Keralaliterature.com

രാമകഥപ്പാട്ട്

രാമകഥപ്പാട്ട്(കാവ്യം)

അയ്യിപ്പിള്ള ആശാന്‍

പാട്ടുപ്രസ്ഥാനത്തിലുണ്ടായ ജനകീയ കാവ്യമാണ് രാമകഥപ്പാട്ട്. ഇരവിക്കുട്ടിപ്പിള്ളപ്പോര്, ഉലകുടപെരുമാള്‍ തുടങ്ങിയ പാട്ടുകളെപ്പോലെ തെക്കന്‍ നാടന്‍ പാട്ടുകളില്‍ ഒന്നു മാത്രമായാണ് സാഹിത്യചരിത്രകാരന്മാര്‍ രാമകഥപ്പാട്ടിനെയും കരുതിയിരുന്നത്. എന്നാല്‍ ഇതിന് മഹത്തരമായ ഒരു സ്ഥാനം നല്‍കിയത് പി.കെ. നാരായണപിള്ളയാണ്. 4 മുതല്‍ 17 വരെ ശതകങ്ങള്‍ക്കിടെയാണ് കാലം കല്പിക്കുന്നത്. കണ്ണശ്ശനു പിന്നീടാണ് അയ്യപ്പിള്ള ആശാന്റെ കാലം. കോവളത്തിനടുത്തുള്ള ആവാടുതുറയിലെ അയ്യിപ്പിള്ള ആശാനാണ് രാമകഥപ്പാട്ടിന്റെ കര്‍ത്താവ്. അദ്ദേഹം അക്ഷരജ്ഞാനമില്ലാത്ത ഒരു കൃഷിക്കാരനായിരുന്നു എന്നും ഒരു ദിവസം മാടം കാക്കാന്‍ അനുജനെ നിയോഗിച്ചിട്ട് പത്മനാഭസ്വാമിക്ഷേത്രത്തില്‍ ശീവേലി തൊഴാന്‍ പോയെന്നും ദീപാരാധന കഴിഞ്ഞ് വെളിയിലിറങ്ങിയപ്പോള്‍ ഒരു വൃദ്ധനെക്കണ്ട് അദ്ദേഹത്തോട് തനിക്ക് വല്ലതും വേണമെന്ന് അപേക്ഷിച്ചു എന്നും അപ്പോള്‍ അദ്ദേഹം ഒരു വാഴപ്പഴം കൊടുത്തത് ഭക്ഷിച്ചു എന്നും മാടത്തിലേക്കുള്ള യാത്ര പാട്ടു പാടിക്കൊണ്ടായിരുന്നു എന്നുമാണ് ഐതിഹ്യം. രാമായണകഥയാണ് രാമകഥപ്പാട്ടിന്റെ ഉള്ളടക്കം. വാല്മീകിരാമായണത്തെയാണ് ഈ കൃതി മാതൃകയാക്കുന്നത്. എങ്കിലും കഥയില്‍ വ്യതിയാനം വരുത്തുകയും ചില നൂതനാംശങ്ങള്‍ ഉള്‍പ്പെടുത്തുകയും ചെയ്യുന്നു. കമ്പരാമായണത്തില്‍നിന്ന് സ്വീകരിച്ചിരിക്കുന്ന പാതാളരാവണകഥ ഉദാഹരണം. യുദ്ധകാണ്ഡത്തിന് രാമചരിതകാരനെപ്പോലെ അയ്യിപ്പിള്ള ആശാനും പ്രാധാന്യം കല്പിക്കുന്നു. രാവണവധത്തോടെയാണ് കൃതി അവസാനിക്കുന്നത്.വിരുത്തവും പാട്ടുമായുമാണ് കൃതി സംവിധാനം ചെയ്തിരിക്കുന്നത്. ഒന്നോ അതിലധികമോ വിരുത്തവും അതിനെത്തുടര്‍ന്ന് ദീര്‍ഘമായ പാട്ടും. 279 വിരുത്തവും 3163 പാട്ടുകളുമാണുള്ളത്. ഭക്തിയല്ല, ബഹുജനങ്ങള്‍ക്ക് രസം പകര്‍ന്ന് കൊടുക്കുകയാണ് ഈ കൃതിയുടെ ലക്ഷ്യം. വില്ലടിച്ചാന്‍ പാട്ട് പോലെ ചന്ദ്രവളയമെന്ന വാദ്യ ഉപകരണത്തിന്റെ പ്രയോഗത്തോടെ വിഷ്ണുക്ഷേത്രങ്ങളില്‍ രാമകഥാപ്പാട്ട് പാടി വന്നിരുന്നു. എതുകയും മോനയും അന്ത്യപ്രാസവുമെല്ലാം ഇതില്‍ അനായാസമായി പ്രയോഗിച്ചിരുന്നു. ലീലാതിലകത്തിലെ പാട്ടുലക്ഷണത്തെ ഉല്ലംഘിച്ച് സംസ്‌കൃതാക്ഷരങ്ങള്‍ സ്വീകരിച്ച് എഴുതപ്പെട്ടതാണ് രാമകഥപ്പാട്ട്. എങ്കിലും സംസ്‌കൃതത്തിന്റെ സ്വാധീനം കണ്ണശ്ശകൃതികളെ അപേക്ഷിച്ച് ഏറെ കുറവാണ്. നല്ല തമിഴ് പണ്ഡിതനായിരുന്ന ആശാന്‍ മലയാംതമിഴിലാണ് രാമകഥ എഴുതിയത് എന്ന് ഉള്ളൂര്‍ അഭിപ്രായപ്പെടുന്നു. മലനാട്ടുതമിഴും സംസ്‌കൃതവും മാത്രമല്ല ചെന്തമിഴുകൂടി സങ്കലനം ചെയ്തുണ്ടാക്കിയ ഒരു ഭാഷാമിശ്രമാണ് ഇതിലെന്നാണ് എന്‍. കൃഷ്ണപിള്ളയുടെ അഭിപ്രായം. രാമചരിതത്തിലെ ഭാഷ തികച്ചും ക്ലാസിക് രീതിയിലുള്ള ഒരു സമ്മിശ്രമാണെങ്കില്‍ ഇത് തെക്കന്‍ തിരുവിതാംകൂറിലെ നാടോടിത്തമിഴില്‍ നാമ്പെടുത്തിട്ടുള്ളതാണെന്ന് ഡോ. കെ.എം.ജോര്‍ജ്ജ് പറയുന്നു. അനുനാസികാതിപ്രസരവും താലവ്യാദേശവും ഉള്ള രൂപങ്ങളും ഇല്ലാത്ത രൂപങ്ങളും രാമകഥപ്പാട്ടില്‍ കാണാം.

Exit mobile version