നിരവധി പതിപ്പുകള്‍ ഇതിനകം ഇറങ്ങിയ കഥാസമാഹാരമാണ് എം.ടി വാസുദേവന്‍ നായരുടെ തിരഞ്ഞെടുത്ത കഥകള്‍. ആദ്യപതിപ്പ് 1968ല്‍ ഇറങ്ങി.
ഇതിന്റെ ആദ്യപതിപ്പിന് എം.ടി എഴുതിയ കുറിപ്പാണ് താഴെ ചേര്‍ക്കുന്നത്.
നന്ദി
കുറെ വര്‍ഷങ്ങളായി ഞാന്‍ കഥകയെഴുതിവരുന്നു. ഒട്ടാകെ എത്ര കഥ എഴുതിക്കാണുമെന്ന് തിട്ടമായി എനിക്കറിഞ്ഞുകൂടാ.കാരണം, പല കാലത്തായി പല കഥകളും നഷ്ടപ്പെട്ടിട്ടുണ്ട്. ആദ്യത്തില്‍ പതിവുപോലെ പത്രമാസികകളുടെ ചവറ്റുകൊട്ടകളില്‍ത്തന്നെ. അച്ചടിച്ചുവന്നവയിലും പലതും നഷ്ടപ്പെട്ടു. പ്രസിദ്ധങ്ങളല്ലാത്ത പല മാസികകളിലായിരുന്നതുകൊണ്ട് അവ പിന്നീട് തേടിപ്പിടിക്കാന്‍ പറ്റിയില്ല. അവശേഷിച്ച കഥകളില്‍നിന്നു തെരഞ്ഞെടുത്ത് ഈ സമാഹാരം തയ്യാറാക്കാന്‍ സഹായിച്ചത് ശ്രീ. പി.കെ ജയപാലനാണ്.
ഈ സമാഹാരത്തിന് ഞാനാദ്യം പേര്‍വിളിക്കാന്‍ ആഗ്രഹിച്ചത് ‘അപൂര്‍ണം’ എന്നാണ്. കാരണം ഇനിയും എനിക്ക് കഥകളെഴുതാനുണ്ട്. ചി വര്‍ഷങ്ങള്‍ക്കുശേഷം ഇനിയും ‘തെരഞ്ഞെടുപ്പ്’ നടത്തേണ്ടതായിവരും. ആ നിലയ്ക്ക് എന്റെ പ്രസാധകനും സുഹൃത്തുമായ തോമസുമായി ആലോചിച്ചപ്പോള്‍ അദ്ദേഹം അഭിപ്രായപ്പെട്ടു: തെരഞ്ഞെടുത്ത കഥകളുടെ ഒരു സീരിസില്‍ അദ്ദേഹം രണ്ടാമതായി പ്ലാന്‍ ചെയ്തതാണിത്. അതേ പാറ്റേണില്‍ വരട്ടെ എന്ന്.
എന്റെ സാഹിത്യജീവിതത്തിന്റെ ചരിത്രം, കഥയെഴുത്തിനെപ്പറ്റി കുറച്ചു താത്വികമായ കാര്യങ്ങള്‍-ഇതെല്ലാം ഞാന്‍ ഈ മുഖവുരയില്‍നിന്ന് ഒഴിവാക്കുന്നു. ‘കാഥികന്റെ പണിപ്പുര’യിലും പിന്നീടെഴുതിയ ചില ലേഖനങ്ങളിലും ഇതെല്ലാം ഞാന്‍ പറഞ്ഞുകഴിഞ്ഞതാണ്.
ആദ്യമായി ഞാന്‍ പ്രസിദ്ധീകരിച്ചത് ഒരു ലേഖനമാണ്. പ്രാചീനഭാരതത്തിലെ രത്‌നവ്യവസായത്തെപ്പറ്റി. ഇത് 1947ലാണ്. ലേഖനങ്ങളെഴുതിനോക്കി, കവിതയെഴുതിനോക്കി, കഥയെഴുതിനോക്കി. അമ്പതുകളുടെ ആരംഭത്തിലാണ് എനിക്കു പ്രിയപ്പെട്ട, അഥവാ പ്രവര്‍ത്തിക്കാന്‍ രസംതോന്നുന്ന, സാഹിത്യരൂപം ചെറുകഥയാണെന്ന് തീരുമാനിച്ചത്.
ഉവ്വ്, ചെറുകഥയോട് എനിക്കു പ്രത്യേകമായ ഒരു പക്ഷപാതമുണ്ട്. കവിതപോലെ തന്നെ പൂര്‍ണതയിലെത്തിക്കാവുന്ന, അല്ലെങ്കില്‍ പൂര്‍ണത ലക്ഷ്യമാക്കി പ്രവര്‍ത്തിക്കാവുന്ന, ഒരു സാഹിത്യരൂപമാണിത്. നോവലില്‍ പലപ്പോഴും കാവ്യഭംഗിയില്ലാത്ത കുറെ ഭാഗങ്ങള്‍ ഡോക്യുമെന്റേഷനുവേണ്ടി എഴുതേണ്ടിവരും. നോവലിന്റെ വിസ്തൃതമായ ക്യാന്‍വാസിനകത്ത് പലതും ഉള്‍ക്കൊള്ളിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ചെറുകഥയ്ക്ക് ഒരു വാസ്തുശില്പ സൃഷ്ടി പോലെ ത്രിമാനങ്ങളിലുള്ള ഒരു സുന്ദരരൂപം നല്‍കാന്‍ സാധിക്കുന്നു. ചെറുകഥയില്‍ ഒരു വാചകം, ചിലപ്പോള്‍, ഒരു വാക്കുതന്നെ അധികപ്പറ്റാവുന്നു. നോവലില്‍ പേജുകള്‍, ചിലപ്പോള്‍ അധ്യായങ്ങള്‍തന്നെ അധികപ്പറ്റായാലും സമഗ്രവീക്ഷണത്തില്‍ അതു രൂപഭംഗിയെ അത്രയേറെ ബാധിച്ചുവെന്നു വരില്ല.
താളക്കേടുകളുടെ തിരകളും ചുഴികളും കൊണ്ട് അസ്വസ്ഥമാണ് ജീവിതം. താളക്കേടുകളിലൂടെ താളാത്മകതയിലെത്തിച്ചേരാനുള്ള ഒരു സാഹസികയാത്രയാണ് സാഹിത്യകാരന്‍ നടത്തുന്നത്; പൂര്‍ണതയാണ് ലക്ഷ്യം. പക്ഷേ, ലക്ഷ്യത്തിലെത്തിച്ചേരുക എന്ന ഒരവസ്ഥയില്ല. ചക്രവാളമെന്നു കരുതിയ അകലത്തിലെത്തുമ്പോള്‍ അതു പിന്നെയും അകലെയാണ്. പിന്നീടതിലുമധികം ദൂരത്തില്‍ അകലെ. പക്ഷേ, യാത്ര, അതിലെ എല്ലാ സങ്കീര്‍ണതകളും പ്രശ്‌നങ്ങളും വിജയങ്ങളും പരാജയങ്ങളും വച്ചുകൊണ്ടുതന്നെ സംതൃപ്തി നല്‍കുന്ന ഒരനുഭൂതിയാണ്. അതാണെഴുത്തുകാരനെ തളര്‍ത്താതെ നയിക്കുന്ന ശക്തി.
എന്റെ സാഹിത്യജീവിതത്തില്‍ മറ്റെന്തിനോടുമുള്ളതിലധികം ഞാന്‍ കടപ്പെട്ടിരിക്കുന്നതു കൂടല്ലൂരിനോടാണ്. വേലായുധേട്ടന്റെയും ഗോവിന്ദന്‍കുട്ടിയുടെയും പകിടകളിക്കാരന്‍ കോന്തുണ്ണി അമ്മാമയുടെയും കാതുമുറിച്ച മീനാക്ഷിയേടത്തിയുടെയും നാടായ കൂടല്ലൂരിനോട്. അച്ഛന്‍, അമ്മ, ജ്യേഷ്ഠന്മാര്‍, ബന്ധുക്കള്‍, പരിചയക്കാര്‍, അയല്‍ക്കാര്‍-ഇവരെല്ലാം എനിക്കു പ്രിയപ്പെട്ട കഥാപാത്രങ്ങളാണ്. എന്റെ ചെറിയ അനുഭവമണ്ഡലത്തില്‍പ്പെട്ട സ്ത്രീപുരുഷന്മാരുടെ കഥകളാണ് എന്റെ സാഹിത്യത്തിന്റെ ഭൂരിഭാഗവും. മറ്റൊരുനിലയ്ക്കു പറഞ്ഞാല്‍, എന്റെതന്നെ കഥകള്‍. ഒരു തമാശയെന്ന നിലയ്ക്ക് ഞാനിടയ്ക്ക് ഓര്‍ത്തുപോകാറുണ്ട്. അമ്മ ജീവിച്ചിരുപ്പുണ്ടായിരുന്നെങ്കില്‍, അച്ഛന്റെ വീട്ടില്‍നിന്നു വന്ന ശങ്കുണ്ണിയേട്ടനെ സല്ക്കരിക്കാന്‍ എന്നെ പട്ടിണി കിടത്തിയ കഥ വായിച്ചാല്‍ എന്തുതോന്നുമായിരുന്നു?
വര്‍ഷങ്ങള്‍ക്കുശേഷം ഒരു കഥാപാത്രം, ഒരു സംഭവം, ഒരന്തരീക്ഷം, പൊടുന്നനെ മനസ്സിലേക്കു കയറി വരുമ്പോള്‍, മറ്റൊരീറ്റുനോവിന്റെ ആരംഭമാണീ നിമിഷമെന്ന് കണ്ടെത്തുമ്പോള്‍, ആ വേളയില്‍ വിവരിക്കാനാകാത്ത ഒരു നിര്‍വൃതിയുണ്ട്. ആ നിര്‍വൃതിക്കുവേണ്ടി നിതാന്തമായ അസ്വാസ്ഥ്യം പേറിനടക്കുമ്പോഴും എഴുത്തുകാരന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നു.
തീവണ്ടിയെഞ്ചിനുകളുടെ കോലാഹലത്തില്‍ കിടിലംകൊള്ളുന്ന ഒരു പഴയ മാളികവരാന്തയില്‍ ഇരിക്കെ, ഭ്രാന്തന്‍ വേലായുധേട്ടന്‍ ചെറുപ്പത്തില്‍ വീട്ടില്‍ കയറിവന്ന രംഗം പൊടുന്നനെ ഓര്‍മ്മിച്ചപ്പോള്‍ തോന്നിയ ആഹ്ലാദം ഞാനിപ്പോഴും അയവിറക്കുന്നു. വടക്കേ വീട്ടില്‍നിന്നു രക്ഷപ്പെട്ടുവന്നു ‘മാള്വേടത്തീ എനിക്കിത്തിരി ചോറുതൂരൂ ‘ എന്ന് അമ്മയോടു പറഞ്ഞു നിലവിളക്കിന്റെ വെളിച്ചത്തിലേക്ക്, കോലായിലേക്ക് കയറിവന്ന രംഗം.
എന്റെ കഥകളെക്കാള്‍ പ്രിയപ്പെട്ടതാണെനിക്ക് എന്റെ കഥകളുടെ കഥകള്‍. അതു മുഴുവന്‍ എഴുതാന്‍ തുടങ്ങുന്നില്ല.
ഞാന്‍ പറഞ്ഞുവന്നതിതാണ്: കൂടല്ലൂര്‍ എന്ന എന്റെ ചെറിയ ലോത്തിനോട് ഞാന്‍ മാറിനില്‍ക്കാനാവാത്തവിധം ബന്ധപ്പെട്ടിരിക്കുന്നു. അതിന്റെ നാലതിരുകള്‍ക്കപ്പുറത്ത് കടക്കില്ലെന്ന നിര്‍ബന്ധമുണ്ടോ എന്ന് ചോദിക്കാം. ഇല്ല. വ്യത്യസ്തമായ ഭൂഭാഗങ്ങള്‍ തേടി ഞാന്‍ അലയാറുണ്ട്. പലപ്പോഴും, പക്ഷേ, വീണ്ടും വീണ്ടും ഞാനിവിടേക്കു തിരിച്ചുവരുന്നു. ഇതൊരു പരിമിതിയാവാം. പക്ഷേ, അറിയാത്ത അത്ഭുതങ്ങളെ ഗര്‍ഭത്തില്‍ വഹിക്കുന്ന മഹാസമുദ്രങ്ങളേക്കാള്‍ അറിയാവുന്ന എന്റെ നിളാനദിയാണെനിക്കിഷ്ടം.
നന്ദി, എന്റെ വായനക്കാര്‍ക്കും എന്റെ ഗ്രാത്തിനും.
എം.ടി.വാസുദേവന്‍ നായര്‍