Keralaliterature.com

മലയാളത്തില്‍ വന്ന സംസ്‌കൃത ക്രിയകള്‍

മലയാളത്തില്‍ ഉപയോഗിക്കുന്ന ക്രിയകളില്‍ ആയിരത്തിലേറെ എണ്ണം സംസ്‌കൃത ധാതുക്കളില്‍ നിന്ന് നിഷ്പന്നമായതാണ്. മലയാള ഭാഷയില്‍ ആകെയുള്ള ക്രിയാശബ്ദങ്ങളില്‍ മൂന്നിലൊന്നിലധികം വരും ഇത്.
മലയാള ഭാഷയ്ക്ക് കരുത്തും സൗന്ദര്യവും പകരുന്നതില്‍ മുഖ്യപങ്കുവഹിച്ചവയാണ് ഈ ക്രിയകള്‍. ഭാഷയുടെ ഇന്നത്തെ വളര്‍ച്ചക്ക് ഈ ക്രിയകള്‍ നല്‍കിയ സംഭാവന ചെറുതല്ല. മലയാളത്തിന് പല ഭാഷകളോടും സമ്പര്‍ക്കമുണ്ടായിട്ടുണ്ടെങ്കിലും സംസ്‌കൃതത്തോടുള്ള ബന്ധം വേറിട്ടതായിരുന്നു.
സമ്പര്‍ക്കഭാഷയില്‍ നിന്ന് സാധാരണഗതിയില്‍ നാമങ്ങളും വിശേഷണങ്ങളും മാത്രമാണ് കൈക്കൊള്ളുന്നത്. സംസ്‌കൃതം ഒഴികെയുള്ള സമ്പര്‍ക്കഭാഷകളില്‍ നിന്ന് പദങ്ങള്‍ സ്വീകരിച്ചപ്പോള്‍ നമ്മുടെ ഭാഷ ആ നയമാണ് ഒട്ടുമുക്കാലും സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍, സംസ്‌കൃതത്തിന്റെ ക്രിയാശബ്ദങ്ങളില്‍ മിക്കതും മലയാളം സ്വീകരിച്ചിട്ടുണ്ട്.
ഇതല്ലാതെ തന്നെ പല സംസ്‌കൃതനാമങ്ങളോട് ‘പെടുക’ ചെയ്യുക എന്നിങ്ങനെ ചേര്‍ത്ത് ക്രിയകളുണ്ടാക്കാനുള്ള മിടുക്കും മലയാളികള്‍ കാട്ടിയിട്ടുണ്ട്. ഉദാ: ഭയപ്പെടുക, സ്ഥിതിചെയ്യുക പോലെ.
സംസ്‌കൃതത്തിലെ രണ്ടായിരത്തോളം ധാതുക്കളില്‍ മുന്നൂറിനടുപ്പിച്ചാണ് നാം നിരന്തരം ഉപയോഗിക്കുന്നത്. ഭൂരിപക്ഷവും ഉപസര്‍ഗങ്ങള്‍ ചേര്‍ന്നവയാണ്.

ക്രിയകളില്‍ കാണുന്ന മുഖ്യ ഉപസര്‍ഗങ്ങള്‍

അതി, അധി, അധ്യാ, അനു, അപ, അപാ, അഭി, അഭ്യവ, അഭ്യാ, അവ, ആ, ഉത്, ഉദാ, ഉപ, ഉപാ, നി, നിര്‍, നിരാ, നിസ്, പരാ, പരി, പര്യവ, പര്യാ, പ്ര, പ്രതി, പ്രതിനി, പ്രതിസം, പ്രത്യാം, പ്രത്യുത്, വി, വിനി, വിനിര്‍, വിപ്ര, വിപ്രതി, വ്യതി, വ്യപ,വ്യപാ, വ്യഭി, വ്യവ, വ്യാ, സം, സമാ, സമുത്, സമുപ. (ഇതില്‍ ചിലതൊക്കെ ഒന്നിലധികം ഉപസര്‍ഗങ്ങള്‍ കൂടിച്ചേര്‍ന്നതാണ്.

സംസ്‌കൃത ക്രിയാധാതുവിനോട് മലയാള പ്രത്യയങ്ങള്‍ ചേര്‍ത്താണ് ക്രിയാപദങ്ങള്‍ മലയാളം സ്വന്തമാക്കിയിട്ടുള്ളത്. അതുകൊണ്ട് പല പദങ്ങളും തനി മലയാളമായി നമുക്ക് തോന്നുകയും ചെയ്യും.
സംസ്‌കൃതധാതുക്കളില്‍ നിന്ന് നിഷ്പന്നമായ  ക്രിയകളുടെ ഒരു പട്ടിക മറ്റൊരിടത്ത് കൊടുത്തിട്ടുണ്ട്. നോക്കുക: വര്‍ത്തമാനം, ഭൂതം, ഭാവി)

മലയാളത്തിലും ദ്രാവിഡഭാഷകളിലും മാത്രമുള്ള ക്രിയാപദങ്ങളുടെ പട്ടികയും അന്യത്ര നല്‍കിയിട്ടുണ്ട്.

Exit mobile version