കേരളത്തില്‍ ക്രൈസ്തവരുടെ മരണത്തിന്റെ വിലാപയാത്രയ്ക്ക് ഉപയോഗിച്ച് പ്രസിദ്ധമായ സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗയാത്ര ചെയ്യുന്നു എന്ന ഗാനം ഒരു ദു:ഖഗാനമായി എഴുതിയതല്ല. ഒരു മലയാളിയുമല്ല അതെഴുതിയത്. ജര്‍മനിയില്‍ നിന്ന 1893ല്‍ ബാസല്‍മിഷന്‍ മിഷനറിയായി കണ്ണൂരിലെത്തുകയും പിന്നീട് കുന്നംകുളം കേന്ദ്രീകരിച്ച് ബ്രദറണ്‍ സഭയുടെ പ്രവര്‍ത്തകനായി ജീവിക്കുകയും ചെയ്ത ഫോള്‍ബ്രെഷ്റ്റ് നാഗല്‍ ആണ് അതു രചിച്ചത്. ആംഗ്ലോ ഇന്ത്യന്‍ വനിതയെ വിവാഹം കഴിച്ച് കൂടുതല്‍ കാലം ഇവിടെ ജീവിച്ച നാഗല്‍ നിരവധി ക്രൈസ്തവ കീര്‍ത്തനങ്ങള്‍ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയിട്ടുണ്ട്. ചില ഭാഗങ്ങള്‍ പാശ്ചാത്യഭാഷയില നിന്ന് മാറ്റിയെഴുതിയാണ് അദ്ദേഹം സമയമാം രഥത്തില്‍.. രചിച്ചതത്രെ.
പിന്നീട്, അരനാഴികനേരം എന്ന ചിത്രത്തില്‍ ഈ ഗാനം മാറ്റങ്ങളോടെ വയലാര്‍ എടുത്തുപയോഗിച്ചതോടെയാണ്
കേരളത്തിലെ അറിയപ്പെടുന്ന ഗാനമായത്. 1970ലാണ് പാറപ്പുറത്തിന്റെ അരനാഴികനേരം എന്ന നോവല്‍ കെ.എസ്.സേതുമാധവന് സിനിമയാക്കിയത്.
നാഗല്‍ എഴുതിയ ഒറിജിനല്‍ ഗാനവും വയലാറിന്റെ ഗാനവും ഇവിടെ കൊടുക്കുന്നു.
നാഗലിന്റെ ഗാനം:
സമയമാം രഥത്തില്‍ ഞാന്‍
സ്വര്‍ഗയാത്ര ചെയ്യുന്നു..
എന്‍സ്വദേശം കാണ്മതിന്നായ്
ബദ്ധപ്പെട്ടോടീടുന്നു..
ആകെയല്‍പ്പനേരം മാത്രം
എന്റെ യാത്ര തീരുവാന്‍
യേശുവേ നിനക്കു സ്തോത്രം
വേഗം നിന്നെക്കാണും ഞാന്‍..
രാവിലെ ഞാന്‍ ഉണരുമ്പോള്‍
ഭാഗ്യമുള്ളോര്‍ നിശ്ചയം
എന്റെ യാത്രയുടെ അന്ത്യം
ഇന്നലെക്കാള്‍ അടുപ്പം
രാത്രിയില്‍ ഞാന്‍ ദൈവത്തിന്റെ
കൈകളില്‍ ഉറങ്ങുന്നു
അപ്പോഴുമെന്‍ രഥത്തിന്റെ
ചക്രം മുമ്പോട്ടോടുന്നു..
തേടുവാന്‍ ജഡത്തിന് സുഖം
ഇപ്പോള്‍ അല്ല സമയം
സ്വന്തനാട്ടില്‍ ദൈവമുഖം
കാണ്‍കയത്രെ വാഞ്ഛിതം”
…………………………………………………………………………………
വയലാര്‍ മാറ്റിയെഴുതിയത്:
” സമയമാം രഥത്തില്‍ ഞാന്‍
സ്വര്‍ഗയാത്ര ചെയ്യുന്നു..
എന്‍ സ്വദേശം കാണ്മതിന്നായ്
ഞാന്‍ തനിയേ പോകുന്നു..
ആകെയല്‍പ്പനേരം മാത്രം
എന്റെ യാത്ര തീരുവാന്‍
ആകെ അരനാഴികനേരം മാത്രം
ഈയുടുപ്പു മാറുവാന്‍..
രാത്രിയില്‍ ഞാന്‍ ദൈവത്തിന്റെ
കൈകളിലുറങ്ങുന്നു
അപ്പോഴുമെന്‍ രഥത്തിന്റെ
ചക്രം മുന്നോട്ടോടുന്നു..
രാവിലെ ഞാന്‍ ദൈവത്തിന്റെ
കൈകളില്‍ ഉണരുന്നു
അപ്പോളുമെന്‍ മനസ്സിന്റെ
സ്വപ്നം മുന്നോട്ടോടുന്നു..
ഈ പ്രപഞ്ചസുഖം തേടാന്‍
ഇപ്പോഴല്ല സമയം
എന്‍ സ്വദേശത്തു ചെല്ലേണം
യേശുവിനെ കാണേണം”