Keralaliterature.com

കേരളവും സംസ്‌കൃത ഭാഷയും

ഒമ്പതാം നൂറ്റാംണ്ടോടുകൂടിയാണ് കേരളത്തില്‍ സംസ്‌കൃതഭാഷ പ്രചാരം നേടിയത്. മഹോദയപുരേശ ചരിതം ആയിരിക്കണം സംസ്‌കൃതഭാഷയില്‍ ചരിത്രവിഭാഗത്തിന് കേരളത്തിന്റെ ആദ്യത്തെ സംഭാവന. പിന്നീട് 'മൂഷികവംശം', 'ഉദയവര്‍മ്മചരിതം', 'ശിവവിലാസം', 'അഗ്‌നിവംശരാജകഥ', 'മാനവിക്രമസാമൂതിരി മഹാരാജാചരിതം', 'വഞ്ചീന്ദ്രവിലാസം' എന്നിങ്ങനെ കൊച്ചു കൊച്ചു ഭൂപ്രദേശങ്ങളിലെ രാജാക്കന്‍മാരേയും അവരുടെ ചെയ്തികളേയും വര്‍ണിക്കുന്ന നിരവധി സംസ്‌കൃതമഹാകാവ്യങ്ങള്‍ എഴുതപ്പെട്ടു. ഇതു പത്തൊന്‍പതാം നൂറ്റാണ്ടുവരെ തുടര്‍ന്നതായി കാണാം. കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്റെ 'വിശാലവിജയം' മഹാകാവ്യം അവയുടെ ഒടുക്കത്തെ കണ്ണിയാണ്.
സംസ്‌കൃതഭാഷയ്ക്കും സാഹിത്യത്തിനും കേരളീയര്‍ നല്‍കിയിട്ടുള്ള സംഭാവനകള്‍ ഒട്ടേറെയാണ്. പ്രാചീനകാലത്തും മദ്ധ്യകാലഘട്ടത്തിലും തുടര്‍ന്നും സംസ്‌കൃതഭാഷയുടെ ജീവസ്സു നിലനിര്‍ത്താന്‍ നമ്പൂതിരികുടുംബങ്ങളും വേദമഠങ്ങളും രാജസദസ്സുകളും വഹിച്ചിട്ടുള്ള പങ്ക് നിസ്സാരമല്ല.
ദണ്ഡിയുടെ അവന്തിസുന്ദരീകഥാസാരം (ക്രി.വ.എട്ടാം ശതകം) എന്ന കൃതിയില്‍ മാതൃദത്തന്‍, ഭവരാതന്‍ എന്നിങ്ങനെ രണ്ടു കേരളസംസ്‌കൃതപണ്ഡിതന്മാരെക്കുറിച്ച് പരാമര്‍ശമുണ്ട്. ജ്യോതിശാസ്ത്രാചാര്യനായ വരരുചി കേരളീയനാണെന്നു പരമ്പരാഗതമായി വിശ്വസിച്ചുപോരുന്നു. ജ്യോതിശ്ശാസ്ത്രത്തിലെ തന്നെ മഹാഭാസ്‌കരീയവും ലഘുഭാസ്‌കരീയവും രചിച്ചിട്ടുള്ളത് കേരളീയനായ ഭാസ്‌കരാചാര്യര്‍ ആണ്. 
ക്രി.വ.700നടുത്ത് രചിക്കപ്പെട്ട ഗ്രഹാചാരനിബന്ധനം (ഹരദത്തന്‍) ജ്യോതിശ്ശാസ്ത്രത്തിലെ മറ്റൊരു മഹദ്ഗ്രന്ഥമാണ്. പ്രസിദ്ധമീമാംസകനായിരുന്ന പ്രഭാകരന്‍ ശബരഭാഷ്യത്തിനു രണ്ടു വ്യാഖ്യാനങ്ങള്‍ എഴുതിയിട്ടുണ്ട്. ആദിശങ്കരനും സംസ്‌കൃതത്തിനു അനേകം മഹദ്കൃതികള്‍ നല്‍കിയിട്ടുണ്ട്.
മികവുറ്റ സംസ്‌കൃതനാടകമായി കണക്കാക്കപ്പെടുന്ന ശക്തിഭദ്രന്റെ ആശ്ചര്യചൂഡാമണി കേരളത്തിലാണ് പിറന്നത്. ശൂദ്രകന്റെ മൃച്ഛകടികം കേരളത്തിന്റെ സ്വന്തമാണ്. കുലശേഖരന്റെ തപതീസംവരണം, സുഭദ്രാധനഞ്ജയം എന്നീ സംസ്‌കൃതനാടകങ്ങള്‍, കുലശേഖര ആഴ്വാരുടെ മുകുന്ദമാല, ലീലാശുകന്റെ കൃഷ്ണകര്‍ണാമൃതം എന്നിവയും കേരളത്തിന്റെ സംഭാവനയാണ്. തോലന്റെ മഹോദയപുരേശചരിതവും വാസുദേവഭട്ടതിരിയുടെ യുധിഷ്ടിരവിജയവും ചേരസാമ്രാജ്യത്തിന്റെ പ്രതാപകാലത്താണ് വിരചിതമായത്.
അതുലന്റെ  മൂഷകവംശം മഹാകാവ്യം, ലക്ഷ്മീദാസന്റെ  ശുകസന്ദേശം കാവ്യം,  ദാമോദരന്റെ ശിവവിലാസം കാവ്യം, ശങ്കരകവിയുടെ  കൃഷ്ണവിജയം കാവ്യം, സുകുമാരന്റെ  കൃഷ്ണവിലാസം കാവ്യം, രവിവര്‍മ്മ കുലശേഖരന്റെ പ്രദ്യുമ്‌നാഭ്യുദയം നാടകം, രവിവര്‍മ്മന്റെ സദസ്യനായിരുന്ന സമുദ്രബന്ധന്റെ  'അലങ്കാരസര്‍വ്വസ്വം വ്യാഖ്യാനം എന്നിവയും കേരളത്തിന്റെ സംസ്‌കൃത സംഭാവനകളാണ്.
മണിപ്രവാളലക്ഷണഗ്രന്ഥമായ ലീലാതിലകം പോലും സംസ്‌കൃതത്തിലായിരുന്നു.

കേരളത്തില്‍ ജീവിച്ചിരുന്ന സംസ്‌കൃത കവികളും കൃതികളും:

ഉദ്ദണ്ഡശാസ്ത്രികള്‍:  കോകിലസന്ദേശം, മല്ലികാമാരുതം
കാക്കശ്ശേരി ഭട്ടതിരി:  വസുമതീമാനവിക്രമം
ചേന്നാസ് നാരായണന്‍ നമ്പൂതിരി:  തന്ത്രസമുച്ചയം
പയ്യൂര്‍ പരമേശ്വരന്‍ ഭട്ടതിരി:  മണ്ഡനമിശ്രന്‍ വ്യാഖ്യാനം, വാചസ്പതിമിത്രന്‍ വ്യാഖ്യാനം
മഴമംഗലം (മഹിഷമംഗലം) ശങ്കരന്‍ നമ്പൂതിരി: ജ്യോതിശ്ശാസ്ത്രകാരന്‍
മഴമംഗലം നാരായണന്‍ നമ്പൂതിരി:  മഹിഷമംഗലം ഭാണം, വ്യവഹാരമാല
മഴമംഗലം പരമേശ്വരന്‍:  ആശൌചദീപിക
നീലകണ്ഠസോമയാജി:  തന്ത്രസംഗ്രഹം, ആര്യഭടീയഭാഷ്യം

മേല്‍പ്പുത്തൂര്‍ നാരായണഭട്ടതിരി: നാരായണീയം
ശ്രീപാദസപ്തതി
പ്രക്രിയാസര്‍വ്വസ്വം
മാനമേയോദിലം
ക്രിയാക്രമം
മാടമഹീശപ്രശസ്തി
ധാതുകാവ്യം

തൃക്കണ്ടിയൂര്‍ അച്യുതപ്പിഷാരടി

കരണോത്തമം ഉപരാഗക്രിയാക്രമം
രാമപാണിവാദന്‍ (കുഞ്ചന്‍ നമ്പ്യാര്‍?)

സീതാരാഘവം (സംസ്‌കൃതനാടകം)
മദനകേതുചരിത്രം (സംസ്‌കൃതനാടകം)
ചന്ദ്രിക (സംസ്‌കൃതനാടകം)
ലീലാവതി (സംസ്‌കൃതനാടകം)
പൂര്‍വ്വഭാരതം (സംസ്‌കൃതചമ്പു)

കൊടുങ്ങല്ലൂര്‍ ഗോദവര്‍മ്മ യുവരാജ:

രസസദനം ഭാണം
രാമചരിതം കാവ്യം

കൈക്കുളങ്ങര രാമവാര്യര്‍ (1817-1916):  വാഗാനന്ദലഹരി, വിദ്യാക്ഷരമാല
കൊച്ചി രാമവര്‍മ്മ പരീക്ഷിത്തു തമ്പുരാന്‍:  സുബോധിനി, ഭാവാര്‍ത്ഥദീപിക, പ്രഹ്ലാദചരിതം
മാന്തിട്ട ശാസ്ത്രശര്‍മ്മന്‍ (വിദ്വാന്‍ മാന്തിട്ട): ചാതകസന്ദേശം, ഗംഗാലഹരി
മാങ്ങോട്ടശ്ശേരി കൃഷ്ണന്‍ നമ്പൂതിരിപ്പാട്: ഭൃംഗസന്ദേശം.
ഇ.പി.ഭരതപിഷാരോടി:  കാമധേനു സംസ്‌കൃതപാഠ്യപദ്ധതി
കെ.പി. നാരായണ പിഷാരോടി: നാട്യശാസ്ത്രം തര്‍ജ്ജമ (പ്രധാനം)
ഡോ. കെ എന്‍ എഴുത്തച്ഛന്‍: കേരളോദയം മഹാകാവ്യം.
സി വി വാസുദേവഭട്ടതിരി: ഭാരതേന്ദു (മഹാത്മജിയെപ്പറ്റി)

സംസ്‌കൃതനാടകങ്ങള്‍

ഭരതമുനിയുടെ നാട്യശാസ്ത്രത്തിലാണ് സംസ്‌കൃതത്തിലെ രുപകങ്ങളുടെ ഉത്ഭവത്തെക്കുറിച്ചുള്ള പരാമര്‍ശം കാണുന്നത്. ഒരിക്കല്‍ ദേവമാര്‍ ബ്രഹ്മാവിനെ സമീപിച്ച് കണ്ണുകള്‍ക്കും കാതുകള്‍ക്കും ആനന്ദമുണ്ടാക്കുന്ന ഒരു വിനോദം ഉണ്ടാക്കാന്‍ ആവശ്യപ്പെട്ടു. അതനുസരിച്ച് ബ്രഹ്മാവ് ഋഗ്‌വേദത്തില്‍ നിന്നും സംഭാഷണവും, സാമവേദത്തില്‍നിന്നും അഭിനയരീതികളും, അഥര്‍വവേദത്തില്‍നിന്നും രസങ്ങളും എടുത്ത് അഞ്ചാമത്തെ വേദം സൃഷ്ടിച്ചു. അതിന് നാട്യവേദം എന്ന പേരിട്ടു. തുടര്‍ന്ന് ബ്രഹ്മാവ് നാട്യവേദത്തെ ഭരതമുനിക്കു നല്‍കി ഭൂമിയില്‍ പ്രചരിപ്പിക്കാന്‍ ആവശ്യപ്പെട്ടു. ഇതാണ് നാടകത്തിന്റെ ഉദ്ഭവത്തെക്കുറിച്ചുള്ള കഥ.
Exit mobile version