ഇന്ത്യയിലെ അതിപുരാതനമായ ഭാഷകളിൽ ഒന്നാണ് ദേവഭാഷ (ഗൈർവ്വാണി) എന്നറിയപ്പെടുന്ന സംസ്കൃതം . ഋഗ്വേദം ആണ് സംസ്കൃതത്തിലെ ആദ്യത്തെ കൃതിയായി കണക്കാക്കപ്പെടുന്നതു്. പല വിജ്ഞാനശാഖകളും സംസ്കൃതഭാഷാമാധ്യമത്തിലൂടെയാണു് പ്രാചീനഭാരതത്തിൽ ഇന്ത്യയിൽ പ്രചരിക്കപ്പെട്ടിരുന്നതും വികാസം പ്രാപിച്ചിരുന്നതും. ഹിന്ദു, ബുദ്ധ, ജൈന മതഗ്രന്ഥങ്ങളുടെ മൂലരൂപങ്ങളിൽ വ്യാപകമായി ഉപയോഗിയ്ക്കപ്പെട്ടിട്ടുള്ള സംസ്കൃതഭാഷ ഇന്ത്യയിലെ 22 ഔദ്യോഗിക ഭാഷകളിൽ ഒന്നാണ്. സംസ്കൃതം പിറവിയെടുത്തതു് മദ്ധ്യേഷ്യയിലാണെന്നു് പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുണ്ടു്.
സംസ്കൃതത്തെ പൊതുവെ വൈദികം(vedic), ലൗകികം (classic) എന്നിങ്ങനെ രണ്ടായി തരംതിരിക്കാറുണ്ട്. ബി.സി. 1500-നു മുൻപു വരെയെങ്കിലും പഴക്കമുള്ള സംസ്കൃതത്തിനു്, ലത്തീനിനും യവന ഭാഷയ്ക്കും യൂറോപ്പിലുണ്ടായിരുന്ന അതേ പ്രാധാന്യമാണ് ദക്ഷിണേഷ്യ, തെക്ക് കിഴക്കൻ ഏഷ്യ എന്നീ മേഖലകളിലെ സംസ്കാരങ്ങളിൽ ഉണ്ടായിരുന്നത്. സംസ്കൃതത്തിന്റെ പ്രാഗ്‌രൂപം വൈദികസംസ്കൃതത്തിൽ (വേദങ്ങൾ എഴുതിയിരിക്കുന്ന സംസ്കൃതം) കാണാം. അതിൽ ഏറ്റവും പഴക്കമേറിയത് ഋഗ്വേദത്തിൽ ഉപയോഗിച്ചിരിക്കുന്ന സംസ്കൃതമാണ്. ഈ വസ്തുതയും ഭാഷാശാസ്ത്രത്തിൽ നടത്തിയ ശാസ്ത്രീയമായ പഠനവും സൂചിപ്പിക്കുന്നത് സംസ്കൃതം ഇൻഡോ-യൂറോപ്യൻ ഭാഷാ ശാഖയിലെ ഏറ്റവും പുരാതനമായ ഒരു ഭാഷയാണ് എന്നാണ്. ആധുനിക ഏഷ്യൻ രാജ്യങ്ങളിലെ പല ഭാഷകളും സംസ്കൃതത്തിൽ നിന്നു ഉരുത്തിരിഞ്ഞു വന്നതാണ്.
ഇപ്പോൾ സംസ്കൃതം വളരെ ചെറിയ ഒരു ജനവിഭാഗം മാത്രമേ സംസാരിക്കുന്നുള്ളൂ. പക്ഷേ ഈ ഭാഷ ഹിന്ദുമതത്തിലെ പല ആചാരങ്ങൾക്കും പരിപാടികൾക്കും ഗീതത്തിന്റേയും (hymns) മന്ത്രത്തിന്റേയും (mantras) രൂപത്തിൽ ഉപയോഗിച്ചു വരുന്നു. കൂടാതെ സംസ്കൃതത്തിലെഴുതിയ ധാരാളം കൃതികൾ കർണ്ണാടകസംഗീതത്തിൽ പാടുന്നുണ്ട്. ഹൈന്ദവ ഗ്രന്ഥങ്ങളുടേയും തത്വശാസ്ത്രഗ്രന്ഥങ്ങളുടേയും രൂപത്തിൽ പാരമ്പര്യമായി കിട്ടിയ സാഹിത്യസമ്പത്തും വ്യാപകമായി പഠിക്കുന്നു. ഭാരതീയതത്വശാസ്ത്രത്തിൽ അധിഷ്ഠിതമായ പല പണ്ഡിതതർക്കങ്ങളും ചില പുരാതന പാരമ്പര്യ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഇപ്പോഴും നടക്കാറുണ്ട്.[അവലംബം ആവശ്യമാണ്] സംസ്കൃതസാഹിത്യത്തിന്റെ സിംഹഭാഗവും പദ്യത്തിന്റേയും സാഹിത്യത്തിന്റേയും വിപുലമായ പാരമ്പര്യം ഉള്ള ഗ്രന്ഥങ്ങളാണ്. അതോടൊപ്പം ശാസ്ത്രം, സാങ്കേതികം, തത്വശാസ്ത്രം, മതഗ്രന്ഥങ്ങൾ എന്നിവയും സംസ്കൃതസാഹിത്യത്തിന്റെ ഭാഗമാണ്.
സംസ്കൃതം sáṃskṛta- എന്ന വിശേഷണപദത്തെ “സംയോജിപ്പിച്ച് നിർമ്മിച്ചത്, പൂർണ്ണമായി രൂപവത്കരിച്ചത്, ശുദ്ധീകരിച്ച് വിപുലപ്പെടുത്തിയത്” എന്നിങ്ങനെ പരിഭാഷപ്പെടുത്താം. ഇത് സം-സ്കാർ saṃ-skar- എന്ന മൂലത്തിൽ നിന്നാണ് ഉദ്ഭവിച്ചത്. ഇതിന്റെ പര്യായം സംയോജിപ്പിച്ച്, നിർമ്മിച്ച്, ക്രമപ്പെടുത്തി രൂപവത്കരിച്ചത് എന്നിങ്ങനെയാണ്. ഇതിൽ സം saṃ- കൂട്ടിച്ചേർത്തതെന്നും , സ്കാർ (s)kar- നിർമ്മിക്കുക എന്നുമാണ്.
സംസ്കൃതം ഏതുകാലത്താണ് പുഷ്ടിപ്പെട്ടതെന്നതിനെപ്പറ്റി പണ്ഡിതർക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ട്. അയ്യായിരത്തോളം വർഷങ്ങൾക്കുമുൻപേ ജനങ്ങൾക്കിടയിൽ നിലനിന്നിരുന്ന ഭാഷയായിരുന്നു സംസ്കൃതം എന്നു വേണം കരുതാൻ. ഋഗ്വേദമാണ് മാനവരാശിയുടെ ആദ്യത്തെ സാഹിത്യം എന്നു പൊതുവെ പണ്ഡിതർ അംഗീകരിച്ചകാര്യമാണ്. ആത്മാന്വേഷണവും സാക്ഷാത്കാരവുമാണ് ജന്മത്തിന്റെ ഉദ്ദേശ്യം എന്നു മനസ്സിലാക്കിയ ഋഷിമാർ തങ്ങളുടെ ധ്യാനാവസ്ഥയിൽ-കാണുന്ന ജ്ഞാനശകലങ്ങൾ ‘വേദങ്ങളായി’ കോർത്തിണക്കുകയാണ് ചെയ്തത്. ആ സമാധിഭാഷ, വളരെ ചിട്ടയോടേയുള്ള പഠനം കൊണ്ടേ പഠിക്കാൻ പറ്റൂ. വേദങ്ങളിൽ ഉപയോഗിക്കുന്ന സംസ്കൃതം ‘വേദസംസ്കൃതം’ എന്നു വിളിക്കപ്പെട്ടു.
സാധാരണക്കാർ ഉപയോഗിച്ചിരുന്ന സംസ്കൃതം പ്രദേശഭേദം കൊണ്ടും വിദ്യാഭ്യാസത്തിലുള്ള വ്യത്യാസം കൊണ്ടും ഉണ്ടായ സ്വാഭാവികപരിണാമങ്ങളെ ഉൾക്കൊണ്ടുകൊണ്ട്, പാഞ്ചാലി, മാഗധി, പൈശാചി തുടങ്ങി പല പല ഉൾപ്പിരിവുകളായി രൂപം കൊണ്ടു. ഇത്തരം ഉപഭാഷകൾ ‘പ്രാകൃതഭാഷകൾ’ എന്നു വിളിക്കപ്പെട്ടു. ഭാഷയ്ക്ക് ശൈഥില്യം സംഭവിക്കാതിരിക്കാൻ ഭാഷാവിദഗ്‌ദ്ധരായ വൈയാകരണന്മാർ മുൻകൈ എടുത്ത്, വ്യക്തമായ ഭാഷാപ്രയോഗ നിയമങ്ങളും ഭാഷാ വിശകലനവും ശാസ്ത്രീയനിരീക്ഷണങ്ങളും വിശദമായി പറഞ്ഞുവെച്ചു. അവരിൽ ഏറ്റവും പ്രധാനിയും പ്രശസ്തനും പാണിനി ആണ്. ശാകടായനവ്യാകരണം, ആപിശലിവ്യാകരണം തുടങ്ങി പാണിനീയവ്യാകരണത്തിനുമുൻപും വ്യാകരണപദ്ധതികൾ ഉണ്ടായിരുന്നുവെന്ന് പാണിനിതന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.
സുസ്ഥിരമായ വ്യാകരണത്തിന്റെ അടിസ്ഥാനത്തിൽ ഏറ്റവും ശുദ്ധീകൃതമായത്, എന്ന അർത്ഥത്തിൽ ‘സംസ്കൃതം’ എന്നു തന്നെ ആ ഭാഷയെ വിളിച്ചു. സൌകര്യത്തിന് ലൌകികസംസ്കൃതം എന്നും പറയുന്നു. പാണിനി, ‘ഭാഷാ’ എന്നാണ് ലൌകികസംസ്കൃതത്തെ അഥവാ വ്യാവഹാരികസംസ്കൃതത്തെ സൂചിപ്പിക്കുന്നത്. വേദങ്ങളിലെ ഭാഷാപ്രയോഗവ്യത്യാസങ്ങളും പാണിനി കൂലംകഷമായി പഠിച്ചു ചിട്ടപ്പെടുത്തിയിട്ടുണ്ട്. വേദഭാഷയെ സൂചിപ്പിക്കാൻ ‘ഛന്ദസ്സ്’ എന്ന പദമാണ് അദ്ദേഹം സ്വീകരിച്ചത്. സംസ്കരിയ്ക്കപ്പെട്ട ഭാഷ എന്ന അർത്ഥത്തിൽ ‘സംസ്കൃതം’ എന്ന പദം വാല്മീകിരാമായണത്തിലായിരിക്കണം ആദ്യമായി ഉപയോഗിക്കപ്പെട്ടത്.
കർണാടകയിലെ മത്തൂർ ഗ്രാമത്തിൽ സംസ്ക്രതം മാത്രുഭാഷയായി ഉപയോഗിക്കുന്നു.
പരമ്പരാഗത സംസ്കൃതഭാഷ 36 വർണ്ണങ്ങളായി തിരിച്ചിട്ടുണ്ട്. എന്നാൽ സംസ്കൃതത്തെ വിവരിക്കുന്ന ചില ലിപി സംവിധാനങ്ങൾ 48 ശബ്ദങ്ങലെ പ്രതിപാദിക്കുന്നു. പൊതുവേ ശബ്ദങ്ങൾ സ്വരം, അനുസ്വാരം, വിസർഗം, സ്പർശം, നാസികം എങ്ങിങ്ങനെയാണ് ക്രമപ്പെടുത്തുക