ഇടവപ്പാതി കഴിഞ്ഞിട്ടും
മഴപെയ്യാത്തതെന്തെടോ?
കോരപ്പുറത്തു കോന്തുണ്ണി
പല്ലുതേക്കാത്ത കാരണം.
അല്ലല്ല. സ്‌കൂള്‍ തുറക്കാന്‍ കാത്തിരിക്കുകയായിരുന്നു. സ്‌കൂള്‍ തുറന്നു, മഴയും തുടങ്ങി.
മഴ പെയ്തില്ലെങ്കില്‍ വിഷമം. പയ്താല്‍ വിഷമം. അധികമായാല്‍ വിഷമം. കുറഞ്ഞാലും വിഷമം-ഓരോരുത്തര്‍ക്കും അവരവരുടെ സമയത്തിനും സൗകര്യത്തിനുമനുസരിച്ച് ആവശ്യമുള്ളത്ര പെയ്യുകയും ഒട്ടും പെയ്യാതിരിക്കുകയും വേണം. അല്ലെങ്കില്‍ ശാപമായി, ശകാരമായി. അതിനെപ്പറ്റി പഴയ ഒരു കവിത:
”പെയ്താലും കുറ്റം
ഇല്ലേലും കുറ്റം
മഴേടമ്മയ്‌ക്കെപ്പോഴും കുറ്റം
മഴേടച്ഛനുമെപ്പോഴും കുറ്റം’
ചില ദിവസം ഒരേസമയം വെയിലും മഴയും മാറിമാറി വരുന്നതുകാണാം. അതിനെപ്പറ്റിയും ഒരു കവിതയുണ്ട്: '' വെയിലും മഴയും മഴയും വെയിലും കുഞ്ഞിക്കുറുക്കന്റെ കല്യാണം-കൊച്ചു കുഞ്ഞിക്കുറുക്കന്റെ കല്യാണം'' ഇങ്ങനെ മഴയെപ്പറ്റി പല പല കവിതകളുമുണ്ട്. പുതിയ കവിതകളുമുണ്ട് ധാരാളം. എന്തിന്, അത്യന്താധുനിക കവിതപോലുമുണ്ട്-മഴയുടെ അതേശബ്ദത്തിലുള്ള കവിതപോലുമുണ്ട്. കവിത മാത്രമോ? മഴയെപ്പറ്റി ഒരു പരപ്പ് പഴഞ്ചൊല്ലുകളുമുണ്ട്. പത്തെണ്ണം മാത്രം ഇപ്പോള്‍ പറയാം: അന്തിക്കു വന്ന മഴ അന്നു പോവില്ല ചിങ്ങത്തിലെ മഴ ചിണുങ്ങിച്ചിണുങ്ങി ചെമ്മാനം കണ്ടാലമ്മാനം മഴയില്ല മകരത്തില്‍ മഴപെയ്താല്‍ മലയാളം മുടിഞ്ഞുപോം കുംഭത്തില്‍ മഴ പെയ്താല്‍ കുപ്പേലും നെല്ല് ഇടവംതൊട്ടു തുലാത്തോളം കുടകൂടാതിറങ്ങൊലാ. തുലാപ്പത്തു കഴിഞ്ഞാല്‍ പിലാപ്പൊത്തിലും കിടക്കാം. കാര്‍ത്തികയില്‍ കാക്കക്കാലു നനയണം മകയിരത്തില്‍ മതിമറന്നു പെയ്യണം തിരുവാതിരയില്‍ തിരിമുറിയാതെ. മഴയില്ലായ്മ ഒരുവിധമേയുള്ളൂ. മഴ പവിധമുണ്ട്. ചാറ്റുമഴ, ചിറങ്ങുമഴ, ചറപറമഴ, ചെറുമഴ, ചീഞ്ഞമഴ, നല്ലമഴ, പെരുമഴ, മഴയോടുമഴ, മഹാമഴ! ഇതിലോരോന്നുമുണ്ട് പലമാതിരി. പെരുമഴയുടെ മാതിരി മാത്രം പറയാം: തിരിമുറിയാത്ത മഴ, വിരലുവച്ചാല്‍ മുറിയും. തുള്ളിക്കൊരുകുടം, കോരിച്ചൊരിയുന്ന മഴ. തുമ്പിക്കയ്യിന്റെ വണ്ണത്തില്‍, എടുത്തൊഴിക്കുന്ന മഴ. നല്ല ഇരുട്ടത്ത് കനത്ത മഴ പെയ്യുന്നതു നോക്കിനില്‍ക്കുക-അതൊരനുഭവം തന്നെയാണ്, ആനന്ദംതന്നെയാണ്. വെയിലത്തു പെയ്യുന്ന ചാറ്റമഴയും ചെറുമഴയും കാണാന്‍ നന്ന്. അല്ലെങ്കിലേതു മഴയാണ് കാണാന്‍ നന്നല്ലാത്തത്! മഴക്കാലമാണെങ്കിലും മഴയില്ലാത്തപ്പോള്‍ കുടയെടുക്കാന്‍ പലര്‍ക്കും മടിയാണ്-പ്രത്യേകിച്ച് ചെറുപ്പക്കാര്‍ക്ക്-അതിലും പ്രത്യേകിച്ച് കോളേജുകുമാരന്മാര്‍ക്ക്. നല്ല മഴയത്ത് കുടയുണ്ടായാലും കാര്യമില്ല. ഫോറിന്‍കുട ചെറുമഴയത്തും വെറുതെയാണ്. എന്നിരിക്കെ, കാറ്റുകൂടെയുള്ള പെരുമഴയത്ത് മൂന്നാള്‍ കൂടി ഒരു ഫോറിന്‍കുടയുടെ കീഴില്‍നിന്നു പോകേണ്ടിവന്നാലത്തെ ഗതികേടു പറയാനുണ്ടോ! മഴപെയ്യുന്നുണ്ടവിടെയുമിവിടെയുമെവിടെയുമെന്നാ-
ലെന്നുടെ കുടയുടെ കീഴില്‍ ഞാനുണ്ടതിനാ-
ലിവിടെയൊരിത്തിരി പെയ്യുന്നില്ല, വ-
നെന്നെപ്പേടി കുറച്ചല്ലല്ലോ.
എന്നു പറയാന്‍ പറ്റിയ കുട വേണോ, പണ്ടത്തെ ഓലക്കുടതന്നെ വേണം.
ഇങ്ങനെ മഴയെപ്പറ്റിയും മഴയോടു ബന്ധപ്പെട്ട മറ്റുകാര്യങ്ങളെപ്പറ്റിയും ഇനിയുമുണ്ട് പലതും പറയാന്‍. എല്ലാം പറയാന്‍ ഈയുള്ളവന്‍ മാത്രം വിചാരിച്ചാലാവില്ല. എല്ലാവരും വിചാരിക്കണം.
(കുഞ്ഞുണ്ണി മാഷും കുട്ട്യോളും എന്ന സമാഹാരത്തില്‍ നിന്ന്)