Keralaliterature.com

സംഘകാല കൃതികള്‍

തെക്കേഇന്ത്യയില്‍ ആദ്യം സാഹിത്യം ഉദ്ഭവിച്ചത് തമിഴകത്തെ ഭാഷയിലാണ്. സംഭാഷണഭാഷ മാത്രമായിരുന്ന തമിഴിനെ സാഹിത്യനിര്‍മ്മാണ യോഗ്യമാക്കിത്തീര്‍ക്കാന്‍ സംഘടിത പരിശ്രമങ്ങള്‍പോലും പണ്ഡിതന്മാരും കവികളും നടത്തിയിരുന്നു എന്നൂഹിക്കാന്‍ തെളിവുകളുണ്ട്. നെടുനാള്‍ കവിസംഘങ്ങള്‍ പ്രവര്‍ത്തിക്കുകയും അവയുടെ ആഭിമുഖ്യത്തില്‍ സാഹിത്യകൃതികള്‍ പരിശോധിച്ച് അംഗീകരിക്കപ്പെടുകയും ചെയ്തിരുന്നു എന്നു സാഹിത്യചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നു. സംഘം കൃതികള്‍ എന്ന പേരിലാണ് തമിഴിലെ ആദിമകാലസാഹിത്യം അറിയപ്പെടുന്നതെന്ന വസ്തു പ്രകൃതത്തില്‍ അര്‍ത്ഥവത്താണ്. സംഭാഷണഭാഷയെ വ്യവസ്ഥാപിതവും പരിഷ്‌കൃതവുമായ ഒരു സാഹിത്യഭാഷയാക്കി വളര്‍ത്തുന്നതിന് അനുസൃതമായ ഒരു ദീര്‍ഘ കാലഘട്ടം മുഴുവനും കവികള്‍ പ്രയത്‌നിക്കുകയുണ്ടായി.
സംഘകാല കൃതികളുടെ കാലം
സംഘംകൃതികളുടെ നിര്‍മ്മാണകാലം പലരും നിശ്ചയിച്ചിട്ടുള്ളതു പലവിധത്തിലാണ്. ക്രി.മു. മൂന്നാം ശതകത്തിലേതെന്ന് ഊഹിക്കപ്പെടുന്നതും തെക്കന്‍ ബ്രാഹ്മിലിപിയിലെഴുതിയിട്ടുള്ളതുമായ ഏതാനും ഗുഹാഭിത്തി ലിഖിതങ്ങളാണ് കണ്ടുകിട്ടിയവയില്‍ വച്ച് ഏറ്റവും പ്രാചീനങ്ങളായ തമിഴ ഭാഷാരേഖകള്‍. ഈ രേഖകള്‍ക്കും സംഘംകൃതികളിലെ ഏറ്റവും പഴക്കമുള്ള കൃതികള്‍ക്കും തമ്മില്‍ തെല്ലൊന്നുമല്ല കാലത്തിന്റെ അകലം. എന്നാല്‍, സുദീര്‍ഘമായ ഒരു കാവ്യരചനാപാരമ്പര്യം നേരത്തെകൂട്ടി നിലവില്‍ വന്നിട്ടുള്ള ഒരു നാട്ടില്‍ മാത്രമേ സംഘംകൃതികളെപ്പോലെ സുവ്യവസ്ഥിതവും സുനിയതവും പ്രഫുല്ലവുമായ ആവിഷ്‌കരണശക്തികൊണ്ട് സമ്പന്നവും  നിപുണവര്‍ണനക്ഷമവും സങ്കേതബദ്ധവും ആയ കാവ്യങ്ങള്‍ ഉണ്ടാകാന്‍ സാധിക്കുകയുള്ളു. പക്ഷേ, ഭാഷാപരമായ പരിണാമങ്ങള്‍ അതിശീഘം തരണം ചെയ്തുകൊണ്ടിരുന്നതിനാല്‍, ഗുഹാശാസനങ്ങള്‍ തൊട്ട് സംഘം കൃതികള്‍വരെയുള്ള അന്തരാളഘട്ടത്തിലെ പല സാഹിത്യകൃതികളും സംരക്ഷിക്കപ്പെടാതെ നശിച്ചുപോയിരിക്കും. ഏതു ഭാഷയുടെയും അപഭ്രംശകാലഘട്ടത്തിലുണ്ടാകുന്ന കൃതികള്‍ക്ക് ഈ ദുര്യോഗം സംഭവിക്കുന്നതിന് പല ഉദാഹരണങ്ങളുണ്ട് കാണിക്കാന്‍. അവയില്‍ ചിലത് ഇനിയൊരിക്കല്‍ എടുത്തുപറയേണ്ടതുണ്ടുതാനും.
ഏതായാലും ഗുഹാശാസനങ്ങള്‍ക്കും ഏറ്റവും പഴയ സംഘം കൃതികള്‍ക്കുമിടയ്ക്ക് ഒരു നാനൂറു കൊല്ലത്തിന്റെ വ്യവധാനം സങ്കല്പിക്കുന്നപക്ഷം ക്രി. പി. രണ്ടാംശതകം തൊട്ട് സംഘംകൃതികള്‍ ഉണ്ടായിത്തുടങ്ങിയെന്നു വിചാരിക്കാം. സംഘം കൃതികളുടെ ശേഖരത്തില്‍ ചേര്‍ത്തിട്ടുള്ളതും, ഇല്ലെങ്കില്‍ത്തന്നെ, കാലസാമീപവും മറ്റുംകൊണ്ട് അതിനോടു ചേര്‍ത്തു വ്യവഹരിക്കാവുന്നതുമായ ആദിമ തമിഴ്കൃതികളുടെ രചനാകാലം ഒരഞ്ഞൂറു വര്‍ഷമായി കരുതാമെന്നു തോന്നുന്നു. അങ്ങനെയാണെങ്കില്‍ ക്രി.പി. ആറാം നൂറ്റാണ്ടിന്റെ അന്ത്യംവരെ നീണ്ടുപോകും അവയുടെ രചനാകാലം.
സംഘംകൃതികള്‍
ഏതെല്ലാമാണ് ഈ സംഘംകൃതികള്‍? പ്രധാനമായും രണ്ടു വകുപ്പുണ്ടവയ്ക്ക്. പ്രഥമവിഭാഗമായ എട്ടുത്തൊകൈയില്‍ പുറനാനൂറ്, അകനാനൂറ്, ഐങ്കുറുനൂറ്, കാലിത്തൊകെ, കുറുന്തൊകൈ, പരിപാടല്‍, നറ്റിണൈ എന്ന് എട്ട് ഖണ്ഡകൃതി സമാഹാരങ്ങളാണുള്ളത്. ഓരോ സമാഹാരത്തിലും ചേര്‍ത്തിട്ടുള്ളതു പല കവികളുടെയും പാട്ടുകളാണ്. ഉദാഹരണമായി നാനൂറു പാട്ടുകളുള്ള പുറനാനൂറില്‍ നൂറ്റിയമ്പതോളം കവികളുടെ കവിതകളുണ്ട്. രണ്ടാമത്തെ വിഭാഗമായ പത്തുപ്പാട്ടില്‍ തിരുമുരുകാറ്റുപ്പടൈ, പെരുമ്പാണാറ്റുപ്പടൈ, മുല്ലൈപ്പാട്ട്, മതുരൈക്കാഞ്ചി, നെടുനല്‌വാടൈ, കുറിഞ്ചിപ്പാട്ട്, പട്ടിനപ്പാലൈ, മലൈപടുകടാം എന്നീ കൃതികള്‍ ഉള്‍പ്പെടുന്നു.
ഈ രണ്ടു വിഭാഗത്തിലുംപെട്ട കൃതികള്‍ക്കു പുറമേ തിരുക്കുറള്‍, നാലടിയാര്‍ തുടങ്ങി പതിനെട്ടു പ്രാമാണികഗ്രന്ഥങ്ങള്‍ കൂടിയുണ്ട്. ചിലപ്പതികാരം, മണിമേഖല, ജീവകചിന്താമണി, കുണ്ഡലകേശി, വളയാപതി എന്നിവയാണ് തമിഴിലെ പഞ്ചമഹാകാവ്യങ്ങള്‍. അഞ്ചു ലഘുകാവ്യങ്ങള്‍കൂടി പ്രസ്താവ്യങ്ങളായുണ്ട്. നീലകേശിയും ചൂഡാമണിയും യശോധാര കാവ്യവും നാഗകുമാര കാവ്യവും ഉദയകുമാര കാവ്യവും. ഇവയില്‍ ഒടുവില്‍ പറഞ്ഞ ഏഴു കൃതികള്‍ സംഘകാലത്തിനിപ്പുറമുണ്ടായവയാണെന്നു പണ്ഡിതന്മാര്‍ കരുതുന്നു. ഇവിടെ നിരത്തിവച്ച കൃതികള്‍ക്കെല്ലാം പ്രത്യക്ഷമായോ പരോക്ഷമായോ ചേരരാജ്യവുമായി ബന്ധം കാണാം. പതിറ്റുപ്പത്തിലെ ഓരോ പത്തും ഓരോ ചേരരാജാവിനെക്കുറിച്ചുള്ള പ്രശസ്തിയാണ്. ‘ചിലപ്പതികാരം’ എന്ന മഹാകാവ്യത്തിന്റെ കര്‍ത്താവായ ഇളങ്കോവടികള്‍ ചേരദേശീയനാണെന്നതിനു പുറമേ, മൂന്നു ഖണ്ഡങ്ങളുള്ള ആ കൃതിയിലെ ഒരു ഖണ്ഡമായ വഞ്ചിക്കാണ്ഡം പ്രതിപാദിക്കുന്നതു ചേരനാട്ടില്‍ വച്ചു നടക്കുന്ന സംഭവങ്ങളാണെന്നും ഓര്‍ക്കേണ്ടതുണ്ട്. സംഘസാഹിത്യത്തിലെ കവികളില്‍ പലരുണ്ട്, കേരളീയരായിട്ട്. മറ്റുചിലര്‍ ചോള പാണ്ഡ്യദേശങ്ങളില്‍ നിന്നു വന്ന് ചേരരാജാക്കന്മാരെ പ്രശംസിച്ചു പാടിയവരാണ്. വര്‍ണ്യപുരുഷന്മാരുടെ നീണ്ട പരമ്പര നോക്കിയാലും അതില്‍ നല്ലൊരു പങ്കുവരും കേരളത്തിലെ രാജാക്കന്മാരും പ്രഭുക്കളും. കണ്ടുകിട്ടിയിട്ടുള്ള തമിഴ് വ്യാകരണങ്ങളില്‍ പ്രഥമഗണനീയമായ തൊല്‍ക്കാപ്പിയം പ്രാചീന സംഘകൃതികളുടെ വ്യാകരണം പ്രതിപാദിക്കുന്നു. അതിന്റെ കര്‍ത്താവ് തമിഴകത്തിന്റെ തെക്കുഭാഗത്തു മിക്കവാറും ചേരനാട്ടില്‍പെട്ട ഒരു സ്ഥലത്താണു ജനിച്ചതെന്നും പാണ്ഡ്യരാജസദസ്യനായ അദ്ദേഹം ഒരു ജൈനനായിരുന്നെന്നും ചില പണ്ഡിതന്മാര്‍ യുക്തിയുക്തം തെളിവുകള്‍ കാട്ടി വാദിക്കുന്നു.
കവികളും കവിതകളും
സംഘംകൃതികളെയും അവയുടെ കര്‍ത്താക്കന്മാരെയും കുറിച്ച് അവശ്യം അറിഞ്ഞിരിക്കേണ്ട ചില വസ്തുതകളുണ്ട്. കൃതികളിലെ മുഖ്യമായ പ്രതിപാദ്യവിഷയങ്ങളെപ്പറ്റിയാണ് ആദ്യം പറയേണ്ടത്. മഹാകാവ്യം, ലഘുകാവ്യം എന്നീ വകുപ്പുകളില്‍ ചേര്‍ത്തു നാം പറഞ്ഞ കൃതികളെ ഒഴിവാക്കിയാല്‍- അവയെല്ലാം കഥാഖ്യാന കാവ്യങ്ങളാണ്- ശേഷിച്ച വിപുലമായ കൃതിസമുച്ചയം പല കാലങ്ങളിലായി നൂറ്റുക്കണക്കിനു കവികള്‍ എഴുതിയ ആയിരക്കണക്കിനുള്ള ഖണ്ഡകവിതകളാകുന്നു. അകം, പുറം എന്നു രണ്ടു വിഭാഗത്തിലാണ് ഇവയിലെ വിഷയങ്ങളെ വ്യവഹരിച്ചുവരുന്നത്. ‘അക’ത്തെ ഗാര്‍ഹികമെന്നും പുറത്തെ സാമൂഹികമെന്നും വ്യാഖ്യാനിക്കുന്നതില്‍ വലിയ തെറ്റില്ല. ശൃംഗാരരസപ്രധാനമെന്നും വീരരസപ്രധാനമെന്നും വേണമെങ്കില്‍ വകതിരിക്കുകയും ചെയ്യാം. പുരുഷാര്‍ത്ഥങ്ങളില്‍ കാമത്തെ അകം കൃതികളും ധര്‍മ്മാര്‍ത്ഥങ്ങളെ പുറംകൃതികളും വിഷയീകരിക്കുന്നു. നാലാമത്തെ പുരുഷാര്‍ത്ഥമായ മോക്ഷം സംഘം കൃതികളില്‍ തീരെ ഗൗനിക്കപ്പെടുന്നില്ല. ആധ്യാത്മികമായ ഒരു പശ്ചാത്തലമോ ഉള്ളടക്കമോ ഇല്ലാത്ത ഈ കൃതികള്‍ ഭൗതികജീവിതത്തിന്റെ ആകര്‍ഷകത്വവും വര്‍ണഭാസുരതയും ധര്‍മ്മാധിഷ്ഠിതമായി വ്യക്തിയും സമൂഹവും ജീവിതം നയിണ്ടേതുസംബന്ധിച്ച അനുശാസനങ്ങളുമാണ് വെളിപ്പെടുത്തുന്നത്. തത്ത്വജ്ഞാനസാരം നിറച്ച സുവര്‍ണപേടകമെന്നു വിശേഷിപ്പിക്കാവുന്ന തിരുക്കുറളില്‍പ്പോലും ധര്‍മ്മയുക്തമായി അര്‍ത്ഥകാമങ്ങള്‍ നേടുകയും അനുഭ വിക്കുകയും ചെയ്യേണ്ടതിനെക്കുറിച്ചാണ് ഋഷിതുല്യനായ ഗ്രന്ഥകാരന്‍ സവിസ്തരം വിധിക്കുന്നത്.
തമിഴകത്തിലെ നാനാതരം പ്രകൃതിവിലാസങ്ങള്‍, പ്രകൃതിദത്തവും മനുഷ്യസൃഷ്ടവുമായ വിഭവങ്ങളുടെ സമൃദ്ധി, ആഹാര രീതി, ആടയാഭരണങ്ങള്‍, വിനോദപ്രഭേദങ്ങള്‍, ഗാനനടനവൈവിധ്യങ്ങള്‍, ഗാര്‍ഹികവും സാമൂഹികവുമായ ആചാരങ്ങള്‍, പ്രധാന തൊഴിലുകള്‍, മതപരമായ വിശ്വാസങ്ങള്‍, ആരാധനാസമ്പ്രദായം, ആയോധനത്തിനു വേണ്ട സന്നാഹങ്ങളും ആയുധങ്ങളും മര്യാദകളും, മരണാനന്തരക്രിയകള്‍, സന്മാര്‍ഗബോധം എന്നിങ്ങനെ അന്നത്തെ ജനത നയിച്ചിരുന്ന ജീവിതത്തെ സര്‍വാംഗീണമായി പ്രതിഫലിപ്പിക്കുന്ന സുന്ദരദര്‍പ്പണങ്ങളായി സംഘംകൃതികള്‍ പരിശോഭിക്കുന്നു. കാവ്യവിഷയങ്ങളില്‍ നല്ലൊരുപങ്ക് രാജപ്രശസ്തിയാകുന്നു. ചേര-ചോള-പാണ്ഡ്യരാജാക്കന്മാരോ കുറുനില മന്നരോ ഉന്നതപ്രഭുക്കന്മാരോ ആയിരിക്കും കവികളുടെ പ്രശംസയ്ക്ക് പാത്രമാകുന്നത്. സമരവീര്യം, ഭരണനൈപുണി, ദാനശൗണ്ഠത, കലാരസികത എന്നീ ഗുണങ്ങളില്‍ ഒന്നോ ഒന്നിലധികമോ വാഴ്ത്തപ്പെട്ടുവെന്നുവരാം.
ഈ പ്രശസ്ത കാവ്യങ്ങളെഴുതുന്ന കവികളെയും കാവ്യം വായിക്കുന്ന നമ്മെയും അമ്പരപ്പിക്കുമാറ്, വിശ്വസിക്കാനാവാത്ത തരത്തില്‍ വമ്പിച്ച പാരിതോഷികമാണു വര്‍ണ്യപുരുഷന്മാര്‍ അവര്‍ക്കു നല്കിയിരുന്നത്. ജനനസ്ഥലമേതായിരുന്നാലും, തങ്ങളുടെ നാട്ടിന്റെ അധിപന്‍ ആരായിരുന്നാലും, ആ സ്ഥലത്തും നാട്ടിലും പാര്‍ത്ത്, അവിടത്തെ രാജാവിന്റെ സദസ്യര്‍ മാത്രമായി ജീവിക്കുകയായിരുന്നില്ല അന്നത്തെ കവികളുടെ രീതി. അവര്‍ തമിഴകമെങ്ങും സ്വന്തം നാടാക്കി അവിടത്തെ ഏതു പ്രദേശത്തുമുള്ള രാജാക്കന്മാരുടെയും പ്രഭുക്കന്മാരുടെയും സദസ്സുകളില്‍ കയറിയിറങ്ങി കാവ്യങ്ങള്‍ സമര്‍പ്പിച്ചു പ്രീതിയും ധനവും നേടിയിരുന്നു.
സ്മരണാര്‍ഹമായ ഒരു പ്രത്യേകത ഈ കൃതികളുടെ രചനയില്‍ പുരുഷന്മാരെപ്പോലെ സ്ത്രീകളും പ്രാഗത്ഭ്യം പ്രകടിപ്പിച്ചിരുന്നു എന്നതാണ്. പുറനാനൂറിലെ പാട്ടുകളില്‍ മുപ്പത്തിമൂന്നെണ്ണം സ്ത്രീകള്‍ എഴുതി എന്നതുതന്നെ ഒരുദാഹരണം. മറ്റൊരു സവിശേഷത ആ സ്ത്രീകളില്‍ കുറവ-കുശവ-വേടവര്‍ഗങ്ങളില്‍പ്പെട്ടവര്‍ കൂടി ഉണ്ടായിരുന്നു എന്നതാണ്. ചാതുര്‍വര്‍ണ്യാധിഷ്ഠിതമായ സമൂഹക്രമവും തജ്ജന്യമായ ഉച്ചനീചഭേദങ്ങളും അന്നു നിലവിലില്ലാതിരുന്നതു കൊണ്ടും, പാര്‍ക്കുന്ന ഭൂഭാഗത്തെയും ചെയ്യുന്ന തൊഴിലിനെയും ആശ്രയിച്ചു മാത്രം ജാതി നിശ്ചയിച്ചിരുന്നതുകൊണ്ടും, അന്നു തമിഴകത്തുണ്ടായിരുന്ന കുറവര്‍, ഇടയര്‍, മറവര്‍, വെള്ളാളര്‍, പരതവര്‍, അരചര്‍, വണികര്‍, അന്തര്‍, പുലയര്‍, പാണര്‍, വിറലിയര്‍, കൂത്തര്‍, കൊല്ലര്‍, കുശവര്‍, വണ്ണാര്‍ തുടങ്ങിയ ജനവിഭാഗങ്ങള്‍ക്ക് സാംസ്‌കാരികമായി വളരാന്‍ തടസ്സമൊന്നു മുണ്ടായിരുന്നില്ല. കവികളും സംഗീതജ്ഞരും നടന്മാരും നര്‍ത്തകരും പണ്ഡിതന്മാരുമെല്ലാം എല്ലാ വിഭാഗങ്ങളിലുമുണ്ടായിരുന്നു.
അന്നത്തെ തമിഴ് സാഹിത്യരചനയില്‍ ബൗദ്ധജൈനമതാനുയായികള്‍ക്ക് ഉണ്ടായിരുന്ന പങ്കും വിസ്മരിക്കത്തക്കതല്ല. അശോകന്‍ ധര്‍മ്മപ്രചാരണത്തിനു തെക്കോട്ടു ലങ്കവരെ ബൗദ്ധസംഘത്തെ അയച്ചതിനെത്തുടര്‍ന്ന് ബുദ്ധമതവും, ചന്ദ്ര ഗുപ്തമൗര്യന്‍ ഇരുപത്തിയഞ്ചു വര്‍ഷത്തെ രാജ്യഭാരത്തെത്തുടര്‍ന്ന് ജൈന സന്ന്യാസിയായി ഭദ്രബാഹു എന്ന ഗുരുവിന്റെ കീഴില്‍ പന്തീരായിരം വരുന്ന ഒരു ജൈനസംഘത്തെ നയിച്ച് മൈസൂറിലെത്തിയതോടെ ജൈനമതവും തെക്കേ ഇന്ത്യയില്‍ കടക്കുകയും, പിന്നീട് ഈ മതങ്ങളുടെ ശക്തി ദക്ഷിണ ദിക്കിലെ സമുദായത്തിലും സാംസ്‌കാരികരംഗത്തിലും വ്യാപിക്കുകയും ചെയ്തിരുന്നതിനാല്‍, ഒടുവിലൊടുവിലുണ്ടായ സംഘംകൃതികളും അവയ്ക്കു ശേഷമുണ്ടായ പല കാവ്യങ്ങളും ഈ മതങ്ങളില്‍പ്പെട്ടവര്‍ രചിക്കുകയുണ്ടായി. മണിമേഖലയും കുണ്ഡലകേശിയും ബൗദ്ധമതാനുയായിക ളാണു രചിച്ചതെങ്കില്‍, ജീവകചിന്താമണിയും മുന്‍പറഞ്ഞ അഞ്ചു ലഘുകാവ്യങ്ങളും ജൈനരാണെഴുതിയത്. സംഘം കൃതികളുടെ പ്രാമാണിക വ്യാകരണഗ്രന്ഥം രചിച്ച തൊല്‍കാപ്പിയരും സര്‍വാദരണീയമായ മാനവ നീതിസര്‍വസ്വമെന്നു വിളിക്കൊണ്ട് തിരുക്കുറള്‍ എഴുതിയ തിരുവള്ളുവരും ജൈനന്മാരായിരുന്നു.
സംഘം കൃതികളില്‍ പ്രസ്തുതരായ മൂവരശന്മാരുടെ സാമ്രാജ്യങ്ങള്‍ ക്ഷയിച്ചതിനുശേഷം കുറെക്കാലത്തേക്കു ജൈന-ബുദ്ധ മതങ്ങള്‍ക്കു കൂടുതല്‍ പ്രാബല്യവും പ്രചാരവും തമിഴകത്തു ലഭിക്കുകയും ചെയ്തു. സംഘം കൃതികളുടെ പ്രാധാന്യത്തിനു പല കാരണങ്ങളുണ്ടെങ്കിലും അവയില്‍ അത്യന്തം ശ്രദ്ധേയമായിട്ടുള്ളത് ആ കൃതികള്‍ ശാസ്ത്രീയവും നിഷ്‌കൃഷ്ടവുമായി പഠിച്ചതിന്റെ ഫലമായി രണ്ടു നൂറ്റാണ്ടിലധികം കാലം തമിഴകത്തെ ചേര-ചോള-പാണ്ഡ്യ രാജ്യങ്ങളില്‍ നിലവിലിരുന്ന രാഷ്ട്രീയവും സാമൂഹികവും മതപരവും സാംസ്‌കാരികവുമായ അവസ്ഥകള്‍ മിക്കവാറും അനുസ്യൂതമായി ഗ്രഹിച്ച് അന്നത്തെ ചരിത്രം നിര്‍മ്മിക്കാന്‍ ഗവേഷകര്‍ക്കു സാധിച്ചു എന്നതാണ്.
(പ്രൊഫ.എന്‍.കൃഷ്ണപിള്ള, കൈരളിയുടെ കഥ)
Exit mobile version