വടക്കന്‍ ഗ്രീസിലെ ഒരു ചെറിയ പട്ടണത്തില്‍ ബി.സി. 384- ലാണ് അരിസ്റ്റോട്ടില്‍ ജനിച്ചത്. അദ്ദേത്തിന്റെ പിതാവായ നികോമാ ഖസ് മാസിഡോണ്‍ രാജാവായ അമിന്തസ് രണ്ടാമന്റെ കൊട്ടാര വൈദ്യനായിരുന്നു. അതുവഴി രാജാവിന്റെ ഇളയമകനും ഭാവിഭരണാധികാരിയുമായ ഫിലിപ്പുമായി സൗഹൃദത്തിലാകാന്‍ അരിസ്റ്റോട്ടിലിന് അവസരം ലഭിച്ചു. ഈ സൗഹൃദത്തിന്റെ പേരിലാണ് ഫിലിപ്പ് രാജാവ്, തന്റെ അനന്തരാവകാശിയായ മഹാനായ അലക്‌സാണ്ടറുടെ ഗുരുനാഥനായി അരിസ്റ്റോട്ടിലിനെ അവരോധിച്ചത്.
ജീവചരിത്രകാരന്മാര്‍ അരിസ്റ്റോട്ടിലിന്റെ ജീവിതകാലത്തെ മൂന്നായി വിഭജിച്ചിട്ടുണ്ട്
ഒന്ന്, ബി.സി. 367-ല്‍ തന്റെ പതിനേഴാം വയസ്സിലാണ് അരിസ്റ്റോട്ടില്‍ തത്ത്വചിന്താ പഠനത്തിനായി പ്ലേറ്റോയുടെ അക്കാദമിയില്‍ ചേരുന്നത്. പിന്നീട് വിദ്യാര്‍ഥിയായും തുടര്‍ന്ന് അധ്യാപകനായും ഇരുപതുവര്‍ഷത്തോളം അദ്ദേഹം ഏഥന്‍സിലെ അക്കാദമിയില്‍ ചെലവിട്ടു. പ്ലേറ്റോയുമായുള്ള ബന്ധമാണ് അരിസ്റ്റോട്ടിലിന്റെ ജീവിതത്തെയും ചിന്തയെയും രൂപപ്പെടുത്തിയത്. ബി.സി 347-ല്‍ പ്ലേറ്റോയുടെ നിര്യാണത്തെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ അനന്തരവനായ സ്‌പെസിപ്‌സ് അക്കാദമിയുടെ നേതൃത്വം ഏറ്റെടുത്തു. തുടര്‍ന്ന്, അരിസ്റ്റോട്ടില്‍ ഏഥന്‍സ് ഉപേക്ഷിച്ചുപോയി. പിന്നീട്, ട്രോയ്ക്കടുത്തുള്ള അസ്സോസിന്‍ രാജാവായ ഹെര്‍മിയാസിന്റെ സംരക്ഷണയില്‍ താമസിച്ചുകൊണ്ട് ചിന്താപഠനത്തിലും തത്ത്വഗ്രന്ഥരചനയിലും അധ്യാപകവൃത്തിയിലും അദ്ദേഹം ഏര്‍പ്പെട്ടു. ഇക്കാലത്താണ് ഹെര്‍മിയാസിന്റെ ഭാഗിനേയിയായ പീഥിയാസിനെ അരിസ്റ്റോട്ടില്‍ വിവാഹം ചെയ്തത്.
രണ്ട്, ബി.സി. 342-ല്‍ അരിസ്റ്റോട്ടിലിനെ ഫിലിപ്പ് രാജാവ് തന്റെ അനന്തരാവകാശിയായ അലക്‌സാണ്ടറുടെ ഗുരുനാഥനായി മാസിഡോണിയന്‍ തലസ്ഥാനമായ പെല്ലയിലേയ്ക്ക് ക്ഷണിച്ചു. അന്ന് പതിനാലു വയസ്സുണ്ടായിരുന്ന അലക്‌സാണ്ടറെ പ്രധാനമായും രാഷ്ട്രതന്ത്രവും സാഹിത്യവുമാണ് അരിസ്റ്റോട്ടില്‍ പഠിപ്പിച്ചത്. ഫിലിപ്പ് രാജാവിന്റെ മരണത്തെത്തുടര്‍ന്ന് ബി.സി 336-ല്‍ അലക്‌സാണ്ടര്‍ ഭരണം ഏറ്റെടുത്തു. പന്ത്രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം അരിസ്റ്റോട്ടില്‍ ഏഥന്‍സില്‍ തിരിച്ചെത്തി. അവിടെ ലൈസിയം എന്ന പേരില്‍ വിശ്വപ്രസിദ്ധമായ വിദ്യാലയം സ്ഥാപിച്ചു. അപ്പോളോ ലൈസിയത്തിന്റെ തോട്ടത്തില്‍ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തില്‍ വിശാലമായ മ്യൂസിയവും ലൈബ്രറിയും ഉണ്ടായിരുന്നു.
ഇവിടെ വച്ചാണ് അരിസ്റ്റോട്ടില്‍ തന്റെ ശാസ്ത്രീയപഠനങ്ങള്‍ അധികവും നടത്തിയത്. ചരിത്രം, സാഹിത്യം, പ്രകൃതി ശാസ്ത്രം, ജീവശാസ്ത്രം തുടങ്ങി പല വിഷയങ്ങളിലും അദ്ദേഹം ഗവേഷണം നടത്തി. അദ്ദേഹം അറിവുള്ളവരുടെ ഗുരുവായിത്തീര്‍ന്നത് ഇവിടെവച്ചാണ്. ഈ വിദ്യാലയത്തിലെ വിശാലമായ പന്തലില്‍ ഉയര്‍ന്നവേദിയില്‍ നടന്നുകൊണ്ട് പ്രഭാതം മുതല്‍ പ്രദോഷം വരെ പ്രവചനങ്ങളും പ്രഭാഷണങ്ങളും അദ്ദേഹം നടത്തി. ഈ വിദ്യാലയത്തില്‍ ദീര്‍ഘകാലം കുട്ടികളെ പഠിപ്പിക്കാന്‍ തയ്യാറാക്കിയ കുറിപ്പുകളാണ് ഇന്നു നമുക്ക് ലഭിച്ചിട്ടുള്ള കൃതികളിലധികവും.
മൂന്ന്, അരിസ്റ്റോട്ടിലിന്റെ അവസാന നാളുകള്‍ അത്ര സന്തോഷപ്രദമായിരുന്നില്ല ഭാര്യയുടെ മരണവും അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയുടെ അന്ത്യവും കനത്ത ആഘാതങ്ങളായിരുന്നു. തുടര്‍ന്ന് ഏഥന്‍സില്‍ മാസിഡോണിയന്‍ വിരുദ്ധ പ്രക്ഷോഭം ആരംഭിച്ചു. ഗുരുവായ സോക്രട്ടീസിന്റെ വിധി തനിക്ക് സംഭവിക്കാതിരിക്കാന്‍ അദ്ദേഹം മാതാവിന്റെ ജന്മദേശമായ യൂബിയായിലെ ഖാല്‍ക്കിസിലേയ്ക്ക് പലായനം ചെയ്തു. അവിടെവച്ച് ബി സി 322 ല്‍ അറുപത്തിരണ്ടാമത്തെ വയസ്സില്‍ അദ്ദേഹം മരണമടഞ്ഞു.
അരിസ്‌റ്റോട്ടിലിന്റെ കൃതികള്‍
കവിതയെക്കുറിച്ച് ആധികാരികമായി ചര്‍ച്ച ചെയ്യുന്ന ലോകത്തിലെ ആദ്യ ഗ്രന്ഥമാണ് അരിസ്റ്റോട്ടിലിന്റെ കാവ്യമീമാംസ. കോമഡിയെക്കുറിച്ചുള്ള ഒരു ഭാഗം പോയറ്റിക്‌സി ല്‍ ഉണ്ടായിരുന്നു. രാഷ്ട്രതന്ത്രം എന്ന കൃതിയില്‍ സംഗീതത്തെക്കുറിച്ചും സാഹിത്യത്തെക്കുറിച്ചും ആനുഷംഗികമായ ചില പരാമര്‍ശങ്ങള്‍ കാണാം. സംവാദരൂപത്തില്‍ ‘ഓണ്‍ പോയറ്റിക്‌സ്’ എന്നൊരു ഗ്രന്ഥം കൂടി അരിസ്റ്റോട്ടില്‍ രചിച്ചിട്ടുണ്ട്. ഭാഷാപ്രയോഗത്തിന്റെ സൂക്ഷ്മമായ അപഗ്രഥനമാണ് ‘പ്രഭാഷണകല’ എന്ന ഗ്രന്ഥം.