Keralaliterature.com

മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ ഭാവഗീതങ്ങളെക്കുറിച്ച് ഡോ. ഡി.ബഞ്ചമിന്‍

മലയാള ഭാവഗീതത്തിന്റെ വികാസത്തിലെ രണ്ടു മുഖ്യപ്രവണതകള്‍ സ്പര്‍ശക്ഷമമായിത്തീരുന്നത് ജിയുടെ കവിതകളിലാണ്. 1) ആത്മാലാപന സ്വഭാവം. 2)

ബിംബകല്പനാപ്രധാനമായ ഘടന. കവിതയുടെ പ്രതീകനിഷ്ഠത ആത്മാലാപനത്തെ ഒട്ട് പരോക്ഷമാക്കുന്നു എന്നു വാദിക്കാമെങ്കിലും കവിത ‘എന്നെ’ പ്പറ്റിയും

‘എന്റെ അനുഭവങ്ങളെ’പ്പറ്റിയുമാകുന്നു. കവി സ്വയം മറന്നു പാടിപ്പോകുന്ന ഒരു പ്രതീതി അവ ഉളവാക്കുന്നു. ജിയുടെ പില്‍ക്കാല കവിതകളില്‍ ഈ പ്രവണത

വളരെ ശക്തമാകുന്നുണ്ട്.
ജി. ശ്രദ്ധേയമായ ചില ആഖ്യാനകവിതകളെഴുതിയിട്ടുണ്ട്. അവയില്‍ പെരുന്തച്ചനും, മൂന്നരുവിയുമൊരു പുഴയും പോലെ നന്നേ കുറച്ചു കൃതികളേ

നാടകീയത കൊണ്ട് അനുഗൃഹീതമായിട്ടുള്ളൂ. മറ്റു കാവ്യങ്ങളിലെല്ലാം അന്തര്‍ഭാവത്തിന്റെ ആളിപ്പടരലിനുള്ള നിമിത്തമേ ആകുന്നുള്ളൂ കഥകള്‍. ജിയുടെ മികച്ച

കവിതകള്‍ ആഖ്യാനകങ്ങളല്ല, ഭാവഗീതങ്ങളാണ്.
ഭാവഗീതത്തെക്കുറിച്ചുളള പാശ്ചാത്യ സങ്കല്പത്തെക്കുറിച്ച് വ്യക്തമായ ധാരണ ശങ്കരക്കുറുപ്പിനുണ്ടായിരുന്നു. അര്‍ച്ചനാഗീതം, ഗീതകം,

വിലാപകാവ്യം തുടങ്ങിയ വിഭാഗകല്പനയും ജി.ക്ക് പരിചിതമായിരുന്നു. അവയില്‍ അര്‍ച്ചനാഗീതത്തോടും ഗീതകത്തോടുമാണ് ജി. എറെ താത്പര്യം

പ്രകടിപ്പിച്ചത്.
സ്വതേ ചിന്താശീലനായ കവിയാണ് ജി. വികാരലിപ്തവും ഭാവനാതീതവുമായ ചിന്തയാണ് അവയെ വ്യതിരിക്തമാക്കുന്നത്. ഭാവനയുടെ ഗാരുഡ

പത്രങ്ങളിലുയര്‍ന്നു പറക്കുന്ന ചിന്തയുടെ ഗതിവേഗം രേഖപ്പെടുത്താന്‍ അര്‍ച്ചനാഗീതത്തിന് സവിശേഷമായ സാമര്‍ഥ്യമുണ്ട്. മനുഷ്യജീവിതത്തിലെ

ദുരന്തങ്ങളെക്കുറിച്ച് ആകുലനാകുന്ന കവി ദ്യോവില്‍ മിന്നുന്ന താരത്തെ അഭിസംബോധന ചെയ്തുകൊണ്ട് തന്റെ ഹൃദയവ്യഥയാകെ കോരിപ്പകരുന്നു.

പ്രപഞ്ചത്തിന്റെ നിഗൂഢാത്മകതയെക്കുറിച്ചുള്ള ദാര്‍ശനീകാസ്വാസ്ഥ്യങ്ങള്‍ പ്രപഞ്ചചേതനയെ ചെയ്തുകൊണ്ട് വിസ്തരിക്കുന്നു. ഇത്തരം നീണ്ടകവിതകളില്‍

കവിക്ക് ഒരു ശ്രോതാവുണ്ടാകും. പ്രതികരിക്കാതെ കവിയുടെ വാക്കുകള്‍ ശ്രദ്ധാപൂര്‍വം കേള്‍ക്കുന്ന ഒരു ശ്രോതാവ്. എതാണ്ട് ഒരു സാക്ഷിയുടെ

സ്ഥാനമാണതിനുള്ളത്. പഥികന്റെ പാട്ടിലും അന്തര്‍ദാഹത്തിലും ഈ ശ്രോതാവ് നക്ഷത്രമാണ്. യോഗാത്മകഭാവങ്ങള്‍ ആവിഷ്‌കൃതമാകുന്ന കവിതകളില്‍ അത്

അനാദ്യന്ത വ്യോമമോ രാത്രിയോ പവമാനനോ ഒക്കെയാകുന്നു. ഈ കവിതകളില്‍ ചിന്തയുടെ വികാസത്തിന്റെ വഴിത്തിരിവുകളിലെല്ലാം കവി ഈ

ശ്രോതാവിനെ സംബോധന ചെയ്യുന്നതു കാണാം. ഭാവനയുടെ ആവേഗത്തില്‍പ്പെടുന്ന കവി ഒട്ടൊന്ന് വാചാലനാവുകയും കവിത കുറച്ചൊക്കെ

പ്രഭാഷണപരമാവുകയും ചെയ്യും.
ഭാവഗീതത്തിന്റെ മറ്റൊരു വിഭാഗമായ ഗീതകത്തിന്, മലയാളത്തില്‍ പ്രതിഷ്ഠ നല്‍കിയതും ജി.തന്നെ. രചനാദക്ഷതയുള്ള കവികള്‍ക്കേ മികച്ച

ഗീതകങ്ങള്‍ രചിക്കാനാവൂ. പതിനാലു വരിയിലൊതുങ്ങുന്ന എതുകവിതയും ഗീതകമാകുന്നില്ല. അനന്തമായ വ്യാപ്തിയുള്ള ഭാവം

പതിനാലുവരിയിലൊതുക്കുമ്പോഴാണ്, ഗീതകം സഫലമാകുന്നത്.അവിടെ കവിക്ക് വാക്കുകളുടെ അളന്നുതൂക്കിയുള്ള പ്രയോഗത്തില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടി

വരുന്നു. അനാവശ്യമായ ഒരു വാക്ക് ആസ്ഥാനസ്ഥിതമായ ഒരു ബിംബം ഇതൊക്കെ കവിയുടെ ഭാവശില്പം തകര്‍ത്തുകളയും. ഇവിടെ ക്ലാസിക്കല്‍

കാവ്യശിക്ഷണവും രൂപശില്പത്തിന്മേല്‍ അടയിരിക്കാനുള്ള പെര്‍ഫെക്ഷനിസ്റ്റിന്റെ ക്ഷമയും ജിയുടെ തുണക്കെത്തുന്നു.
ഗീതകത്തിന്റെ ആഭ്യന്തര ഘടനയ്‌ക്കൊരു നാടകീയതയുണ്ട്. പതിനാലുവരികള്‍ രണ്ടു ഖണ്ഡമായി മുറിയുന്നു. ആദ്യത്തെ ഖണ്ഡം വലുതും

രണ്ടാമത്തേതു ചെറുതുമായിരിക്കും. 8,6 എന്നോ 10,4 എന്നോ 12,2 എന്നോ ഒക്കെ മുറിയാം. രണ്ടാമത്തെ ഖണ്ഡം ആദ്യത്തേതിനെക്കാള്‍

ചെറുതായിരിക്കണമെന്നതാണ് പ്രധാനം. ആദ്യഖണ്ഡത്തില്‍ വികസിക്കുന്ന ഭാവം സവിശേഷമായ ഒരു ഗതിപരിണാമത്തോടെ പെട്ടെന്ന് പൂര്‍ണമാകുന്നു.

ആഭ്യന്തരമായ ഈ നാടകീയതയാണ് ജി.യുടെ ഗീതകങ്ങളെ ചൈതന്യവത്താക്കുന്നത്.
വളരെ സാമാന്യമായി പറഞ്ഞാല്‍ നക്ഷത്രഗീതമെന്ന ഗീതകം ഒരു നക്ഷത്രത്തിന്റെ ആത്മകഥയാണ്. തന്‍ചിതയിങ്കല്‍ തന്നെ

ദഹിച്ചുകൊണ്ടിരിക്കുമ്പോഴും ഉത്കടമായ ചൂട് സ്വയം സഹിക്കുകയും പഥികന് പുഞ്ചിരിത്തിളക്കം സമ്മാനിക്കുകയും ചെയ്യുന്ന നക്ഷത്രത്തിന്റെ ആത്മകഥ

പത്താമത്തെ വരിയിലെത്തുമ്പോള്‍
”ജീവിതമെനിക്കൊരു ചൂളയായിരുന്നപ്പോള്‍
ഭൂവിനാവെളിച്ചത്താല്‍ വെണ്മ ഞാനുളവാക്കി”

എന്ന ചരിതാര്‍ഥതയില്‍ അവസാനിക്കുന്നു. ഇവിടെ കവിതയുടെ ആഭ്യന്തര ഘടനയെ നിര്‍ണയിക്കുന്നത് വരികളുടെ പന്ത്രണ്ട്, രണ്ട് എന്ന വിഭജനമാണ്.

രണ്ടാമത്തെ ഖണ്ഡം നന്നെ ചെറുതാണെന്നതുകൊണ്ട് ഓര്‍ക്കാപ്പുറത്ത് കവിതയവസാനിക്കുമ്പോഴുണ്ടാകുന്ന ചടുലത അനുഭവപ്പെടുന്നു.

ശൈശവത്തെക്കുറിച്ചെഴുതിയ ഗീതകപരമ്പരയുടെ ഘടന ഒട്ട് വ്യത്യസ്തമാണ്. അവിടെ 4,8,2 (മൂന്നുഖണ്ഡം) എന്ന വിഭജന ക്രമമാണ് കാണുന്നത്.

കൊയ്ത്തുകാരി, തൂമ്പക്കാരന്‍ തുടങ്ങിയ കവിതകളില്‍ ആദ്യത്തെ പത്തുപാദങ്ങളില്‍ ഭാവോദയവും വികാസവും സംഭവിക്കുകയും അവസാനത്തെ നാലു

പാദങ്ങളില്‍ സ്ഫൂര്‍ത്തി കൈവരിക്കുകയും ചെയ്യുന്നു. ഒരേ അനുഭവത്തിന്റെ ഭിന്നതലങ്ങള്‍ ഒന്നിലധികം ഗീതകങ്ങളായി കോര്‍ത്തുകെട്ടുന്ന രീതിയും ജി.

പരീക്ഷിച്ചിട്ടുണ്ട്. ചിത്രലേഖം, സാഗരഗീതം തുടങ്ങിയ ദീര്‍ഘകവിതകളില്‍ ഈ ഘടനയാണ് കാണുന്നത്.
ഗീതകത്തിന്റെ ഘടനയില്‍ കാണുന്ന ഈ വൈചിത്ര്യം കാവ്യരൂപത്തില്‍ പരീക്ഷണങ്ങള്‍ നടത്താനുള്ള കവിയുടെ കൗതുകമാണ് വെളിപ്പെടുത്തുന്നത്.

ജിയുടെ പ്രതീകാത്മകമായ കാവ്യരചനാരീതി അനുകൂലവും പ്രതികൂലവുമായ പ്രതികരണങ്ങളുളവാക്കിയിട്ടുണ്ട്. ഈ കവിതകള്‍ ഫ്രെഞ്ച് 

സിംബലിസത്തിന്റെ ലക്ഷണങ്ങള്‍ കൃത്യമായി പാലിക്കുന്നില്ല എന്നതാണ് പ്രധാന പരാതി. ജിയുടെ കവിത ബിംബകല്പനാ പ്രധാനമാണെങ്കിലും അവയൊന്നും

പ്രതീകാത്മക രചനകളല്ല എന്നു വാദിക്കുന്നവരുമുണ്ട്.
യഥാര്‍ഥത്തില്‍ ജിയുടെ കവിതകളിലെ പ്രതീകാത്മകതയെ മനസ്സിലാക്കേണ്ടത് ഫ്രെഞ്ച് സിംബോളിസവുമായി ബന്ധപ്പെടുത്തിയല്ല. ജി.

സിംബോളിസത്തെക്കുറിച്ചെഴുതിയ രണ്ടു ലേഖനങ്ങളും വ്യക്തമാക്കുന്നത് ഫ്രെഞ്ച് സിംബോളിസത്തിന്റെ അടിസ്ഥാന സ്വഭാവത്തെക്കുറിച്ച് മനസ്സിലാക്കാന്‍ ജി.

ശ്രമിച്ചില്ലെന്നാണ്. ഒരേസമയം അന്തര്‍മുഖവും ബഹിര്‍മുഖവുമായ അനുഭവങ്ങളോട് സത്വരം പ്രതികരിച്ചിരുന്ന ജിയെപ്പോലുള്ള ഒരു കവിക്ക്

സാമൂഹികാനുഭവങ്ങളുടെ നേരേ ഹൃദയം കൊട്ടിയടച്ച് ഉപബോധമനസ്സിന്റെ കാമനകള്‍ സ്വകാര്യപരവും അതുകൊണ്ടുതന്നെ ദുര്‍ഗ്രഹവുമായ പ്രതീകങ്ങളിലൂെട

ആവിഷ്‌കരിച്ച് തൃപ്തിപ്പെടാനാവുകയില്ലല്ലോ.

ജി.എഴുതിയ ആദ്യത്തെ പ്രതീകനിഷ്ഠ കവിത രാഷ്ട്രീയപ്രമേയമുള്‍ക്കൊള്ളുന്നതാണ്. അതെഴുതുമ്പോള്‍ യൂറോപ്യന്‍ സിംബലിസത്തെക്കുറിച്ച് ഒരു 

ധാരണയും അദ്ദേഹത്തിനുണ്ടായിരുന്നില്ല. ജി.പില്‍ക്കാലത്തെഴുതിയ യോഗാത്മക കവിതകളുടെ പ്രതീകാത്മകതയും ആദ്യകാല കവിതകളിലെ പ്രതീകാത്മകതയും

തമ്മില്‍ മൗലികവ്യത്യാസമൊന്നുമില്ല. അവിടെയെല്ലാം പ്രതീകം വളരെ ലളിതമാണ്. ഒരു ഭാവത്തിന് മൂര്‍ത്തത നല്‍കുന്ന, ചിലപ്പോള്‍ പകരം നില്‍ക്കുന്ന വസ്തു

എന്നേ അതിനര്‍ഥമുള്ളൂ.
……………………………….

ജിയുടെ പ്രതീകാത്മക കവിതകള്‍ പൊതുവേ ദുര്‍ഗ്രഹമല്ല. പലപ്പോഴും കവിതയുടെ എതെങ്കിലും ഭാഗത്ത് പ്രതീകങ്ങളുടെ അര്‍ഥതലങ്ങളിലേക്ക് 

കടക്കാനുള്ള കിളിവാതില്‍ തുറന്നിട്ടിട്ടുണ്ടാവും. നിമിഷങ്ങളിലെ ശലഭവും കാലത്തിലെ കാളകുണ്ഡലിയും പുഷ്പഗീതത്തിലെ അനാദ്യന്ത വ്യോമവും നമ്മെ

കുഴക്കാത്തത് അതുകൊണ്ടാണ്. പ്രതീകങ്ങള്‍ ഉപയോഗിക്കുകയും പ്രതീകങ്ങളുടെ അടിത്തറയില്‍ കവിതയുടെ ഘടന പണിതുയര്‍ത്തുകയും ചെയ്യുന്നതുകൊണ്ടാണ്

ജിയുടെ കവിത പ്രതീകാത്മകമാവുന്നത്. സൂര്യകാന്തി എന്ന കവിതയുടെ സങ്കല്പനമാകെ സൂര്യകാന്തി എന്ന പ്രതീകത്തില്‍ അധിഷ്ഠിതമായിരിക്കുന്നു.

നക്ഷത്രഗീതം നക്ഷത്രമെന്ന പ്രതീകത്തിലും.

………………….

ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം പല കാല്പനിക കവികളെയും പോലെ ജി. രമ്യബിംബങ്ങളില്‍ മാത്രം അഭിരമിക്കുന്ന കവിയല്ല എന്നതാണ്. 

കുഞ്ഞിരാമന്‍ നായരെപ്പോലെ ബിംബപ്രവാഹത്തില്‍ അദ്ദേഹം ഒലിച്ചുപോകുന്നില്ല. ഗഹനമായ അന്തര്‍ഭാവങ്ങളുടെ അഭിവ്യഞ്ജനത്തിനുതകുമാറ് തീക്ഷ്ണതയും

ആവേഗവും നിറഞ്ഞ ബിംബങ്ങള്‍ ജിയുടെ കവിതയില്‍ ധാരാളമുണ്ട്.

കാല്പനിക കാവ്യഭാഷ സാമാന്യവ്യവഹാരത്തോടക്ക എറെ അടുപ്പമുള്ളതാണ്. ഗ്രാമീണരുടെ യഥാര്‍ഥ ഭാഷ എന്നു പറഞ്ഞപ്പോള്‍ വേഡ്‌സ്വര്‍ത്ത് 

വിവക്ഷിച്ചത് അതാണ്. ചങ്ങമ്പുഴയുടെയും ഇടപ്പള്ളിയുടെയും പി.കുഞ്ഞിരാമന്‍ നായരുടെയും കാവ്യങ്ങളില്‍ തളിരിടുന്നത് അത്തരമൊരു ഭാഷയാണ്. എന്നാല്‍,

ജിയുടേത് സാഹിതീയമായ ഒരു മാനകഭാഷയാണ്. അതുകൊണ്ടുതന്നെ, അന്തര്‍ഭാവവും ഭാഷയും തമ്മിലുള്ള സംഘര്‍ഷം അവിടെ അനിവാര്യമാകുന്നു…..
ഭാഷയുടെ പ്രൗഢി കഴിയുന്നിടത്തോളം നിലനിര്‍ത്തുകയാണ് ജിയുടെ ശീലം. ജീയേ്ക്കറ്റവും സ്വാഭാവികമായി വരുന്ന ഭാഷാഘടന ഇതായിരുന്നു.

എന്നാല്‍, എതു പണ്ഡിതകവിയെയുംപോലെ അന്തര്‍ഭാവത്തിനനുസരിച്ച് ഭാഷയെ ലളിതമോ പ്രൗഢമോ ആക്കാന്‍ ശങ്കരക്കുറുപ്പിനും കഴിഞ്ഞിരുന്നു.
…………………………..
അസ്തിത്വവാദിയായിരുന്നപ്പോഴും ജി ഒരു ഹ്യൂമനിസ്റ്റായിരുന്നു. ആ വാക്കുകളുടെ ശരിയായ അര്‍ഥത്തില്‍ ഇതൊരു അസാധ്യതയാണ്. പക്ഷേ,

ജിയുടെ ഊര്‍ജസ്വലമായ യൗവനം മാര്‍ക്‌സിയന്‍ ദര്‍ശനത്തിന്റെ അരുണാഭമായ അന്തരീക്ഷത്തിലാണ് പുഷ്ടിപ്പെട്ടത്. മനുഷ്യരെക്കുറിച്ചും, അവരില്‍ത്തന്നെ

നിന്ദിതരും പീഡിതരും നിസ്വരായവരെക്കുറിച്ചും പാടാന്‍ ജി നിര്‍ബന്ധിതനായത് അങ്ങനെയാണ്.
മലയാള ഭാവഗീതം പ്രായപൂര്‍ത്തി കൈവരിക്കുന്നത് ജിയുടെ കവിതകളിലാണ്. അത് ആത്മാലാപനപരമാവുകയും ബിംബകല്പനയുടേതായ ഘടന

സ്വീകരിക്കുകയും ചെയ്യുന്നു…..
ജീക്ക് പ്രകൃതി തന്നില്‍നിന്ന് അന്യമായ ഒരു ഭൗതികവസ്തുവായിരുന്നില്ല. ചിലപ്പോള്‍ അത് പ്രപഞ്ചചേതനയുമായി സംവദിക്കാനുള്ള

മാധ്യമമായിത്തീരുന്നു. ആത്മഭാവങ്ങളുടെ ആരോപണത്തിലൂടെ അതിനെ മാനവീകരിക്കുകയും എറെ ചൈതന്യവത്താക്കുകയും ചെയ്യുന്നു കവി.

പ്രകൃതിയുമായി അലിഞ്ഞുചേരാനും കൂടുവിട്ട് കൂടുമാറാനുമുള്ള സിദ്ധിയാണ് ജീയുടെ പ്രതീകാത്മക ആവിഷ്‌കാരപ്രകാരത്തിനു പിന്നിലുള്ളത്. അതിന് ഫ്രെഞ്ച്

സിംബലിസവുമായി ഒരു ബന്ധവുമില്ല. ജീയുടെ സിംബലിസം തികച്ചും തനതാണ്, അത്യന്തം ലളിതവും.

ജിയുടെ കാവ്യഭാഷയ്ക്ക് ജൈവമായ ഒരു വികാസകഥയുണ്ട്. നിയോക്ലാസിസത്തിന്റെ, പാണ്ഡിത്യപ്രധാനമായ ഭാഷ കാല്പനികമായ 

അന്തര്‍ഭാവമുള്‍ക്കൊള്ളാന്‍ പാകത്തില്‍ രൂപാന്തരപ്പെടുകയായിരുന്നു. എങ്കിലും അവസാനം വരെയും അത് സാഹിതീയമായ ഒരു മാനകഭാഷയായിത്തന്നെ

നിലനിന്നു. കാല്പനികതയുടെ ഉച്ഛൃംഖലതകള്‍ അതില്‍നിന്ന് ശ്രദ്ധാപൂര്‍വം ഒഴിവാക്കപ്പെട്ടിരിക്കുന്നു.
മലയാളകവിതയെ വ്യതിരിക്തമായ അനുഭൂതികളുടെ ശാദ്വലമേഖലയിലേക്കാനയിക്കുകയും അതിന് ആവിഷ്‌കാരപരമായ നൂതനഭംഗികള്‍

ചാര്‍ത്തുകയും ചെയ്ത കവിയാണ് ജി. ജ്ഞാനപീഠ പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് ജി. ചെയ്ത പ്രസംഗത്തില്‍ സൂചിപ്പിച്ചതുപോലെ, ‘ അപാരതയെ അളക്കാന്‍

ശ്രമിച്ച’ ആ ഗാനങ്ങള്‍ അകന്നകന്നു പോകുന്തോറും അവയുടെ ശബ്ദം എറെ വ്യക്തമായി നാം കേള്‍ക്കുന്നു.

(മലയാള സാഹിത്യ നായകന്മാര്‍-ജി.ശങ്കരക്കുറുപ്പ്. കേരള സര്‍വകലാശാല പ്രകാശനവിഭാഗം, 2003)

Exit mobile version