Keralaliterature.com

സ്വപ്നവാസവദത്തം

സ്വപ്നവാസവദത്തം

ഭാസന്റെ ഏറ്റവും ശ്രേഷ്ഠമായ കൃതിയായി പരിഗണിക്കപ്പെടുന്ന പുരാതനസംസ്‌കൃതനാടകമാണ് സ്വപ്നവാസവദത്തം അഥവാ സ്വപ്നനാടകം. ഏറെക്കാലമായി നഷ്ടപ്പെട്ടു എന്നു വിശ്വസിച്ചിരുന്ന ഭാസകൃതികള്‍ 1912ല്‍ പുറംലോകത്തെത്തിച്ച അനന്തശയനഗ്രന്ഥാവലിയുടെ പ്രസാധകനായിരുന്ന ടി. ഗണപതി ശാസ്ത്രിയുടെ ഊഹം ഭാസന്‍ ചാണക്യനും (ക്രിസ്തുവിനു മുമ്പ് മൂന്നാം ശതകം) മുമ്പ് ജീവിച്ചിരുന്നിരിക്കണം എന്നായിരുന്നു. എന്നാല്‍ ഈ ഊഹം ശരിയായിരിക്കണമെന്നില്ല എന്നു പില്‍ക്കാലഗവേഷണങ്ങള്‍ അനുമാനിക്കുന്നു.കേരളപാണിനിയുടെ അഭിപ്രായത്തില്‍ ക്രിസ്ത്വബ്ദം ഒന്നാം നൂറ്റാണ്ടിനുശേഷമാണ് ഭാസകവി ജീവിച്ചിരുന്നത്. സ്വപ്നവാസവദത്തത്തിന്റെ മൂലകഥാതന്തുവിന്റെ പ്രായം ഗണിച്ചാണ് അദ്ദേഹം ഈ അഭിപ്രായത്തില്‍ എത്തിയിരിക്കുന്നതു്. ഗുണാഢ്യന്‍ രചിച്ച, ലുപ്തമായിപ്പോയെന്നു വിശ്വസിക്കപ്പെടുന്ന, ബൃഹത്കഥ എന്ന പൈശാചപ്രാകൃതഗ്രന്ഥത്തിലും അതിന്റെ സംക്ഷിപ്തരൂപമായ സോമദേവഭട്ടന്റെ കഥാസരിത്സാഗരം എന്ന സംസ്‌കൃതകൃതിയിലും സ്വപ്നവാസവദത്തത്ത്‌ലെ നായകനായ ഉദയനമഹാരാജാവിന്റെ കൂടുതല്‍ വിശദമായ ജീവിതകഥകളുണ്ടു്. ഗുണാഢ്യന്‍ ഒന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സാതവാഹനന്റെ സമകാലീനനായിരുന്നു എന്ന വസ്തുതയാണു് പാണിനിയുടെ അനുമാനത്തിന് ഉപോദ്ബലകം.

Exit mobile version