എം.പി.പ്രേമ.
അച്ഛന്റെ മൗനത്തിന്റെ
ആഴങ്ങളിലേക്കിറങ്ങിച്ചെന്നത്,
അവസാനത്തെ പെഗ്ഗിൽ വീണ
ഐസ്ക്യൂബ് ആവാം!
തീൻമേശയിലെ അത്താഴത്തിന്റെ
അരുചി വിളിച്ചോതിയത്,
അച്ഛന്റെ തൊണ്ടയിൽ തടഞ്ഞ
തേങ്ങലുകളാവാം!
കലവറമുറിയിലെ പലവ്യഞ്ജനങ്ങളുടെ
കണക്കു പറഞ്ഞ
അമ്മയെ തൊഴിച്ചത്,
കാലിയായ കീശയിൽ തിരഞ്ഞ
അച്ഛന്റെ കൈകളാവാം!
തെക്കേ തൊടിയിലെ പുളിങ്കൊമ്പിൽ
ആടിയുറങ്ങാൻ പോയത്,
ആധാരമിറങ്ങിപ്പോയ വീടിന്റെ
അരുതായ്മകൾ
അച്ഛനെ വരിഞ്ഞു മുറുക്കിയതുകൊണ്ടാവാം!
പാപം ചെയ്യാത്ത അച്ഛനെ
പാപനാശിനിയിൽ ഒഴുക്കി വിട്ടതുകൊണ്ടാവാം,
അച്ഛനുറങ്ങാത്ത വീട്ടിൽ
രാത്രി
ഉറങ്ങാത്തത്!