Keralaliterature.com

മാമ്പഴം

മാമ്പഴം(കവിത)

വൈലോപ്പിള്ളി ശ്രീധരമേനോന്‍ 

വൈലോപ്പിള്ളി ശ്രീധരമേനോന്‍ 1936ല്‍ എഴുതിയ കവിതയാണ് മാമ്പഴം. വൈലോപ്പിള്ളിക്കവിതകളില്‍ ഏറ്റവും പ്രസിദ്ധമായ കൃതി. ഒരമ്മ മാമ്പഴക്കാലമാകുമ്പോള്‍ തന്റെ മരിച്ചുപോയ മകനെക്കുറിച്ച് ഓര്‍ക്കുന്നതാണ് പ്രതിപാദ്യം. കേകാ വൃത്തത്തില്‍ ഇരുപത്തിനാല് ഈരടികള്‍ അടങ്ങുന്ന ഈ കവിത ആദ്യം പ്രസിദ്ധീകരിച്ചത് മാതൃഭൂമി ഓണപ്പതിപ്പിലാണ്. ആറു വര്‍ഷം മുന്‍പ് 1930ല്‍, നാലര വയസ്സുള്ളപ്പോള്‍ മരിച്ച ഒരനുജന്റെ ഓര്‍മ്മ കവിതയ്ക്കു പിന്നിലുണ്ടെന്ന് കവി വെളിപ്പെടുത്തിയിട്ടുണ്ട്. പിന്നീട് 1947ല്‍ ഇറങ്ങിയ ”കന്നിക്കൊയ്ത്ത്” എന്ന സമാഹാരത്തില്‍ ഇതു ഉള്‍പ്പെടുത്തി. മലയാളകവിതയുടെ നവോത്ഥാനപ്രതീകമായി ഈ കവിതയെ മാരാര്‍ വാഴ്ത്തിയിട്ടുണ്ട്. മാരാരുടെയും എം.എന്‍. വിജയന്റെയും മാമ്പഴം നിരൂപണങ്ങള്‍ പ്രശസ്തമാണ്. വീട്ടുമുറ്റത്തെ തൈമാവില്‍ നിന്ന് ആദ്യത്തെ മാമ്പഴം വീഴുന്നതു കാണുന്ന അമ്മ, നാലുമാസം മുമ്പ് ആ മാവ് പൂത്തുതുടങ്ങിയപ്പോള്‍ മകന്‍ ഒരു പൂങ്കുല പൊട്ടിച്ചെടുത്തതും താന്‍ ശകാരിച്ചതും ഓര്‍ക്കുന്നു. ‘മാങ്കനി വീഴുന്നേരം ഓടിച്ചെന്നെടുക്കേണ്ടോന്‍, പൂങ്കുല തല്ലുന്നതു തല്ലുകൊള്ളാഞ്ഞിട്ടല്ലേ’ എന്ന അമ്മയുടെ ശകാരം കുഞ്ഞിനെ സങ്കടപ്പെടുത്തുകയും കളങ്കമേശാത്ത അവന്റെ കണ്ണിനെ കണ്ണുനീര്‍ത്തടാകമാക്കുകയും ചെയ്തിരുന്നു. മാങ്കനി പെറുക്കുവാന്‍ താന്‍ വരുന്നില്ലെന്ന് പറഞ്ഞ് പൂങ്കുല വെറും മണ്ണില്‍ എറിഞ്ഞു കളഞ്ഞ കുട്ടി, മാമ്പഴക്കാലത്തിനു മുന്‍പേ മരിച്ചുപോയി. കവി ഇതേക്കുറിച്ചു നടത്തുന്ന നിരീക്ഷണം പ്രസിദ്ധമാണ്:
‘വാക്കുകള്‍ കൂട്ടിച്ചൊല്ലാന്‍ വയ്യാത്ത കിടാങ്ങളേദീര്‍ഘദര്‍ശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങള്‍’ തൈമാവിനടുത്തു തന്നെയായിരുന്നു കുഞ്ഞിന്റെ കൊച്ചുശരീരം മറവുചെയ്തിരുന്നതും. മാവില്‍ നിന്നു വീണ ദുരിതഫലം പോലുള്ള ആ മാമ്പഴം, അമ്മ മകന്റെ സംസ്‌കാരസ്ഥാനത്തിനു മേലുള്ള മണ്ണില്‍ വച്ച് പറയുന്നു:’ഉണ്ണിക്കൈക്കെടുക്കുവാന്‍ ഉണ്ണിവായ്ക്കുണ്ണാന്‍ വേണ്ടിവന്നതാണീ മാമ്പഴം; വാസ്തവമറിയാതെപിണങ്ങിപ്പോയീടിലും പിന്നെ ഞാന്‍ വിളിക്കുമ്പോള്‍കുണുങ്ങിക്കുണുങ്ങി നീ ഉണ്ണുവാന്‍ വരാറില്ലേ.വരിക കണ്ണാല്‍ കാണാന്‍ വയ്യാത്തൊരെന്‍ കണ്ണനേതരസാ നുകര്‍ന്നാലും തായതന്‍ നൈവേദ്യം നീ’
ഈ അനുനയവാക്കുകള്‍ കേട്ട് കുട്ടിയുടെ പ്രാണന്‍ ഒരു ചെറു കുളിര്‍കാറ്റായി വന്ന് അമ്മയെ പുണര്‍ന്ന് അവരുടെ നൈവേദ്യം സ്വീകരിക്കുന്നതായി കല്പിക്കുന്നതോടെ കവിത സമാപിക്കുന്നു. കുട്ടികള്‍ക്ക് അമ്മയുമായുള്ള ബന്ധത്തില്‍ ഉണ്ടാവുന്ന പ്രതിസന്ധിയുമായി ബന്ധപ്പെടുത്തി ഈ കൃതിയെ മനശ്ശാസ്ത്രപരമായി അപഗ്രഥിക്കുന്ന സാഹിത്യചിന്തകന്‍ എം.എന്‍. വിജയന്റെ പഠനം പ്രസിദ്ധമാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, ‘രണ്ടാമത്തെയോ മൂന്നാമത്തെയോ വയസ്സില്‍ ഈ ഉല്‍ക്കണ്ഠ പുതിയ രൂപങ്ങള്‍ കൈക്കൊള്ളുന്നു. കുഞ്ഞ് അമ്മയോട് കൂടുതല്‍ കൂടുതല്‍ ഒട്ടിച്ചേരുകയും വിടുവിക്കാന്‍ ശ്രമിക്കവെ കുതറുകയും ചെയ്യുന്നു. തന്നില്‍നിന്ന് ബലാല്‍ മറച്ചുവെയ്ക്കപ്പെടുന്ന, തേടിച്ചെല്ലുമ്പോള്‍ ശകാരപ്രഹരങ്ങള്‍ കൊണ്ട് മറുപടി കൊടുക്കുന്ന വസ്തു അവന്‍ അപരിചിതവും കഠിനവുമായ വേദനകള്‍ക്ക് ഊണാക്കുന്നു.  പിണങ്ങിയും തായയെയും തന്നെയും പീഡിപ്പിച്ചും ആത്മഹത്യ ചൂണ്ടി ഭീഷണിപ്പെടുത്തിയും നഷ്ടഭീതിയില്‍ നിന്ന് അവന്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നു. വാസ്തവത്തില്‍ ജയിച്ചാലും തോറ്റാലും, ഭാവനയില്‍ അവന്‍ എന്നും ജയിക്കുകയേയുള്ളൂ.  ഇങ്ങനെ ഭാവനയില്‍ ജയിച്ച ബാലനത്രേ ‘മാമ്പഴ’ത്തിലെ നായകന്‍’. വൈലോപ്പിള്ളിക്കവിതയിലെ ഗന്ധബിംബങ്ങളെയും അതിനുപിന്നിലെ കോപ്രോഫിലിക് ചിത്തവൃത്തിയെയും വിവരിക്കുന്ന സന്ദര്‍ഭത്തില്‍ മാമ്പഴത്തിലെ’ തുംഗമാം മീനച്ചൂടാല്‍ തൈമാവിന്‍ മരതകക്കിങ്ങിണി സൗഗന്ധികസ്വര്‍ണ്ണമായ്ത്തീരും മുമ്പേ’ എന്ന ഈരടി എം.എന്‍. വിജയന്‍ ഉദാഹരിക്കുന്നുണ്ട്. ഇതിലെ ‘സുഗന്ധമുള്ള സ്വര്‍ണ്ണം’ എന്ന ബിംബം ഒരു കോപ്രോഫിലിക് ഭാവനയാണെന്ന് അദ്ദേഹം സമര്‍ത്ഥിക്കുന്നു.

Exit mobile version