മനശ്ശാസ്ത്രപണ്ഡിതന്മാരുടെ അത്ഭുതാവഹമായ അപഗഥനപാടവത്തെ കൊഞ്ഞനം കുത്തിക്കൊണ്ടു നിൽക്കുന്ന ഒന്നാണ് മനുഷ്യ ഹൃദയം. വൈചിത്യ്രങ്ങളും വൈവിധ്യങ്ങളും കെട്ടുപിണഞ്ഞു വിശകലന സാധ്യതയെ വെല്ലുവിളിച്ചുകൊണ്ടാണ് ഇന്നും അജയ്യഭാവത്തിൽ അതു നിലകൊള്ളുന്നത്. അടുത്തകാലങ്ങളിൽ ശാസ്ത്രത്തിന്റെ വളിച്ചം അകത്തുകടക്കാൻ തുടങ്ങിയതോടുകൂടി സുസൂഷ്മങ്ങളായ ഭാവകോടികളുടെ സങ്കീർണ്ണതയെ ആവരണം ചെയ്തുകൊണ്ടിരുന്ന അന്ധകാരപടലം അൽപാൽപമായി നിങ്ങിത്തുടങ്ങിയിട്ടുണ്ടെങ്കിലും, അവയുടെ വ്യാപ്തിയും വൈവിധ്യവും ഇന്നും ദുരൂഹമായി വർത്തിക്കുന്നതേയുള്ളു.
ഈ ലോകത്തിൽ ജീവിക്കുന്ന സകലമനുഷ്യരും ബാഹ്യമായ ആകാരഘടനയിലെന്നപോലെത്തന്നെ ആന്തരമായ സ്വഭാവഘടനയിലും ഒന്നിനൊന്നു വ്യത്യാസപ്പെട്ടാണിരിക്കുന്നത്. ഒറ്റനോട്ടത്തിൽ യാതൊരു വ്യത്യാസവും തോന്നിക്കാത്ത ഇരട്ടപെറ്റ രണ്ടുകുട്ടികൾക്കുപോലും സൂക്ഷ്മനിരീക്ഷണത്തിൽ സാരമായ പലേ വ്യത്യാസങ്ങളും ഉള്ളതായിക്കാണാം. ശാരീരികഘടനയിൽ പ്രത്യക്ഷപ്പെടുന്ന ഈ വൈചിത്ര്യത്തിന്റെ വ്യാപ്തി മാനസികഘടനയിൽ അസീമവും അമേയവുമായി നിലകൊള്ളുന്നു.നിയതികൃതനിയമരഹിതമാണ് മനുഷ്യന്റെ ഹൃദയവ്യാപാരങ്ങൾ. ആന്തരമായ ആഴിപ്പരപ്പിലെ അലമാലകളുടെ ആന്ദോളനങ്ങൾ പോലെയാണ് അവയുടെ ഗതിവൈചിത്യ്രം. സകലമനുഷ്യരിലും ഒന്നുപോലെ ചില സമാനഭാവങ്ങൾ പ്രത്യക്ഷപ്പെടുന്നില്ലെന്നില്ല. എങ്കിലും അവയ്ക്കുപോലും സൂക്ഷ്മമായ വിശകലനത്തിൽ വ്യക്തികളെ ആശ്രയിച്ച് അൽപാൽപമായ അന്തരം കണ്ടുവരുന്നുണ്ട്.
ഈ കൃതിയിലെ നായകനായ ‘സോമശേഖരൻ’ ഒരു വിചിത്ര മനോഭാവത്തോടുകൂടിയവനാണ്. അവന്റെ സ്ഥാനത്തു സാധാരണക്കാരനായ ഒരു കാമുകനായിരുന്നുവെങ്കിൽ സുശീലയും സുന്ദരിയും സ്നേഹസമ്പന്നയുമായ മോഹിനിയുടെ പരിശുദ്ധ ജീവിതം ഇങ്ങനെ ദാരുണമായ ഒരു ദുരന്തത്തെ പ്രാപിക്കുമായിരുന്നില്ല. അവന്റെ ഹൃദയം തികച്ചും പ്രേമസമ്പൂർണ്ണമാണ്; അതിനെ വിശകലനം ചെയ്യുമ്പോൾ സൂക്ഷ്മങ്ങളായ അനവധി ഭാവങ്ങൾ പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും, അവയ്ക്കെല്ലാം മീതെ നമ്മുടെ ശ്രദ്ധയെ ഒന്നോടാകർഷിച്ചടക്കി നിർത്തുവാൻ കരുത്തുള്ള കേന്ദ്രത്തോടുകൂടിയ ഒരു ‘പ്രത്യേകഭാവം’ നാം കണ്ടെത്തുന്നു. അതിൽനിന്നുറവെടുക്കുന്ന ഒരു വിചിത്രമായ ചിന്താവൈകൃതമാണ് അവന്റെ പൈശാചിക പ്രവൃത്തിക്കു നിദാനമായി നിലകൊള്ളുന്നത്.
മനുഷ്യരാശിയിൽ സാഡിസം, മസോക്കിസം, പിഗ്മാലിയനിസം എന്നിങ്ങനെ മൂന്നുവിധത്തിലുള്ള സ്വഭാവവൈകൃതങ്ങൾ സ്ഥിതിചെയ്യുന്നതായി മനശ്ശാസ്ത്രപണ്ഡിതന്മാരും ലൈംഗികശാസ്ത്രവിദഗ്ദ്ധന്മാരും ഉദ്ഘോഷിക്കുന്നു. എല്ലാമനുഷ്യരുടെയും മാനസിക മണ്ഡലത്തിൽ ഈ മൂന്നു സ്വഭാവങ്ങളും അൽപാൽപമായിട്ടെങ്കിലും കലർന്നിരിക്കും. പക്ഷേ, അസംഖ്യങ്ങളായ ഇതര ഭാവങ്ങളുമായി കെട്ടുപിണഞ്ഞുകിടക്കുന്നതിനാൽ അവ പ്രത്യേകം ശ്രദ്ധേയമായിത്തീരുന്നില്ല. എന്നാൽ അപൂർവ്വം ചില വ്യക്തികളിൽ ഇവയിലേതെങ്കിലും ഒന്ന് അനിയന്ത്രിതമായി വളർന്നുവന്നുവെന്നുവരാം. അങ്ങനെ പരിപുഷ്ടമായി പരിണമിക്കുമ്പോഴാണ് അതു നമ്മുടെ ശ്രദ്ധയിൽപ്പെടുന്നത്.
ദ്രോഹപ്രവൃത്തിയിൽ നിന്നും സംഞ്ജാതമാകുന്ന സന്തോഷം സാഡിസത്തിന്റെ സന്താനമാണ്. മറ്റുള്ളവരെ വേദനിപ്പിക്കുന്നതിൽ ആനന്ദം അനുഭവിക്കുന്ന ചില വ്യക്തികളുണ്ട്. രക്തം കണ്ടാൽ മൂർച്ചിച്ചുവീഴുന്നവരെയും രക്തം ചൊരിയുന്നതിൽ പ്രത്യേകതാൽപര്യത്തോടുകൂടിയവരെയും നാം കാണുന്നില്ലേ? യഥാർത്ഥമാലോചിച്ചാൽ നൈസർഗ്ഗികമായി നമ്മിൽ ഉൾച്ചേർന്നിരിക്കുന്ന ഒരു സവിശേഷതയാണിതെന്നു കാണാം. ഈച്ച, ഉറുമ്പ് മതലായ സാധുപ്രാണികളെ അടിച്ചുകൊല്ലുന്നതിൽ കൊച്ചുകുട്ടികൾ ആവേശപൂർണ്ണമായ ഒരാനന്ദം അനുഭവിക്കുന്നതായ് കാണുന്നില്ലേ? എവിടെയെങ്കിലും വെച്ച് ഒരു പട്ടിയെക്കണ്ടാൽ കല്ലെടുത്തൊന്നെറിയാത്ത ഒരു ബാലനെ എവിടെക്കാണുവാൻ കഴിയും? അതിൽ ഒരു രസമുണ്ട്; ആ പൈശാചികമായ രസാനുഭവത്തിനു പ്രേരകമായി നിൽക്കുന്ന നൈസർഗ്ഗികഭാവം, പിൽക്കാലങ്ങളിൽ, വിദ്യാഭ്യാസംകൊണ്ടും മറ്റും സിദ്ധമാകുന്ന സംസ്കാരത്തിനാൽ നാം അറിയാതെ തന്നെ നിർവ്വഹിക്കപ്പെടുന്നുവെന്നേയുള്ളു. ലോകത്തിന്റെ ശൈശവദശയിൽ, ഹിംസ്രജന്തുക്കളുമായി മുഷ്ടിയുദ്ധംചെയ്തു വിദലിതശരീരരായി രക്തക്കളത്തിൽ തളർന്നുവീണു കൈകാലടിച്ചു പിടയുന്ന നിസ്സഹായരായ അടിമകളുടെ പ്രാണവേദനയിൽ ആത്മാനുഭൂതി അനുഭവിച്ചിരുന്ന റോമൻ ചക്രവർത്തികളുടെയും രാജ്യവാസികളുടെയും ആ പൈശാചികമനോവൃത്തി ചരിത്രം നമ്മെ കാണിച്ചുതരുന്നില്ലേ? കോഴിപ്പോർ മുതലായ വേതാളകേളികളിൽ ഇന്നും എത്രയെത്ര മനുഷ്യഹൃദയങ്ങൾ ആനന്ദനൃത്തം ചെയ്യുന്നു!
വേദനയനുഭവിക്കുന്നതിൽ സംതൃപ്തിയുൾക്കൊള്ളുന്നവരുണ്ട്. അവരാണ് മസോക്കിസ്റ്റ്സ്. പരസ്പരം കണക്കിലേറെ കലഹിച്ചു ‘കണ്ണീരും കൈയു’ മായി കഴിഞ്ഞുകൂടുവാൻ എങ്ങനെയെങ്കിലും സാദ്ധ്യമാകാതെ വന്നുകൂടുന്ന ദിവസങ്ങളിൽ അനിർവാച്യമായ ഒരസുഖം അനുഭവിക്കുന്ന പല ദമ്പതിമാരെയും എനിയ്ക്കറിയാം. സാഡിസത്തിനുനേരെ വിരുദ്ധമായിട്ടുള്ളതാണ് മസോക്കിസം. മർദ്ദിക്കുന്നതിലല്ല മർദ്ദിക്കപ്പെടുന്നതിലാണ്, മറ്റുള്ളവരുടെ വേദനയിലല്ല സ്വന്തം വേദനയിലാണ്, ഇക്കൂട്ടർക്ക് ആനന്ദം.
സ്ത്രീരൂപത്തിലുള്ള ശിലാവിഗഹങ്ങളിൽ ലൈംഗികമായ ഉൽക്കടാഭിനിവേശം ഉൾക്കൊള്ളുന്നതാണ് പിഗ്മാലിയനിസം. യഥാർത്ഥമാലോചിച്ചാൽ കലാസ്വാദനത്തിനും ലൈംഗികജീവിതത്തിനും തമ്മിൽ വലിയ ഒരു ബന്ധമുണ്ടെന്നുകാണാം. മാനസികഘടനയിൽ പിഗ്മാലിയനിസം എന്ന അംശമാണ് കലാബോധത്തിന്റെ അസ്തിവാരമായി നിലകൊള്ളുന്നത്. കാമവികാരത്തിനു കാരണമായ ‘ലിബിഡോ’ കലാകാരന്മാരിൽ കണക്കിലേറെ കലർന്നിരിക്കും. കവികളുടെയോ ഗായകന്മാരുടെയോ ചിത്രകാരന്മാരുടെയോ, ശിൽപികളുടെയോ ജീവചരിത്രം പരിശോധിച്ചുനോക്കിയാൽ, ലൈംഗികജീവിതത്തിനും കലാബോധത്തിനും തമ്മിൽ അഭേദ്യമായ ബന്ധമുണ്ടെന്നുള്ള ശാസ്ത്രത്തിന്റെ വാദം തികച്ചും പരമാർത്ഥമാണെന്നു വെളിപ്പെടും. വിശ്വവിഖ്യാതരായ കലാകാരന്മാരിൽ ഭൂരിഭാഗവും സദാചാരത്തിന്റെ നിയമസീമയെ അതിലംഘിച്ചു കാമാത്മകങ്ങളായ ആനന്ദാനുഭൂതികളുടെ അങ്കതലത്തിൽ സ്വച്ഛന്ദവിഹാരം ചെയ്തിരുന്നവരാണെന്നു കാണാം.
പരമാർത്ഥങ്ങളെ മനുഷ്യൻ ഇഷ്ടപ്പെടുന്നില്ല. എന്തുകൊണ്ടെന്നാൽ അവ അവനെ അവനായിത്തന്നെ ലോകസമക്ഷം പ്രദർശിപ്പിക്കുന്നു. സദാചാരവിധികളുടെ മറവിൽ പതുങ്ങിനിന്നുകൊണ്ട് ആത്മവഞ്ചന ചെയ്യുന്നതാണ് ആ ഭീരുവിന്നിഷ്ടം. ശസ്ത്രത്തിന്റെ നേരെ പൗരോഹിത്യത്തിന്റെ വെളിപാടുകൾക്കെല്ലാം അതാണല്ലോ കാരണം. ഈ കേരളത്തിൽത്തന്നെ, അടുത്തകാലത്ത്, വെണ്മണിമഹാമഹത്തിൽ, മഹാകവി വള്ളത്തോൾ ചെയ്തപ്രസംഗത്തിൽ, കവികളുടെ സദാചാരബോധത്തെക്കുറിച്ചുണ്ടായ ചില സൂചനകൾ പത്രലോകത്തിൽ ഏറ്റവും അരിശംകൊള്ളിച്ചത് ‘സത്യനാദ’ ത്തെയാണെന്നുള്ള കാര്യം ഒരിക്കലും മറക്കത്തക്കതല്ല. കാമവികാരം കണക്കിലേറെയുണ്ടായാൽ കവിയോ കലാകാരനോ ആയിത്തീരുകയില്ലെങ്കിലും കവിയിലും കലാകാരനിലും മറ്റുള്ളവരിലേറെ കാമവികാരം കലർന്നിരിക്കുമെന്നുള്ളതു വെറും പരമാർത്ഥമാണ്. സ്ത്രീവിമുഖരായ കലാസ്വാദനലോലുപന്മാരുടെ സംഖ്യ വളരെക്കുറവായിരിക്കുമെന്നു സമ്മതിക്കാതെ നിവൃത്തിയില്ല. ശുഷ്കിച്ച സദാചാരതത്ത്വങ്ങളെ ആത്മവഞ്ചനയ്ക്കൂന്നുവടിയായെടുക്കാതെ, നിഷ്പക്ഷമായി ചിന്തിച്ചുനോക്കിയാൽ- കലയെ ശാസ്ത്രത്തിന്റെ വെളിച്ചത്തിലേയ്ക്കു നീക്കിനിർത്തി അതിന്റെ അടിയിലേക്കു ചുഴിഞ്ഞിറങ്ങിച്ചെന്നാൽ- കലയുടെ ബീജം കാമവികാരത്തിൽ സ്ഥിതിചെയ്യുന്നതായിക്കാണാം. തേജോമയവും സുരഭിലവുമായ ഷെല്ലിയുടെ കാവ്യാന്തരീക്ഷത്തിൽനിന്ന് വേഡ്സ്‌വർത്തിന്റെ കവനസാമ്രാജ്യത്തിലേക്കു കടക്കുമ്പോൾ, എന്തെല്ലാം ആഹാര്യതകൾ ഉണ്ടായിട്ടും, എന്തോ ഒന്നിനുവേണ്ടി നമ്മുടെഹൃദയം ഊറിപ്പായുന്നതെന്തുകൊണ്ടാണ്? ശൃംഗാരത്തിനു രസരാജസ്ഥാനം കിട്ടുവാൻ ഹേതുവെന്ത്? ആടുന്നവനിലും പാടുന്നവനിലുമാണ് അംഗനമാർക്കഭിനിവേശമെന്നു പഴമക്കാരിയായ നമ്മുടെ മലയാണ്മപോലും പറഞ്ഞുതുടങ്ങിയിട്ട് എത്ര ശതാബ്ദങ്ങളായി! ആവകചൊല്ലുകളെ ശാസ്ത്രത്തിന്റെ സിദ്ധാന്തങ്ങളുമായി തട്ടിച്ചുനോക്കുമ്പോൾ പ്രത്യക്ഷപ്പെടുന്ന അനുഭവം അതേപടി വെളിപ്പെടുത്തിയാൽ എന്തിനു നെറ്റി ചുളിക്കുന്നു? കലയും കാമവികാരവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഇങ്ങനെ ചില സൂചനകൾ നൽകുവാനല്ലാതെ സവിസ്തരം പ്രതിപാദിക്കുവാൻ ഈ ലഘുപ്രബന്ധത്തിൽ നിവ്വൃത്തിയില്ലല്ലോ.
നമുക്കു വീണ്ടും മോഹിനിയിലേക്കു കടക്കാം. സോമശേഖരന്റെ മാനസികഘടനയിൽ മേൽവിവരിച്ച സാഡിസം എന്ന അംശമാണ് മുഴച്ചുനിൽക്കുന്നത്. ശാസ്ത്രദൃഷ്ട്യാ വൈകൃതാത്മകമായ അവന്റെ ചിന്താഗതി അതിനനുരൂപവുമാണ്. എന്നാൽ ശ്രദ്ധേയമായ ഒരു പ്രത്യേകത അതിനുണ്ട്. തത്ത്വോപനിഷ്ടമായ ഒരു സരണിയിലൂടെയാണ് അവന്റെ ചിന്താപ്രവാഹം. നൈസർഗ്ഗികമായ മനസികഘടനയിലാണ് അവന്റെ പ്രവർത്തിയുടെ ഉത്തരവാദിത്വം മുഴുവൻ സ്ഥിതിചെയ്യുന്നതെങ്കിലും, അതിനെ ഒരു മൂടുപടം ഇടുവിച്ചുകൊണ്ട്, അവന്റെ സംസ്കാരജന്യമായ തത്ത്വബോധം തലയുയർത്തുന്നു. ആ തത്ത്വചിന്ത തെറ്റോ ശരിയോ, അതിന്നാധാരമായ സംസ്കാരം അഭിനന്ദനീയമോ അവഹേളനാർഹമോ എന്നൊരു ചോദ്യത്തിന്ന് ഇവിടെ വഴിയുണ്ട്. ഇതിനു സമാധാനം പറയേണ്ടതു കലാകാരനല്ല, നീതിശാസ്ത്രജ്ഞനാണ്. ഭൗതികദൃഷ്ട്യാ അവന്റെ കർമ്മം അധിക്ഷേപാർഹമായിത്തോന്നിയേക്കാം; അതു കേവലം പൈശാചികവുമായിരിക്കാം. പക്ഷെ, ആ കർമ്മത്തിലല്ല, അതിനുപ്രേരകമായി വർത്തിക്കുന്ന തത്ത്വത്തിലാണ് അവൻ ആനന്ദിക്കുന്നതെന്നോർക്കണം. അവൻ മോഹിനിയെ കുത്തിക്കൊന്നത് അവളുടെ ഹൃദയരക്തം ചിന്നിച്ചിതറിതെറിക്കുന്നതു കണ്ട് ആനന്ദിക്കുവാനല്ല. ആ കാഴ്ച അവനെ വേദനിപ്പിക്കുന്നതേയുള്ളു. എങ്കിലും അവളെകൊന്നതിൽ അവന്നൊരു സംതൃപ്തിയുണ്ട്; അതു തികച്ചും സ്വാർത്ഥരഹിതവുമാണ്.
സോമശേഖരന്ന് സ്വന്തമായ ഒരു തത്ത്വശാസ്ത്രമുണ്ട്. അവൻ സൗന്ദര്യാരാധകനാണ്. കാമജന്യമായ സ്വാർത്ഥപ്രീതിക്കു വശഗമായിരുന്നു അവന്റെ ഹൃദയമെങ്കിൽ, മൃണ്മയമായ ശരീരത്തെ അവലംബിച്ചുനിന്ന ദുർല്ലഭവും സ്വർഗ്ഗീയവുമായ ആ സൗന്ദര്യത്തെ അവൻ അനുഭോഗ യുക്തമാക്കിത്തീർക്കു മായിരുന്നു. അതിന്നവൻ ഒരുമ്പെട്ടില്ല. സ്വാർത്ഥലാഭത്തിനുവേണ്ടി ആ സൗന്ദര്യം വിവിയോഗിക്കപ്പെടുന്നുവെങ്കിൽ, ഉത്തുംഗമ്മയ ഒരു മേഖലയെ അധിരോഹണം ചയ്തിരിക്കുന്ന അതിന്നു മന:പൂർവ്വം അവൻ അപകർഷം വരുത്തുകയായിരിക്കും ചെയ്യുക. അപ്പോൽ അവൻ ഒരു യഥാർത്ഥ സൗന്ദര്യാരാധകനല്ലാതായിത്തീരുന്നു. മേഘജ്യോതിസ്സിന്റെ ക്ഷണികജീവിതം അവന്നു തികച്ചും അഭികാമ്യമാണ്.
ബ്രൗണിങ്ങിന്റെ ‘പോർഫിറിയായുടെ കാമുക’ ന്നും സോമശേഖരന്നും തമ്മിലുള്ള മൗലികമായ വ്യത്യാസം ഈ തത്ത്വത്തെ ആശ്രയീച്ചാണു നിൽക്കുന്നത്. സാമുദായികമായ ഉച്ചനീചാവസ്ഥയെക്കുറിച്ചുള്ള ബോധം സംജനിപ്പിച്ച സ്വാർത്ഥസൃഷ്ടമായ നൈരാശ്യമാണ് പോർഫെറിയായെ ഞെരുക്കിക്കൊല്ലുന്നതിൽ അവന്നു പ്രേരകമായി നിൽക്കുന്ന മനോഭാവം. സോമശേഖരനെ അതു തീണ്ടിയിട്ടുപോലുമില്ല. ആരാധ്യനായ ആ വിശ്വമഹാകവിയുടെ കലാസുഭഗമായ ആ ഭാവനാസന്താനത്തേക്കാളധികം വിശിഷ്ടമാണ് എന്റെ ഈ വികൃത സൃഷ്ടിയെന്നു ഞാനഭിമാനിക്കുന്നില്ല. വസ്തുസ്ഥിതിയെ ഞാനൊന്നു സൂചിപ്പിച്ചുവെന്നേയുള്ളു.
സോമശേഖരന്റെ ആ പ്രത്യേകചിന്താസരണിയിലൂടെ നോക്കുമ്പോൽ അവന്റെ മർമ്മം ഒരിക്കലും പൈശാചികമായിത്തീരുന്നില്ല. മൃണ്മയമായ ഈ ഗാത്രപിണ്ഡം ഇന്നല്ലെങ്കിൽ നാളെ തകർന്നടിയുമെന്നുള്ളതു തീർച്ചയാണ്. അങ്ങനെയിരിക്കെ അത്ത്യുത്തമമായ ഒരു ശോഭനമുഹൂർത്തത്തിൽ അതു സംഭവിക്കുന്നതല്ലേ അഭിലഷണീയം? അവർ ദമ്പതികളായിത്തീർന്ന് അങ്ങനെ ജീവിച്ചുജീവിച്ച്, സന്താനോത്പാദനത്താലും മറ്റും അവളുടെ സൗന്ദര്യം ക്ഷയിച്ചുക്ഷയിച്ച് ഒടുവിൽ അതു വാർദ്ധക്യത്തിന്റെ വികൃതലീലകൾക്കു വിധേയമായി ദ്രവിച്ചടിയുവാൻ അവൻ ഇഷ്ടപ്പെടുന്നില്ല. അതെല്ലാം പ്രകൃതിനിയമമാണെന്നും അതുകൊണ്ട് അങ്ങനെയുള്ള അവന്റെ ചിന്താഗതി ആശാസ്യമല്ലെന്നും ചിലർ വാദിച്ചേക്കാം. ആ വാദം ഒരുപക്ഷേ, ശരിയാണെന്നും വരാം. എന്നാൽ പ്രകൃതി നിയമങ്ങളെ പ്രതിഷേധിച്ചുകൊണ്ട്ള്ള പ്രവർത്തനങ്ങൾ ലോകാരംഭം മുതൽ അപൂർവ്വമയിട്ടെങ്കിലും ഉണ്ടായിട്ടുണ്ടന്നുള്ള പരമാർത്ഥം വിസ്മരിക്കാവതല്ല. കാണുന്നതിനെ അതേപടി പകർത്തുകയല്ല , കാണേണ്ടതിനെ കാട്ടിക്കൊടുക്കുകയാണ് കവിയുടെ കർത്തവ്യമെന്ന ഒരു വാദത്തിനും ഇവിടെ വഴിയുണ്ട്. കാണുന്നതിനെ കണ്ട്, അതിനെ നോക്കി നല്ലപോലെ മനസ്സിലാക്കുന്നതിൽ നിന്നാണ്, കാണേണ്ടതെങ്ങനെയുള്ളതായിരിക്കണം എന്ന ബോധം ഉറവെടുക്കുന്നതെന്ന് അതിനു സമാധാനം പറയേണ്ടിയിരിക്കുന്നു. ‘ഇയാഗോ’ അനുകരണാർഹനല്ലായിരിക്കാം. അധികം ‘ഇയാഗോമാ’മാർ ലോകത്തിൽ ജീവിക്കുന്നുമില്ലായിരിക്കാം. പക്ഷേ, അങ്ങനെയുള്ളവരെ ചിത്രീകരിക്കുന്നത് ഒരിക്കലും ഒരപരാധമായിരിക്കുമെന്നു തോന്നുന്നില്ല. സോമശേഖരന്നും ഇതുപോലെ ഒരപൂർവ്വസൃഷ്ടിയായാണ് എന്നുമാത്രം
-ചങ്ങമ്പുഴ കൃഷ്ണപിള്ള