Keralaliterature.com

സംഘക്കളി

നമ്പൂതിരിമാര്‍ക്കിടയില്‍ പ്രചാരത്തിലുണ്ടായിരുന്ന അനുഷ്ഠാന കലയാണ് സംഘക്കളി. യാത്ര കളി, പാനേംകളി, ശാസ്ത്രാങ്കം, ചാത്തിരാങ്കം എന്നീ പേരുകളിലും ഇതറിയപ്പെട്ടിരുന്നു. വിനോദത്തിന്റെയും വിജ്ഞാനത്തിന്റെയും കല കൂടിയാണ്. സന്താനലാഭത്തിനും പ്രേതശുദ്ധിക്കും വളരെ വിശേഷമെന്നു സംഘക്കളിയെ കരുതുന്നു. ഇതിലെ പഴയ പാട്ടുകളില്‍നിന്നു പ്രാചീന കേരളത്തിലെ ആര്യദ്രാവിഡബന്ധത്തെപ്പറ്റി പല അറിവുകളും ലഭിക്കുന്നു.
ചോറൂണ്, ഉപനയനം, സമാവര്‍ത്തനം, വിവാഹം, ഷഷ്ട്യബ്ദപൂര്‍ത്തി, മഹാരാജാക്കന്മാരുടെ തിരുനാള്‍ എന്നിങ്ങനെയുള്ള ചടങ്ങുകള്‍ക്കാണ് സംഘക്കളി സാധാരണമായി അവതരിപ്പിക്കാറുള്ളത്.
ഇതിന്റെ ഉത്ഭവത്തെപ്പറ്റി കേരളോല്‍പത്തിയില്‍ ഇങ്ങനെപ്പറയുന്നു: പള്ളിവാണപെരുമാള്‍ കേരളം രക്ഷിച്ചുവന്ന കാലത്തു ബുദ്ധമതക്കാരും നമ്പൂരിമാരും തമ്മില്‍ തൃക്കാരിയൂരമ്പലത്തില്‍വെച്ചു മതസംബന്ധമായി ഒരു വാഗ്വാദമുണ്ടായി. അതില്‍ ജയിക്കാന്‍ നമ്പൂരിമാര്‍ തൃക്കാരിയൂരപ്പനെ ഭജിച്ചു. ആ അവസരത്തില്‍ ജങ്ഗമന്‍ എന്നൊരു മഹര്‍ഷി അവിടെചെന്നു നാലുപാദത്തോടുകൂടിയ ഒരു മന്ത്രം നമ്പൂരിമാര്‍ക്ക് ഉപദേശിച്ചു. ഒരു മണ്ഡലം ഭജിച്ചപ്പോള്‍ ആറു പരദേശബ്രാഹ്മണര്‍ അവിടെ വരികയും അവരുടെ സഹായത്തോടുകൂടി നമ്പൂരിമാര്‍ ബുദ്ധമതക്കാരെ തോല്പിക്കുകയും ചെയ്തു. അന്നു മുതല്‍ക്കാണ് നാലുപാദം’ അഭീഷ്ടപ്രദമാണെന്നു വന്നത്.
നാലു പാദം, പാന, കളി (ഹാസ്യം) എന്നിങ്ങനെ മൂന്നംശമായി സംഘക്കളിയെ വിഭജിക്കാം. ഇവയില്‍ നാലുപാദമാണ് പ്രധാനം; അതു കഴിഞ്ഞാല്‍ പാനയും, നാലുപാദം മാത്രമേ ആദ്യകാലത്തുണ്ടായിരുന്നുള്ളൂ. പാന പിന്നീടും കളി ഒടുവിലും കൂട്ടിച്ചേര്‍ത്തതാണെന്നാണ് മഹാകവി ഉള്ളൂരിന്റെ അനുമാനം.
അത്താഴസ്സദ്യയുടെ മധ്യത്തില്‍ കറിശ്ലോകങ്ങളും ഒടുവില്‍ നീട്ടും ചൊല്ലാറുണ്ട്. നീട്ടു പുരാണപുരുഷന്മാരില്‍ ഒരാള്‍ തന്റെ പ്രതിദ്വന്ദ്വിക്ക് എഴുതുന്നതും, അതിലെ ഭാഷ സംസ്‌കൃതവുമാണ്. സദ്യ കഴിഞ്ഞു വഞ്ചിപ്പാട്ടു പാടിക്കൊണ്ടു നെടുമ്പുരയില്‍ എത്തി ചാത്തിരന്മാര്‍ കെട്ടിയുടുത്തിരുന്ന് കേളികൊട്ടിത്തീര്‍ന്നാല്‍ ഏതെങ്കിലും രാഗം പാടി മേളം കൊട്ടും. അതാണു പാന.
‘ഗണപതിഭഗവാനേ! നന്മ ഞാനൊന്നിരപ്പന്‍,
തുണപെടു ശിവപുത്തിരാ! തൂയപാച്ചോറു തന്തേന്‍;
പണമുടയരവുതന്മേല്‍ പള്ളികൊള്ളുന്ന മായോന്‍
ഇണയടിതൊഴുതിരന്നേനിമ്പമായ് നല്‍കിനിക്ക്.”
പാനപ്പാട്ടുകള്‍ കഴിഞ്ഞാല്‍ കണ്ടപ്പന്റെ (കയ്മളുടെ) വരവായി. കണ്ടപ്പന്റെ വേഷവും നമ്പൂരിമാര്‍തന്നെയാണു കെട്ടുന്നത്. നീയാര്?’ എന്നുള്ള രംഗവാസികളുടെ ചോദ്യത്തിനു
”മാനം വളഞ്ഞൊരു വളപ്പിനകത്തു, മഹാമേരുവിങ്കല്‍നിന്നും തെക്കുവടക്കു കിഴക്കു പടിഞ്ഞാറ്, ആനമലയോടുപ്പു കടലോടിടയില്‍, ചേരമാന്‍മലനാട്ടില്‍ ചെറുപര്‍പ്പൂര്‍ (പറപ്പൂര്‍) ച്ചാര്‍ന്ന കിരിയത്തില്‍ പന്നിക്കുന്നത്തു കൂട്ടത്തില്‍ പണ്ടാരക്കുന്നത്തു പടിഞ്ഞാറേ താവഴിയില്‍” ജനിച്ച ഒരു ശൂരപുരുഷനാണ് എന്നു കയ്മള്‍ മറുപടിപറയുന്നു.
വട്ടമിരിപ്പുകളിയാണ് ആദ്യത്തെ ചടങ്ങ്. ചില ദേവ പ്രീതികരങ്ങളായ സ്‌തോത്രങ്ങളോടെയാണ് ഇതിന്റെ തുടക്കം. കളിയില്‍ ആംഗ്യമെന്നും ആസ്യ (ഹാസ്യ)മെന്നും രണ്ടു ഭാഗമുണ്ട്. ആംഗ്യത്തില്‍ ”പൂവാതെ മുല്ലേ മുല്ലേ” ഇത്യാദിയായ പാട്ടും ആസ്യത്തില്‍ ”കോപ്പിട്ട പെണ്ണിന്റെ കോമളം കണ്ടിട്ടു കോള്‍മയിര്‍ക്കൊള്ളുന്നു മാലോകരേ” തുടങ്ങിയ പാട്ടും ഉള്‍പ്പെടുന്നു.
ഇങ്ങനെ പല വിനോദഗാനങ്ങളും പാടിത്തീര്‍ന്നാല്‍ പിന്നെയും കയ്മളുടെ വരവായി. കയ്മളും ഓതിക്കനും തമ്മിലുള്ള സംവാദമാണ് പിന്നീട്. അടുത്ത ചടങ്ങുകള്‍ ചെപ്പടിവിദ്യയും വിഡ്ഢിപുറപ്പാടുമാണ്. വിഡ്ഢിയുടെ മഞ്ഞപ്പാട്ട് ഇങ്ങനെയാണ്:

‘ മഞ്ഞക്കാട്ടില്‍ പോയാല്‍
പ്പിന്നെ മഞ്ഞക്കിളിയെപ്പിടിക്കാലോ.
മഞ്ഞക്കിളിയെപ്പിടിച്ചാല്‍പ്പിന്നെ
ച്ചപ്പും ചവറും പറിക്കാലോ.
ചപ്പും ചവറും പറിച്ചാല്‍പ്പിന്നെ
ഉപ്പും മുളകും തിരുമ്മാലോ.
ഉപ്പും മുളകും തിരുമ്യാല്‍പ്പിന്നെ
ച്ചട്ടീലിട്ടു പൊരിക്കാലോ.
ചട്ടീലിട്ടു പൊരിച്ചാല്‍പ്പിന്നെ
പ്പച്ചെലവാട്ടിപ്പൊതിയാലോ.
പച്ചെലവാട്ടിപ്പൊതിഞ്ഞാല്‍പ്പിന്നെ
ത്തണ്ടാന്‍പടിക്കല്‍ചെല്ലാലോ.”

Exit mobile version