Keralaliterature.com

ശബ്ദശാസ്ത്രം

മനുഷ്യന് കേള്‍ക്കാന്‍ സാധിക്കുന്നതും സാധിക്കാത്തതുമായ ശബ്ദങ്ങളെക്കുറിച്ചും വിവിധ മാദ്ധ്യമങ്ങളിലൂടെയുള്ള ശബ്ദത്തിന്റെ സഞ്ചാരത്തെക്കുറിച്ചും പഠിക്കുന്ന ഭൗതികശാസ്ത്രശാഖയാണ് ശബ്ദശാസ്ത്രം (ഇംഗ്ലീഷ്: Acoustics). ശബ്ദത്തിന്റെ ഉത്പാദനം,പ്രേഷണം, സ്വീകരണം, പ്രഭാവം, പ്രയോഗം എന്നിവയെക്കുറിച്ച് ഈ ശാഖ പഠനം നടത്തുന്നു. മാദ്ധ്യമങ്ങളിലുണ്ടാകുന്ന മര്‍ദ്ദ വ്യതിയാനങ്ങളിലൂടെയാണ് ശബ്ദം സഞ്ചരിക്കുന്നത്. ശബ്ദത്തിന്റെ സൃഷ്ടി, വ്യാപനം, സ്വാധീനം, മറ്റു വസ്തുക്കളുമായുള്ള പരസ്പരപ്രവര്‍ത്തനം എന്നീ വിഷയങ്ങളെക്കുറിച്ച് ശബ്ദശാസ്ത്രം അപഗ്രഥനം ചെയ്യുന്നു.
ക്രി.മു. മൂന്നാം സഹസ്രാബ്ദത്തില്‍ ചൈനക്കാരാണ് ശബ്ദശാസ്ത്രത്തെ കുറിച്ച് ആദ്യം പഠനം നടത്തിയത്. ഈ പഠനത്തെ അടിസ്ഥാനമാക്കി ക്യൂന്‍ എന്ന ഉപകരണവും അവര്‍ നിര്‍മ്മിച്ചു. ഏറ്റവും പഴക്കംചെന്ന ഭൗതികശാസ്ത്രങ്ങളിലൊന്നായ അക്കൗസ്റ്റിക്‌സിന്റെ വേരുകള്‍ ഗ്രീക് സംസ്‌ക്കാരത്തിലും ആഴ്ന്നിറങ്ങിയിട്ടുണ്ട്. കേള്‍വിയുമായി ബന്ധപ്പെട്ട എന്ന അര്‍ഥം വരുന്ന ഗ്രീക് പദമായ അക്കൗസ്റ്റിക്കോസില്‍ (akoustikos) നിന്നാണ് അക്കൗസ്റ്റിക്‌സ് എന്ന പദം നിഷ്പന്നമായിട്ടുള്ളത്. അക്കൗസ്റ്റിക്‌സിനെ കുറിച്ച് പ്രാചീന ശാസ്ത്രജ്ഞര്‍ക്കും വാസ്തുശില്പികള്‍ക്കും ഉണ്ടായിരുന്ന ജ്ഞാനത്തിനു തെളിവാണ് ഗ്രീക് റോമന്‍ ആംഫി തിയെറ്ററുകള്‍.
ക്രി.മു. നാലാം ശതകത്തില്‍ ഗ്രീക്ക് വാസ്തുകാരനായ പോളിക്ലീറ്റോസ് ദ ജുനിയര്‍ ശബ്ദശാസ്ത്ര സങ്കേതങ്ങളെ ഉപയോഗിച്ച് എപ്പിദാവ്‌റസില്‍ 14000 പേര്‍ക്കിരിക്കാവുന്ന ഒരു നാടകശാല നിര്‍മ്മിച്ചു. വേദിയിലുണ്ടാക്കുന്ന ശബ്ദം ഉച്ചഭാഷിണിയുടെ സഹായം ഇല്ലാതെ ഏറ്റവും പിന്‍നിരയിലുള്ളവര്‍ക്ക് പോലും വ്യക്തമായി കേള്‍ക്കാന്‍ കഴിഞ്ഞിരുന്നു. ചുണ്ണാമ്പ് കല്ലു കൊണ്ടാണ് ഇതിന്റെ ഇരിപ്പിടങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇരിപ്പിടത്തിലെ ചുളിവുകളും മടക്കുകളും ചെറിയ ആവൃത്തിയുള്ള ശബ്ദത്തെ തടഞ്ഞ് നിര്‍ത്തുന്നു. അതേസമയം ചുണ്ണാമ്പ് കല്ല് കൂടുതല്‍ ആവൃത്തിയുള്ള ശബ്ദത്തെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു. ഇത് കലാകാരന്റെ ശബ്ദം മാത്രം കേള്‍വിക്കാരില്‍ എത്തുന്നതിന് സഹായിക്കുന്നു.
ഐസക് ന്യൂട്ടനാണ് ശബ്ദ തരംഗങ്ങളുടെ സൈദ്ധാന്തിക വേഗത കണ്ടെത്തിയത്. പതിനെട്ടാം നൂറ്റാണ്ടില്‍ ശബ്ദശാസ്ത്രം വളരെയധികം പുരോഗമിച്ചു. ശബ്ദത്തിന്റെ തരംഗ സമവാക്യം കണ്ടെത്തിയതും ഗണിതശാസ്ത്രത്തിനുണ്ടായ പുരോഗതിയും ഇതിന്റെ വളര്‍ച്ചയെ സഹായിച്ചു. ഇരുപതാം നൂറ്റാണ്ടില്‍ വെള്ളത്തിനടിയിലുള്ള അന്തര്‍വാഹിനികളെ കണ്ടെത്തുന്നതിനും ശബ്ദമലിനീകരണം കുറയ്ക്കുന്നതിനുമുള്ള സങ്കേതങ്ങള്‍ കണ്ടെത്തി.

Exit mobile version