Keralaliterature.com

അക്കേഷ്യാ മരങ്ങള്‍ പൂക്കും കാലം

വി.ആര്‍.രാജ മോഹന്‍

ഇനി എന്നാണ് ഈ വീട്ടിലെ ചോര്‍ച്ച മാറ്റുക.അടുത്ത മഴക്കാലത്തും ഇങ്ങനെയാണെങ്കില്‍ ഇവിടെ താമസിക്കാന്‍ എന്നെ കിട്ടില്ല.സുനന്ദ അന്ത്യശാസനം നല്‍കി.എത്ര നാള്‍ എന്ന് കരുതിയാണിത് സഹിക്കുക.പുതിയ വീടൊന്നും വേണമെന്നില്ല.കുട പിടിച്ചൊന്നും അടുക്കളയില്‍ കയറാനൊന്നും പറ്റില്ല.സുനന്ദ പരിദേവനം തുടരുകയാണ്.ചോര്‍ന്നൊലിക്കാത്ത ഏതെങ്കിലും ഭാഗമുണ്ടോ ഈ വീട്ടില്‍ .അവള്‍ ഇനി അങ്ങോട്ട് പറയാന്‍ പോകുന്നതെല്ലാം വേണമെങ്കില്‍ കാണാതെ പറയാം.
സ്കൂളില്‍ നിന്ന് പലരും വീട്ടിലേക്ക് വരുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍ വേണ്ടാന്ന് പറഞ്ഞിരിക്കുകയാണ്താനെന്ന് സുനന്ദ പലപ്പോഴും പറയാറുണ്ട്.അവള്‍ പറയുന്നതിലും കാര്യമുണ്ട്.മുതുമുത്തശ്ശന്‍െറ കാലത്ത് പലപ്രമുഖരും താമസിച്ചിടമാണെന്നും പറഞ്ഞ് മുത്തശ്ശന്‍ അഭിമാനം കൊള്ളുന്നത് മനസില്‍ തെളിഞ്ഞ് വന്നു. നീ വലുതായി ഭാര്യയും മക്കളുമൊക്കൊയാകുമ്പോള്‍ ഈ പഴഞ്ചന്‍ വീട്ടില്‍ താമസിക്കാന്‍ പറ്റുമെന്നൊന്നും തോന്നുന്നില്ല.പത്ത് സെന്‍്റ് സ്ഥലത്ത് നിറഞ്ഞ് നില്‍ക്കുന്ന പഴയ കെട്ടിടം പൊളിച്ച് അതിലെ കല്ലും മരവുമൊക്കൊ ഉപയോഗിച്ച് വേണമെങ്കില്‍ പുതിയൊരു വീട് പണിയാം.നിനക്ക് പണവും ലാഭിക്കാം. അത്രയെങ്കിലും ചെയ്തില്ളെങ്കില്‍ കാരവണന്മാര്‍ക്ക് സഹിക്കില്ല.തീരെ അവശതയില്‍ കഴിയുമ്പോള്‍ മുത്തശ്ശന്‍ ഒരു ദിവസം വേദനയോടെ പറഞ്ഞു.
സുനന്ദ ആദ്യമായി വീട്ടിലേക്ക് വരുമ്പോള്‍ പഴയ അടുക്കളയാണെങ്കിലും അമ്മ തന്നെ എല്ലാം തൂത്തും തുടച്ച് ഭംഗിയായി സൂക്ഷിച്ചിരുന്നു.അച്ഛന്‍ മരിച്ചതില്‍ പിന്നെ അമ്മക്കാകട്ടെ എല്ലാറ്റിനോടും നിര്‍വികാരതയായിരുന്നു.എങ്കിലും വീട്ടിലെ കാര്യങ്ങള്‍ ഒരുവിധം കൃത്യമായി നോക്കി നടത്തിയിരുന്നു.അമ്മക്ക് വയ്യാതായതില്‍ പിന്നെ സുനന്ദക്ക് ഒറ്റക്ക് നോക്കി നടത്താന്‍ പറ്റാതായി.ഓരോ ക്ളാസ് പിന്നിടുമ്പോഴൂം അംഗിതിന്‍െറ കാര്യം കൂടുതല്‍ ബുദ്ധിമുട്ടിലാകുകയായിരുന്നു.സ്കൂള്‍ വിട്ട് വന്നാല്‍ പിന്നെ അവന്‍െറ പിന്നാലെ തന്നെ പോകേണ്ട സ്ഥിതി. നശിച്ച് കിടക്കുന്നപഴയ വീട്ടിലെ താമസം സുഖകരമാകില്ളെന്ന അവസ്ഥ സ്വാഭാവികം.
ആദ്യമൊക്കെ അവള്‍ വേദന കടിച്ച് പിടിച്ചു.പിന്നീട് ഇടക്കിടെ കരച്ചിലായി.ഒടുവിലത് ശീലമായി.സ്കൂളിലെ മറ്റ് അധ്യാപികമാരുടെ ഹൗസ് വാമിങ്ങിന് പോയി മോഡുലാര്‍ കിച്ചണ്‍ കാബിനറ്റും മൈക്രോവേവ് ഓവനും മറ്റും കണ്ട് മടങ്ങും ദിവസങ്ങളില്‍ സുനന്ദയെ പിടിച്ചാല്‍ കിട്ടില്ല.ദേഷ്യവും സങ്കടവും കൊണ്ട് അവള്‍ ഉറഞ്ഞ് തുള്ളും.ഞാന്‍ എന്‍െറ വിഷമം കരഞ്ഞ് തീര്‍ത്തു കൊള്ളാം അതില്‍ ആരുമിടപെടേണ്ട.ചിലരൊക്കൊ മദ്യപിച്ചും മറ്റും വിഷമം തീര്‍ക്കാറില്ളേ? ഞാനത് പോലെ കരയുന്നു എന്നേയുള്ളൂ.ആശ്വാസ വാക്കുകള്‍ കൊണ്ട് ഒരു പ്രയോജനവുമില്ളെന്ന് മനസ്സിലാക്കിയതോടെ അത്തരം ശ്രമങ്ങള്‍ അവസാനിപ്പിച്ചു.അമ്മ കൂടി മരിച്ചതോടെ സുനന്ദയുടെ കാര്യങ്ങള്‍ അങ്ങേയറ്റം കഷ്ടത്തിലാണ്. രണ്ട് ജില്ലകള്‍ക്ക് അപ്പുറത്ത് സ്ഥലം മാറ്റം എല്ലാം തകിടം മറിച്ചു.ഒന്നരാടം മാത്രമേ വീട്ടില്‍ എത്താന്‍ പറ്റുകയുള്ളൂ എന്ന് വന്നപ്പോള്‍ ജോലി കളഞ്ഞാലോ എന്ന് വരെ തോന്നിച്ചു.അംഗിതിനെ മികച്ച രീതിയില്‍ പഠിപ്പിക്കണം.തനിക്ക് പറ്റാതിരുന്ന കാര്യങ്ങള്‍ കിട്ടാതിരുന്ന അവസരങ്ങള്‍ എല്ലാം അവന് കൊടുക്കണം.ജോലി കളയാന്‍ വളരെ എളുപ്പമാണ്.രണ്ട്ദിവസം പണിയൊന്നുമില്ലാതെ ചുറ്റിത്തിരിയുമ്പോളറിയാം ജോലിയുടെ വില.സുനന്ദ നിരുത്സാഹപ്പെടുത്തലിന് പതിവ് പോലെ കീഴടങ്ങി.നിനച്ചിരിക്കാതെ സ്ഥലംമാറ്റം കിട്ടിയതോടെ അല്പം ആശ്വാസമായി.
പുതിയ വീടു നിര്‍മ്മാണ രീതികളെ പരിചയപ്പെടുത്തുന്ന പ്രത്യേക പതിപ്പിലേക്ക് അഭിമുഖത്തിനായിട്ടായിരുന്നു ആദ്യമായി ആര്‍ക്കിടെക്റ്റ് സിദ്ധാര്‍ത്ഥ ചന്ദ്രന്‍െറ അടുത്ത് പോയത്.ഗ്രീന്‍ ആര്‍ക്കിടെക്ച്ചറിന്‍െറ വക്താവായ കക്ഷി വീട് നിര്‍മ്മാണത്തിന് അനാവശ്യമായി പണം ചെലവിടുന്നതിനോട് ശക്തമായ എതിര്‍പ്പുള്ളയാളാണ്.നഗരത്തിലെ പഴയ പാണ്ടിക ശാല തന്‍െറ അതിമനോഹരമായ ഓഫീസും സ്റ്റുഡിയോയും ആക്കി മാറ്റി സിദ്ധാര്‍ത്ഥ ചന്ദ്രന്‍ വാക്കും പ്രവര്‍ത്തിയും ഒന്ന് തന്നെ തെളിയിച്ചിട്ടുള്ളയാളാണ്.ആര്‍ട്ടിക്കിളിനാവശ്യമായ ചോദ്യങ്ങള്‍ക്ക് വിശദമായ ഉത്തരങ്ങള്‍ ലഭിച്ച ശേഷം സമയം ബാക്കി.പരസ്പരമുള്ള പരിചയപ്പെടലിന് സാവകാശം കിട്ടി.പറഞ്ഞ് വന്നപ്പോള്‍ മൂപ്പരുടെ മുത്തശ്ശന്‍ പ്രശസ്തനായ അഭിഭാഷകന്‍ സ്വാതന്ത്ര സമര കാലത്ത് തറവാട്ടിലാണത്രെ ഒളിവില്‍ കഴിഞ്ഞിരുന്നത്.വീട് ഇപ്പോഴുണ്ടോ അതോ പൊളിച്ചോ? ആവേശത്തോടെ സിദ്ധാര്‍ത്ഥന്‍ ചോദിച്ചു.ഇല്ല എനിക്കാണ് അത് കിട്ടിയത്.എല്ലാം പഴയതായി.പൊളിച്ച് പുതിയത് ഒന്ന് പണിയണമെന്നുണ്ട്.ചെറിയൊരു നിശ്വാസം അദ്ദേഹത്തില്‍ നിന്നുണ്ടായി.പൊളിക്കരുതെന്ന് ഉപദേശിക്കാന്‍ വാസ്തവം പറഞ്ഞാല്‍ എനിക്ക് ധാര്‍മ്മികമായി യാതൊരു അര്‍ഹതയുമില്ല.ഞങ്ങളുടെ ആന്‍സിസ്റ്ററല്‍ പ്രോപ്പര്‍ട്ടി പൊളിച്ച സംഭവം നിങ്ങള്‍ മീഡിയ വലിയ വാര്‍ത്തയാക്കിതാണ്.അങ്ങനെ സംഭവിക്കാതിരിക്കാന്‍ ഫാമിലിക്കകത്ത് ഞാന്‍ ഒരുപാട് ഫൈറ്റ് ചെയ്ത് നോക്കിയതാണ്.അവകാശികളായി അനവധി പേരുണ്ട്.അവരാര്‍ക്കും തീരെ താല്പര്യമില്ല.മിക്കവരും സ്റ്റേറ്റ്സിലും മറ്റുമാണ്.ചിലര്‍ ഇങ്ങനെയൊരു വസ്തുവില്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നുള്ള കാര്യം പോലും അറിയത്തവരായിരുന്നു.പക്ഷെ അറിഞ്ഞ് വന്നപ്പോള്‍ എത്രയും പെട്ടെന്ന് അത് വിറ്റ് പണം നല്‍കിയാല്‍ മതിയെന്ന് പറഞ്ഞ് മിനിറ്റുകള്‍ക്കുള്ളില്‍ മിക്കവരുടേയും ഇ മെയില്‍ എത്തി.ഒരു ട്രസ്റ്റ് രൂപീകരിച്ച് എല്ലാവര്‍ക്കും കൃത്യമായ റിട്ടേണ്‍സ് കിട്ടുന്ന നല്ളൊരു ഹെരിറ്റേജ് ഹോട്ടലാക്കി മാറ്റാനുള്ള ഡീറ്റയില്‍ഡ് പ്രൊപ്പോസല്‍ ഞാന്‍ തയ്യാറാക്കി എല്ലാവര്‍ക്കും അയച്ച് കൊടുത്തതാണ്.വിത്ത് ആള്‍ ദ് ഡീറ്റയില്‍സ് ഇന്‍ക്ളൂഡിങ്ങ് ദ് ത്രീഡി ഡ്രോയിങ്ങ്സ് ആന്‍്റ് അദര്‍ സപ്പോര്‍ട്ടിങ്ങ് മെറ്റീരിയല്‍സ്.ആര്‍ക്കും അതൊന്നും തീരെ ഇഷ്ടമായില്ല.നിങ്ങള്‍ കാണുന്നുണ്ടല്ളോ അവിടെ ഉയര്‍ന്ന് പൊങ്ങിയ കോണ്‍ക്രീറ്റ് ജംഗിള്‍.
വീട്ടില്‍ മടങ്ങിയത്തെയപ്പോഴാണ് തറവാട് പുതുക്കിപ്പണിഞ്ഞലോ എന്ന ആലോചന ആദ്യമായി മനസ്സില്‍ ഉടലെടുത്തത്.സിദ്ധാര്‍ത്ഥ ചന്ദ്രനോട് നല്ളൊരു ഫേസ് ലിഫ്റ്റിന്‍െറ കാര്യം പറയാമായിരുന്നു.സാരമില്ല ,അതൊന്നും നടപ്പില്‍ വരുന്ന കാര്യമല്ല.വെറുതെ എന്തിന് ആവശ്യമില്ലാത്ത മോഹങ്ങള്‍.രാത്രി സുനന്ദയെ കെട്ടിപ്പിടിച്ച്് കിടക്കുംനേരം പതിയെ പറഞ്ഞു.നമുക്ക് ഈ വീടിന്‍െറ മുഖമൊന്ന് മിനുക്കിയാലോ?കൈകള്‍ വിടുവിച്ച് അവര്‍ അകന്ന് കിടന്നു.ഒള്ള കാശ് കളയേണ്ട.ഞാന്‍ പി.എഫ് ലോണെടുക്കാം.അച്ഛനോട് കുറച്ച് പണം തരാനും പറയാം.എന്നിട്ട് ഇവിടെ തന്നെ വൃത്തിയുള്ള ചോരാത്ത കുഞ്ഞൊരു വീട് പണിയാം.സുദര്‍ശന് പത്രപ്രവര്‍ത്തകര്‍ക്കുള്ള ഹൗസിങ്ങ് സബ്സിഡി ഒരു ലക്ഷമില്ളേ അതും വാങ്ങിച്ചെടുക്കാം.
മിസ്റ്റര്‍ സുദര്‍ശന്‍,ഹിയര്‍ ഐയാം സിദ്ധാര്‍ത്ഥ ചന്ദ്രന്‍, ആര്‍ക്കിടെക്റ്റ്.എനിക്കൊരു അര്‍ജന്‍്റ് മാറ്റര്‍ സംസാരിക്കാനുണ്ട്.ഒന്ന് ഓഫീസ് വരെ വന്നാല്‍ തരക്കേടില്ല.കാര്യം എന്താണെന്ന് തിരക്കാതെ തന്നെ ചെന്നു.ഓഫീസില്‍ ക്ളയന്‍്റ്സോ മറ്റ് സ്റ്റാഫോ ആരും തന്നെ ഉണ്ടായിരുന്നില്ല.സത്യം പറഞ്ഞാല്‍ തന്‍െറ വിസിറ്റിങ്ങ് കാര്‍ഡ് തപ്പിയെടുക്കാന്‍ അല്പം ബുദ്ധിമുട്ടി.അല്ലായിരുന്നുവെങ്കില്‍ കുറച്ച് കൂടി നേരത്തെ വിളിച്ചേനേ.അത്ര മാത്രം സുപ്രധാനമാണ് കാര്യം.ഒരു മീഡിയ പേഴ്സണ്‍ എന്ന നിലയില്‍ എനിക്ക് തന്‍െറ ചെറിയ ഒരു സഹായം വേണം.തന്നെ സംബന്ധിച്ചിടത്തോളം തീരെ മോശമല്ലാത്ത ഒരു എക്ള്യൂസീവ് സ്റ്റോറിയുമായിരിക്കും.സിദ്ധാര്‍ത്ഥ ചന്ദ്രന്‍ സംസാരം തുടരുകയാണ്.ആകാംഷ മുറ്റിയ നിമിഷങ്ങള്‍.എന്‍െറ മുഖത്തെ ജിഞ്ജാസ കണ്ടിട്ടാകണം അദ്ദേഹം പറഞ്ഞു.കാര്യം തന്നെ പറയാം.വിക്ടോറിയ മഹാ രാഞ്ജിയുടെ പേരിലുള്ള വാസ്തു ശില്പ ഭംഗിയുള നഗര ഹൃദയത്തിലെ മനോഹര മന്ദിരം വികസനത്തിന്‍െറ പേരില്‍ പൊളിച്ച് വിപുലമായ ഒരു കണ്‍വെന്‍ഷന്‍ സെന്‍്ററും ഷോപ്പിങ്ങ് മാളും നിര്‍മ്മിക്കാനുള്ള ബൃഹദ് പദ്ധതിക്ക് ഹൈലവല്‍ കമ്മിറ്റി തീരുമാനിച്ചിരിക്കുകയാണ്.എന്നോട് പുതിയ പ്രോജക്റ്റിന്‍െറ ആര്‍ക്കിടെക്റ്റ് ആകാമോയെന്ന് ചോദിച്ചു.ആദ്യം സമ്മതിച്ചു എങ്കിലും ടൗണ്‍ഹാള്‍ പൊളിച്ചു കൊണ്ട് നടപ്പാക്കുന്ന ഒരു പരിപാടി ആലോചിക്കാനേ സാധിക്കാത്തതിനാല്‍ ഞാന്‍ പിന്മാറി.എന്നാല്‍ അത്തരമൊരു പ്രോജക്റ്റ് ഒരിക്കലും നടപ്പില്‍ വരരുത് എന്നെനിക്ക് ആഗ്രഹവുമുണ്ട്.
സിദ്ധാര്‍ത്ഥ ചന്ദ്രന്‍ പറയുന്ന കാര്യങ്ങള്‍ എങ്ങനെ നല്ളൊരു എക്ള്യൂസീവ് സ്റ്റോറിയായി മാറ്റാമെന്ന് മനസ്സില്‍ ആലോചിക്കുകയായിരുന്നു ഞാന്‍.എന്നാല്‍ എന്നെ അതിന് സമ്മതിക്കാതെ അദ്ദേഹം വീണ്ടും പറയാന്‍ തുടങ്ങി.നിങ്ങള്‍ മീഡിയ ഒരു വിഷയം ഏറ്റെടുത്താല്‍ അത് ചര്‍ച്ചയാകുമെന്ന കാര്യത്തില്‍ സംശയമില്ല.വിഷ്വല്‍ മീഡിയ കൂടി ഏറ്റുപിടിച്ചാല്‍ ഇഷ്യൂ കത്തിപ്പിടിക്കുകയും ചെയ്യും.പക്ഷെ അത് കൊണ്ട് കാര്യമൊന്നുമില്ല.കുറച്ച് ദിവസം കഴിയുമ്പോള്‍ എല്ലാം ഉള്ളി തൊലി പൊളിച്ചത് പോലെയാകുകയല്ളേ പതിവ്? സിദ്ധാര്‍ത്ഥ ചന്ദ്രന്‍െറ പൊട്ടിച്ചിരിയില്‍ കളിയാക്കലിനേക്കാള്‍ വാസ്തവമാണ് നിറഞ്ഞിരിക്കുന്നതെന്ന ബോധ്യമുള്ളതിനാല്‍ പ്രതിരോധിക്കാനോ പ്രതിഷേധിക്കാനോ കഴിഞ്ഞതില്ല.
എനിക്ക് തന്‍െറ സഹായം വേണ്ടത് മറ്റൊരു കാര്യത്തിലാണ്.ഏതെങ്കിലും ആക്റ്റിവിസ്റ്റ് ഗ്രൂപ്പുകളുമായി തനിക്ക് പരിചയമുണ്ടാകുമല്ളോ? അങ്ങനെ ആരെങ്കിലുമാളുകളെ വിഷയം ഏല്‍പ്പിക്കുകയാണെങ്കില്‍ പ്രോജക്റ്റിന് തീര്‍ച്ചയായും തടയിടാന്‍ കഴിയും.ഒരു പബ്ളിക് ലിറ്റിഗേഷനും കൂടിയായാല്‍ പിന്നെ ഒരുകാരണവശാലും കാര്യം നടക്കില്ല. സിദ്ധാര്‍ത്ഥ ചന്ദ്രന്‍െറ വാക്കുകളില്‍ പ്രതീക്ഷ മാത്രമേയുള്ളൂ.

എത്രയും വേഗം ആളെ മുട്ടിച്ച് തരാമെന്ന് ഉറപ്പ് പറഞ്ഞ് മടങ്ങുമ്പോള്‍ മനസ്സില്‍ ഒരു നിശ്ചയുമില്ലായിരുന്നു.അംഗിതിന് രാവിലെ നല്ല പനിയായിരുന്നു.ഹാഫ് ഡേ ലീവെടുത്ത് അവനെ ആശുപത്രിയില്‍ കൊണ്ടുപോയിക്കൊള്ളാമെന്ന് സുനന്ദ സമ്മതിച്ചതിനാലാണ് നേരെ പുറപ്പെട്ടത്.അവന്‍ തിരിച്ചു വന്നിട്ടുണ്ടാകും.ബൈക്ക് വീട്ടിലേക്ക് തിരിക്കുമ്പോഴും മനസില്‍ മുഴുവന്‍ ആരോടാണ് വിഷയം പറയാന്‍ പറ്റിയത് എന്ന് ആലോചനയായിരുന്നു.ഗേറ്റ ് തുറന്ന് തന്നെ കിടക്കുകയാണ് .ഓട്ടോ റിക്ഷ വന്ന് പോയിട്ടുണ്ട്.അതോ പോകാന്‍ നേരം അടക്കാന്‍ മറന്നതോ?എന്തായാലുമിനി അകത്ത് നോക്കി ഉറപ്പ് വരുത്താമല്ളോ? ബൈക്കിന്‍െറ ശബ്ദം കേട്ട് അംഗിത് പതിയെ മുന്‍ വശത്തക്ക് ഇറങ്ങി വരുന്നു.ചെറിയൊരു പനി വന്നാല്‍ മതി.അല്പമൊന്ന് നന്നായ ശരീരം മുഴുവന്‍ പോകും.എത്ര പെട്ടെന്നാണ് അവന്‍ ക്ഷീണിച്ചത് .എങ്ങനെയുണ്ട് എന്ന് ചോദിച്ചപ്പോള്‍ അവന്‍െറ മുഖത്ത് നേരിയ തെളിച്ചം തോന്നി.കൈയില്‍ സുനന്ദയുടെ മൊബൈല്‍ ഫോണ്‍.എന്‍െറ പൊന്ന് മോനേ ,നീ ഇപ്പോഴെങ്കിലും അത് അവിടെയൊന്ന് വെക്കടാ കൂട്ടാ.വെറുതെ കണ്ണും കളഞ്ഞ്.ഉള്ള റേഡിയേഷന്‍ മുഴുവന്‍ വാങ്ങിക്കോ.ശബ്ദം അറിയാതെ ഉയര്‍ന്നു.അത് കേട്ടു കൊണ്ടാണ് അവന് കുടിക്കാനുള്ള പാലുമായിസുനന്ദ അടുക്കളയില്‍ നിന്ന് വരുന്നുത്. റസറ്റ് എടുത്താല്‍ മാറും എന്ന് ഡോക്ടര്‍ പറഞ്ഞുവെന്ന് സുനന്ദ പറഞ്ഞതോടെ ആശ്വാസമായി.അതിന് ഇവന്‍ എവിടെ റസ്റ്റെടുക്കാന്‍.ആരെങ്കിലുമൊരാള്‍ ലീവെടുത്തേ പറ്റൂ.സുനന്ദ ആവശ്യം നിരത്തി.ആശുപത്രിയില്‍ നിന്ന് മടങ്ങുമ്പോള്‍ ഓട്ടോ നിര്‍ത്തിച്ച് വഴിയില്‍ കാണുന്ന പൂക്കളുടെ പടം മൊബൈലില്‍ എടുത്തിട്ട് ദേ സ്ക്രീന്‍ സേവര്‍ ആക്കിയിരിക്കുകയാണ്.
സുനന്ദ പറയേണ്ട താമസം അംഗിത് സന്തോഷത്തേടെ മൊബൈല്‍ നീട്ടി.അന്നേരം അവന്‍െറ മുഖം കണ്ടാല്‍ എന്തെങ്കിലും അസുഖമുള്ളതായേ തോന്നുകയില്ല.അംഗിതിനെ സന്തോഷിപ്പിക്കാനായി പറഞ്ഞു.മോനെ അച്ഛനൊന്ന് നോക്കട്ടെ അച്ഛന്‍െറ മെബൈലിലേയും സ്ക്രീന്‍ സേവര്‍ മാറ്റണം.നേരത്തെയുള്ള മഞ്ഞപ്പൂവിന് പകരം ഈ പൂ വെച്ചാ മതി അച്ഛാ. അവന്‍ മൊബൈല്‍ നീട്ടി.ഫോണ്‍ വാങ്ങി നോക്കിയപ്പോള്‍ ഞെട്ടിപ്പോയി.നിറയെ അക്കേഷ്യ പൂത്ത് നില്‍ക്കുന്നു.അംഗിത് മാറ്റണമെന്ന് പറഞ്ഞ മനോഹരമായ കൊന്നപ്പൂക്കള്‍ മനസ്സില്‍ നിറഞ്ഞു.കൊന്നപ്പൂവിന്‍െറ മഹത്വം മകന് പറഞ്ഞ് കൊടുക്കാന്‍ സാധിച്ചില്ലല്ളോ എന്ന് കുറ്റം ബോധം തോന്നി.പെട്ടെന്നാണ് മനസ്സില്‍ വാസുദേവന്‍െറ മുഖം മനസ്സില്‍ തെളിഞ്ഞത്.

കുറച്ച് നാളുകള്‍ മുമ്പ് കോഫി ഹൗസില്‍ വെച്ചാണ് വര്‍ഷങ്ങള്‍ക്ക് ശേഷം വാസുദേവനെ കാണുന്നത്.അടിമുടി പരിസ്ഥിതി പ്രവര്‍ത്തകനായിരുന്ന വാസുദേവന്‍ സര്‍ക്കാരിന്‍െറ സാമൂഹിക വനവല്‍ക്കരണത്തിന്‍െറ ഭാഗമായി നട്ടുപിടിപ്പിച്ച അക്കേഷ്യാ മരങ്ങള്‍ നാട്ടിലെ പരിസ്ഥിതിയെ തകര്‍ക്കുമെന്ന പ്രചാരണത്തിന് നേതൃത്വം നല്‍കിയത് അയാളായിരുന്നു.അക്കേഷ്യാ മരങ്ങള്‍ കൂട്ടത്തോടെ വെട്ടിമാറ്റിയ കേസില്‍ ഒരിക്കല്‍ ജയിലില്‍ കിടന്നിട്ടുമുണ്ട്.ചായയും കട്ട്ലറ്റും കഴിക്കുമ്പോള്‍ വാസുദേവന്‍ തന്‍െറ ജീവിത യാത്രകള്‍ അല്പനേരം അയവിറക്കി.വിപ്ളവത്തിന് അവധി നല്‍കി തറവാട് സ്വത്ത് വിറ്റ്് കിട്ടിയ പണം കൊണ്ട് ചെറിയ ബേക്കറി യൂണിറ്റ് തുടങ്ങി ജീവിതം മുന്നോട്ട് നീങ്ങുകയാണ്.നാട്ടില്‍ മുഴുവന്‍ അക്കേഷ്യാ മരങ്ങള്‍ മഞ്ഞപ്പുക്കളുമായി പൂത്ത് നില്‍ക്കുന്നത് കാണുമ്പോള്‍ അറിയാതെ മനസ്സില്‍ രോഷം അണപൊട്ടുന്ന കാര്യം പറഞ്ഞപ്പോള്‍ വാസുദേവന്‍െറ മുഖത്ത് ചെറിയൊരു ചിരിവിടര്‍ന്നു.വാസുദേവനെ കുറിച്ച് നല്ളൊരു വീക്കെന്‍ഡ് സ്റ്റോറി ചെയ്യണമെന്ന ആഗ്രഹം പറഞ്ഞപ്പോള്‍ സമ്മതം മൂളും മട്ടില്‍ ആ ചിരി തുടര്‍ന്നു.
അംഗിതിന്‍െറ ചിത്രം ഒന്ന് കൂടി സൂം ചെയ്ത് നോക്കുമ്പോള്‍ ആ പൂവുകള്‍ക്കുള്ളില്‍ വാസുദേവന്‍െറ മുഖം തെളിഞ്ഞ് കണ്ടു.കോഫി ഹൗസില്‍ കണ്ട സാത്വിക ഭാവത്തിന് പകരം പഴയ വിപ്ളവകാരിയുടെ രോഷം തിളച്ചു മറിയുന്ന മുഖമായിരുന്നു കണ്ടത്.പോക്കറ്റ് ഡയറിയില്‍ കുറിച്ചെടുത്ത നമ്പറില്‍ വിളിച്ച് അങ്ങോട്ട് വരുന്ന കാര്യം പറയുമ്പോള്‍ വാസുദേവന്‍ കരുതിയത് വീക്കെന്‍ഡിലേക്കുള്ള അഭിമുഖമാണെന്നായിരുന്നു.കാര്യം വന്നിട്ട് വിശദീകരിക്കാമെന്ന് പറഞ്ഞ് നേരെ സിദ്ധാര്‍ത്ഥ ചന്ദ്രനെ നമ്പറില്‍ വിളിച്ചു.ഫോണ്‍ എടുക്കേണ്ട താമസം വിളിച്ചു കൂവി. ആര്‍ക്കിടെക്റ്റ് സിദ്ധാര്‍ത്ഥ ചന്ദ്രന്‍ താങ്കളുടെ നല്ല മനസ്സിന് ഫലമുണ്ടായിരിക്കുന്നു സാര്‍.അമിതാവേശത്തില്‍ ആരാണെന്ന് പറയാന്‍ മറന്നു.ഞാന്‍ സുദര്‍ശന്‍ .ഞാനൊരാളുമായി ദേ അങ്ങോട്ട് വരുന്നു.ഹീ ഈസ് ഹണ്‍ഡ്രഡ് പേഴ്സന്‍്റ് പ്യൂവര്‍ ആക്റ്റിവിസ്റ്റ്.
ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ മറ്റൊന്നും മനസ്സിലുണ്ടായിരുന്നില്ല.വിക്ടോറിയ ടൗണ്‍ ഹാള്‍ ചെങ്കല്‍ കട്ടകളുമായി പഴയ പ്രതാപത്തില്‍ നിലകൊള്ളണം.കാര്യമെന്താണെന്ന് മനസ്സിലാക്കാതെ മിഴിച്ച് നില്‍ക്കുകയായിരുന്ന സുനന്ദക്കും അംഗിതിനും മുതുമുത്തശ്ശന്‍ പണിത ചോര്‍ന്നൊലിക്കുന്ന പഴയ കെട്ടിടം കൂട്ട് നിന്നു.പൊട്ടിപ്പൊളിഞ്ഞ ഭാഗങ്ങളിലെ ദൗന്യതയേക്കാള്‍ ഞങ്ങള്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത മുതുമുത്തശ്ശന്‍ രക്ഷകനെപ്പോലെ അതില്‍ തെളിഞ്ഞു.

Exit mobile version