ആധുനിക വിമര്‍ശനത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയ ഇറ്റാലിയന്‍ കലാചിന്തകനാണ് ക്രോച്ചെ. ആശയവാദിയായ അദ്ദേഹം സാഹിത്യവിമര്‍ശകന്‍ മാത്രമല്ല. പത്തൊന്‍പതാം നൂറ്റാണ്ടിലെ വിമര്‍ശനത്തില്‍ ശക്തിപ്രാപിച്ചിരുന്ന പല സമീപനങ്ങളുടെയും നേരെയുള്ള ബുദ്ധിപരമായ പ്രതിഷേധമായിരുന്നു ക്രോച്ചേയുടെ ‘ഈസ്തെറ്റിക്സ് ആസ് എ സയന്‍സ് ആന്റ് എക്സ്പ്രഷന്‍ ആന്റ് ജനറല്‍ ലിംഗിസ്റ്റിക്സ് എന്ന സൗന്ദര്യശാസ്ത്ര ഗ്രന്ഥം; 1902 ലാണ് അത് പ്രസിദ്ധീകരിച്ചത്. അതിന്റെ ഇംഗ്ലീഷ് പരിഭാഷ 1929 ലുണ്ടായി.
ജ്ഞാനം രണ്ടുതരത്തിലുണ്ടെന്ന് ഗ്രന്ഥത്തിന്റെ ഒന്നാം അധ്യായത്തില്‍ ക്രോച്ചേ പ്രസ്താവിക്കുന്നു. ഭാവനയിലൂടെ ആര്‍ജിക്കുന്ന അന്തര്‍ജ്ഞാനവും ബുദ്ധിയിലൂടെ ആര്‍ജിക്കുന്ന താര്‍ക്കികജ്ഞാനവും. ആദ്യത്തേത് ഇമേജുകളും രണ്ടാമത്തേത് പരികല്പനകളും സൃഷ്ടിക്കുന്നു. ഒന്ന് വ്യക്തിപരവും മറ്റേത് സാര്‍വലൗകികവുമാണ്. ബുദ്ധിപരമായ വിജ്ഞാനമില്ലെങ്കില്‍ അന്തര്‍ജ്ഞാനത്തിന്റെ നില യജമാനനില്ലാത്ത ഭൃത്യന്റെ നിലയായിരിക്കുമെന്ന ചിലരുടെ വാദം ക്രോച്ചേ തളളിക്കളയുന്നു. അന്തര്‍ജ്ഞാനത്തിനാണ് ക്രോച്ചേ യജമാനത്വം കല്പിക്കുന്നത്. അതിന് അതിന്റേതായ തെളിഞ്ഞ കണ്ണുകളുണ്ടെന്ന് അദ്ദേഹം പറയുന്നു.
കലയെ നേരിട്ടുള്ളതും വ്യക്തിഗതവുമായ ജ്ഞാനം എന്ന് ക്രോച്ചേ നിര്‍വചിച്ചു. കല അന്തര്‍ജ്ഞാനമാണെന്ന് അദ്ദേഹം പറയുന്നു. അതോടൊപ്പംതന്നെ അന്തര്‍ജ്ഞാനം ആവിഷ്‌കാരമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. കലാകാരന്‍ കലാരൂപം അതിന്റെ പൂര്‍ണതയോടെ മനസ്സില്‍ സൂക്ഷിക്കുന്നതോടെ കലാപ്രവര്‍ത്തനം അവസാനിക്കുന്നു. കല ആത്മാവിഷ്‌ക്കാരമാണ്, അത് ആന്തരികമാണ്.
ഒരു ചിത്രം ക്യാന്‍വാസിലേക്ക് പകര്‍ത്തുന്നതിനു മുമ്പുതന്നെ, ഒരു കവിത കടലാസില്‍ പകര്‍ത്തുന്നതിനു മുമ്പ്, ഒരു പ്രതിമ കൊത്തിയെടുക്കുന്നതിനു മുമ്പ് സൗന്ദര്യസൃഷ്ടി നടന്നുകഴിഞ്ഞിരിക്കും. വ്യക്തിയുടെ അന്തരംഗത്തില്‍ വസ്തുതകള്‍ വ്യക്തമായി രൂപം പ്രാപിക്കുന്നതിനെയാണ് ആവിഷ്‌കരണമെന്ന് ക്രോച്ചേ വിശേഷിപ്പിക്കുന്നത്. ആവിഷ്‌ക്കരണം ശാരീരികവും ഭൗതികവുമായ ഒരു ക്രിയയാണെന്ന് പത്തൊമ്പതാം നൂറ്റാണ്ടിലെ സങ്കല്പത്തെ നിക്ഷേപിക്കുകയാണ് ഇവിടെ ക്രോച്ചേ ചെയ്യുന്നത്.
കലാകാരന്റെ പ്രതിഭ അന്തര്‍ജ്ഞാനത്തെപ്പോലെതന്നെ സാധാരണക്കാരുടേതില്‍നിന്നും അളവിലല്ലാതെ ഗുണത്തില്‍ ഭിന്നമല്ല. ഭിന്നമായിരുന്നുവെങ്കില്‍ പ്രതിഭാശാലികളുടെ കലാസൃഷ്ടികള്‍ മറ്റുള്ളവര്‍ക്ക് ആസ്വാദ്യമാകുമായിരുന്നില്ല. പ്രതിഭ സ്വര്‍ഗത്തില്‍ നിന്നും ലഭിക്കുന്നതല്ല. സൗന്ദര്യത്തെ ഉത്പാദിപ്പിക്കുന്ന പ്രക്രിയയില്‍നിന്നു ഭിന്നമല്ല ആസ്വാദകനും വിധി നിര്‍ണയവും മറ്റും. കലാകാരന്റെ അന്തര്‍ജ്ഞാനംതന്നെ ആസ്വാദകനും ലഭിക്കും. അതിനുള്ള ഉത്തേജകഘടകം മാത്രമാണ് കലയുടെ ബാഹ്യമായ ഭൗതികരൂപം. ഒന്ന് ഉത്പാദനമാണെങ്കില്‍ മറ്റൊന്ന് പുനരുത്പാദനമാണ്. പുനരുത്പാദന പ്രക്രിയ അഭിരുചിയും ഉത്പാദനപ്രക്രിയ പ്രതിഭയുമാണ്. രണ്ടിനും തമ്മില്‍ ഭേദമില്ല. ദാന്തെയുടെ കൃതികള്‍ നിരൂപണം ചെയ്യാന്‍ നാം അദ്ദേഹത്തോളംതന്നെ ഉയരണം. ഒരു പ്രത്യേക മാനസികവ്യാപനത്തിന്റെ ഫലത്തെ ഭിന്നവ്യാപാരം കൊണ്ടറിയാന്‍ കഴിയുകയില്ല. മനസ്സുകളുടെ ഈ ഐക്യത്തില്‍കൂടി നമ്മുടെ ചെറിയ ആത്മാക്കള്‍ക്ക് മഹാന്മാരുടെ വലിയ ആത്മാക്കളെ പ്രതിനിധാനം ചെയ്യാനും അവയ്‌ക്കൊപ്പം വളരുവാനും സാധിക്കും.
സൃഷ്ടിയുടെ ഭൗതികരൂപത്തിന് ക്രോച്ചേ വലിയ പ്രാധാന്യം നല്‍കുന്നില്ല. ആന്തരികമായ അനുഭവത്തിന് ബാഹ്യരൂപം നല്‍കുന്നതു മാത്രമാണ് കലയുടെ ഭൗതികരൂപം. സൃഷ്ടിയുടെ ഈ ഭൗതികരൂപം ഓര്‍മ്മയെ സഹായിക്കുന്നതാണ്.
അതിനാല്‍ കലയില്‍നിന്നും അതിനെ നാം വേര്‍തിരിച്ചറിയണം. സ്മരണാപരമായ സൗകര്യത്തിനുവേണ്ടി കലാകാരന്‍ സൃഷ്ടിക്കുന്ന ഭൗതികമായ ഉദ്ദീപനം മാത്രമാണത്.
ബാഹ്യരൂപത്തിന് അത്ര വലിയ പ്രാധാന്യമില്ലെങ്കിലും സാഹിത്യത്തില്‍ വിമര്‍ശനത്തിനുള്ള പങ്ക് എന്താണ് എന്ന ചോദ്യത്തിന് ക്രോച്ചേ മറുപടി പറയുന്നു. സാഹിത്യാസ്വാദനത്തെ സഹായിക്കുന്ന കാര്യത്തില്‍ ഒരു വിമര്‍ശകന് പ്രാരംഭ ജോലികള്‍ മാത്രമേ ചെയ്യാന്‍ കഴിയുകയുള്ളൂ. കഥ അന്തര്‍ജ്ഞാനം ആയതുകൊണ്ട് ആശയങ്ങളിലൂടെയല്ല ബിംബങ്ങളിലൂടെയാണ് അതാവിഷ്‌കരിക്കുന്നത്. അന്തര്‍ജ്ഞാനം ശുദ്ധമായ ഭാഷണമാണെന്ന് ക്രോച്ചേ പ്രസ്താവിക്കുന്നു.
ക്രോച്ചേയുടെ കലാദര്‍ശനത്തെ സ്‌കോട്ട് ജയിംസ് വിമര്‍ശിക്കുന്നുണ്ട്. കലാസൃഷ്ടിയുടെ ഭൗതികരൂപത്തെ നിഷേധിക്കുന്ന ക്രോച്ചേ, കലാകാരന്‍ അനുവാചകന് എന്താണു പകര്‍ന്നു കൊടുക്കുന്നത് എന്ന വിഷയത്തെപ്പറ്റി ചിന്തിച്ചില്ല എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് ക്രോച്ചേയുടെ കവി ഒരു ഭാഷയും സംസാരിക്കുന്നില്ല എന്നു പരിഹാസത്തോടുകൂടി പ്രസ്താവിക്കുന്നു. അദ്ദേഹം ജീവിതത്തെ പൂര്‍ണമായും ഉപേക്ഷിച്ചുകളഞ്ഞിരിക്കുന്നു എന്നു സ്‌കോട്ട് ജയിംസ് ചൂണ്ടിക്കാണിക്കുന്നു.