ അയല്‍വാസിയും മോഹിനിയുടെ ഭര്‍ത്താവുമായ നന്ദന്‍സിങ്ങ്,
പിടിവാശിക്കാരനായ അച്ഛന്റെയും വഴങ്ങിക്കൊടുക്കാത്ത ഭാര്യയുടെയും ഇടയില്‍ നിസ്സഹായനായ അനില്‍കുമാര്‍ ചക്രവര്‍ത്തി തുടങ്ങിയവരുടെ ദുരന്തഭരിതമായ കഥകളിലൂടെ ജോസ് കടന്നുപോകുന്നു. തടാകത്തില്‍ ചാടിക്കുളിക്കാന്‍ ഒരുമ്പെടുന്ന ജോസിനെ തടഞ്ഞുകൊണ്ടാണ് മസി നോവലില്‍ കടന്നുവരുന്നത്. ഒടുവില്‍ അതേ തടാകത്തില്‍
ചാടിമരിക്കുന്ന മസിയുടെ ശവശരീരവും ജോസിന് കാണേണ്ടിവരുന്നു. തടാകത്തില്‍ വീണ റേച്ചലിനെ രക്ഷിച്ച് അവളെ ചേച്ചിയായി സ്വീകരിക്കുകയാണ് ജോസ്. റേച്ചലും മകള്‍ റോഷ്‌നിയുമായുള്ള സൗഹൃദം പുതിയ ആഹ്ലാദവും അസ്വസ്ഥതയും നല്‍കുന്നു ജോസിന്. അനുജന്‍ സാഹബിന്റെ വിരോധവും മോഹിനിയുടെ അസഭ്യവും കാരണം ജോസ്
താമസം മാറുന്നു. തന്റെ പേരുമായി ചേര്‍ത്ത് റേച്ചല്‍ അപമാനിക്കപ്പെടുന്നു. എങ്ങനെയെങ്കിലും നൈനിത്താള്‍ വിടാന്‍ ആഗ്രഹിക്കുന്ന ജോസ് ഡല്‍ഹിയിലേക്ക് മാറ്റം സ്വീകരിക്കുന്നു. 1962ലെ ചൈനീസ് ആക്രമണാരംഭത്തോടെ യൂണിഫോം ധരിച്ച് യുദ്ധരംഗത്തേക്ക് ജോസ് ട്രെയിന്‍ കയറുന്നിടത്താണ് നോവല്‍ അവസാനിക്കുന്നത്. 1972ല്‍ പണിതീരാത്ത വീട് കെ.എസ്. സേതുമാധവന്‍ ചലച്ചിത്രമാക്കി. ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത് പാറപ്പുറംതന്നെയായിരുന്നു. ആ വര്‍ഷത്തെ മികച്ച തിരക്കഥയ്ക്കുള്ള സംസ്ഥാന അവാര്‍ഡും ഫിലിം ഗോയേഴ്‌സ് അവാര്‍ഡും ഈ തിരക്കഥയ്ക്കായിരുന്നു.

Exit mobile version