ഭാഷയിലെ നാടന്‍പാട്ട് ഗണത്തില്‍പ്പെടുന്നതാണ് കല്യാണപ്പാട്ട് എന്ന വിഭാഗത്തിലെ വാതില്‍തുറപ്പാട്ട്. ഓരോഭാഷയിലും കല്യാണപ്പാട്ട് ഓരോ പേരിലാണ് അറിയപ്പെടുന്നത്. കാശ്മീരിയില്‍ വനവൂര്‍, ഉര്‍ദുവില്‍ ജാല്‍വ, തെലുങ്കില്‍ വിയ്യാലവാരി പാടലു എന്നിങ്ങനെ. തമിഴില്‍ കല്യാണപ്പാട്ട് എന്നുതന്നെ.
കേരളത്തില്‍ പുരാതനകാലം മുതല്‍ക്കേ വിവാഹച്ചടങ്ങുകള്‍ക്ക് വ്യത്യസ്തമായ ആഘോഷപ്പാട്ടുകളും ആചാരപ്പാട്ടുകളും ഉണ്ടായിരുന്നു. ചടങ്ങുപാട്ട്, അനുഷ്ഠാനപ്പാട്ട്, എന്നൊക്കെ ഇതറിയപ്പെട്ടിരുന്നു. എല്ലാ മതവിഭാഗങ്ങളിലും ഇതുണ്ടായിരുന്നു. മുസ്ലിങ്ങള്‍ക്ക് ഒപ്പനപ്പാട്ട് ഒരു കലാരൂപത്തിന്റെ തന്നെ ഭാഗമാണ്. ക്രിസ്ത്യാനികള്‍ക്കിടയില്‍ അടച്ചുതുറ എന്ന പേരില്‍ കല്യാണപ്പാട്ട് ഉണ്ടായിരുന്നു. നസ്രാണികളുടെയിടയില്‍ അന്തംചാര്‍ത്ത്, മൈലാഞ്ചിയണിയല്‍, അയനിയെടുക്കല്‍, മംഗല്യം, വട്ടംകളി, പന്തുകളി എന്നിവയുമുണ്ടായിരുന്നു.
വരനെ സ്വീകരിക്കുന്നതിന്, വധുവിനെ അണിയിച്ചൊരുക്കുന്നതിന്, വധൂവരന്മാര്‍ മണിയറയില്‍ കഴിയുമ്പോള്‍ പാടുന്നതിന് എന്നൊക്കെ വ്യത്യസ്തതരം പാട്ടുകളുണ്ടായിരുന്നു.
ഹിന്ദുക്കളുടെ വിവാഹത്തോടനുബന്ധിച്ച് പാടുന്ന പാട്ടുകളാണ് വാതില്‍തുറപ്പാട്ടുകള്‍. അവയിലെ ഇതിവൃത്തം മിക്കവാറും പുരാണേതിഹാസങ്ങളില്‍നിന്നുള്ളവയാണ്. ഈ പാട്ടുകള്‍ അമ്മാവിപ്പാട്ടുകള്‍ എന്നുമറിയപ്പെടുന്നു. കെട്ടുകല്യാണം കേരളത്തില്‍ ബ്രാഹ്മണരൊഴികെ മിക്ക സമുദായങ്ങള്‍ക്കിടയിലും നിലനിന്നിരുന്ന ഒരു ആചാരമാണ്. ഇതിനോടനുബന്ധിച്ച് കല്യാണക്കളി, കോലുകളി, കല്യാണപ്പാട്ട് എന്നിവ ഉണ്ടായിരുന്നു.
വാതില്‍തുറപ്പാട്ടുകളുടെ ഇതിവൃത്തം ഇതാണ്: വിവാഹം കഴിഞ്ഞു വധൂവരന്മാരെ മണവറയില്‍ ആക്കിയിട്ട് മറ്റന്നാള്‍ താന്‍ വരുമെന്ന് പറഞ്ഞ് അമ്മാവി (അമ്മായി) പോകുന്നു. പറഞ്ഞ ദിവസം അമ്മാവി സര്‍വാഭരണവിഭൂഷിതയായി, സഖിമാരുമൊത്ത് പലഹാരങ്ങള്‍, കാഴ്ചദ്രവ്യങ്ങള്‍, ആഭരണങ്ങള്‍, പലതരം പൂക്കള്‍, വസ്ത്രങ്ങള്‍, അപ്പങ്ങള്‍, പഴങ്ങള്‍, വിശറി, ആലവട്ടം, കോളാമ്പി, കളിക്കോപ്പുകള്‍ തുടങ്ങിയവയുമായി എത്തുന്നു. മണവറയുടെ മുന്നിലെത്തി മണവാളനെയും മണവാട്ടിയെയും വിളിക്കുന്നു. കണ്ടില്ലേ എന്തൊക്കെയാണ് കൊണ്ടുവന്നിരിക്കുന്നത്, കതകു തുറന്ന് എല്ലാം സ്വീകരിച്ചാലും എന്ന മട്ടിലാണ് പാട്ട്. മിക്ക പാട്ടിലും പരിഹാസവുമുണ്ട്. കതകുതുറക്കാതെ അകത്തിരുന്നാല്‍ അടിച്ചു മോന്ത പൊട്ടിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ട്.
നരകാസുരവധം, ബാണയുദ്ധം, ബാലിയുത്ഭവം, സുന്ദരീകല്യാണം തുടങ്ങിയ പുരാണകഥകളും ഇതിഹാസകഥകളുമെല്ലാം വാതില്‍തുറപ്പാട്ടുകളിലുണ്ട്.
വിവാഹം കഴിഞ്ഞതിന്റെ മൂന്നാം ദിവസമാണ് വാതില്‍തുറപ്പാട്ട് പാടുന്നത്. രാത്രികാലമാണ് ഇത്. നേരമെല്ലാം വെളുത്തല്ലോ, ഉറങ്ങുന്നു ദിശിയിപ്പോള്‍, പാതിരാനേരം, പാതിരായ്ക്ക് കാണ്മതിന് വിളിച്ചതെന്ത് എന്നിങ്ങനെയെല്ലാം പാട്ടുകളില്‍ പരാമര്‍ശമുള്ളതിനാലാണ് ഈ നിഗമനം.
കേരളത്തിലെ മിക്ക സമുദായങ്ങളിലും കല്യാണം കഴിഞ്ഞാല്‍ മറുവീട് പോകുന്ന പതിവുണ്ടല്ലോ. ഇതിന്റെ ഭാഗമായി ഉയര്‍ന്നുവന്നതായിരിക്കണം വാതില്‍തുറപ്പാട്ട്.
പരിഹാസത്തിന് ഒരു ഉദാഹരണം നോക്കാം. നരകാസുരവധത്തില്‍ നരകാസുരനും കൃഷ്ണനും തമ്മിലുള്ള വഴക്ക് രംഗത്തില്‍ നരകാസുരന്‍ കൃഷ്ണനെ കണക്കിലേറെ കളിയാക്കുന്നു. ഒരു ഭാഗം ഇങ്ങനെ:
”നാണമിവണ്ണം നീ നാരിയോടുമൊത്തുകൂടി
വൈരികളെ ജയിപ്പാനായ് പുറപ്പെട്ടിതോ
മാരലീലയാടുവാനോ വന്നതു നീയിവിടത്തില്‍
ആരെടാ നീ ജളപ്രഭോ പറക വേഗം
വാഹമായൊരു പക്ഷികിട്ടിയതുമെവിടന്നു
വാവലോ കാക്കയോ പിന്നെ പരുന്തോ ചൊല്ല്”
പല പഴഞ്ചൊല്ലുകളും ഉപയോഗിച്ചിട്ടുണ്ട്. 'തൂണുപോലിരുന്നാകിലൂണുപോലും കിട്ടില്ല', ദുഷ്ടനെ വച്ചുവാഴിപ്പാന്‍ ചിതമല്ലൊട്ടും' തുടങ്ങിയവ ഉദാഹരണം. അമ്മാവി എഴുന്നള്ളുന്നതിനെപ്പറ്റി ഒരു പാട്ടില്‍ ഇങ്ങനെ പറയുന്നു:
” പിന്നെയങ്ങു രസം ചേരും വെറ്റിലതിന്നും
അപ്പമെല്ലാം എടുപ്പിച്ചാങ്ങിളമാരും താനുമായി
ആര്‍ത്തുവിളിച്ചുള്ള വാദ്യഘോഷവുമായി
ദീപമെല്ലാം തെളിപ്പിച്ചും തീവെട്ടികള്‍ കൊണ്ടുപിടിപ്പിച്ചും
പൊന്‍വിളക്കും തളികയുമായെതിരേറ്റ്..”
അമ്മാവി ഇല്ലാത്ത വാതില്‍തുറപ്പാട്ടുകളുമുണ്ട്.
നിരവധി വാതില്‍തുറപ്പാട്ടുകള്‍ കണ്ടുകിട്ടിയിട്ടുണ്ട്. അതില്‍ കുറെയെണ്ണം കേരള സര്‍വകലാശാല ഓറിയന്റല്‍ മാനുസ്‌ക്രിപ്റ്റ് ലൈബ്രറി പ്രകാശനം ചെയ്തിട്ടുണ്ട്. ഇനിയും പ്രകാശനം ചെയ്യാത്ത ഒട്ടേറെ ഓലകളിലുറങ്ങുന്നു.
(പാട്ടിന്റെ സ്വഭാവം കാണിക്കാനായി ഒരു പാട്ടുമാത്രം നാടന്‍പാട്ട് വിഭാഗത്തില്‍ ചേര്‍ത്തിട്ടുണ്ട്)