കഫേ ലാ അറ്റ്ലിയ
ശ്യാംസുന്ദർ
ജീവിതത്തിന്റെ കൃത്യമായ ഇടവേളകളിൽ അത്രമേൽ പ്രിയപ്പെട്ടതോരോന്നോരോന്നായി പോൾ സിറിയക് തടത്തിലിനെ വിട്ടുപോയ് കൊണ്ടിരുന്നു. ഓർമകൾ , വ്യക്തികൾ, നഗരങ്ങൾ -വിട്ടുപോകുമ്പോഴെല്ലാം അവ മരിച്ചുപോവുകയാണെന്നോ അല്ലെങ്കിൽ അവയെല്ലാം തന്റെ വിചിത്ര കാമനകൾ മാത്രമായിരുന്നുവെന്നോ അയാൾ കരുതിപ്പോന്നു. എന്നിട്ടുമിപ്പോൾ എളുപ്പം മറന്നുകളയാനാവാത്ത വിധം കഫേ ലാ അറ്റ്ലിയയും വനിതയും പോൾ സിറിയക് തടത്തിലിനെ വീണ്ടുമീ നഗരത്തിൽ തളച്ചിടുന്നു, രക്ഷപ്പെട്ടോടുവാൻ ശ്രമിക്കുമ്പോഴെല്ലാം കൂടുതൽ കൂടുതലൂക്കിൽ പിറകോട്ടു വലിക്കുന്നു. ട്രാൻസ്ഫർ ഓർഡർ കൈപ്പറ്റിയ ദിവസം മുതൽ അയാൾ ഹൃദയവേദനയോടെ കാത്തിരുന്നത് വനിതയോട് യാത്രപറഞ്ഞു പിരിയേണ്ടി വരുന്ന ആ നിമിഷത്തെയാണ്. യാത്രപറയാതെ പോയ്‌ക്കളഞ്ഞാലോ എന്നാദ്യം ചിന്തിച്ചു. പക്ഷേ അത് കൂടുതൽ കഠിനമാകും. ചില അടർന്നുപോകലുകൾ ഒരൊഴുക്കിന്റെ ഭാഗമാണ്. വീണ്ടും കൂടിച്ചേരാൻ വേണ്ടിയുള്ള അടർന്നുപോകലുകൾ മാത്രമായ അടർന്നുപോകലുകളെന്ന് പോൾ സ്വയം വിശ്വസിച്ചു.
പുതിയ നഗരത്തിലെ അവസാന ദിവസം, കഫേ ലാ അറ്റ്ലിയയിൽ പുസ്തകങ്ങൾ ഭംഗിയായി അടുക്കിവെച്ച ഷെൽഫിനു സമീപത്തെ രണ്ടുപേർക്കിരിക്കാവുന്ന വട്ടമേശയ്ക്ക് മുൻപിൽ അവർ മുഖാമുഖം നോക്കിയിരുന്നു .ഹാങ്ങിങ് ലൈറ്റുകളിൽ നിന്ന് വീഴുന്ന വെളിച്ചത്തിന്റെ നേർരേഖകളിൽ വനിതയുടെ മുഖം കൂടുതൽ തിളങ്ങി. പോളിന്റെ കണ്ണുകളിൽ വിടപറച്ചിലിന്റെ വ്യസനം കെട്ടിക്കിടന്നു. ഒരു ചിരിയോടെ ,പോൾ ഓർഡർ ചെയ്ത ലാറ്റെയിലേക്ക് പഞ്ചസാരക്കട്ടികൾ ഒന്നൊന്നായി ഇട്ടുകൊടുക്കവേ വനിത പറഞ്ഞു –“ഈ പോലീസ് പണി പോളിന് ചേരില്ല പോൾ.പോൾ ഒരു കവിയോ കഥാകൃത്തോ ആകണമായിരുന്നു. പോളിന്റെ സ്ഥായീ ഭാവം വിഷാദമാണ്.ഒരു യാത്ര പറച്ചിലിന് ഇത്രയും ആത്മസംഘർഷങ്ങൾക്ക് വിധേയനാകേണ്ട കാര്യമില്ല.”.
പോൾ ഒരു സ്പൂണെടുത്തിട്ട് കപ്പിലൂടെ ഘടികാര ദിശയിൽ കറക്കി. “ശരിയാണ്. എനിക്കും തോന്നാറുണ്ട്.. നിവൃത്തികേടുകൊണ്ടാണ്. ജീവിക്കണമല്ലോ. പണ്ടാരോ പറഞ്ഞത് പോലെ ‘കഥയും കവിതയുമിട്ട് വേവിച്ചാൽ കഞ്ഞിയാവില്ലല്ലോ’.
വനിത പൊട്ടിച്ചിരിച്ചു. താൻ വിട്ടകന്നുപോകുന്നതിൽ അല്പം പോലും വനിത ദുഃഖിക്കുന്നില്ലേ? ചുരുങ്ങിയപക്ഷം വേദനിക്കുന്നതായെങ്കിലും ഭാവിച്ചു കൂടായിരുന്നോ…
“അല്ലെങ്കിലും ജീവിക്കാൻ വേണ്ടിയാണെങ്കിൽ കഥയും കവിതയുമെഴുതാതിരിക്കുന്നതാണ് നല്ലത്. വായനക്കാർക്ക് വേണ്ടി ഒരിക്കലുമെഴുതരുത് പോൾ. എഴുതുന്നുവെങ്കിൽ അവനവനു വേണ്ടിയെഴുതണം, ആത്മാവിനു വേണ്ടി, അതിന്റെ സത്യത്തിനു വേണ്ടി”. വനിത കൈകൾ പിണച്ചു താടിയിൽ വെച്ചുകൊണ്ട് പറഞ്ഞു .വനിത വളരെ പ്രാക്ടിക്കൽ ആണെന്നാണ് പോളിന്റെ അഭിപ്രായം. തന്റെ പേർസണൽ ഡയറിയിൽ അയാൾ വനിതയെക്കുറിച്ച് അങ്ങനെയൊരു വരി കുറിച്ചിട്ടുണ്ട്. ‘എ പ്രാക്ടിക്കൽ ആൻഡ് സെൻസിബിൾ ഓൺട്രപ്രൊന്യൂർ’. സെൻസിബിൾ ആണെന്നുറപ്പുള്ളത് കൊണ്ട് തന്നെയാണ്, യാത്ര പറച്ചിലിന്റെ അവസാനനിമിഷം ഏറെ വളച്ചുകെട്ടലുകളൊന്നുമില്ലാതെ പോൾ ആ ചോദ്യം ചോദിച്ചത്. “വനിതാ.., ഈ യാത്രപറച്ചിൽ എനിക്ക് വേദന തരുന്നു. കാരണം ഞാൻ നിന്നെ സ്നേഹിക്കുന്നു. ജീവിതത്തിൽ ഞാൻ കാത്തിരുന്ന ‘ആ ആൾ’അത് നീയാണെന്ന് ഞാൻ തിരിച്ചറിയുന്നു വനിതാ. എനിക്കാരോടും സമ്മതം ചോദിക്കാനില്ല. അമ്മ മാത്രമേ ഉള്ളൂ.. ഓർമയ്ക്കും മറവിക്കുമിടയിലെ നേർത്ത നൂൽപ്പാലത്തിലൊരിടത്ത് തൂങ്ങിയാടുകയാണ് അമ്മ. അച്ഛന്റെ വഴിയേ. അമ്മ ചിലപ്പോൾ എന്നെ മറക്കുന്നു. ചിലപ്പോൾ അമ്മയെ തന്നെ മറക്കുന്നു. എങ്കിലും അമ്മ എല്ലാമറിയുന്നു. എന്റെ ഇഷ്ടമാണ് അമ്മയുടെ ഇഷ്ടം. എന്നെ വനിതയ്ക്ക് ഇഷ്ടമാണെന്ന് എനിക്കറിയാം. അത്രമേൽ ഇഷ്ടമാണെങ്കിൽ ഇപ്പോൾ തന്നെ കൂടെ വരൂ. അത്രയും ഇഷ്ടമില്ലായെങ്കിൽ ആലോചിച്ച് പതുക്കെ ഇഷ്ടപ്പെട്ടു കൂടെ വരൂ”.
അത്രയും പറഞ്ഞു തീർത്തതോടെ പോളിന്റെ തൊണ്ട വരണ്ടു. കഫേയിലെ തണുപ്പിലും അയാൾ വിയർത്തു. ചൂടാറിയിട്ടും ലാറ്റെ അയാൾ ഊതിയൂതി ഒരിറക്കിറക്കി. വനിത യാതൊന്നും കേട്ടില്ലെന്ന മട്ടിൽ, ക്രൂരമായ അവഗണനയോടെ, പോളിന്റെ മുന്നിലിരുന്നു. ഇടക്ക് കണ്ണുകൾ ചിമ്മി, അവൾ നോട്ടം അയാളിൽ നിന്നും പിൻവലിച്ചു .പിന്നെയൊരു ദീർഘനിശ്വാസത്തോടെ പറഞ്ഞു –“പോയ് വരൂ പോൾ.. അതിഥികൾ കൂടുതലുണ്ട്”. കസ്റ്റമേഴ്സ് എന്നൊരിക്കലും വനിത പറയാറില്ലായിരുന്നു. കഫേയിൽ വരുന്നവരെല്ലാം അവൾക്ക് അതിഥികളാണ്.
അതൊരുഴിവാക്കലാണെന്ന് അയാൾക്കറിയാം. തന്റെ പ്രേമം നിരസിക്കപ്പെടുന്നതുമയാളറിഞ്ഞു. അത് തന്ന അഗാധമായ വേദനയിൽ അയാൾ അവിടം വിട്ടിറങ്ങി. വനിത ഒരേ സമയം ആനന്ദവും വേദനയുമായവൾ -തിരിഞ്ഞു നോക്കുമ്പോൾ കഫേ ലാ അറ്റ്ലിയയുടെ ചില്ലുവാതിലിനുള്ളിലൂടെ അവൾ ഒരു ശില്പം പോലെ അയാളെ നോക്കി നിന്നു. ‘വിടപറച്ചിലുകൾക്കും ഒരു സൗന്ദര്യമുണ്ട്. പിരിഞ്ഞു പോകുമ്പോൾ ലോകാവസാനം വരേയ്ക്കും ജീവിക്കാൻ പ്രേരണ നൽകുന്ന ചില തിരിഞ്ഞുനോട്ടങ്ങളെങ്കിലും ബാക്കി വെക്കണം നമ്മൾ’എന്ന് പോൾ പറയാറുണ്ടായിരുന്നത് അവൾ ആ നിൽപ്പിൽ ഓർത്തെടുത്തു. അയാൾ തിരിഞ്ഞു നോക്കുന്നു…
പോൾ യാത്ര പറഞ്ഞു പോയ ദിവസം, കഫേ ക്ലോസ് ചെയ്യുന്നതിന് തൊട്ട് മുൻപ്, ‘#Bookstagram’എന്ന മരച്ചട്ടയുള്ള ബോർഡ് തൂക്കിയ പുസ്തകഷെൽഫിനു മുൻപിലിരുന്ന് വനിത ആളൊഴിഞ്ഞ ഇരിപ്പിടങ്ങളിലേക്ക് നോക്കി. അന്തരാത്മാവിൽ നിന്നാരോ ഇറങ്ങിപ്പോയത് പോലെയും ഹൃദയം ശൂന്യമായതായും അവൾക്കനുഭവപ്പെട്ടു. എല്ലാവരും അവരവരുടെ വഴിക്ക് പോയിക്കഴിഞ്ഞു. എത്ര നിർദ്ദയമാണ് പിരിഞ്ഞു പോകലുകൾ .പോയവർ തിരിച്ചു വരും. ആര് വന്നില്ലെങ്കിലും പോൾ തിരിച്ചു വരുമെന്ന് അവളുടെ മനസ്സ് പറഞ്ഞു. പോൾ തിരിച്ചു വന്നു. വനിതയെ നഷ്ടപ്പെടുത്താൻ വേണ്ടി നഷ്ടപ്പെടുത്താൻ അയാൾക്ക് കഴിയുമായിരുന്നില്ല. ‘ഞാനല്ല വനിതാ, നീയാണ് എന്നെ വിട്ടു പോയത്. നീ വന്നതിനു ശേഷം എന്റെയുള്ളിൽ ഒരു പക്ഷി കൂടുകൂട്ടി. എന്റെയുള്ളിൽ അത് നിർബാധം വിഹരിച്ചു. നീ പോയ ശേഷം ഒരു പക്ഷി, തുറന്ന ആകാശത്തിലേക്ക് പറന്നുയരുന്നു. ഒരു കഴുകനെപ്പോലെ ചക്രവാളങ്ങൾ കീറിമുറിച്ചത് അപ്രത്യക്ഷമാകുന്നു’. ഓർമയില്ലേ വനിതാ ആ കവിത.(1*) തിരിച്ചു വരൂ.. എന്നിലേക്ക് മടങ്ങി വരൂ.
ദിവസങ്ങൾക്കു ശേഷം വിട്ടുപോന്ന നഗരത്തിലേക്കുള്ള, വനിതയിലേക്കുള്ള തിരിച്ചു വരവിൽ അയാൾ ആ ദിവസങ്ങളെക്കുറിച്ചോർത്തു. അവർ ആദ്യമായി കണ്ടുമുട്ടിയ, ആദ്യമായി സംസാരിച്ച, ആദ്യമായി സൗഹൃദത്തിലായ, പിന്നീട് പ്രണയത്തിലുമായ -പ്രണയമായിരുന്നോ അത്. അയാൾക്കതറിയില്ല, നിർവചനങ്ങൾക്കും വ്യാഖ്യാനങ്ങൾക്കും അതീതമായ ഒന്ന്. വനിതക്കത് പ്രണയമല്ലായിരുന്നിരിക്കാം. പക്ഷേ പോളിനതായിരുന്നു പ്രണയം. അത് മാത്രമായിരുന്നു പ്രണയം. ആരാണ് പറഞ്ഞത് പ്രണയം അഗാധമായ വേദനയാണെന്ന്. ഉള്ളുലക്കുമ്പോഴും അത് മധുരം ചുരത്തുന്നു. !
ജീവിതം അതിന്റെ എല്ലാ ആനന്ദങ്ങളോടെയും നഷ്ടമായിക്കൊണ്ടിരുന്ന കാലത്തിലൊരിക്കൽ ഒരിടത്ത് വെച്ചാണ് വനിതയും കഫേ ലാ അറ്റ്ലിയയും പോളിന്റെ ജീവിതത്തിലേക്ക് കടന്ന് വന്നത് -യാദൃശ്ചികമായി, തികച്ചും യാദൃശ്ചികമായി. പോലീസ് യൂണിഫോമിന്റെ നരച്ച കാക്കി നിറവും തവിട്ട് ‘ബൂട്ട്’നിറവും ജീവിതത്തിനിണക്കിയ മടുപ്പിൽ അയാൾ കണ്ടെത്തിയ ആശ്വാസത്തിന്റെ അവനവനിടമായിരുന്നു അത് -ഒരു തുരുത്ത് -നഗരത്തിന്റെ തിരക്കിൽ, ഹൃദയത്തിൽ, ദൂരെ കടലിന്റെ നേർനോട്ടം വീഴുന്നിടത്ത് തന്നിലേക്ക് തന്നെ കൂടണയാനൊരിടം -വശ്യവും നിഗൂഢവുമായ സൗന്ദര്യത്തോടെ കഫേ ലാ അറ്റ്ലിയ . അവിടെ പോളിനെ ആകർഷിച്ചത്, ഭംഗിയുള്ള ഷെൽഫുകളിൽ അതിലേറെ ഭംഗിയോടെ അടുക്കി വെച്ചിരുന്ന പുസ്തകങ്ങളായിരുന്നു . പലവർണ്ണ ചില്ലിലൂടെ അകത്തേക്ക് നൂഴ്ന്നിറങ്ങുന്ന വെളിച്ചത്തിൽ കഫേയും അതിന്റെ മുക്കും മൂലകളും പേടിപ്പെടുത്തുന്ന ഭംഗിയോടെ പോളിനെ ആകർഷിച്ചു. ചില്ലുവാതിൽ തുറന്നകത്തേക്ക് കടക്കുമ്പോൾ ഷേക്‌സ്‌പിയർ നാടകങ്ങളിലെ സ്ത്രീ കഥാപാത്രങ്ങളുടെ ഛായാചിത്രങ്ങൾ പതിപ്പിച്ച ചുമർ ഒരു വശത്ത്. മറുവശത്ത് ഒരു കോർട് യാർഡ്.അതിൽ സ്പൈഡർ പ്ലാന്റുകളുടെയും ഗാർഡീനിയയുടെയും ഇംഗ്ലീഷ് ഐവിയുടെയും പീസ് ലില്ലിയുടെയും വിവിധയിനങ്ങൾ. അതിനിടയിലൂടെ നടപ്പാത. നടപ്പാതക്കിരുവശവും ക്രമമായൊരുക്കിയ ഇരിപ്പിടങ്ങൾ. ഇടക്കുള്ള വൂഡൻ പോളിഷ്ഡ് തൂണുകളിൽ ചില്ലുപാത്രങ്ങളിൽ അലങ്കാരമൽസ്യങ്ങൾ. നടന്ന് ചെല്ലുമ്പോൾ മറ്റേത് ഗ്രന്ഥശാലയെയും തോല്പ്പിക്കും വിധം പുസ്തകങ്ങളുടെ മഹാശേഖരം. വായനക്കാർക്ക് വേണ്ടിയൊരുക്കി ഇട്ടിരുന്ന മഞ്ഞയും കറുപ്പും നിറത്തിലുള്ള ഡിസൈനർ ഇരിപ്പിടങ്ങൾ. ആൾക്കൂട്ടത്തിനിടക്ക് തന്റേത് മാത്രമായൊരു ലോകത്ത് പോൾ. ആ ഗ്രന്ഥശേഖരം പോളിൽ അയാളുടെ അപ്പന്റെ ഓർമകൾ ഉണർത്തി. അൾഷൈമേഴ്‌സ് ബാധിക്കും വരേയ്ക്കും ആയുസ്സിന്റെ ഏറിയ ഭാഗവും പോളിന്റെ അപ്പൻ അയാളുടെ ഗ്രന്ഥപ്പുരയിൽ കഴിച്ചുകൂട്ടി. അതിനുള്ളിൽ നിന്നും പുറത്ത് വരുമ്പോൾ അപ്പന് വാലൻ പുഴുക്കളുടെ മണമായിരുന്നു. ഓർമ നഷ്ടമായതിൽപ്പിന്നെ അപ്പനൊരിക്കലും ആ മുറിയിലേക്ക് കയറിയില്ല. ഇനിയും വായിക്കപ്പെട്ടിട്ടില്ലാത്ത പുസ്തകങ്ങൾ അയാളുടെ സ്പർശമേറ്റ് മോക്ഷപ്രാപ്തിക്കായി കാത്തുകിടന്നു.അപ്പന്റെ മരണശേഷം ഒരിക്കൽ പോൾ ആ ഗ്രന്ഥപ്പുരയിലേക്ക് കയറിച്ചെന്ന് പുസ്തകയലമാരകൾക്കിടയിലെ ചാരുകസേരയിൽ കിടന്നു. അപ്പനെ കാത്ത് അലഞ്ഞു നടന്നിരുന്ന അക്ഷരങ്ങളെല്ലാം അന്ന് ഒരു ബാധയെപ്പോലെ പോളിൽ പ്രവേശിച്ചു. അന്നുമുതൽ അയാൾ അപ്പനെക്കാൾ വലിയ വായനക്കാരനായി.
“ഇവിടെയിരിക്കുമ്പോൾ എനിക്ക് വാലൻപുഴുക്കളുടെ മണമാണ് വനിതാ.. അപ്പന്റെ മണം”. പോൾ അന്നാദ്യമായി വനിതയ്ക്കു മുൻപിൽ തന്റെ ആത്മാവിനെ ഒരു പുസ്തകം പോലെ തുറന്നു വെച്ചു .അതിനും എത്രയോ മുൻപ് അവർ സൗഹൃദത്തിലായി. ആദ്യമായി പരിചയപ്പെടുമ്പോൾ വനിത ചോദിച്ചു “ആർ യു എ കോപ്”?
“വാട്ട് !”
“പോലീസ് അല്ലെ എന്ന്”
“എങ്ങനെ മനസ്സിലായി?”
“ബൂട്ട് കണ്ടു”
പോൾ ചിരിച്ചു.
കഫേ ലാ അറ്റ്ലിയയിൽ സെൽഫികൾ എടുക്കുന്നവരുടെയും ഫുഡ് ഫോട്ടോഗ്രാഫേഴ്സ്ന്റെയും കമിതാക്കളുടെയും ഇടക്ക് പുസ്തകങ്ങൾ വായിക്കാൻ വേണ്ടി മാത്രം വരുന്ന പോൾ, വനിതയിൽ അതിശയമുണർത്തി. ഒരു കപ്പ് കോഫിയുമായോ , ഒരു ബോട്ടിൽ മോയിട്ടോയുമായോ അയാൾ ഒരു പുസ്തകവും തുറന്ന് പിടിച്ചു ഏതെങ്കിലുമൊരു കോണിൽ ഒതുങ്ങിക്കൂടി. ശാന്തനായി, തീർത്തും ശാന്തനായി, പോളിന് മാത്രം കഴിയുന്ന വിധം ശാന്തനായി. പുസ്തകങ്ങൾക്ക് മുന്നിലിരിക്കുമ്പോൾ ചില സമയത്ത് പോളിന് ഒരു പുണ്യവാളന്റെ മുഖമാണെന്നും മറ്റുചിലപ്പോൾ പോളിനെ കാണാൻ മുടിയും താടിയും വെട്ടിയൊതുക്കിയ ജീസസിനെ പോലെയാണെന്നും വനിത പറഞ്ഞു. അതയാളുടെ ആത്മാവിന്റെ പ്രകാശമായിരുന്നു-ഉദാരമായ അയാളുടെ ഹൃദയത്തിന്റെ പ്രകാശം.
സൗഹൃദത്തിന്റെ തോണിത്തുഞ്ചത്തേറി അവർ ആത്മാവിന്റെ കാണാപ്പുറങ്ങളിലേക്ക് അതിവേഗം തുഴഞ്ഞു കയറി. പോൾ കഫേ ലാ അറ്റ്ലിയയിലെ സ്ഥിരം അതിഥിയായി. രണ്ട് കപ്പ് കോഫിയുമായി പുസ്തകങ്ങൾ തുറന്നു പിടിച്ച് ഒരു മേശയ്ക്ക് അപ്പുറവും ഇപ്പുറവും അവർ അഭിമുഖമായിരുന്നു. വനിതയോട് സംസാരിക്കുമ്പോൾ മാത്രം വിങ്ങി നിന്ന ഒരു കുമിള പൊട്ടിയൊലിച്ചു പോകുന്നതിന്റെ ആശ്വാസം പോൾ അനുഭവിച്ചു. അവർ ജീവിതത്തെ കുറിച്ചും മരണത്തെ കുറിച്ചും സംസാരിച്ചു. സാഹിത്യം പറഞ്ഞു .ഇഷ്ടമുള്ള കഥാന്ത്യങ്ങളുടെയും കവിതകളുടെയും വരികൾ ഓർത്തെടുത്തു. അവ കടലാസ് തുണ്ടുകളിൽ കുറിച്ച് വെച്ച് നൂലിൽ കോർത്ത് കഫേയുടെ പലഭാഗങ്ങളിൽ തൂക്കിയിട്ടു. അവളുടെ കണ്ണുകൾ അയാൾക്ക് അറിയാത്ത ലോകങ്ങളിലേക്കുള്ള കവാടങ്ങളായിരുന്നു. അയാൾ പുതുലോകങ്ങൾ താണ്ടി.
“എനിക്ക് ചിലപ്പോൾ മനുഷ്യജീവിതം മടുപ്പുണ്ടാക്കുന്നു. ജീവിക്കാൻ തന്നെ മറന്നു പോകുന്നു. മെറ്റമോർഫോസിസിലെ ഗ്രിഗർ സാംസയെപ്പോലെ ഒരു പ്രഭാതത്തിൽ അസ്വസ്ഥമായ സ്വപ്നത്തിൽ നിന്നുണരുമ്പോൾ ഞാനൊരു ഭീമാകാരമായ കീടമായി മാറിയിരുന്നെങ്കിലെന്ന് ആശിച്ചുപോകുന്നു വനിതാ”..
പോൾ പറഞ്ഞു.
“ആരാണ് പോൾ അവനവനു വേണ്ടി മാത്രമായി ജീവിച്ചു മരിച്ചുപോകുന്നത്. ആരുമില്ല. കാഫ്കയുടെ ഹങ്കർ ആർട്ടിസ്റ്റിലെ നായകനെപ്പോലെയാണ് പോൾ ചിലപ്പോഴൊക്കെ ജീവിതം. കൂട്ടിലടക്കപ്പെട്ട വിചിത്രമായൊരു കാഴ്ചവസ്തു. കാലക്രമേണ അതിനോടുള്ള കൗതുകമവസാനിച്ച്, ജീവിക്കുകയാണെന്ന് വരെ മറന്നു പോയ് നമുക്കതിനെ വേണ്ടാതാകുന്നു. നിരാശയുടെ വലിയൊരു ആശ്ചര്യ ചിഹ്നം അവശേഷിപ്പിച്ചുകൊണ്ട് ഓരോ മനുഷ്യജന്മവും ഒടുങ്ങുന്നു.”.
ജീവിതത്തെ കുറിച്ച് പറയുമ്പോൾ വനിതയുടെ കൺതടങ്ങളിൽ ഊറിയുറയുന്ന ആസക്തിയുടെ ഇരുട്ട് അവളിൽ നിഗൂഢമായൊരു ഭാവത്തിനു ജന്മം നല്കാറുണ്ടായിരുന്നു.-ആർക്കും പിടിത്തരാത്തത്, മിന്നിമായുന്നത്. അവൾ ഒരേ സമയം കുസൃതിയായ ഒരു പെൺകുഞ്ഞാവുന്നതും അർത്ഥവും ആഴവുമുള്ള യുവതിയാവുന്നതും പ്രായോഗികമതിയാവുന്ന സ്ത്രീയാവുന്നതും പോൾ കണ്ടു. കൂടുതൽ അറിയാൻ ശ്രമിക്കുംതോറും അവൾ കൂടുതൽ അജ്ഞാതയായി. എങ്കിലും പോൾ വനിതയെ അഗാധമായി പ്രണയിച്ചു. ലോകത്തെ കുറിച്ചും കാലത്തെ കുറിച്ചും ആശങ്കകൾ പങ്കുവെച്ചു. ആർക്കും രഹസ്യമായി അസൂയ തോന്നിപ്പിക്കും വിധം അയാൾ ആ ബന്ധത്തിൽ കെട്ടു പിണഞ്ഞു കിടന്നു.
ഒരിക്കൽ, ഒരു രാത്രി, റിട്ടയേർഡ് പോലീസ് സൂപ്രണ്ട് ശിവശങ്കരൻ നായർ ആത്മഹത്യ ചെയ്തതിന്റെ തൊട്ടടുത്ത ദിവസം, ഡ്യൂട്ടി കഴിഞ്ഞ്, ഹെമിങ് വേയുടെ ഓൾഡ് മാൻ ആൻഡ് ദി സീ തുറന്ന് പിടിച്ച് ഏറെ അസ്വസ്ഥനായി പോൾ വനിതക്ക് മുന്പിലിരുന്നു . ‘രക്തം എന്നെ ഭയപ്പെടുത്തുന്നു’എന്ന് ആകുലനായിക്കൊണ്ട് .
“എസ് കെ സാറിന്റെ കിടപ്പ്. തോക്ക് വായിലേക്ക് കടത്തി വെച്ച്,.. പേടിപ്പെടുത്തുന്ന കിടപ്പ്”.
പോളിന്റെ ശബ്ദമിടറി. “ഇമ്പെക്കബിൾ റെക്കോർഡ്‌സ് ഉള്ള ആളായിരുന്നു.ഹി വാസ് എ റോൾ മോഡൽ..ഫെയ്റ്റ്”..പോൾ പുസ്തകം മടക്കി.
“ആത്മഹത്യക്ക് പ്രേരിപ്പിക്കും വിധം ഒന്നുമയാളുടെ ജീവിതത്തിലുണ്ടായിരുന്നില്ലേ പോൾ”? വനിത ചോദിച്ചു .
“ഇല്ല.. ആരുടേയും അറിവിലില്ല. വി ആർ ഷോക്ക്ഡ്..ഏറ്റവും വിചിത്രമായത് എന്തെന്നാൽ, മാസങ്ങൾക്ക് മുൻപ്, ഞാനിവിടെ ചാർജ് എടുക്കും മുൻപ്, എസ് കെ സാറിന്റെ ക്ലോസ് ഫ്രണ്ട്, വൺ മിസ്റ്റർ വർഗീസ് പോത്തൻ അദ്ദേഹവും സൂയിസൈഡ് ചെയ്തു. ഇൻ ദി എക്‌സാക്ട് വേ”.
പോൾ നെടുവീർപ്പിട്ടു.
“എല്ലാ മരണങ്ങളും പരസ്പര ബന്ധിതമാണ് പോൾ. ചുരുങ്ങിയപക്ഷം ആത്മഹത്യകളെങ്കിലും.
..ഹെമിങ്‌വേയുടെ ജീവിതം പോലെ. വളരെ വിചിത്രമായിരുന്നില്ലേ അത് .പോൾ തന്റെ മുന്നിലിരിക്കുന്ന ഓൾഡ് മാൻ ആൻഡ് ദി സീ യുടെ പുറം ചട്ടയിലേക്ക് നോക്കി. ഹെമിങ്‌വേ..യാദൃശ്ചികം .തികച്ചും യാദൃശ്ചികം. !
വനിത തുടർന്നു.
“തോക്ക് വായിൽവെച്ച് കാൽ വിരൽകൊണ്ട് ട്രിഗ്ഗറിൽ വിരലമർത്തി ആത്മഹത്യ ചെയ്ത തന്റെ തന്നെ കഥാപാത്രത്തെ പോലെയായിരുന്നില്ലേ ഹെമിങ് വേ മരിച്ചു കിടന്നത് .അദ്ദേഹത്തിന്റെ പിതാവും ശിരസ്സിൽ വെടിവെച്ചു മരിക്കുകയായിരുന്നില്ലേ. ‘ഞാൻ അങ്ങനെ മരിക്കുകയില്ല’എന്ന് മകനോട് സത്യം ചെയ്തിട്ടും, ‘നീയും അങ്ങനെ മരിക്കരുതെന്ന്’ഉപദേശിച്ചിട്ടും ഏതോ ഒരു നിമിഷത്തിൽ മാനസിക സമ്മർദ്ദങ്ങളുടെയും ജീവിത വിരക്തിയുടെയും മൂർദ്ധന്യാവസ്ഥയിൽ അദ്ദേഹം മരണം കൊണ്ട് ജീവിതത്തിനു പൂർണ്ണ വിരാമമിട്ടില്ലേ. ദുഖങ്ങളില്ലാത്ത ലോകത്തേക്ക് പോകുവാനിഷ്ടപ്പെടുന്നവർ പോവുക തന്നെ വേണം പോൾ.”
ഒരു ഞെട്ടലോടെ പോൾ വനിതയെ നോക്കി.
“എന്ത് പറ്റി”വനിത ഉദ്വേഗത്തോടെ ചോദിച്ചു.
“ഒന്നുമില്ല.. ഒന്നുമില്ല.. എസ് കെ സാറിനും ഒരു മകനുണ്ട്”!. വലിയൊരു ആശ്ചര്യ ചിഹ്നത്തിൽ ആ സംഭാഷണമവസാനിപ്പിച്ച് കഫേ വിട്ടിറങ്ങി പോവുകയായിരുന്നു പോൾ ആ രാത്രി. തൊട്ടടുത്ത പ്രഭാതത്തിൽ എസ് കെ സാറിന്റെ മകൻ ദീപു ശിവശങ്കറിന്റെ ആത്മഹത്യാ വാർത്ത ആദ്യമൊരു മരവിപ്പോടെയും പിന്നെയൊരാഗാധത്തോടെയും പോൾ അനുഭവിച്ചു. “അച്ഛന്റെ വഴിയേ മകനും. സ്വയം വെടിയുതിർത്ത്”!
“അവർ മരണം തിരഞ്ഞെടുത്തു. എനിക്ക് ഭയമാകുന്നു വനിത. നമ്മൾ സംസാരിക്കുന്നതെല്ലാം യാഥാർഥ്യമാകുന്നു. അറം പറ്റുകയാണോ?”പോൾ ഉമിനീരിറക്കി.
“എല്ലാ ആത്മഹത്യകളും ഒരു തുടർച്ചയാണ്. അവനവനോട് തന്നെയുള്ള കുമ്പസാരങ്ങളുടെ തുടർച്ച”.വനിത ഒരു പ്രവാചകയെപ്പോലെ എഴുന്നേറ്റ് വിദൂരതയിലേക്ക് നോക്കി നിന്നു.
ആ രാത്രിക്ക് ശേഷം അവിടം ആത്മഹത്യകൾ തുടർക്കഥകളായി. ആത്മഹത്യ നഗരമെന്നു പത്രങ്ങൾ തലക്കെട്ടെഴുതി. ഏറ്റവുമൊടുവിൽ, നാല് യുവാക്കൾ ഒരേ ദിവസം, തങ്ങളുടെ ഫ്ലാറ്റുകളിൽ മദ്യത്തിൽ വിഷം കലർത്തികഴിച്ചു മരിച്ച നിലയിൽ കണ്ടെത്തിയ രാത്രി കഫേ ലാ അറ്റ്ലിയയിൽ സാലഡിനു മുന്നിലിരുന്ന പോളിനോട് വനിത ചോദിച്ചു “കഴിഞ്ഞു പോയവ കൊലപാതകങ്ങളായിക്കൂടെ പോൾ?.അവ വെറും ആത്മഹത്യകൾ അല്ലെന്ന് എന്റെ മനസ്സ് പറയുന്നു.”
പോളിന്റെ ഹൃദയമിടിപ്പ് ദ്രുതഗതിയിലായി .വനിത പറയുന്നതെല്ലാം സംഭവിക്കുമെന്ന് അയാൾ ഭയപ്പെടുന്നു. എങ്കിലും അവ കൊലപാതകങ്ങൾ അല്ലെന്ന് സ്വയം ആശ്വസിക്കാൻ പോൾ ശ്രമിക്കുന്നു. “ആ രീതിയിലും അന്വേഷണങ്ങൾ നടന്നില്ലേ. നതിങ് സോളിഡ്” പോൾ സാലഡിലേക്ക് ശ്രദ്ധ തിരിച്ചു. വനിതയപ്പോൾ ഷെൽഫിലെ പുസ്തകങ്ങളിലെ പൊടിതട്ടുകയായിരുന്നു. അവളുടെ കൈകൾ തട്ടി ഒരടുക്ക് പുസ്തകങ്ങൾ താഴേക്ക് മറിഞ്ഞു വീണു. ഏറ്റവും മുകളിലായി വീണു കിടന്ന പുസ്തകത്തിന്റെ പുറം ചട്ടയിലേക്ക് പോൾ നോക്കി.
“ക്രൈം ആൻഡ് പണിഷ്മെന്റ്”
യാദൃശ്ചികം.. തികച്ചും യാദൃശ്ചികം!
“കൊലപാതകങ്ങളുടെ പുസ്തകം”.വനിത അത് കൈകളിലെടുത്തു.
“ഈ പുസ്തകങ്ങൾ നമ്മോടെന്തോ പറയുന്നു പോൾ. പാപത്തിലൂടെയും തുടർന്നുള്ള പീഡാനുഭവങ്ങളിലൂടെയും മാത്രമേ മനുഷ്യന് മോചനമുള്ളൂ എന്ന് വിശ്വസിക്കുന്ന ഒരാൾ.. കുറ്റകൃത്യങ്ങളെ കുറ്റകൃത്യങ്ങൾ എന്ന് അംഗീകരിക്കാൻ തയ്യാറില്ലാത്ത, ആത്മഹത്യകൾക്കു പിന്നിലെ ഗൂഢരഹസ്യമെന്തെന്ന് അന്വേഷിക്കുന്ന ഉദ്യോഗസ്ഥൻ തന്നെ സംശയിക്കുമെന്ന വിചാരം മൂലം സ്വസ്ഥത നഷ്ടപ്പെടുന്ന ഒരു റസ്കൾ നിക്കോവ്.. അങ്ങനെയൊരാൾ നമുക്ക് ചുറ്റുമുണ്ടെങ്കിലോ പോൾ”..
“വേണ്ട വനിതാ.. നമുക്കിത് നിർത്താം… ഞാൻ ഭയപ്പെടുന്നു. നമ്മൾ സംസാരിക്കുന്നതെല്ലാം യാഥാർഥ്യമാകുമെന്ന് ഞാൻ വീണ്ടും ഭയപ്പെടുന്നു. കാലം നമുക്ക് പിറകിലൊളിക്കുന്നു. ഈ പുസ്തകങ്ങൾ നമ്മെ സമയ സഞ്ചാരികളാക്കുന്നു. വേണ്ട വനിതാ”..പോൾ അസ്വസ്ഥതയോടെ കണ്ണുകളിറുക്കി…
ഏഴാത്മഹത്യകൾക്ക് ശേഷം നഗരം പക്ഷേ ശാന്തമായി. ‘സുയിസൈഡൽ വേവ്’ന് പിന്നിലെ ശാസ്ത്രീയവും മാനസികവും വൈകാരികവുമായ തലങ്ങളെ കുറിച്ച് പഠിക്കാൻ വിദഗ്ദ സംഘം നഗരം ചുറ്റി നടന്നതൊഴിച്ചാൽ മറ്റൊന്നും ആത്മഹത്യാ പരമ്പരകളുടെ തുടർച്ചയായി സംഭവിച്ചില്ല.
ഏറെ നാളുകൾക്ക് ശേഷം പോൾ സ്വസ്ഥനായി കാണപ്പെട്ടു. ആത്മസംഘർഷങ്ങളിൽ നിന്ന് മുക്തനായി അയാൾ കഫേ ലാ അറ്റ്ലിയയിലെ പുസ്തകങ്ങൾക്കിടയിൽ വനിതയെ കാത്തിരുന്നു -കൈകളിൽ ട്രാൻസ്ഫർ ഓർഡറുമായി.
“ഞാനീ നഗരം വിട്ടു പോകുന്നു വനിതാ”
“പോൾ അതാഗ്രഹിക്കുന്നുവോ”
“ഉണ്ട് . പക്ഷേ വനിതാ നിന്നെയും നമ്മുടെയീ ലോകത്തെയും വിട്ടു പോകാൻ എനിക്ക് കഴിയില്ല”
വനിത ചുണ്ടുകൾ കൂട്ടിപ്പിടിച്ചു ചിരിച്ചു. നിലാവ് പോലെ.
“വരൂ.. നമുക്ക് നടക്കാം”അവൾ ആദ്യമായി പോളിനെ ക്ഷണിച്ചു. ഒരുമിച്ചൊരു നടത്തം, അതയാൾ ആഗ്രഹിക്കുന്നു എന്നവൾക്കറിയാം. അവർ നടന്നു.. കടൽത്തീരത്തേക്ക്.
“സാന്റിയാഗോവിനെ പോലെ ഈ കടലും തിരകളുമില്ലാതെ എനിക്ക് ജീവിക്കാനാവില്ല പോൾ”.കടലിന്നഭിമുഖമായി നിന്ന് വനിത പറഞ്ഞു. ഇനിയും ചോദിക്കപ്പെടാത്ത ഒരു ചോദ്യത്തിനുള്ള ഉത്തരമാണതെന്ന് പോളിനു തോന്നി . ‘കൂടെ വരുമോ വനിതാ’എന്ന് പോൾ ചോദിക്കുമെന്ന് അവൾ ഊഹിച്ചിരുന്നുവോ. പോൾ ചിന്തിച്ചു.
“കടൽ ഇവിടെ മാത്രമല്ല”അയാൾ പറഞ്ഞു.
വനിത പൊട്ടി ചിരിച്ചു- തിരമാലകൾ പോലെ.
“ആരാണ് പോൾ ചിരി കണ്ടുപിടിച്ചത്”.? അവൾ ചോദിച്ചു.
“വിഷാദിയായ ഏതോ ഒരു കവി”
“തെറ്റി..അന്ന സ്വിർന്റെ കവിത വായിച്ചിട്ടില്ലേ?
ഒരു പൊട്ടിചിരിപോലെ ഹ്രസ്വമായി ജീവിതം തീർക്കുന്ന ഏതെങ്കിലും ആത്മാക്കളാവും ചിരി കണ്ടുപിടിച്ചത്. അനന്തമഹാസമുദ്രങ്ങൾക്കൊരിക്കലും ചിരിയുടെ വിദ്യ വഴങ്ങാനിടയില്ല.”(2*)
വനിത അവളുടെ മുടിയിഴകൾ കാറ്റിൽ പരത്തി കടലിലേക്ക് നോക്കി നിന്നു. പോൾ നിശബ്ദനായി. അയാൾ അവളുടെ വിരലുകളിൽ സ്പർശിച്ചു. വനിത മിന്നൽ പിണരേറ്റത് പോലെ ഞെട്ടി പോളിനെ നോക്കി. അയാൾ ഉടൻ കൈ പിൻവലിക്കാൻ ശ്രമിച്ചു. പക്ഷേ അവൾ, അയാളുടെ വിരലുകളിൽ കൂടുതൽ മുറുകെ പിടിച്ചു. സ്പർശം.. ആദ്യസ്പർശം. അവർ കൈകോർത്ത് നിന്നു.
“നോട്ടം കൊണ്ടും വാക്ക് കൊണ്ടും നിങ്ങൾ ഒരു നല്ല പുരുഷനാണ് പോൾ. ആത്മാവിൽ പരിശുദ്ധൻ”കൈകൾ കെട്ടി തിരകളിലൂടെ നടന്നു വനിത പറഞ്ഞു. പോൾ അവൾക്കൊപ്പം കൈകൾ പിറകിൽ പിണച്ചുപിടിച്ചു നിന്നു. തിരകൾ കാൽപ്പാദങ്ങളിൽ തൊട്ട് തിരിച്ചു പോകുന്നത് നോക്കി വനിത ചോദിച്ചു –“ സ്ത്രീയെ കുറിച്ച്, അവളുടെ അന്തരാത്മാവിലെ അലകളെ കുറിച്ച് പോളിനെന്തറിയാം. എനിക്ക് ചിലപ്പോൾ തോന്നും ഷേക്‌സ്‌പിയർ ഒരു സ്ത്രീയായിരുന്നുവോ എന്ന്. സ്ത്രീകളുടെ നിലയറിഞ്ഞ, അവളെ ആഴത്തിൽ ഉൾക്കൊണ്ട മറ്റേത് ക്‌ളാസ്സിക് റൈറ്റർ ഉണ്ട്? അല്ലായിരുന്നെങ്കിൽ ലേഡി മാക്ബെത്തും ഇസബെല്ലയും ബിയാട്രീസും ഡെസ്‌ടിമോണയും എമിലിയയുമൊന്നും ഷേക്‌സ്‌പിയറിൽ നിന്ന് ജന്മം കൊള്ളില്ലായിരുന്നു .എന്ത്‌കൊണ്ടാണ് ഷേക്‌സ്‌പിയറിനു സ്ത്രീകളുടെ നിലയറിയാൻ സാധിച്ചത്.? ഓരോ സ്ത്രീയും അവളുടെ ജീവിതകാലഘട്ടത്തിൽ ഒരു പുരുഷനെയെങ്കിലും തന്റെ കൈകളാൽ കൊല്ലണമെന്നാഗ്രഹിക്കുന്നുണ്ട് പോൾ. സ്ത്രൈണതയിൽ നിന്നൊരു മോചനം ആഗ്രഹിക്കുന്നു. പുരുഷൻ ആത്മാവിൽ ഭീരുവാണ്. പുറമേ വാൾ വീശുന്ന ഭീരുവായ യോദ്ധാവ്.”
പോൾ നിശബ്ദനായി നിന്നു.
“എന്റെ ജീവിതത്തിലൂടെ ഒരുപാട് പുരുഷന്മാർ കടന്നു പോയി. ഭീരുക്കൾ. വാൾ വീശിയവർ. വാൾ മുനത്തുമ്പാൽ പെണ്ണുടലുകളെ അടക്കി ഭരിച്ചവർ .അവരിൽ നിന്നെല്ലാം വ്യത്യസ്തനായി ഇതുവരെ ഞാൻ ഒരു പുരുഷനെ മാത്രമേ കണ്ടുള്ളൂ പോൾ .. അത് നിങ്ങളാണ്. പോൾ.. നിങ്ങൾ മാത്രം”.
അതുവരെ കണ്ടിട്ടില്ലാത്ത, അറിഞ്ഞിട്ടില്ലാത്ത മറ്റൊരു വനിതയാണ് തനിക്ക് മുന്നിൽ നിൽക്കുന്നതെന്ന് പോളിന് തോന്നി. മനുഷ്യരും പുസ്തകങ്ങൾ പോലെയാണ്. ആദ്യവായനയുടെ അനുഭവമല്ല പിന്നീടുള്ള വായന നൽകുക. ഓരോ തവണ വായിക്കുമ്പോഴും ഒരു പുതിയ മനുഷ്യൻ- അനവധി തലങ്ങളെ ആത്മാവിൽ ഉള്ളടക്കിയവർ, മുൻപറിഞ്ഞിട്ടില്ലാത്തത്..
“സ്ത്രീ പുരുഷ സമത്വവാദികളായ പുരുഷന്മാരെയും ഞാൻ കണ്ടു . കപട നാട്യക്കാർ.
രക്ഷാധികാര മനോഭാവത്തോടെയുള്ള, ഉപാധികളോടെയുള്ള, സ്ത്രീ സൗഹൃദമെന്ന് തോന്നലുണ്ടാക്കുന്ന പുരുഷന്റെ നിലപാടുകളെ എന്തിനംഗീകരിക്കണം പോൾ? മൃദു ഫെമിനിസം ഒരിരട്ടത്താപ്പാണ് പോൾ. അതിനുള്ളിൽ സ്ത്രീ വിരുദ്ധത ഉറങ്ങിക്കിടക്കുന്നു”.
കടൽ വീശിയടിച്ചു.
“പോളിനറിയാമോ.. ഒരാൾ എന്നെ അഗാധമായി പ്രണയിച്ചു.നീയാണ്. നീ മാത്രമാണ് എന്റെ സ്ത്രീയെന്ന് മന്ത്രമുരുവിട്ട് എന്നെ വാഴ്ത്തപ്പെട്ടവളാക്കി. പ്രണയാഭ്യർത്ഥനക്ക് സമ്മതം മൂളിയ ദിവസം എന്റെ രാജകുമാരിക്ക് മുന്നിൽ ഞാനിതാ വിനീത വിധേയനായി മുട്ടുകുത്തുന്നു എന്ന് പറഞ്ഞു എനിക്ക് മുന്നിൽ മുട്ടിൽ നിന്നവൻ കൈകളുയർത്തി. ആ നിമിഷം ഞാൻ അവനെയും അവന്റെ പ്രണയത്തെയും പുറം കാലുകൊണ്ട് തൊഴിച്ചു. അങ്ങനെയൊരു പ്രണയമായിരുന്നില്ല എനിക്ക് വേണ്ടിയിരുന്നത്. ഒരു രാജകുമാരൻ കുതിരപ്പുറത്ത് വന്നു രക്ഷപ്പെടുത്തേണ്ട അതീവ ലോലയായ രാജകുമാരികളല്ല പോൾ ഒരു സ്ത്രീയും. (3*)
എന്നെ ഒരു മാലാഖയെന്നോ താരകമെന്നോ വിളിച്ചിരുന്നെങ്കിൽ പോൾ തീർച്ചയായും ഞാൻ അവനെ പ്രണയിച്ചു പോകുമായിരുന്നു.. എക്കാലത്തേക്കുമായി”..
“നീയാണ് വനിതാ എന്റെ മാലാഖ. ശുദ്ധീകരിക്കപ്പെട്ട ആത്മാവ്. പൂങ്കാവനത്തിൽ പ്രാർത്ഥിച്ചിരുന്ന യേശുവിനെ ആശ്വസിപ്പിക്കാൻ സ്വർഗ്ഗത്തിൽ നിന്നെത്തിയ ഗബ്രിയേൽ മാലാഖ.”
പോൾ ക്രൂശിത രൂപത്തിന് മുന്നിൽ കൈ ഉയർത്തും പോലെ കൈകൾ മുകളിലേക്ക് ഉയർത്തി വനിതക്കഭിമുഖമായി നിന്നു.
അവൾ പൊട്ടി ചിരിച്ചു. തിരമാലകൾ തീരത്ത് തല തല്ലി പിരിഞ്ഞു .പോൾ ചൂളിപ്പോയി.
ഓരോ സ്ത്രീയും ഒരു കടൽ. കാറ്റിനൊപ്പം പകർന്നാടുന്ന ഒരിക്കലും നിലയ്ക്കാത്ത കടൽ. കാറ്റു കടന്നുപോയാൽ ഒന്നും സംഭവിച്ചില്ലെന്ന മട്ടിൽ നിശ്ചലയാകുന്നവൾ. ആഴങ്ങളിൽ മുത്തും ചുഴികളും അടക്കം ചെയ്തവൾ.. നീല നീല കടൽ. ഓരോ സ്ത്രീയും ഒരു കടൽ. അവളുടെ ചിരികൾ തിരമാലകൾ. ഒരു പെണ്ണട്ടഹാസത്തിൽ ഒടിഞ്ഞു പോകാവുന്ന കരുത്തേ ആൺമുനമ്പുകൾക്കുള്ളൂ..
പോൾ ചൂളി ചൂളി മൺതരിയോളം ചെറുതായി . വനിത ഓരോ മൺതരിയെയും തന്നിലേക്കൊതുക്കുന്ന തിരയും..
ആ നഗരം വിട്ടു പോന്നപ്പോൾ അമൂല്യമായതെന്തോ നഷ്ടപ്പെട്ടത് പോലെ പോളിനനുഭവപ്പെട്ടിരുന്നു. വീണ്ടും വനിതയിലേക്കെത്താൻ അയാൾ തീവ്രമായി അഭിലഷിച്ചു. ഒരിക്കൽ നിഷേധിക്കപ്പെട്ടിട്ടും അദമ്യമായ അനുരാഗം അയാളിൽ പിന്നെയുമുദിച്ചു. അടക്കാനാവാത്ത വിഷാദം ആവേശിക്കുന്ന നേരങ്ങളിൽ ‘ഞാൻ’ എന്ന ഇരുട്ടിൽ നിന്ന് മോചിതനാവാനുള്ള ഒരേയൊരു അഗ്നിനാളം വനിത തന്നെയാണെന്ന് അയാൾ തിരിച്ചറിഞ്ഞു .വനിതയിലേക്കുള്ള മടക്കയാത്രയിൽ അയാളുടെ നാഡിഞെരമ്പുകൾ വികാരവിവശതയാൽ കൂടുതൽ കൂടുതൽ തളർന്നു കിടന്നു. ഒരിക്കൽ വിട്ടുപോന്ന നഗരത്തിൽ ബസിറങ്ങി കഫേ ലാ അറ്റ്ലിയയിലേക്ക് നടക്കുമ്പോൾ ഭൂമിയുടെ ഭ്രമണം നിലച്ചതായി അയാൾക്കനുഭവപ്പെട്ടു. സൂര്യൻ ഉച്ചിയിൽ കത്തി നിന്നു. ദൂരെ ദൂരെ അയാൾ പിന്നെയും കണ്ടു -കഫേ ലാ അറ്റ്ലിയ. ചില്ലു വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിച്ച പോളിനെ സ്വീകരിക്കാൻ കോർട് യാർഡിനു സമീപം മറ്റൊരു സ്ത്രീ കാത്തു നിന്നിരുന്നു .അത് വനിതയായിരുന്നില്ല. പോളിന്റെ കണ്ണുകൾ വനിതയെ തിരഞ്ഞു. ഒരു നിഴൽ, ഒരു ഗന്ധം, അയാൾ അന്വേഷിച്ചു. ഇല്ല. അതുണ്ടായില്ല.
“വെയർ ഈസ് വനിത”? തനിക്ക് മുന്നിൽ ആതിഥ്യമരുളി നിന്ന സ്ത്രീയോട് പോൾ ചോദിച്ചു.
“വനിത”? അവർ സംശയത്തോടെ നെറ്റി ചുളിച്ചു.
“യെസ്.. വനിത..നിങ്ങളുടെ ഓണർ”.
“ക്ഷമിക്കണം..സാറിനെയാരോ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു. എന്റേതാണ് ഈ കഫേ. ഇവിടെ വനിതയെന്നു പറയുന്ന ഒരു സ്ത്രീ ജോലി ചെയ്തിട്ടില്ല സാർ”..
പോൾ സ്തബ്ധനായി. ചതിക്കപ്പെട്ടിരിക്കുന്നു. അയാൾ പുസ്തകങ്ങൾ ഇരിക്കുന്ന ഭാഗത്തേക്ക് നോക്കി. അവ, പ്രിയപ്പെട്ട പുസ്തകങ്ങൾ സ്ഥാനാന്തരമില്ലാതെ, ഏറെ കാലമായി ആരുടേയും സ്പർശമേൽക്കാത്തതിന്റെ വിഷാദഭാവത്തിൽ അവിടെ തുടരുന്നു. പോൾ തന്റെ പതിവ് ഇരിപ്പിടത്തിൽ പോയിരുന്നു. കാലവും ലോകവും അയാൾക്ക് ചുറ്റും തലകീഴായി മറിയുന്നു. ആരായിരുന്നു അത്. അവൾ -വനിത. മായയോ.. ഉത്തരമില്ലാതെ പോൾ അസ്വസ്ഥനായി. ഏറെനാളത്തെ പരിചയംമൂലം മനഃപാഠമാക്കിയ പുസ്തകയലമാരയുടെ ഒരു കോണിൽ അതുവരെയ്ക്കും അയാൾ കാണുകയേ ഉണ്ടായിട്ടില്ലാത്ത ഒരു പുസ്തകം -ചുവന്ന വെൽവെറ്റ് ചട്ടയുള്ള കട്ടിയുള്ള ഒരു പുസ്തകം പോളിന്റെ ശ്രദ്ധയിൽ പെട്ടു. അജ്ഞാതമായൊരു ഉൾപ്രേരണയാൾ അയാൾ ആ പുസ്തകം കൈ നീട്ടിയെടുത്തു .-പിന്നെ തുറന്നു -വായിച്ചു.
“പ്രിയപ്പെട്ടവരിൽ പ്രിയപ്പെട്ട പോൾ.. ഇത് നിനക്കുള്ളത്..
പോൾ,.. നിന്റെ നിഘണ്ടുവിൽ നിഷേധങ്ങളോ തിരസ്കാരങ്ങളോ തള്ളിക്കളയുലകളോ ഇല്ലെന്ന് എനിക്കറിയാം. വീണ്ടുമൊരിക്കൽ കൂടി പോൾ എന്നെ തേടി വരുമെന്നും എനിക്കറിയാം. പോളിനൊരിക്കലും സങ്കല്പിക്കാനാവാത്ത വിധം ഒരു സ്ത്രീയാണ് പോൾ ഞാൻ. ഒരർത്ഥത്തിൽ എല്ലാ സ്ത്രീകളും അങ്ങനെയാണ്.അവർ ആത്മാവിനാൽ പുരുഷന്റെ സങ്കല്പ്പങ്ങൾക്കുമപ്പുറത്ത് ഒരിടത്താണ്. അവളുടേത് മാത്രമായ ഒരു തുരുത്തിൽ. ഒരു നെവർ ലാൻഡിൽ. ഞാൻ ആരായിരുന്നു എന്നാണ് പോൾ ഇപ്പോൾ ചിന്തിക്കുന്നത്. ഞാൻ തന്നെ രചിച്ച ഒരു കഥയിലെ കഥാപാത്രം എന്നാണ് പോൾ അതിനുത്തരം. കഫേ ലാ അറ്റ്ലിയ ഒരു പണിപ്പുരയായിരുന്നു. മരണം പാകം ചെയ്ത് മരണം വിളമ്പിയ ഒരു പണിപ്പുര..ഒരു ജീവൻ സ്വന്തം കൈകളാൽ ഇല്ലാതാകുന്നത് അനുഭവിച്ചപ്പോഴാണ് പോൾ ഞാൻ എന്റെ ആത്മാവിൽ വിശുദ്ധയാക്കപ്പെട്ടത്. ഏഴുപേർ. അവർക്കനുവദിച്ചു കൊടുക്കാവുന്ന ഏറ്റവും ലളിതമായ ശിക്ഷയായിരുന്നു മരണം .പക്ഷേ, ഞാൻ അവരെ വെറുതെയങ്ങു കൊന്നു കളഞ്ഞില്ല. പീഡാനുഭവങ്ങൾ എന്തെന്നവർ അറിഞ്ഞു. ഞാൻ അനുഭവിച്ചതിനേക്കാൾ പതിന്മടങ്ങു കാഠിന്യത്തോടെ. ജീവിതം വെറുത്ത് വെറുത്തവർ ഒടുവിൽ മരണം യാചിച്ചു. ഞാൻ അവർക്കു നൽകിയ ഭിക്ഷയായിരുന്നു പോൾ മരണം. തലയോട്ടി ചിന്നിച്ചിതറി അവരിൽ ചിലർ മരിച്ചു കിടന്നപ്പോൾ എനിക്ക് ചിരിയാണ് വന്നത്. സങ്കടപ്പെടുക എനിക്ക് എളുപ്പമായിരുന്നില്ല. ഒരു ജീവന് അതിന്റെ അവസാന നിമിഷങ്ങളിൽ എപ്പോഴെങ്കിലും കൂട്ടിരിന്നിട്ടുണ്ടോ പോൾ..? ഞാനിരുന്നു. ഏഴു ജീവനുകളുടെ അവസാന മാത്രകളിൽ ജീവിതത്തിലേക്ക് തിരിച്ചു വരാൻ തീക്ഷ്ണമായി ആഗ്രഹിച്ചുകൊണ്ട് അവർ എനിക്കു നേരെ കൈനീട്ടിയപ്പോൾ ഒരിക്കലും അറിഞ്ഞിട്ടില്ലാത്ത ദൈവമെന്ന അദൃശ്യ ശക്തിയുടെ മനോവിചാരങ്ങളായിരുന്നു എനിക്ക്. ഞാനായിരുന്നു ദൈവം. സാഡിസ്റ്റുകളുടെ ഉടയോത്തി. പോൾ, പോളിന്റെ സൗഹൃദം എനിക്കു അത്രമേൽ പ്രിയതരമായിരുന്നു. അതിനെ പ്രണയത്തിന്റെ കെട്ടുപാടുകളിൽ പെടുത്താൻ എനിക്കു കഴിയുമായിരുന്നില്ല. എന്നിട്ടും ഞാൻ പോളിനെ അഗാധമായി പ്രണയിച്ചു.. ഖലീൽ ജിബ്രാൻ, മേരി ഹെസ്കേൽ എന്ന തന്റെ കാമുകിക്കെഴുതിയ കത്തുകൾ ഓർക്കൂ പോൾ. ‘മറ്റാരെക്കുറിച്ചും പറ്റാത്ത പോലെ എപ്പോഴും ഞാൻ നിന്നെ കുറിച്ചോർക്കുന്നു. നിന്നെകുറിച്ചോർക്കുന്തോറും ജീവിതത്തിനു നിറമേറി വരുന്നു. നമുക്കൊക്കെയും ഓരോ വിശ്രമകേന്ദ്രങ്ങളുണ്ട്. എന്റെ ആത്മാവിന്റെ വിശ്രമകേന്ദ്രം നിന്നെ കുറിച്ചുള്ള ഓർമ്മ നിലനിൽക്കുന്നിടമാണ് പോൾ.(4*)
ഓരോ കൊലപാതകങ്ങൾക്ക് ശേഷവും പോൾ, ഞാൻ നിനക്ക് മുന്നിൽ സൂചനകൾ ഇട്ടു തന്നു. നിന്റെ കൈയാൽ പിടിക്കപ്പെടണമെന്ന് ആഗ്രഹിക്കുകയും റസ്‌കൽ നിക്കോവിനെ പോലെ നീ പിന്തുടരുമോ എന്ന ആശങ്കയാൽ അസ്വസ്ഥയാവുകയും ചെയ്തിരുന്നു പോൾ ഞാൻ.. പക്ഷേ അതുണ്ടായില്ല. എന്റെ നിയോഗം, അത് പൂർണ്ണമായിരിക്കുന്നു. തിരിച്ചു പോകൂ പോൾ നീ.. തിരിച്ചുപോകൂ..
എന്റെയുള്ളിൽ ഒരഗ്നിനാളം എരിയുന്നു . എരിഞ്ഞു തീരുന്നതിന്റെ ആനന്ദമറിഞ്ഞിട്ടുണ്ടോ പോൾ. തീയേക്കാൾ ആനന്ദമുള്ളതൊന്നും ഒരു പെണ്ണകങ്ങളിലുമില്ല. സ്വയമെരിഞ്ഞു ഞാൻ കെട്ടുപാടുകളിൽ നിന്ന് മോചിതയാവുന്നു. ഞാൻ എന്നോടൊപ്പം അവസാനിക്കുന്നു. അത്രമേൽ അസഹ്യമായ ഈ സമസ്തലോകവും..
ഹൃദയാഹ്ലാദത്തോടെ
കൺകെട്ടുകളുടെയും അതീന്ദ്രിയജാലങ്ങളുടെയും ഉടയോത്തികളായ അനേകം സ്ത്രീകളിലൊരു സ്ത്രീ.. വനിത !
ആത്മാവിൽ ദരിദ്രനായ പുരുഷാ.. നീ അനുഗ്രഹീതനാകുന്നു..
വിട.. !
പോൾ സ്ഥലകാല ബോധമേതുമില്ലാതെ തരിച്ചിരുന്നു. പിന്നെ ഒറ്റനടത്തമായിരുന്നു. ഈ ലോകത്തിനു വെളിയിലേക്ക്.. അജ്ഞാതമായൊരു സ്വപ്നലോകത്തേക്ക്…..
അനുബന്ധം
1*-കവിത -സുതീന്ദർ സിംഗ് നൂർ (വിവർത്തനം -ആൽബർട്ടോ)
2*-കവിത -അന്ന സ്വിർ
3*-Dear Ijeawele or a Feminist Manifesto in Fifteen Suggestions by Chimamanda Ngozi Adichie: Fourth Estate 2017
4*-ഖലീൽ ജിബ്രാൻ മേരി ഹെസ്‌കലിനെഴുതിയ കത്തുകൾ.