Keralaliterature.com

എം.വി.വിഷ്ണു നമ്പൂതിരിയുടെ ‘നമ്പൂതിരിഭാഷാ ശബ്ദകോശം’ എന്ന കൃതിക്ക് എന്‍.വി.കൃഷ്ണവാരിയര്‍ എഴുതിയ അവതാരിക

സാമുഹ്യമനുഷ്യന്റെ ഏററവും വലിയ സാധനയും സിദ്ധിമാണ് ഭാഷ. അതിനാല്‍ മനുഷ്യനെപ്പററിയുള്ള പഠനം, ഭാഷാപഠനം കൂടാതെ ഒരിക്കലും പൂര്‍ണമാവുകയില്ല. ഭാഷാപഠനത്തില്‍ എത്രയോ പുതിയ ശാഖകള്‍ അടുത്തകാലത്തു രൂപംകൊണ്ടിട്ടുണ്ട്. വ്യവസ്ഥിതമായ ഒരു സങ്കേതസമുച്ചയം, അല്ലെങ്കില്‍ സങ്കേതങ്ങളുടെ ഒരു വിശാലവ്യവസ്ഥ, ആണല്ലോ ഭാഷ. ഈ വ്യവസ്ഥയുടെ സാമാന്യനിയമങ്ങളാണ് വ്യാകരണത്തില്‍ അടങ്ങുന്നത്. ധനി, പദനിഷ്പാദനം, വാക്യത്തില്‍ പദങ്ങളുടെ വിന്യാസക്രമം എന്നിങ്ങനെ മുഖ്യമായി മൂന്നുതലങ്ങളില്‍ ഈ നിയമങ്ങളെ പഠിക്കാം. ഇത്തരം പഠനങ്ങള്‍, സവിസ്തരമായിത്തന്നെ, എല്ലാ പരിഷ്‌കൃതഭാഷകളിലും ധാരാളമായി നടന്നുകൊണ്ടിരിക്കുന്നു.
ആശയസംക്രമണത്തിന്നാണ് മനുഷ്യന്‍ ഭാഷ ഉപയോഗപ്പെടുത്തുന്നത്. ബാധകമായ ശബ്ദത്തിന്റെയെന്നപോലെ ബോദ്ധ്യമായ അര്‍ഥത്തിന്റെയും ഭാഗത്തുനിന്നു ഭാഷാപഠനം നിര്‍വ്വഹിക്കാം. ”അര്‍ത്ഥവിജ്ഞാനം’ എന്ന ഭാഷാശാസ്ത്രവിഭാഗം നിര്‍വ്വഹിക്കുന്ന കൃത്യം അതാണ്. ആശയസംക്രമണത്തിനു ഓരോ ഭാഷയും, ഓരോ ഭാഷാപ്രയോക്താവും കൈക്കൊള്ളുന്ന സവിശേഷതന്ത്രങ്ങളെപ്പററിയുള്ള പഠനവും ഭാഷാപഠനത്തിന്റെ ഒരു സുപ്രധാന വിഭാഗം തന്നെ. ‘ശൈലീവിജ്ഞാനം’ എന്ന പേരിലാണ് ഈ വിഭാഗം അറിയപ്പെടുന്നത്. ആശയനിവേദനത്തിന്റെ പ്രാഥമിക ഏകകം പദമാകുന്നു. പദങ്ങളാണ് ഭാഷയുടെ സമ്പത്ത്. പദങ്ങളെ ഏതെങ്കിലും ക്രമമനുസരിച്ചു വര്‍ഗ്ഗീകരിച്ചു
പ്രതിപാദിക്കുന്നതു ഭാഷാപഠനത്തിന്റെ ഒരു മുഖ്യ വിഭാഗമാകുന്നു. ഇതത്രേ ”കോശവിജ്ഞാനം. പ്രകടമായ ഒരു ആശയത്തെ നിവേദനം ചെയ്യുന്നതോടൊപ്പം ആനുഷംഗികങ്ങളായ പല വസ്തുതകളിലേക്കും ഭാഷ വെളിച്ചം വീശാറുണ്ട്. ഒരു ഭാഷ ഉപയോഗിക്കുന്ന സമൂഹം എങ്ങനെ പല അടുക്കുകളായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു എന്നും സൂക്ഷ്മമായ ഭാഷാ പഠനത്തില്‍നിന്നു നമുക്കു മനസ്സിലാക്കാം. വ്യത്യസ്തങ്ങളായ ഈ അടുക്കുകള്‍ തമ്മിലുള്ള ആശ്ര യാശ്രയീഭാവ സംബന്ധം നിലനിര്‍ത്താനും സുഗമമാകാനും ഭാഷയുടെ സവിശേഷപ്രയോഗങ്ങള്‍ ഉപകരിക്കുന്നുണ്ട്.
സമൂഹത്തിന്റെ പല അടുക്കുകള്‍ തമ്മിലുള്ള ഉച്ചനീചഭാവം വ്യക്തമാക്കുംവിധത്തില്‍ ആശയ
സംക്രമണം നിര്‍വ്വഹിക്കുന്ന ഭാഷാവിശേഷമത്രെ ‘ആചാര ഭാഷ’. ജാതിസമൂഹത്തില്‍ എല്ലാ ജാതികള്‍ക്കും സ്വന്തമായ ആചാരഭാഷകള്‍ ഉണ്ടായിരിക്കും. കേരളീയ സമൂഹത്തില്‍ വളരെക്കാലത്തോളം പ്രാമാണ്യം നമ്പൂതിരിമാര്‍ക്കായിരുന്നുവല്ലോ. സ്വത്തുടമ, രാഷ്ട്രീയാധികാരം, പൗരോഹിത്യം മുതലായ പല ഘടകങ്ങളും ഈ പ്രാമാണ്യത്തെ താങ്ങിനിര്‍ത്തിപ്പോന്നു. ഇതുനിമിത്തം, വളരെ വ്യാപ്തിയുള്ള ഒരു നമ്പൂതിരിഭാഷ’, പൊതുവായ മലയാളഭാഷയ്ക്കുള്ളില്‍ ഉടലെടുത്തു. നമ്പൂതിരിമാര്‍ തമ്മില്‍ത്തമ്മിലും, നമ്പൂതിരിമാര്‍ താഴെയുള്ളവരോടും, താഴെയുളളവര്‍ നമ്പൂതിരിമാരോടും ആശയസംക്രമണം നടത്തുന്നതും, പലപ്പോഴും, ഒരേ പദസഞ്ചയം ഉപയോഗിച്ചോ ഒരേ രീതിയിലോ ആയിരുന്നില്ല. അതി നാല്‍ നമ്പൂതിരിഭാഷയുടെ പഠനം കേരളത്തിലെ ജാതിസമുഹത്തിന്റെ പഠനം കൂടിയാണ്.
ആചാരഭാഷാപഠനത്തിലേക്കുള്ള ഗണ്യമായ ഒരു സംഭാവനയാണ് ശ്രീ വിഷ്ണുനമ്പൂതിരിയുടെ
”നമ്പുതിരിഭാഷാ ശബ്ദകോശം’, ഇതിനെത്തുടര്‍ന്നും ആചാരഭാഷാശൈലികള്‍, ആചാരഭാഷയുടെ ധ്വനിവിജ്ഞാനം, ആചാരഭാഷയിലെ പദങ്ങളുടെ അര്‍ത്ഥവിപരിണാമം മുതലായവകൂടി അദ്ദേഹം പഠനവിഷയമാക്കുമെന്നും, സമഗ്രമായ ഒരു ‘ആചാര ഭാഷാപഠന’ത്തിലേക്ക് ഇത് അദ്ദേഹത്തെ നയിക്കുമെന്നും ഞാന്‍ ആശിക്കുന്നു. മലയാള ഭാഷാപഠനത്തിനു മികച്ച ഒരു മുതല്‍ക്കൂട്ടായിരിക്കും അത്.

കൊല്ലം 4 ഡിസംബര്‍ 1981 എന്‍. വി. കൃഷ്ണവാരിയര്‍

………………………..

ഡോ: എം.വി. വിഷ്ണുനമ്പൂതിരിയുടെ ‘നമ്പൂതിരിഭാഷാ ശബ്ദകോശം’ എന്ന കൃതിക്ക് പ്രമുഖര്‍ എഴുതിയ മംഗളവാദം

ഡോ: എം.വി. വിഷ്ണുനമ്പൂതിരിയുടെ ‘നമ്പൂതിരിഭാഷാ ശബ്ദകോശം’ ഭാഷാവിദ്യാത്ഥികള്‍ക്കും അത്യന്തം പ്രയോജനപ്രദമായ ഒരു പ്രസിദ്ധീകരണമാണെന്നതിനുപുറമേ, അതു ഭാഷാഭേദപഠനത്തില്‍ പുതിയൊരു മാര്‍ഗ്ഗം വെട്ടിത്തെളിക്കുകകൂടി ചെയ്തിരിക്കുന്നു. പ്രാദേശികഹേതുക്കള്‍ മാത്രമല്ല, സാമുദായികവും സാമൂഹ്യവുമായ ഒട്ടേറെ ഹേതുക്കള്‍ കൂടി ഭാഷാഭേദങ്ങളുടെ ഉത്പത്തി പരിണാമങ്ങള്‍ക്കുള്ള പ്രേരകമാകാറുണ്ട്. ഭാഷാപഠനം സാര്‍ത്ഥകമാകുന്നത് ഇമ്മാതിരി മേഖലകളിലേക്കു കടക്കുമ്പോഴാണ്. അങ്ങനെ കടക്കുമ്പോഴാകട്ടെ അതു വ്യാപ്തിയേറിയ സാംസ്‌കാരികപഠനത്തിന്റെ മൂല്യവത്തായ ഭാഗംകൂടിയായിത്തീരുന്നു. ഡോ. നമ്പൂതിരിയുടെ പുസ്തകത്തിന്റെ പ്രസക്തി ഇതാണെന്നു ഞാന്‍ കരുതുന്നു.

ഡോ: കെ. രാമചന്ദ്രന്‍നായര്‍
കേരളസവ്വകലാശാല

ഡോ. എം.വി.വിഷ്ണുനമ്പൂതിരിയുടെ ”നമ്പുതിരിഭാഷാ ശബ്ദകോശം’ എന്ന കൃതി മലയാളത്തിലെ സമഗ്രമായ ഭാഷാഭേദപഠനത്തിന്റെ പൂര്‍ത്തീകരണത്തിനു സഹായിക്കുന്ന ഒരു നല്ല പ്രയത്‌നമാണ്. നമ്പൂതിരിമാരുടെ യജ്ഞശാലതൊട്ട് അടുക്കളവരെ പരന്നുകിടക്കുന്ന സവിശേഷസംജ്ഞകളെയല്ലാം സമാഹരിച്ചുകൊണ്ടുള്ള ഈ കോശഗ്രന്ഥം കേരളചരിത്രവും മലയാളസാഹിത്യവും മനസ്സിലാക്കുന്നതിനു വളരെ ഉപകാരപ്രദമായിരിക്കും. ഇതു
പോലുള്ള മറ്റു ഭാഷാപഠനങ്ങളുടെ ആവിര്‍ഭാവത്തിനും ഈ കൃതി പ്രേരകമായിത്തീരട്ടെ എന്ന് ആശംസിക്കുകയും ഗ്രന്ഥകര്‍ത്താവിനെ അഭിനന്ദിക്കുകയും ചെയ്തുകൊള്ളന്നു.

ഡോ.സുകുമാര്‍ അഴീക്കോട്
കോഴിക്കോട് സര്‍വകലാശാല

ബസ് കണ്ടക്ടര്‍ ടിക്കറ്റെഴുതുന്നതിന്നിടയില്‍ അപരിചിതനായ ഒരു യാത്രക്കാരനോടു ചോദിക്കുന്നു: ”തിരുമേനി എങ്ങോട്ടാ? അയാള്‍ ‘തിരുമേനി’യാണെന്ന് എങ്ങനെ ആ കണ്ടക്ടര്‍ ധരിച്ചു? മിണ്ടാതിരിക്കുക നമ്പൂതിരിമാരുടെ സ്വഭാവമല്ലല്ലോ. മിണ്ടിയാലോ, ആളൊരു നമ്പൂതിരിയാണെന്നു മറ്റുള്ളവര്‍ ധരിക്കുകയും ചെയ്യും. അത്രയ്ക്കുണ്ട് ആ ഭാഷണത്തിന്റെ പ്രത്യേകത. ഭാഷയിലും ഉച്ചാരണത്തിലുമുള്ള ഈ സവിശേഷത വൈക്കത്തിനു വടക്കും തിരൂരിനു തെക്കുമുള്ള നമ്പൂതിരിമാരില്‍ പ്രത്യേകിച്ചും കാണുന്നു. അതില്‍ത്തന്നെ പെരിയാറിനും പേരാറിനും മദ്ധ്യേയാണ് ഈ പ്രത്യേകതയുടെ കേന്ദ്രബിന്ദു.
കാസര്‍കോടുമുതല്‍ കന്യാകുമാരിവരെയുള്ള നമ്പൂതിരിമാരില്‍ കാണുന്ന ഭാഷാ-ആചാര വൈവിദ്ധ്യങ്ങള്‍ ഈ ഗ്രന്ഥത്തില്‍നിന്നു ഗ്രഹിക്കാം. വടക്കന്‍പ്രയോഗങ്ങളില്‍ കര്‍ണ്ണാടകത്തിന്റെ സമാവേശം അല്പാല്പം കണ്ടാല്‍ അത്ഭുതമില്ല.
സൂക്ഷ്മത്തില്‍ ഒരു ഭാഷയില്‍ത്തന്നെ പ്രദേശം, വര്‍ഗ്ഗം, ജാതി എന്നീ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ രൂപഭേദങ്ങള്‍ കാണുന്നു. ഇത്തരം ഭാഷാഭേദങ്ങ (Dialects)ളുടെ പഠനത്തില്‍ നമ്പുതിരിഭാഷയ്ക്കു പ്രത്യക പ്രാധാന്യമുണ്ട്. അവരുടെ സംഭാഷ ണശൈലി മാത്രമല്ല, വൈദികവും താന്ത്രികവുമായ കര്‍മ്മങ്ങളെസ്സംബന്ധിക്കുന്ന നിരവധി പദങ്ങളും
ശൈലികളും ഭാഷയുടെ അമൂല്യസമ്പത്താണ്. ഭാവിതലമുറയ്ക്ക് അവ മനസ്സിലാകണമെങ്കില്‍ അര്‍ത്ഥവിവരണത്തോടുകൂടി സംഗ്രഹിച്ചു സൂക്ഷിക്കേണ്ടത് അത്യാവശ്യമത്രെ. എന്തുകൊണ്ടെന്നാല്‍, നമ്പൂതിരിഭാഷ ഇന്ന് സാമാന്യഭാഷയില്‍ അലി ഞ്ഞലിഞ്ഞില്ലാതായിവരുന്നു. യുവതലമുറയില്‍ നമ്പൂതിരിചൈതന്യം കുറഞ്ഞുവരുന്നു. ഓത്തിന്റെ സംസ്‌കാരം ഭാഷണത്തില്‍ കാണുന്നില്ല. അവരുടെ ഭൂമിയും സ്വത്തുക്കളും അന്യാധീനമായതോടൊപ്പം ഭാഷാശൈലിയും ആചാരവിശേഷങ്ങളും നഷ്ടപ്രായങ്ങളായിരിക്കുന്നു. ആചാരപരമായ ശൈലീവിശേഷങ്ങള്‍ അറിഞ്ഞിരിക്കേണ്ടതും അനുഷ്ഠാനങ്ങള്‍ക്കല്ലെങ്കിലും സാമൂഹ്യശാസ്ത്രപഠനത്തിനും അത്യാവശ്യമാണല്ലോ. ഈ വസ്തുതയുടെ അടിസ്ഥാന ത്തില്‍ ആലോചിക്കുമ്പോഴാണ് ഡോ: വിഷ് നമ്പൂതിരിയുടെ മഹത്തായ പരിശ്രമം എത്രമാത്രം പ്രയോജനകരമാണെന്നു ബോധ്യമാവുക.
ഉത്സാഹശാലിയായ ഈ ഗ്രന്ഥകാരനെ അഭിനന്ദിക്കുകയും അദ്ദേഹത്തിനു സര്‍വ്വഭാവുകങ്ങളും ആശംസിക്കുകയും ചെയ്യുന്നു.

പ്രൊ: ഇ. കെ. നാരായണന്‍പോറ്റി
തൃശ്ശൂര്‍

കേരളചരിത്രത്തിലും, സംസ്‌കാരത്തിലും നമ്പൂതിരിമാര്‍ക്കുള്ള പ്രാധാന്യം അറിയുന്നവരാരും ‘നമ്പൂ തിരിഭാഷാശബ്ദകോശ’ മെന്ന ഈ ഗ്രന്ഥത്തിന്റെ പ്രസക്തിയെന്തെന്നു സംശയിക്കുകയില്ല. വലിയൊരു ചരിത്രകാലഘട്ടത്തിന്റെ നേതൃത്വം കേരളത്തിന്റെ പലഭാഗത്തും നമ്പൂതിരിമാര്‍ക്കുണ്ടായിരുന്നു. കേരളത്തിലെ ആര്യവല്‍ക്കരണത്തിനു മററാരേക്കാളും സഹായിച്ചതും അവരാണല്ലോ. അതിന്നു പററിയ ഒരു ഭാഷയും അവര്‍ ആവിഷ്‌കരിച്ചു.
വൈദികപാരമ്പര്യവും കൊണ്ടാണ് ഒരായിരം കൊല്ലംമുമ്പ് നമ്പൂതിരിമാര്‍ കേരളത്തില്‍ വന്നത്. ആ പാരമ്പര്യത്തെ മലയാളഭാഷയില്‍ പ്രതിഫലിപ്പിക്കുവാന്‍ പറ്റിയ എത്രയെത്ര പദങ്ങളാണ് ഈ ശബ്ദകോശത്തിലുള്ളതെന്ന് സൂക്ഷി ച്ചുനോക്കിയാല്‍ കാണാം. അതുപോലെതന്നെ വേദ കാലസംസ്തൃതത്തില്‍നിന്നും മലയാളമാക്കിയ പദങ്ങളും ഒട്ടേറെയുണ്ട്. എല്ലാറ്റിനും പുറമെ ആചാരഭാഷകള്‍, സവര്‍ണ്ണഭാഷകള്‍, ഫ്യൂഡലിസത്തിന്റെ അഴിഞ്ഞാട്ടം എന്നിവയെ കാണിക്കാനും ധാരാളം പദങ്ങള്‍ ഈ ശബ്ദകോശത്തിലുണ്ട്. ഏതുവശത്തു നിന്നായാലും ഈ ഗ്രന്ഥത്തിനു പ്രസക്തിയുണ്ടെന്നു
സാരം.
‘ശുദ്ധ’ത്തിന്റെയും ‘അശുദ്ധ’ത്തിന്റെയും എത്രയോ വകഭേദങ്ങള്‍ ഇതില്‍ കാണാം. പലതരം ഉപകരണങ്ങള്‍, യജ്ഞത്തിനും നിത്യപൂജയ്ക്കും ഉപയോഗിച്ചുപോരുന്ന പാത്രങ്ങള്‍, ഷോഡശക്രിയകകളുമായി ബന്ധപ്പെട്ട ആചാരാനുഷ്ഠാനങ്ങള്‍-ഇങ്ങനെ മതത്തിലും സാമൂഹ്യചരിത്രത്തിലും താല്‍പര്യമുള്ള വിദ്യാത്ഥികള്‍ക്ക് ഉപയോഗപ്രദമായ പദ ങ്ങളും ഇതില്‍ വേണ്ടത്രയുണ്ട്.
‘ഒരു ശബ്ദകോശം വന്നുവെന്നു പറഞ്ഞാല്‍ അര്‍ത്ഥം, ആ വിഭാഗത്തിലുള്ള വാക്കുകള്‍ മുഴുവന്‍ കോശത്തില്‍ കഴിഞ്ഞുവെന്നല്ല. ഇതില്‍ ഉള്‍പ്പെടാത്തതും നമ്പൂതിരിസംസ്സാരവുമായി ബന്ധമുള്ളതുമായ പദങ്ങള്‍ ഇനിയും കാണാം. അവ, യഥാസമയം കണ്ടുപിടിച്ച് ഡോ: വിഷ്ണു നമ്പൂതിരിക്ക് അയച്ചുകൊടുക്കുകയും, ഇനിയുള്ള പതിപ്പുകളില്‍ അവകൂടി ചേര്‍ക്കുകയുമാണെങ്കില്‍ ഈ ശബ്ദകോശം ഇനിയും വളരും; സംശയമില്ല. അങ്ങനെയേ ഏതു കോശഗ്രന്ഥവും വളരുകയുള്ളൂ.
പലതരം കോശഗ്രന്ഥങ്ങള്‍ നമുക്ക് ഇനിയും ഉണ്ടാകണം. ‘നമ്പൂതിരിഭാഷാ ശബ്ദകോശ’ത്തെത്തുടര്‍ന്നും സൃഷ്ടിപരമായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഡോ.വിഷ്ണു നമ്പൂതിരിക്ക് കഴിയുമാറാകട്ടെ.

പി.ടി.ഭാസ്‌കരപ്പണിക്കര്‍
തിരുവനന്തപുരം

 

 

Exit mobile version