ഗ്രീക്കുകാര്‍ അവരുടെ ഗാനങ്ങളെ ലിറിക്ക് എന്നും കോറിക് എന്നും രണ്ടു വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഗാഥാവിന്റെ വികാരങ്ങളെ ആവിഷ്‌കരിക്കുന്നത് ലിറിക്‌സ്. സാമൂഹ്യവികാരങ്ങള്‍ പ്രകാശിപ്പിക്കുന്ന വൃന്ദഗാനം കോറിക്. ലയര്‍ എന്ന ഒരിനം വീണമീട്ടിക്കൊണ്ട് ഒപ്പം ഒറ്റയ്ക്കുപാടാനായി രചിക്കപ്പെട്ടവയാണ് ലിറിക്കുകള്‍. നമ്മുടെ ഭാഷയില്‍ ലിറിക്കിനെ ഭാവഗീതം, ആത്മഗീതം, ഗീതാകാവ്യം, ഭാവകാവ്യം, സ്വച്ഛന്ദഗീതം എന്നെല്ലാം പറയുന്നു. ഇവയില്‍ ഭാവഗീതം എന്ന പദത്തിനാണ് ഏറെ പ്രാധാന്യം കിട്ടിയിട്ടുള്ളത്. കവിതയുടെ സത്ത, ശുദ്ധകവിത എന്നെല്ലാം ഭാവഗീതം വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. മറ്റൊരുതരം ഊര്‍ജങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ള ശുദ്ധമായ കാവ്യോര്‍ജത്തിന്റെ ഉത്പന്നമാണ് ഭാവഗീതം എന്നും, ഭാവഗീതവും കവിതയും പര്യായങ്ങളാണെന്നും ജോണ്‍ ഡ്രിങ്ക് വാട്ടര്‍ അഭിപ്രായപ്പെടുന്നു. സംഗീതാത്മകത, ആത്മനിഷ്ഠത, വികാരതീവ്രത, ഏകഭാവത്വം, ഹ്രസ്വത, വൃത്ത ഭദ്രത എന്നിവയാണ് ഭാവഗീതത്തിന്റെ മുഖ്യ സവിശേഷതകള്‍.
കവിതാസാഹിത്യത്തിലെ മൂന്ന് പൊതുവിഭാഗങ്ങളില്‍ ഒന്നാണ് ഭാവഗീതം. ആഖ്യാനാത്മകത, നാടകീയം എന്നിവയാണ് മറ്റു രണ്ട് വിഭാഗങ്ങള്‍. ഇവതമ്മിലുള്ള വിഭജനത്തിനാധാരമായ വ്യത്യാസങ്ങളെക്കുറിച്ച് ചിലപ്പോള്‍ തര്‍ക്കമുണ്ടാകാം. എന്നാല്‍, കവിതയുടെ സംഗീതാത്മകത രൂപത്തിലുള്ള ഉത്ഭവത്തിന് തെളിവുകളായ ഘടകങ്ങളെ നിലനിര്‍ത്തുന്നത് ഭാവഗീതമാണെന്ന കാര്യത്തില്‍ തര്‍ക്കമുണ്ടാവുകയില്ല. ഭാവഗീതത്തിന്റെ കാര്യത്തില്‍ സംഗീതഘടകം ബുദ്ധിപരമായും സൗന്ദര്യപരമായും കൃതിയുടെ ആന്തരികസത്തയാണ്; പാരമ്പര്യസിദ്ധിയാണ്. അതു വികാരപരവും ബുദ്ധിപരവുമായ മൂല്യങ്ങളെ വാഗ്‌രൂപത്തില്‍ പകരുന്ന കവിയുടെ ഇന്ദ്രിയപരമായ അനുഭവങ്ങളുടെ ഫോക്കല്‍ പോയിന്റ് ആണ്. ആഖ്യാനാത്മകമല്ലാത്തതും നാടകീയമല്ലാത്തതുമായ ഈ കാവ്യത്തിന് വിവിധഭാഷകള്‍ ഉപയോഗിച്ചിട്ടുള്ള നിരവധി പേരുകള്‍ അതിലെ സംഗീതഘടകത്തിന്റെ പ്രാഥമിക പ്രാധാന്യം എടുത്തുകാണിക്കുന്നുണ്ട്.
ഭാവഗീതത്തില്‍ വളരെ വ്യക്തിപരവും തീവ്രവുമായ വികാരങ്ങളാണ് ആവിഷ്‌കരിക്കപ്പെട്ടിരിക്കുന്നത്. കവിത തന്റെ തന്നെ വികാരങ്ങളെ പ്രകാശിപ്പിക്കുന്നതാണ് ഭാവഗീതം എന്നു റസ്‌ക്കിനും, തീവ്രമായ ആത്മനിഷ്ഠതയുടെയും സ്വകാര്യതയുടെയും പ്രകാശനമായിരിക്കണം ഭാവഗീതം എന്നും, കലാകാരന്‍ തന്നോടുതന്നെയുള്ള അടുത്ത ബന്ധത്തിന്റെ ഭാഗമായി സ്വന്തം പ്രതിച്ഛായ അവതരിപ്പിക്കുന്ന കാവ്യമാണ് ഭാവഗീതം എന്നും ജയിംസ് ജോയിസും പറയുന്നു. സംഗീതത്തെയോ രൂപപരമായ മാറ്റെന്തെങ്കിലും സവിശേഷതയേയോ പരാമര്‍ശിക്കാതെ ഈ കാവ്യരൂപത്തെ നിര്‍വചിച്ചിരിക്കുന്നു അവര്‍. വ്യക്തിത്വത്തെ മറച്ചുവയ്ക്കാത്തതും വ്യക്തിപരമായ അനുഭവത്തെ സാമാന്യ അനുഭവമായി ബന്ധിപ്പിക്കുന്നതും, ലളിതവും പരിചിതവുമായ ബിംബങ്ങളും പദപ്രയോഗങ്ങളും ഉപയോഗിക്കുന്നതുമായതാണ് ഇത്തരം കവിതകള്‍. പലപ്പോഴും അതുള്‍ക്കൊള്ളുന്ന വികാരം അതുല്യമാണെന്നും അപൂര്‍വമനോഭാവങ്ങള്‍ക്കു മാത്രം ചേര്‍ന്ന ഒന്നാണെന്നും ഊന്നിപ്പറയുന്നു.
ഏകഭാവത്വവും ഏകാഗ്രതയും ഹ്രസ്വവും വൃത്തഭദ്രതയുമാണ് ഭാവഗീതത്തിന് തീവ്രത നല്‍കുന്നത്. ഭാവഗീതത്തില്‍ ഏകഭാവം കത്തിനില്‍ക്കുന്നു. അത് ഏകാഗ്ര ഭാവമായിരിക്കും. വര്‍ണനകളും വാഗ്മയചിത്രങ്ങളുമെല്ലാം ഇവിടെ ആ ഏകഭാഗത്തിന്റെ, ഏക ആശയത്തിന്റെ, ഏക സന്ദര്‍ഭത്തിന്റെ സ്ഫുടീകരണത്തിനുവേണം പ്രയോജനപ്പെടേണ്ടത് . പല പ്രമുഖ വിമര്‍ശകരും ഭാവഗീതത്തിന്റെ മുഖ്യസ്വഭാവമായി എടുത്തുകാണിക്കുന്നത് ഈ ഏകാഗ്രതയാണ്.
ഭാവഗീതത്തിന്റെ സ്വരം പലപ്പോഴും ആത്മഗതത്തിന്റെതും ഏറ്റുപറച്ചിലിന്റേതുമാണ്. ഈ ഫലം നേടിയെടുക്കാല്‍ അസാധാരണമായ സന്ദര്‍ഭങ്ങളും രംഗങ്ങളും അവതരിപ്പിക്കണം. സ്ഥിരം പ്രതികരണത്തെ ബോധപൂര്‍വം നിരാകരിക്കുന്ന വികാരങ്ങളെ ഉത്തേജിപ്പിക്കാം. നിര്‍ദിഷ്ടമായ ഒരൊറ്റ സന്ദര്‍ഭവുമായി മാത്രം ബന്ധപ്പെടുന്ന ബിംബങ്ങള്‍ ഉപയോഗിക്കാം.
എല്ലാ കവിതയും അതിന്റെ ഉത്ഭവത്തില്‍ ഭാവഗീതാത്മകമായിരുന്നു എന്നു കരുതാന്‍ ന്യായമുണ്ട്. യുദ്ധം, വിജയം വിവാഹം, മതപരമായ ആഘോഷങ്ങള്‍, ആഹ്ലാദപ്രകടനങ്ങള്‍ തുടങ്ങിയ സന്ദര്‍ഭങ്ങളിലെല്ലാം ഉചിതമായ വൈകാരിക പ്രതികരണങ്ങള്‍ ഉണര്‍ത്തുവാനായി ഉപയോഗിച്ചുപോന്ന സോപയോഗ ഗാനങ്ങളാണ് ചില പ്രാകൃത ജനസൂഹങ്ങളില്‍ കണ്ടുപോന്ന ഏകകവിത. ചരിത്രവും ധാര്‍മികതയും പഠിപ്പിക്കുന്നതിനും, അതുവഴി ഇതിഹാസ കാവ്യങ്ങളും പ്രബോധനപരമായ കാവ്യങ്ങളും പോലെയുള്ള ആദ്യകാല കവിതാരൂപങ്ങളായി അതു വളരുന്നതിനും കാരണമായത് താളാത്മക ഭാഷണത്തിന് ഓര്‍മയില്‍ തങ്ങിനില്‍ക്കാനുള്ള കഴിവാണ്.
ഭാവഗീതങ്ങളുടെ വളര്‍ച്ചയ്ക്ക് പൊതുവേ നാലു ഘട്ടങ്ങളുണ്ട്
1. വിഷയത്തിന് പ്രാധാന്യമില്ലാതെയും ഭാഷയ്ക്ക് പ്രാകൃതത്വം കൂടിയും വരുന്നത്.
2. വിഷയം അപ്രധാനമെങ്കിലും പദത്തിലും സംഗീതത്തിലും താല്‍പര്യo ഏറുന്നു.
3. വിഷയത്തിന് പ്രാധാന്യം ഏറിയും സംഗീതാത്മകതയില്‍ താല്‍പര്യം കുറഞ്ഞുo വരുന്നത്.
4. വിഷയത്തിനും രൂപത്തിനും തുല്യപ്രാധാന്യമുള്ളത്.
മലയാളത്തില്‍ ഭാവഗീതങ്ങളുടെ സ്വഭാവം ആദ്യം കാണുന്നത് ചങ്ങമ്പുഴയുടെ ഭാവഗീതങ്ങളിലാണ്. എന്നാല്‍ പാശ്ചാത്യമാതൃകയിലുള്ള ഈ ഭാവഗീതങ്ങള്‍ക്ക് മുമ്പുതന്നെ ഭാവഗീത സ്വഭാവമുള്ള കൃതികള്‍ മലയാളം സൃഷ്ടിച്ചിട്ടുണ്ട്.
കറുത്തപ്പെണ്ണേ കരിങ്കുഴലീ
നിനക്കൊരുത്തന്‍ കിഴക്കുദിച്ചു…
എന്നിങ്ങനെയുള്ള നാടന്‍പാട്ടുകളില്‍ ഭാവസൗന്ദര്യവും സംഗീതസൗന്ദര്യം ഒന്നിച്ചു പ്രത്യക്ഷപ്പെടുന്നതു കാണാം.