Keralaliterature.com

പാശ്ചാത്യസാഹിത്യ നിരൂപണം- ഹാമേര്‍ഷ്യ

ദുരന്തനാടകത്തിലെ മുഖ്യകഥാപാത്രത്തിന്റെ സ്വഭാവം ട്രാജഡിയുടെ പ്രയോജനവുമായി ബന്ധപ്പെട്ട പ്രശ്‌നമായതുകൊണ്ട് അരിസ്റ്റോട്ടില്‍ ഇതിനെക്കുറിച്ച് വിശദമായി ചിന്തിക്കുന്നു. മുഖ്യകഥാപാത്രം അടിസ്ഥാനപരമായി നല്ലവനായിരിക്കണമെങ്കിലും തികവുറ്റവനായിരിക്കരുതെന്ന് അരിസ്റ്റോട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. മുഖ്യകഥാപാത്രം അത്യന്തഗുണവാനോ അതീവ ദുഷ്ടനോ ആകാതെ മധ്യവര്‍ത്തി ആയിരിക്കണം. പൂര്‍ണമായ നന്മയ്ക്ക് നാടകീയത കുറവായതിനാല്‍ അത്തരം സ്വഭാവമുള്ള കഥാപാത്രങ്ങളെ ഉപേക്ഷിക്കണം എന്നുതന്നെയാണ് അരിസ്റ്റോട്ടിലിന്റെ അഭിപ്രായം. ദുഷ്ടനായ ഒരു കഥാപാത്രത്തിന്റെ നാശം നമ്മുടെ നീതിബോധത്തെ തൃപ്തിപ്പെടുത്തുന്നതിനാല്‍ ട്രാജഡിയുടെ ഉന്നതമായ ധര്‍മം പ്രേക്ഷകഹൃദയങ്ങളില്‍ സൃഷ്ടിക്കപ്പെടുന്നില്ല. അതുകൊണ്ട് വളരെയേറെ അഭികാമ്യവും ആരാധ്യവുമായ സ്വഭാവമുള്ള ഒരാളില്‍ ഒരു ദൗര്‍ബല്യമുള്ളതായിക്കൂടി കാണിക്കണം. സ്വഭാവത്തിലെ ഈ ദൗര്‍ബല്യമാണ് ഭയകരുണങ്ങള്‍ സൃഷ്ടിക്കുംവിധം മുഖ്യകഥാപാത്രത്തിന്റെ ജീവിതത്തെ അതിവേഗം ദുരന്തത്തിലേക്കു നയിക്കുന്നത്. ദുരന്തത്തിനാസ്പദമായ ഈ സ്വഭാവവൈകല്യത്തെ അരിസ്റ്റോട്ടില്‍ ഹാമേര്‍ഷ്യ എന്നു വിശേഷിപ്പിക്കുന്നു. ദുരന്തനായകന്‍ എടുക്കുന്ന തീരുമാനത്തിനു വരുന്ന പാകപ്പിഴയാണ് ഹാമേര്‍ഷ്യ എന്ന് ചിലര്‍ വ്യാഖ്യാനിക്കുന്നു. ധാര്‍മിക വൈകല്യം എന്നും നായകന്‍ ചെയ്യുന്ന ഒരു തെറ്റ് എന്നുമെല്ലാം ഹാമേര്‍ഷ്യയ്ക്ക് അര്‍ഥം കല്‍പ്പിക്കപ്പെട്ടിട്ടുണ്ട്.
ഹാമേര്‍ഷ്യ എന്ന ഗ്രീക്കു പദത്തിന്റെ അര്‍ഥം ലക്ഷ്യംതെറ്റുക എന്നാണ്. ഈ ലക്ഷ്യംതെറ്റല്‍ പല കാരണങ്ങള്‍ കൊണ്ടുണ്ടാകാം. യാഥാര്‍ഥ്യത്തെ സംബന്ധിച്ച അജ്ഞാനം കൊണ്ടോ അക്ഷമ കൊണ്ടോ വികാരാവേശം കൊണ്ടോ ഉണ്ടാകാം. |
അരിസ്റ്റോട്ടില്‍ തന്റെ നാടകദര്‍ശനം ആവിഷ്‌കരിക്കാന്‍ അവലംബമാക്കിയത് ഈഡിപ്പസ് രാജാവിനെയാണ്. ഈഡിപ്പസ് കോരിത്തില്‍നിന്ന് ഒളിച്ചോടിയത് പിതാവിനെ കൊന്ന് മാതാവിനെ വേള്‍ക്കും എന്ന വിധിയില്‍നിന്ന് രക്ഷപ്പെടാനാണ്. എന്നാല്‍, ആ യാത്രയിലാണ് പിതാവിന്റെ മരണത്തിന് അദ്ദേഹം കാരണമാകുന്നത്. ആശ്രയമറ്റ തീബ്‌സിനെ രക്ഷിക്കാനാണ് അദ്ദേഹം സ്ഫിങ്ക്‌സിനെ കൊന്നത്. ആ രക്ഷാദാനം ആയിരുന്നു സ്വമാതാവിന്റെ വരണമാല്യം സ്വീകരിക്കാന്‍ കാരണമാക്കിയത്. അങ്ങനെ വിധി ഒരുക്കിയ കുരുക്കിലേക്ക് അറിയാതെ ചെന്നു ചേരുന്ന ഈഡിപ്പസിന്റെ ചിത്രം പിന്നീടുള്ള സംഭവപരമ്പരകള്‍ കൊണ്ടു പൂര്‍ത്തിയാക്കുമ്പോള്‍ ഹാമേര്‍ഷ്യ എന്ന സംജ്ഞയുടെ അര്‍ഥവ്യാപ്തി കൂടുതല്‍ വ്യക്തമാകും.

ഈഡിപ്പസിന്റെ അക്ഷമയും ക്രയോണിന്റെ വിട്ടുവീഴ്ചയില്ലായ്മയും മാക്ബത്തിന്റെ ദുരാഗ്രഹവും ഒഥല്ലോയുടെ പ്രേമ സ്പര്‍ധയും ഹാംലെറ്റിന്റെ ഇതികര്‍ത്തവ്യ മൂഢതയും ദുരന്തത്തിനാസ്പദമായ സ്വഭാവവൈകല്യത്തിന് ഉദാഹരണമാണ്. ദുരന്തനാടകത്തിലെ നായകന്‍ ബോധപൂര്‍വം ദുഷ്‌കൃത്യം ചെയ്യുകയല്ല. സ്വഭാവദാര്‍ബല്യത്തിന് അടിമപ്പെട്ടിട്ടോ അജ്ഞത കൊണ്ടോ അനാശാസ്യമായ പലതും ചെയ്തുപോവുകയാണ്. അതുകൊണ്ട് കുറ്റപ്പെടുത്തലും നിന്ദയുമല്ല, ആഴമേറിയ സഹാനുഭൂതിയാണ് ഈ കഥാപാത്രങ്ങള്‍ പ്രേക്ഷകനില്‍ നിന്നാവശ്യപ്പെടുന്നത്. ഈ വിശദീകരണങ്ങളില്‍നിന്ന് നായക കഥാപാത്രങ്ങള്‍ ടൈപ്പുകള്‍ ആകണമെന്നല്ല അരിസ്റ്റോട്ടില്‍ ഉദ്ദേശിക്കുന്നത്. ചില സാമാന്യസ്വഭാവങ്ങള്‍ നായക കഥാപാത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ടെങ്കിലും, വേര്‍തിരിച്ചറിയാന്‍ കഴിയുംവിധം സ്വഭാവസവിശേഷതകള്‍ അവര്‍ പ്രകടിപ്പിച്ചേ കഴിയൂ. വായനക്കാര്‍ക്ക് അസ്വാഭാവികത തോന്നിക്കാത്ത തരത്തില്‍ നായകകഥാപാത്രങ്ങളെ സൃഷ്ടിക്കാന്‍ വേണ്ടിയാണ് ഈ സൂചനകള്‍ നല്‍കുന്നതെന്ന് എഫ്.എല്‍.ലൂക്കാസ് അദ്ദേഹത്തിന്റെ ‘ട്രാജഡി’ എന്ന ഗ്രന്ഥത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
ദുരന്തനാടക ഇതിവൃത്തത്തെ രണ്ടുവിഭാഗങ്ങളായി അരിസ്റ്റോട്ടില്‍ വിഭജിച്ചിരിക്കുന്നു.

1. സരളവും സങ്കീര്‍ണവും
നായകന്റെ അവസ്ഥാ പരിണാമം സ്ഥിതിവിപര്യയമോ പ്രത്യഭിജ്ഞാനമോ കൂടാതെ സംഭവിക്കുന്നതാണ് സരളമായ ഇതിവൃത്തം. ഇവയില്‍ ഏതെങ്കിലും ഒന്നോ രണ്ടും ഒരുമിച്ചോ പ്രത്യക്ഷപ്പെടുന്നത് സങ്കീര്‍ണമായ ഇതിവൃത്തമാണ്. സങ്കീര്‍ണമാണ് സരളത്തേക്കാള്‍ ശ്രേഷ്ഠമായ ഇതിവൃത്തമെന്ന് അരിസ്റ്റോട്ടില്‍ പറയുന്നു.

2. സ്ഥിതിവിപര്യയവും പ്രത്യഭിജ്ഞാനവും

നായകന്റെ ദുരന്തത്തിന് ആസ്പദമായ സ്വഭാവവൈകല്യവുമായി അഭേദ്യമാംവിധം ബന്ധപ്പെട്ടിരിക്കുന്ന രണ്ടു കാര്യങ്ങളാണ് സ്ഥിതിവിപര്യയവും പ്രത്യഭിജ്ഞാനവും. നാടകത്തിലെ ഒരവസ്ഥ തകിടം മറിയുന്നതാണ് സ്ഥിതിവിപര്യയം. സ്ഥിതിവിപര്യയത്തില്‍ ക്രിയ എതിര്‍ ധ്രുവത്തിലേക്കു നീങ്ങുന്നു. ഈഡിപ്പസ് രാജാവില്‍നിന്നും അരിസ്റ്റോട്ടില്‍ സ്ഥിതിവിപര്യയത്തിന് ഉദാഹരണം ചൂണ്ടിക്കാട്ടുന്നു. അതിലെ സന്ദേശവാഹകന്റെ ആഗമനം സ്ഥിതിവിപര്യയത്തിന് ഉദാഹരണമാണ്. തന്റെ ഉള്ളിലെ ഒരു സംശയം ദുരീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് രാജാവ് ആ ദൂതനെ പറഞ്ഞയക്കുന്നത്. പക്ഷേ, അയാള്‍ വെളിവാക്കുന്ന അപ്രിയസത്യങ്ങള്‍ രാജാവിന്റെ സ്വസ്ഥത തകര്‍ക്കുന്നു. കഥാപാത്രത്തിനു ലഭിക്കുന്ന തിരിച്ചറിവാണ് പ്രത്യഭിജ്ഞാനം. പൂര്‍വസംഭവങ്ങളുടെ അനിവാര്യ ഫലമാണത്. അച്ഛനെ വധിച്ചതും അമ്മയെ വിവാഹം കഴിച്ചതും തീബ്‌സിനെ വിനാശത്തിലേക്ക് വീഴ്ത്തിയതും താനാണെന്ന് പതുക്കെപ്പതുക്കെ ഈഡിപ്പസ് മനസ്സിലാക്കിയ മുഹൂര്‍ത്തം പ്രത്യഭിജ്ഞാനത്തിന് ഉദാഹരണമാണ്. ഇതുമൂന്നും ചേരുമ്പോഴാണ് ദുരന്ത നാടകത്തിന്റെ ഇതിവൃത്തം മാതൃകാപരമായി ആസൂത്രണം ചെയ്യപ്പെടുന്നതെന്ന് ഹംഫ്രി ഹൗസ് അഭിപ്രായപ്പെടുന്നു.

Exit mobile version