Keralaliterature.com

ജയജയ കോമള കേരള ധരണി (ഗാനം)

കേരളത്തിന്റെ സാംസ്‌കാരികഗാനമാണ് ജയജയ കോമള കേരള ധരണി… എന്നു തുടങ്ങുന്ന ഗാനം. ബോധേശ്വരനാണ് ഗാനത്തിന്റെ രചയിതാവ്. 2014ലാണ് കേരളത്തിന്റെ സാംസ്‌കാരിക ഗാനമായി പ്രഖ്യാപിച്ചത്.1938ല്‍ ബോധേശ്വരന്‍ രചിച്ച കേരളഗാനം ഐക്യകേരള രൂപീകരണശേഷമുള്ള ആദ്യ നിയമസഭയില്‍ ആലപിച്ചിരുന്നു. ആകാശവാണിയിലെ ആര്‍ട്ടിസ്റ്റുകളായിരുന്ന പറവൂര്‍ സഹോദരിമാരായ ശാരദാമണിയും രാധാമണിയുമാണ് നിയമസഭാ സമ്മേളനത്തില്‍ കേരളഗാനം ആലപിച്ചത്.

ജയജയ കോമള കേരള ധരണി
ജയജയ മാമക പൂജിത ജനനി
ജയജയ പാവന ഭാരത ഹരിണി
ജയജയ ധര്‍മ്മ സമന്വയരമണീ

ജയജയ ജയജയ ജയജയ ജനനി
ജനനി മാമക കേരള ധരണി

ചേരപുരാതനപാവന ചരിതേ
ആര്യകുലോല്‍ക്കടഭാര്‍ഗ്ഗവനിരതേ
ദ്രാവിഡപരിവൃഡവനിതേമഹിതേ
ദ്രാവിഡസംസ്‌കൃതവംശോജ്ജ്വലിതേ

പ്രേമദമാകും പ്രമദവനം താന്‍
ശ്യാമളസുന്ദരമെന്നുടെ രാജ്യം
മലയജസുരഭലമാരുതനേല്‍ക്കും
മലയാളം ഹാ മാമകരാജ്യം

പശ്ചിമജലധിതരംഗാവലിതന്‍
ഉല്‍സൃതശീതളശികരസേവ്യം
കുന്ദലതാപരിസേവിതനിലയം
സുന്ദരകേതകഭൂഷിതവലയം

ചന്ദനമണിയും ചാരുകിശോരക
ബന്ധുരമാകും മലയാളത്തിന്‍
തുഞ്ചശുകീകളകണ്ഠനിനാദം
തഞ്ചും മാമക മലയാളത്തില്‍
മാമക മോഹം മാമക ഗേഹം
മാമക നാകം മാമകവിലയം
ജനനീ ജനനീ ജനനീ

അവതരണങ്ങള്‍

കേരളഗാനം സാംസ്‌കാരിക ഗാനമാക്കിയപ്പോള്‍, ഗാനം എഡിറ്റ് ചെയ്ത് എം. ജയചന്ദ്രന്‍ ഈണം നല്‍കി. സരിത രാജീവ്, രവിശങ്കര്‍, സുദീപ്കുമാര്‍, അഖില ആനന്ദ് എന്നിവരാണ് പാടിയത്.ജോയ് തോട്ടനും കെ.പി. ഉദയഭാനുവും സംഗീതം നല്‍കി ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് കുട്ടികളുടെ ഗാനങ്ങള്‍ എന്ന സംഗീത ആല്‍ബത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.ദേവരാജന്‍ സംഗീതം നല്‍കി ദേശീയ ഗാനങ്ങള്‍ എന്ന പേരില്‍ സംഗീത ആല്‍ബം പുറത്തു വന്നു. 'യാചകന്‍' (1951) എന്ന സിനിമയില്‍ എസ്.എന്‍. ചാമി (എസ്.എന്‍. രംഗനാഥന്‍) സംഗീത ചെയ്തു.
Exit mobile version