Keralaliterature.com

പാശ്ചാത്യസാഹിത്യ നിരൂപണം- വേഡ്‌സ്‌വര്‍ത്തിന്റെ കാല്പനിക സിദ്ധാന്തം

ആംഗലകവിതയില്‍ അഗസ്റ്റ്യന്‍ യുഗം എന്നു വിശേഷിപ്പിക്കാറുള്ള കാലഘട്ടം തുടങ്ങിയപ്പോള്‍, അന്നുവരെ നിലനിന്ന നിയോ ക്ലാസിക് പ്രസ്ഥാനം ഉടനീളം കൃത്രിമത്വവും ഭാവദൗര്‍ബല്യവും പ്രകടിപ്പിച്ചുതുടങ്ങി. കാവ്യകലയെ ജഡമാക്കിത്തീര്‍ത്ത ഈ കൃത്രിമ ക്ലാസിക് പ്രസ്ഥാനം അതിന്റെ ഹംസഗാനം പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യംതന്നെ പാടിക്കഴിഞ്ഞിരുന്നു. ഈ നിയോ -ക്ലാസിക് കാലഘട്ടത്തിന്റെ ദുഷിച്ച പ്രവണതയുടെ പേരില്‍ കാല്‍പനിക മനസ്സുള്ള ഒരു കവി നടത്തിയ പ്രതിഷേധമാണ് വേഡ്‌സ്‌വര്‍ത്തിന്റെ കാവ്യസിദ്ധാന്തങ്ങള്‍. 1798 ല്‍ പ്രസിദ്ധീകരിച്ച ‘ലിറിക്കല്‍ ബാലാഡ്‌സ്’ അവതാരിക 1800ലും, ‘പ്രിഫസ് ടു ദ ലിറിക്കല്‍ ബാലാഡ്‌സ്’ 1802 – ലും നവീകരിച്ച് പുന:പ്രകാശിതമായതോടെ കാല്പനികത ഇംഗ്ലീഷ് സാഹിത്യത്തിന്റെ ഒരു ആവേശമായിത്തീര്‍ന്നു. വേഡ്‌സ്‌വര്‍ത്തിന്റെ ഈ അവതാരികയെ ആംഗല കാല്പനിക പ്രസ്ഥാനത്തിന്റെ പ്രകടനപത്രിക എന്നാണ് റെനെ വെല്ലക് വിശേഷിപ്പിക്കുന്നത് (എ ഹിസ്റ്ററി ഓഫ് മോഡേണ്‍ ക്രിട്ടിസിസം).
വേഡ്‌സ്‌വര്‍ത്തിന്റെ ആശയങ്ങള്‍ക്ക് കവിതയെ സംബന്ധിക്കുന്ന ചില ധീരനൂതന സങ്കല്പങ്ങള്‍ വായനക്കാരില്‍ കടത്തിവിടാന്‍ കഴിഞ്ഞു. മനുഷ്യന്റെ ശബ്ദം മുഴങ്ങി കേള്‍ക്കട്ടെ എന്ന് വേഡ്‌സ്‌വര്‍ത്ത് പ്രഖ്യാപിച്ചു. ‘കവിതയെ ശക്തമായ വികാരങ്ങളുടെ നൈസര്‍ഗിക പ്രവാഹ’മെന്നും, ‘പ്രശാന്തതയില്‍ അനുസരിക്കപ്പെടുന്ന വികാരങ്ങളില്‍ നിന്നാണ് അതു ജന്മമെടുക്കുന്ന’തെന്നും അദ്ദേഹം നിര്‍വചിച്ചു.

വികാരത്തിന്റെ ആവിഷ്‌കാരമാണ് കവിതയെന്ന് വേഡ്‌സ്‌വര്‍ത്ത് പറയുന്നു. നിര്‍മാണമല്ല, വെളിപ്പെടുത്തലാണെന്ന് സ്‌പൊണ്ടേനിയസ് എന്ന പദം വ്യക്തമാക്കുന്നു. ജീവിതാനുഭവങ്ങള്‍ കവിയുടെ മനസ്സില്‍ അബോധപരമായി കിടക്കുന്നു. അതിന്റെ അനുസ്മരണത്തില്‍ നിന്നാണ് കവിത ജനിക്കുന്നത്. ഇതു പലഘട്ടങ്ങളിലൂടെയാണ് നടക്കുന്നത്. അസാമാന്യ ഭാവുകത്വമുള്ള കവിയുടെ നിരീക്ഷണമാണ് ഇതില്‍ ആദ്യത്തേത്. ഈ നിരീക്ഷണം കവിമനസ്സില്‍ പ്രതികരണങ്ങള്‍ ഉണ്ടാക്കുകയും, അതു വികാരങ്ങളും അനുഭൂതികളുമായി മാറുകയും ചെയ്യും. ഇവ ഉടനെ കവിതയായി ആവിഷ്‌കരിക്കപ്പെടുന്നില്ല. ധ്യാനത്തിലൂടെ ആത്മീയവത്കരിക്കപ്പെടുന്നു. പിന്നെ, പ്രശാന്തതയില്‍ അനുസ്മരിക്കപ്പെട്ട് കവിതയായി മാറുകയാണ്. അതോടൊപ്പം, സാധാരണമനുഷ്യന്റെ ഭാഷ കുറച്ചൊന്നു മിനുസപ്പെടുത്തിയാല്‍ അതു കവിതയ്ക്ക് ഇണങ്ങുകയില്ലേ എന്നു ചോദിച്ചുകൊണ്ട് കാവ്യശൈലിയെ സംബന്ധിക്കുന്ന ഒരു മൗലികപ്രശ്‌നം കൂടി അദ്ദേഹം ഉന്നയിച്ചു.
തന്റെ കാലഘട്ടത്തില്‍ നിലവിലിരുന്ന കാവ്യശൈലിയോട് വേഡ്‌സ്‌വര്‍ത്തിന് ശക്തമായ അനിഷ്ടമുണ്ടായിരുന്നു. അത് ദുഷിതവും വ്യഭിചരിക്കപ്പെട്ടതും വികലവും പുറംപകിട്ട് പ്രകടിപ്പിക്കുന്നതും നിര്‍വികാരവും ആകയാല്‍ കൃത്രിമമാണ്. തന്റെ ശൈലി മാത്രമാണ് സ്വാഭാവികം എന്ന് അദ്ദേഹം വാദിച്ചു.
ഗ്രാമീണ ജീവിതത്തിന്റെ നൈസര്‍ഗികത്വവും സാരള്യവും അകൃത്രിമത്വവും, ശാശ്വതമായ പ്രകൃതിഘടകങ്ങളോട് അതിനുള്ള ആഴമേറിയ ബന്ധവും, ഗ്രാമീണരുടെ ഭാഷയ്ക്കുള്ളിലെ ലാളിത്യവും സ്വാഭാവികതയും വേഡ്സ്‌വര്‍ത്തിനെ ലഹരിപിടിപ്പിച്ചു. വ്യവസായിക വിപ്ലവത്തിന്റെ സ്വാധീനം നാഗരികജീവിതത്തില്‍ വരുത്തിയ കൃത്രിമത്വം നാഗരിക ജീവിതത്തെ വെറുക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു. ഒരു കവിയെന്ന നിലയില്‍ പ്രകൃതിയോട് അദ്ദേഹത്തിനുണ്ടായിരുന്ന പ്രേമം കൂടിയായപ്പോള്‍ ഗ്രാമീണജീവിതത്തിന്റെ ആരാധകനായിത്തീര്‍ന്നു വേഡ്സ്‌വര്‍ത്ത്. ഗ്രാമീണരുടെ വ്യവഹാരഭാഷ അതേപടി ഉപയോഗിക്കണമെന്ന് വേഡ്സ്‌വര്‍ത്ത് പറയുന്നില്ല. ഗ്രാമീണരുടെ ജീവിതത്തില്‍നിന്നും വിഷയം സ്വീകരിച്ച് അവര്‍ ഉപയോഗിക്കുന്ന ഭാഷയില്‍നിന്നും തിരഞ്ഞെടുത്ത ഒരു ഭാഷയില്‍ ഗ്രാമീണജീവിതത്തെ ഭാവനയുടെ സഹായത്തോടെ അവതരിപ്പിക്കുകയാണ് വേണ്ടത്. ബാലഡിന്റെ രചനയില്‍ താന്‍ ഈ മാര്‍ഗമാണ് സ്വീകരിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഇതോടൊപ്പം, ഗദ്യത്തിനും ഛന്ദോബദ്ധമായ രചനയ്ക്കും തമ്മില്‍ വ്യത്യാസമില്ല. ഉണ്ടായിരിക്കുകയും അരുത് എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മനുഷ്യന്റെയും പ്രകൃതിയുടെയും പ്രതിബിംബമാണ് കവിത. എന്നാല്‍, മനുഷ്യരെയും പ്രകൃതിയെയും അതേപടി കൈകാര്യം ചെയ്യുകയല്ല അവ. ഇന്ദ്രിയങ്ങളിലും വികാരങ്ങളിലും എങ്ങനെ പ്രതിബിംബിക്കുന്നു, അതുപോലെ അവയെ കൈകാര്യം ചെയ്യുകയാണ് കവിതയുടെ ലക്ഷ്യം. വികാരപരതയ്ക്ക് മുന്‍തൂക്കം കൊടുത്തുകൊണ്ടുള്ള ഈ കാവ്യകലാചിന്തയെ കവിയുടെ സിദ്ധികള്‍ എന്ന നിലയില്‍ വേഡ്സ്‌വര്‍ത്ത് സ്വീകരിക്കുന്നു. സംവേദനത്വം മൂല്യബോധം ഭാവന, വിവേചനശക്തി- ഇവയാണ് കവിയെ വിജയത്തിലെത്തിക്കുന്നത്.

 

Exit mobile version