പഥേര്‍ പാഞ്ചാലി(നോവല്‍)
ബിഭൂതിഭൂഷണ്‍ ബന്ദോപാധ്യായ
ബിഭൂതിഭൂഷണ്‍ ബന്ദോപാധ്യായുടെ പ്രഥമ നോവലാണ് ‘പഥേര്‍ പാഞ്ചാലി’. 1928ല്‍ വിചിത്ര എന്ന ബംഗാളി മാസികയില്‍ തുടര്‍ക്കഥയായും പിന്നീട് 1929ല്‍ പുസ്തകരൂപത്തിലും പ്രസിദ്ധീകരിക്കപ്പെട്ടു. ബംഗാളില്‍ മാത്രമല്ല, ഇന്ത്യക്കകത്തും പുറത്തും ഒരു പോലെ ശ്രദ്ധയാകര്‍ഷിച്ചു. ജീവിതയാത്രയില്‍ നിശ്ചിന്തപൂര്‍ ഗ്രാമത്തിലെ ബ്രാഹ്മണപണ്ഡിതനായ ഹരിഹരറായുടെ കുടുംബത്തിനു നടന്നു പോകേണ്ടി വന്ന വഴികളുടെ കഥ ഒട്ടും
അതിശയോക്തി ഇല്ലാതെ തന്മയത്വത്തോടെ വരച്ചു കാട്ടുന്നു. ഹരിഹറിന്റേയും പത്‌നി സര്‍വജയയുടേയും പുത്രന്‍ അപു ആണ് നോവലിലെ കേന്ദ്രകഥാപാത്രം. നോവലിന്റെ രണ്ടാം ഭാഗം അപരാജിതോ 1932ല്‍ പുറത്തിറങ്ങി. പഥേര്‍ പാഞ്ചാലി എന്നതിനര്‍ത്ഥം പാതയുടെ പാട്ട് എന്നാണ്. പാഞ്ചാലി ഒരു പഴയ കാവ്യരചനാശൈലിയാണ്. ഒരു പ്രത്യേക
ഈണത്തില്‍ പാടുന്ന ഈ ശൈലി ഏതാണ്ട് മലയാളത്തില്‍ പണ്ടു പ്രചാരത്തിലിരുന്ന കഥപ്പാട്ട് പോലെയാണ്. മുപ്പത്തിയഞ്ച് അധ്യായങ്ങളുളള നോവല്‍ മൂന്നു പര്‍വ്വങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഓരോ പര്‍വ്വവും ഓരോ കാലഘട്ടത്തെയാണ് സൂചിപ്പിക്കുന്നത്. ബല്ലാല്‍ ബാലായി, ആം ആടീര്‍ ഭേംപു,അക്രൂര സംബാദ് എന്നിവയാണ് പര്‍വങ്ങള്‍. പന്ത്രണ്ടാം ശതകത്തില്‍ ബംഗാള്‍ ഭരിച്ചിരുന്ന ബല്ലാളസെന്‍ എന്ന രാജാവ് തുടങ്ങി വച്ച വിന, പത്തൊമ്പതാം ശതകത്തിന്റ അന്ത്യദശയിലും അനുഭവിക്കേണ്ടി വന്നവളാണ് ഇന്ദിരാ കാര്‍ന്നോത്തി. കൂലീന്‍ പ്രഥ എന്ന ഈ സമ്പ്രദായപ്രകാരം, വംശവൃദ്ധിക്കായി കുലീന ബ്രാഹ്മണര്‍ക്ക് ബഹുഭാര്യാത്വം അനുവദനീയമായി. പക്ഷെ ഈ ആചാരത്തിന്റെ പേരില്‍ ഒരു ബ്രാഹ്മണന് പലപ്പോഴും പത്തിലധികം ഭാര്യമാരുണ്ടായിരുന്നു. ഈ നിലയ്ക്ക് വിവാഹശേഷവും പെണ്‍കുട്ടികള്‍ക്ക് പിതൃഗൃഹത്തില്‍ തന്നെ ഇത്തിള്‍ക്കണ്ണികളായി താമസിക്കേണ്ടിവന്നു.
ഭര്‍ത്താവിന്റെ സന്ദര്‍ശനം വിരളമായിരുന്നു. മാത്രമല്ല, വന്നാലും ദക്ഷിണയും കോപ്പും കൊടുക്കേണ്ട ബാദ്ധ്യതയും പെണ്‍വീട്ടുകാര്‍ക്കുണ്ടായിരുന്നു. അതുകൊണ്ടുതന്നെ കുലീന ബ്രാഹ്മണര്‍ വിവാഹത്തെ സൗകര്യപ്രദമായ ഉപജീവനമാര്‍ഗ്ഗമായി കണ്ടു. ഇന്ദിരാ കാര്‍ന്നോത്തിയുടെ കഥയും ഇതു തന്നെയായിരുന്നു. ആരോരുമില്ലാതായിത്തീര്‍ന്ന
ഇവര്‍ക്ക് വയസ്സുകാലത്ത് അകന്ന ബന്ധത്തിലുളള സഹോദരനായ ഹരിഹരന്റെ വീട്ടില്‍ ശരണമടയേണ്ടി വന്നു. ഹരിഹരന് പൂജാപാഠങ്ങളില്‍ നിന്നുളള തുച്ഛ വരുമാനമേയുളളു. ഹരിഹരന്റെ പത്‌നി സര്‍വജയ തന്റെ അസന്തുഷ്ടിയും അസഹ്ഷ്ണുതയും പ്രകടിപ്പിക്കാനുളള സന്ദര്‍ഭങ്ങളൊന്നും തന്നെ പാഴാക്കുന്നില്ല. എന്നാല്‍ അഞ്ചു വയസ്സുകാരി ദുര്‍ഗ്ഗക്ക് അപ്പച്ചിയെ വലിയ ഇഷ്ടമാണ്. അപുവിന്റെ ജനനം സര്‍വജയയെ പ്രസന്നയാക്കുന്നുണ്ടെങ്കിലും
ഇന്ദിര കാര്‍ന്നോത്തിയോടുളള പെരുമാറ്റം കൂടുതല്‍ കര്‍ക്കശമാകുന്നതേയുളളു. വൃദ്ധയുടെ മരണത്തോടെ ഒരു കാലഘട്ടം അവസാനിക്കുന്നു. ദുര്‍ഗ്ഗയുടേയും കൊച്ചനിയന്‍ അപുവിന്റേയും ബാല്യകാലമാണ് രണ്ടാം പര്‍വത്തിലെ പ്രതിപാദ്യം. വീട്ടിലെ നിത്യദാരിദ്ര്യം അവര്‍ക്ക് ഒരു പ്രശ്‌നമേയല്ല. വീട്ടിനകത്തും, പുറത്തെ മുളങ്കാട്ടിലും കുളങ്ങളിലും അതിനപ്പുറത്തുളള
വെളിംപ്രദേശങ്ങളുമൊക്കെ അവരിരുവരും ചേര്‍ന്ന് ഇണങ്ങിയും പിണങ്ങിയും നടക്കുന്നു. അവിടെയൊക്കെ പ്രകൃതി അവര്‍ക്കു വേണ്ടി ഒരുക്കിവച്ചിരിക്കുന്ന നിത്യനൂതനാനുഭവങ്ങള്‍ അവരെ ആഹഌദചിത്തരാക്കുന്നു. ദുര്‍ഗ്ഗയുടെ വന്യവും സ്വതന്ത്രവുമായ ചേതന ബിഭൂതിഭൂഷണ്‍ ഭംഗിയായി വരച്ചു കാട്ടുന്നു. ദുര്‍ഗ്ഗയുടെ അകാലമരണത്തോടെ മറ്റൊരു കാലഘട്ടം അവസാനിക്കുന്നു. ഹരിഹരന്‍ സകുടുംബം കാശിയിലേക്ക് പോകാനൊരുങ്ങുന്നു. ആം ആടീര്‍
ഭേംപു മാങ്ങത്തോട് കൊണ്ടുണ്ടാക്കുന്ന ഒരുതരം പീപ്പിയാണ്. വിലപിടിച്ച കളിക്കോപ്പുകളില്ലാത്ത ഗ്രാമത്തിലെ കുട്ടികളുടെ തനതായ കളിപ്പാട്ടം.അക്രൂര സംബാദ് എന്ന പര്‍വത്തില്‍വളരെയേറെ ശുഭാപ്തി വിശ്വാസത്തോടെയാണ് ഹരിഹരന്‍ കുടുംബത്തെ കാശിയിലേക്ക് പറിച്ചു നടുന്നത.് ഹരിഹരന്റെ തീര്‍ത്തും ആകസ്മികമായ മരണം,
സര്‍വജയയെ ദാസ്യവൃത്തിക്ക് നിര്‍ബന്ധിതയാക്കുന്നു. യാതനകള്‍ നിറഞ്ഞ ദിനങ്ങളിലും അപുവിന്റെ കൗമാരമനസ്സ് കൂടുതല്‍ അറിവു നേടാനുളള വ്യഗ്രതയിലാണ്.നിശ്ചിന്തപൂരിനോട് അപു വിട പറയുന്നതിനെ, വൃന്ദാവനത്തിലെ ബാലകേളികള്‍ മതിയാക്കി, അക്രൂരനോടോപ്പം പോകുന്ന ശ്രീകൃഷ്ണന്റെ യാത്രയുമായി ഉപമിച്ചിരിക്കുന്നു. സത്യജിത് റേ ആദ്യമായി സംവിധാനം ചെയ്ത് 1955ല്‍ പുറത്തിറങ്ങിയ പഥേര്‍ പാഞ്ചാലി എന്ന ചിത്രം
ഈ നോവലിലെ ആദ്യത്തെ രണ്ടു പര്‍വ്വങ്ങളെ ആസ്പദമാക്കിയുള്ളതാണ്. വെളളിത്തിരയുടെ ചട്ടക്കുട്ടിലൊതുക്കാനായി അല്പം ചില ഭേദഗതികള്‍ വരുത്തിയിട്ടുണ്ട്.