(ഓര്‍മക്കുറിപ്പുകള്‍)
ജി.എന്‍.പണിക്കര്‍
ചെറുകഥാകൃത്ത്,നോവലിസ്റ്റ്, ഇന്ത്യനിംഗ്ലീഷ് കവി, സാഹിത്യ-രാഷ്ട്രീയ വിമര്‍ശകന്‍ തുടങ്ങിയ നിലകളില്‍ പ്രശസ്തനും മലയാളത്തിലും ഇംഗ്ലീഷിലുമായി അറുപതിലേറെ ഗ്രന്ഥങ്ങളുടെ കര്‍ത്താവുമായ ജി.എന്‍.പണിക്കര്‍ അകലെനിന്നും അടുത്തുനിന്നും കണ്ടു മനസ്സിലാക്കിയ പ്രമുഖ വ്യക്തികളെ ഓര്‍ക്കുകയാണ് ഈ ലേഖനങ്ങളില്‍. നന്നേ ചെറുപ്പത്തില്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായിരുന്ന പണിക്കര്‍ ഇരുപതുവര്‍ഷം കേരളത്തിലെ വിവിധ കോളേജുകളില്‍ ഇംഗ്ലീഷ് അധ്യാപകനായിരുന്നു, കൂടാതെ, സാംസ്‌കാരിക പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍, കേരള ഗവര്‍ണറുടെ പി.ആര്‍.ഒ. തുടങ്ങിയ ഉന്നത പദവികളിലെത്തുകയും ചെയ്തു.
സംഭവബഹുലമായ ഇക്കാലത്ത് താന്‍ പരിചയപ്പെട്ട വിവിധ മേഖലകളിലെ 27 പ്രമുഖരെക്കുറിച്ചാണ് പണിക്കര്‍ എഴുതുന്നത്-ജവഹര്‍ലാല്‍ നെഹ്‌റു, സി.അച്യുതമേനോന്‍, കെ.കരുണാകരന്‍, സി.എച്ച്.മുഹമ്മദ് കോയ, വടക്കനച്ചന്‍ തുടങ്ങിയ ഏഴ് രാഷ്ട്രീയ നേതാക്കള്‍; പാസ്റ്റര്‍നാക്ക്, എന്‍.കൃഷ്ണപിള്ള, എം.ഗോവിന്ദന്‍, വൈക്കം മുഹമ്മദ് ബഷീര്‍, എം.ടി.വാസുദേവന്‍ നായര്‍ തുടങ്ങിയ പതിമൂന്ന് സാഹിത്യകാരന്മാര്‍, കെ.ബാലകൃഷ്ണന്‍, കെ.ആര്‍. ചുമ്മാര്‍ തുടങ്ങിയ പത്രപ്രവര്‍ത്തകര്‍, സത്യജിത്ത് റോയ്, അരവിന്ദന്‍ എന്നീ ചലച്ചിത്രപ്രതിഭകള്‍. വിമര്‍ശനബുദ്ധിയോടെ ഏവരെയും നോക്കിക്കാണുന്ന ജി.എന്‍.പണിക്കരുടെ ഒട്ടേറെ ആത്മകഥാംശങ്ങളും സ്പഷ്ടമാക്കുന്ന ലേഖനങ്ങള്‍.
……
രണ്ടു വാക്ക് എന്ന ആമുഖത്തില്‍ നിന്ന്:
‘അകലെനിന്ന്, അടുത്തുനിന്ന്’ ഒന്നാം ഭാഗം പുറത്തുവന്നത് 1991 സെപ്തംബറിലാണ്. ജീവചരിത്രം/-അനുസ്മരണം എന്ന ഇനത്തില്‍പ്പെടുന്ന ആ സമാഹാരത്തില്‍ ജവഹര്‍ലാല്‍ നെഹ്രു, പി.കേശവദേവ്, അരവിന്ദന്‍, എന്‍.കൃഷ്ണപിള്ള, ജി.കുമാരപിള്ള, പി.കെ.ബാലകൃഷ്ണന്‍, പ്രൊഫ.ആനന്ദക്കുട്ടന്‍, എന്‍.ശേഖരപിള്ള, എം.ജി.ആര്‍, എം.ഗോവിന്ദന്‍, രാജീവ് ഗാന്ധി എന്നിവരെക്കുറിച്ചുള്ള ലേഖനങ്ങളാണ് ഉള്‍പ്പെടുത്തിയിരുന്നത്. അതിന്റെ ആമുഖക്കുറിപ്പില്‍ ഞാന്‍ പറഞ്ഞു:
”ജീവിതത്തില്‍ നാം പലരുമായും പരിചയമാകുന്നു, സൗഹൃദബന്ധം സ്ഥാപിക്കുന്നു. മറ്റുചിലരെ അല്പം അടുത്തുനിന്നോ അതിലേറെ അകലെനിന്നോ കാണുന്നു. ഒരളവില്‍ അറിയുന്നു. ബഹുസഹസ്രം നാഴിക അകലെയുള്ള ഒരാളിനോടുപോലും, ഒരിക്കലും നേരിട്ടു കണ്ടിട്ടില്ലെങ്കില്‍ത്തന്നെയും, നമുക്ക് മാനസികമായ അടുപ്പം അനുഭവപ്പെട്ടു എന്നുവരാം. ചെറുപ്പത്തിലേ വധിക്കപ്പെട്ട അമേരിക്കന്‍ പ്രസിഡണ്ട് കെന്നഡിയോട് നമുക്കു തോന്നാറുള്ള സ്‌നേഹം ഇതിന് നല്ലൊരുദാഹരണമാണ്. ഒരു വ്യക്തിയുടെ നോട്ടം, വാക്കുകള്‍, പ്രവൃത്തികള്‍-ഇതെല്ലാം നമ്മെ സ്വാധീനിക്കുന്നു. ഈ വിധത്തിലുള്ള ‘സൗഹൃദ’ങ്ങളെപ്പറ്റി എഴുതുമ്പോള്‍ നാം നമ്മെക്കൂടി ചിന്തയ്ക്കു വിഷയമാക്കുന്നു. അങ്ങനെവരുമ്പോള്‍, മറ്റുള്ളവരെക്കുറിച്ച് എഴുതുക എന്നുപറഞ്ഞാല്‍ സ്വന്തംകാര്യംകൂടി പരോക്ഷമായെങ്കിലും സ്പഷ്ടമാക്കുക എന്നുതന്നെയാണര്‍ത്ഥം. അനുസ്മരണക്കുറിപ്പുകള്‍ക്കു ആത്മകഥാകഥനത്തിന്റെ തരളതയോ മടുപ്പോ കൂടി ലഭിക്കുകയായി തന്നിമിത്തം.
”ഇവിടെ ഓരോ വ്യക്തിയെയും തുറന്നമനസ്സോടെ സമീപിക്കാനുള്ള ശ്രമമാണ് ഞാന്‍ നടത്തിയിട്ടുള്ളത്. അവരെയെല്ലാം കുറിച്ചുള്ള സമഗ്രപഠനങ്ങളാണ് ഈ ലേഖനങ്ങള്‍ എന്ന് ഞാന്‍ അവകാശപ്പെടുന്നില്ല…”
1993 മേയിലാണ് ‘അകലെനിന്ന്, അടുത്തുനിന്നി’ന്റെ രണ്ടാം ഭാഗം പ്രസിദ്ധീകരിച്ചത്. കെ.കരുണാകരന്‍, സി. അച്യുതമേനോന്‍, ജി.വിവേകാനന്ദന്‍, എം.കൃഷ്ണന്‍നായര്‍, സി.എച്ച്, മുഹമ്മദ്‌കോയ, കെ.ജി. സേതുനാഥ്,
കെ.സുരേന്ദ്രന്‍, പാസ്റ്റര്‍നാക്ക് എന്നിവരെക്കുറിച്ചുള്ള ലേഖനങ്ങളായിരുന്നു അതില്‍. കൂടാതെ, ആത്മകഥാപരമായ ആറു കുറിപ്പുകള്‍-ഹ്രസ്വലേഖനങ്ങള്‍ അതിലുള്‍പ്പെടുത്തുകയും ചെയ്തു.
രണ്ടാംഭാഗത്തിന്റെ ആമുഖമായി ഞാന്‍ എഴുതി:
‘ഈ പുസ്തകത്തിന് ഒരു പ്രത്യേകതയുണ്ട്: സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് പിരിഞ്ഞശേഷം (1992 ജൂണ്‍ 30) എഴുതിയവയാണ് ഈ ലേഖനങ്ങള്‍ മിക്കവയും. എന്റെ രാഷ്ട്രീയ അഭിപ്രായങ്ങള്‍ ഈ പുസ്തകത്തില്‍ കൂടുതല്‍ വ്യക്തമായി ഞാന്‍ പറയുന്നുണ്ട്, മിക്കപ്പോഴും ഭംഗ്യന്തരേണ. ‘അവസരത്തിനൊത്തുയരാനുള്ള ബുദ്ധിയും മിടുക്കുമാണ് നമ്മുടെ പല പ്രമുഖ എഴുത്തുകാരുടെപോലും ശക്തി എന്നെനിക്കറിയാം. ഷര്‍ട്ടിന്റെ നിറവും രാഷ്ട്രീയാഭിപ്രായവും തുല്യമായ ലാഘവത്തോടെ മാറ്റാന്‍ കഴിയുന്നവരാണ് വിജയപീഠത്തില്‍ എപ്പോഴും കയറിനിന്നു പുഞ്ചിരിതൂവുക! അവര്‍ മിടുക്കന്മാര്‍! ചെറുപ്പകാലത്ത് ഞാന്‍ കമ്മ്യൂണിസ്റ്റായിരുന്നു-പാര്‍ട്ടി മെമ്പര്‍ഷിപ്പുള്ള, കാര്‍ഡുള്ള കമ്മ്യൂണിസ്റ്റ്. തിരുവനന്തപുരം ജില്ലയിലെതന്നെ നെടുമങ്ങാടിനടുത്തുള്ള ആനാട്ടുണ്ടായിരുന്നപ്പോള്‍ ഉണ്ടായ രാഷ്ട്രീയബന്ധം. നിരവധിവര്‍ഷം രാഷ്ട്രീയപ്രവര്‍ത്തനം നടത്തിയശേഷമേ അന്നൊക്കെ പാര്‍ട്ടിയില്‍ അംഗത്വം ലഭിക്കൂ. അവിഭക്ത കമ്മ്യൂണിസ്റ്റുപാര്‍ട്ടിയിലെ ആ അംഗത്വം രാജിവച്ച് കാര്‍ഡ് പാര്‍ട്ടിയെ തിരിച്ചേല്പിച്ചത് വെങ്ങാനൂരത്തെ മുല്ലൂര്‍ ലോക്കല്‍ കമ്മിറ്റിയെ-1957 അവസാനത്തോടുകൂടിയാണ്. കേരളത്തിലെ ആദ്യത്തെ ഇ.എം.എസ് മന്ത്രിസഭ അധികാരത്തില്‍വന്നു മാസങ്ങള്‍ക്കുശേഷം. ക്രമേണ കമ്മ്യൂണിസ്റ്റ് വിരുദ്ധനെന്ന പേരുകിട്ടത്തക്കവിധമായി എന്റെ പ്രസംഗങ്ങളും ലേഖനങ്ങളും കഥകളും മറ്റും…
‘ജനാധിപത്യത്തിന്റെ ഭാവി’ (1985) എന്ന എന്റെ പുസ്തകം വായിച്ചശേഷം തികഞ്ഞ മാര്‍ക്സിസ്റ്റുകാരനും, പക്ഷേ, നല്ല സുഹൃത്തുമായ, പുനലൂര്‍ ബാലന്‍ എന്നോട് കയര്‍ത്തു സംസാരിച്ചു; ആ പുസ്തകം പ്രകടമാക്കിയ ‘കമ്മ്യൂണിസ്റ്റുവിരോധ’വും ‘അമേരിക്കന്‍പ്രേമ’വും കണ്ടിട്ട്. ഒടുവില്‍, എന്നെ ഒന്നിരുത്താനെന്നോണം അദ്ദേഹം ചോദിച്ചു:
”എയ്, നിങ്ങളൊരു കോണ്‍ഗ്രസുകാരനാണെന്ന് അവന്മാര്‍ക്കുപോലും അറിഞ്ഞൂടല്ലോ?’
സത്യത്തില്‍, ഞാന്‍ ആഹ്ലാദിക്കുകയും അഭിമാനിക്കുകയും ചെയ്തു ആ നിമിഷം. ശരിയാണ്, ഇന്ദിരാഭവനിലോ ഏ.കെ.ജി. സെന്ററിലോ ഒന്നും ഞാന്‍ കയറിയിറങ്ങിയിട്ടില്ല. ഇപ്പോഴും എനിക്ക് ആ ഉദ്ദേശ്യമില്ല. പക്ഷേ, ഒന്നുണ്ട്: രാഷ്ട്രീയത്തില്‍ എനിക്ക് താത്പര്യമില്ലെന്നോ, രാഷ്ട്രീയത്തെ പുച്ഛത്തോടെ വീക്ഷിക്കുന്ന (രഹസ്യമായി രാഷ്ട്രീയക്കാരുടെ ഔദാര്യം മുതലാക്കുകയും ചെയ്യുന്ന!) ബുദ്ധിജീവികളുടെ മനോഭാവമാണ് എനിക്കുള്ളതെന്നോ ആരും തെറ്റായി ധരിക്കരുതെന്നപേക്ഷ.
പെന്‍ഷന്‍ ആവുന്നതിന് (1992 ജൂണ്‍ 30) ഏതാനും മാസങ്ങള്‍ക്കുമുന്‍പ് അന്ന് സാംസ്‌കാരികവകുപ്പ് സെക്രട്ടറിയായിരുന്ന ശ്രി.ടി.എന്‍.ജയച്ചന്ദ്രന്‍ ഐ.എ.എസ് ചോദിച്ചു:
”റിട്ടയര്‍മെന്റിനുശേഷം പണിക്കര്‍ രാഷ്ട്രീയത്തിലേക്കുണ്ടോ?’
”എന്താ, സാറങ്ങനെ ചോദിച്ചത്?’
‘നിങ്ങളുടെ പല എഴുത്തുകളും കാണുമ്പോള്‍ അങ്ങനെ തോന്നുന്നു.’
മറുപടി ഞാന്‍ ചിരിയിലൊതുക്കാന്‍ ശ്രമിച്ചു. എങ്കിലും ഞാന്‍ തുടര്‍ന്നുപറഞ്ഞു:
”ഒന്നും തീരുമാനിച്ചിട്ടില്ല, സാര്‍.’
ഇല്ല, അങ്ങോട്ടില്ലതന്നെ.
കാരണങ്ങള്‍ രണ്ടാണ്. ഒന്ന്, രാഷ്ട്രീയം-കക്ഷിരാഷ്ട്രീയമോ ഗ്രൂപ്പ് രാഷ്ട്രീയമോ- കളിക്കാനുള്ള കെല്പ് എനിക്കില്ല. രണ്ട്, ആ രംഗത്ത് ഇന്നു കാണുന്ന പലതും നിസ്സാരനായ ഈ എന്നില്‍പ്പോലും പുച്ഛവും ദേഷ്യവും സങ്കടവുമൊക്കെയാണ് നിറയ്ക്കുന്നത്. കോണ്‍ഗ്രസിനകത്തുതന്നെ എത്രയെത്ര ഗ്രൂപ്പുകാര്‍! അവര്‍-തിരുമ്മലുകാര്‍, തിരുത്തലുകാര്‍, ആന്റണി ഗ്രൂപ്പുകാര്‍-നിത്യവും പരസ്യമായി അലക്കുന്ന വിഴുപ്പിന്റെ ദുര്‍ഗന്ധമാണ് മൂക്കിലെപ്പോഴും… തുറന്നുപറയട്ടെ, ഒരവസരത്തില്‍ കോണ്‍ഗ്രസിന്റെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുമായി, രാഷ്ട്രീയമോഹങ്ങളൊന്നുമില്ലാതെ, സഹകരിക്കാ മെന്നു വിചാരിച്ചു. പക്ഷേ, ആ ആഗ്രഹവും അതിവേഗം ഉപേക്ഷിച്ചു.
ഒരു വിശദീകരണംകൂടി: ഞാന്‍ മിക്ക ലേഖനങ്ങളിലും ‘സാര്‍’ ചേര്‍ത്ത് വ്യക്തികളെ പരാമര്‍ശിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് താമസമാക്കിയ മലബാര്‍കാരനായ ഒരു സുഹൃത്ത് ഈയിടെ പ്രസംഗിച്ചുകേട്ടു, തിരുവനന്തപുരത്തെ ‘സാര്‍’ വിളി ദാസ്യമനോഭാവത്തിന്റെ തെളിവാണെന്നും അങ്ങനെ ആരെയും വിളിക്കാന്‍ താന്‍ ഇഷ്ടപ്പെടുന്നില്ലെന്നും! ‘ഏമാന്‍’, ‘അങ്ങത്തെ’ തുടങ്ങിയ പദങ്ങളേ ദാസ്യമനോഭാവം പ്രകടിപ്പിക്കുന്നുള്ളൂ. മലബാറിലും മറ്റും ‘മാഷ്’ എന്നു വിളിക്കുമ്പോഴുള്ള സ്‌നേഹം കലര്‍ന്ന ആദരമേ എന്നെപ്പോലുള്ള തിരുവനന്തപുരംകാരുടെ ‘സാര്‍’ വിളിയില്‍ കാണേണ്ടതുള്ളൂ. ഗുരുക്കളോ ഗുരുതുല്യരോ ആദരണിയാരോ ഒക്കെ ആയ ആളുകളെ പേരുമാത്രം പറഞ്ഞ് വിളിക്കണമെന്നാണെങ്കില്‍ ഇല്ല. അതിന് ഞാനില്ല ക്ഷമിക്കുക…
‘അകലെനിന്ന്, അടുത്തുനിന്ന്’ രണ്ടു ഭാഗങ്ങളും കൂടി ചേര്‍ത്തിറക്കിയപ്പോള്‍ ചില മാറ്റങ്ങള്‍ ഞാന്‍ വരുത്തിയിട്ടുണ്ട്. ഒന്ന്, രണ്ടാമത്തെ വോല്യത്തില്‍ അനുബന്ധമായി ചേര്‍ത്തിരുന്ന ആത്മകഥാപരമായ ആറ് ലേഖനങ്ങളും ഒഴിവാക്കി. കാരണം, അവയെല്ലാംതന്നെ അതേപടിയായോ അല്പസ്വല്പം വ്യത്യാസങ്ങളോടുകൂടിയോ ‘ഓര്‍മ്മകളുടെ തുരുത്തില്‍നിന്ന് (1998) എന്ന ആത്മകഥയില്‍ ഉള്‍പ്പെടുത്തിക്കഴിഞ്ഞു എന്നതുതന്നെ. രണ്ട്, ഒന്നാം വോല്യത്തില്‍ പി.കേശവദേവിനെക്കുറിച്ച് ചേര്‍ത്തിരുന്ന ‘സ്‌നേഹദുര്‍ബലനായ റൗഡി’ എന്ന ലേഖനവും ഒഴിവാക്കി. അതിനുകാരണം ദേവിനെക്കുറിച്ച് സുവിസ്തരമായ ഒരു സമഗ്രപഠനം, ‘ദേവ്… കേശവദേവ്…’ (1993) എന്ന ഗ്രന്ഥം, എന്റേതായി പുറത്തുവന്നു എന്നതാണ്. മൂന്ന്, എന്നെ ആകര്‍ഷിക്കുകയോ എന്റെ ജീവിതത്തില്‍ ഗണ്യമായ സ്വാധീനം ചെലുത്തുകയോ ചെയ്ത ഏഴുപേരെക്കൂടി സ്പര്‍ശിക്കുന്ന ഏഴു ലേഖനങ്ങള്‍ അധികമായി ചേര്‍ക്കുകയും ചെയ്തു. കെ.ബാലകൃഷ്ണന്‍, കെ.വിജയരാഘവന്‍, കെ.ആര്‍. ചുമ്മാര്‍, ബഷീര്‍, എന്‍.മോഹനന്‍, എം.ടി, സത്യജിത്‌റായി എന്നിവരാണ് ആ ഏഴുപേര്‍. ഇമ്മട്ടില്‍ എനിക്ക് എഴുതാന്‍ കഴിയുന്ന പല വ്യക്തികള്‍ ഇനിയുമുണ്ട്. ഒട്ടനവധിപേരുടെ നഖചിത്രങ്ങള്‍ ‘ഓര്‍മ്മകളുടെ തുരുത്തില്‍ നിന്നി’ല്‍ അങ്ങിങ്ങായി വന്നിട്ടുമുണ്ട്.
രണ്ടു ഭാഗങ്ങളിലായുള്ള പുസ്തകത്തിന്റെ ആദ്യപതിപ്പുകള്‍ പുറത്തുവന്നപ്പോള്‍ ഒരു നിരൂപകന്‍ അല്പം പരിഹാസത്തോടെ അഭിപ്രായപ്പെടുകയുണ്ടായി, എന്റെ മിക്ക ലേഖനങ്ങളും ‘ഉപകാരസ്മരണകളാണെ’ന്ന്. എന്റെ മറുപടിയാവട്ടെ, അദ്ദേഹത്തിന്റെ ‘കണ്ടെത്തല്‍’ ശരിയാണെന്നുതന്നെയാണ്! ഉപകാരസ്മരണയും നന്ദിയും അപഹാസ്യമായ ദൗര്‍ബല്യമായല്ല ഞാന്‍ കാണുന്നത്. ഉപകാരസ്മരണ മനുഷ്യന്റെ മഹത്തായ കര്‍ത്തവ്യമാണെന്നു തെളിയിക്കുന്ന ഒരു കഥയുണ്ട് ‘മഹാഭാരത’ത്തില്‍. കൃതഘ്‌നനായ ഒരുവന്റെ പിണം ദഹിപ്പിക്കാന്‍ അഗ്‌നിയോടാവശ്യപ്പെട്ടപ്പോള്‍ ആ പാപകര്‍മ്മത്തിന് തന്നെ നിയോഗിക്കരുതെന്നു പറഞ്ഞ് അഗ്‌നി പിന്മാറി. ജഡം കൊത്തിത്തിന്നാന്‍ കഴുകന്മാരോട് ആവശ്യപ്പെട്ടപ്പോള്‍, അങ്ങനെചെയ്ത് പാപം വരുത്തിവയ്ക്കാന്‍ തങ്ങളില്ലെന്ന് കഴുകന്മാരും പറഞ്ഞു… ഇല്ല, കൃതഘ്‌ന നാവാന്‍ വയ്യാ. കൃതജ്ഞതയും സത്യവുമാണ് സനാതനധര്‍മ്മത്തിന്റെ ആധാരശിലകളെന്ന് ഞാനും എളിയതോതില്‍ അറിയുന്നു.
ആര്‍ക്കൊക്കെ നാം ഉപകാരം ചെയ്യുന്നുവോ അവരില്‍ പലരും-എല്ലാവരും എന്നു പറയുന്നത് ശരിയാവില്ലതന്നെ- നമുക്ക്, ‘പാരവയ്ക്കുന്നു’, കുരിശുകള്‍ പണിയുന്നു. ആനി തയ്യിലിന്റെ ആത്മകഥ ‘ദീപിക ആഴ്ചപ്പതിപ്പ് ഖണ്ഡശഃ പ്രസിദ്ധീകരിച്ചപ്പോള്‍ കൊടിയ നന്ദികേടിനെപ്പറ്റി അവര്‍ ഒരു ലക്കത്തില്‍ ഹൃദയവേദനയോടെ എഴുതിയത് എന്നെ വല്ലാതെ സ്പര്‍ശിക്കുകയുണ്ടായി. അതിനോടുള്ള പ്രതികരണമെന്ന നിലയില്‍ 1988 ഡിസംബര്‍ 18-ന്റെ ‘ദീപിക ആഴ്ചപ്പതിപ്പി’ല്‍ ഞാന്‍ എഴുതി:
….നന്ദി കാണുമ്പോള്‍ കിട്ടാനിടയില്ലെന്നു വിചാരിച്ച ഡിവിഡണ്ട് കിട്ടിയ സന്തോഷമാവും. പക്ഷേ, നന്ദികേടിനെയും നന്ദിപൂര്‍വം സ്വീകരിക്കണമെന്ന അഭിപ്രായക്കാരനാണ് ഞാന്‍. കാരണം, നന്ദിയെക്കാള്‍ നന്ദികേടാണ് നമ്മെ കൂടുതല്‍ ഉള്‍ക്കാഴ്ചയുള്ളവരാക്കിത്തീര്‍ക്കുക. ഒന്നുറപ്പിച്ചു പറയാം, നന്ദികേടിന്റെ അനുഭവങ്ങളാവും ശ്രീമതി തയ്യിലിന് കൂടുതല്‍ വിലപ്പെട്ടതായി അനുഭവപ്പെട്ടിരിക്കുക. നന്ദികേട് നമ്മില്‍ ദുഃഖമുണര്‍ത്തുന്നു. ദുഃഖം ആഹ്ലാദത്തേക്കാള്‍ ഉള്ളില്‍ തട്ടുന്നു. ശുഭാന്തനാടകത്തെക്കാള്‍ ദുരന്തനാടകമാണല്ലോ നമ്മെ വല്ലാതുലയ്ക്കുക. അതുകൊണ്ട്, നമ്മോട് നന്ദികേട് കാട്ടുന്നവരെ നമുക്ക് നന്ദിപൂര്‍വം എന്നും ഓര്‍ക്കാം. അവരോട് നമുക്ക് എന്നും കൃതജ്ഞരായിരിക്കാം…’
താന്‍ എന്തിനുവേണ്ടി ജീവിച്ചു എന്ന് ബട്രന്റ് റസ്സല്‍ അദ്ദേഹത്തിന്റെ ആത്മകഥയ്ക്ക് ആമുഖമായി പറഞ്ഞത് ഞാന്‍ ഈ പുസ്തകത്തിന്റെ തുടക്കത്തില്‍ ഉദ്ധരിച്ചുചേര്‍ത്തിട്ടുണ്ട്, ഇംഗ്ലീഷില്‍ത്തന്നെ. ‘ഓര്‍മ്മകളുടെ തുരുത്തില്‍നിന്ന്’ (1998) എന്ന എന്റെ ആത്മകഥയുടെ ആമുഖമായും ഇതേവരികള്‍ തന്നെ ഞാന്‍ ഉദ്ധരിച്ചുചേര്‍ക്കാറുണ്ട്. എന്റെ എളിയ ജീവിതത്തിലും നിറഞ്ഞുനില്ക്കുന്നത് ആ മൂന്നു വികാരങ്ങള്‍തന്നെ-സ്‌നേഹത്തിന്നായുള്ള അത്യാര്‍ത്തി, അറിവ് നേടാനുള്ള അന്വേഷണം, സഹജീവികളുടെ-മനുഷ്യരും മൃഗങ്ങളും പക്ഷികളും മരങ്ങളും എല്ലാം ഇതില്‍പ്പെടും-ദുരിതാനുഭവങ്ങളോട്, ദുഃഖത്തോട് ഉള്ളിലൊതുക്കാന്‍ വയ്യാത്ത അനുകമ്പ.
നേരത്തേ വന്ന ഈ സമാഹാരത്തിലെ പല ലേഖനങ്ങളും ഞാന്‍ ആദ്യന്തം പരിഷ്‌ക്കരിച്ചും മാറ്റിയും എഴുതിയിട്ടുണ്ട്. കുറേക്കൂടി മെച്ചപ്പെടുത്താനുള്ള ആത്മാര്‍ത്ഥശ്രമംതന്നെ. പക്ഷേ, ഓരോതവണ വായിച്ച്, തിരുത്തി മെച്ചപ്പെടുത്തിയപ്പോഴും ഓരോ ലേഖനവും എന്നെ ഓര്‍മ്മപ്പെടുത്തിയ ഒരു കാര്യമുണ്ട്: വലിയ ഓരോ പുസ്തകത്തില്‍പ്പോലും ഉള്‍ക്കൊള്ളിക്കാനാ വാത്ത കാര്യങ്ങളാണ് ഓരോ ലേഖനത്തിലും ഒതുക്കിപ്പറയാന്‍ ഞാന്‍ ശ്രമിച്ചിരിക്കുന്നത്! അത്രയൊന്നും എളുപ്പമല്ലാത്ത കാര്യം! ഇവിടെ ‘അകലെനിന്ന്, അടുത്തുനിന്നി’ലെ ‘കുതിപ്പും കിതപ്പുമായി ഒരച്ചന്‍’ എന്ന ലേഖനം വായിച്ചിട്ട് 1998 ജൂലൈ 15-ന് വടക്കനച്ചന്‍ എനിക്ക് എഴുതിയ വരികള്‍ ഉദ്ധരിക്കട്ടെ:
”പുസ്തകം കിട്ടി. ഞാന്‍ സസന്തോഷം വായിച്ചു. വളരെ മനോഹരം! എന്നെപ്പറ്റി ചുരുങ്ങിയ പേജുകളില്‍ വളരെയധികം കാര്യങ്ങള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ ആ ലേഖനത്തിനു വളരെയധികം നന്ദി.’
ഈ പുസ്തകത്തിലെ മിക്ക ലേഖനങ്ങളും ആദ്യമെഴുതിയത് ‘ഓര്‍മ്മകളുടെ തുരുത്തില്‍നിന്ന്…’ എഴുതുന്നതിനും പ്രസിദ്ധീകരിക്കുന്നതിനും മുന്‍പാണ്. രണ്ടു പുസ്തകങ്ങളിലും ഒരേ സംഭവങ്ങള്‍ വരാതിരിക്കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. പക്ഷേ, അപൂര്‍വം ചില സംഭവങ്ങള്‍ രണ്ടില്‍നിന്നും ഒഴിവാക്കാന്‍ വയ്യെന്ന ധര്‍മ്മസങ്കടവുമുണ്ട്. മാപ്പാക്കുക.
ഇതില്‍ നേരത്തേതന്നെ ഉള്‍പ്പെടുത്തിയിരുന്ന ലേഖനങ്ങളില്‍ പരാമര്‍ശിച്ച മൂന്നുപേര്‍ അടുത്തകാലത്ത് അന്തരിച്ചു-കെ. സുരേന്ദ്രന്‍, ജി.വിവേകാനന്ദന്‍, ശേഖരപിള്ള സാര്‍. പുതിയ പതിപ്പിറക്കുന്നതിനുവേണ്ടി അവരെക്കുറിച്ചുള്ള ലേഖനങ്ങള്‍ ഒന്നു പുതുക്കി എഴുതുന്നതിനിടയ്ക്കാണ് എന്‍.മോഹനന്റെ തികച്ചും അപ്രതീക്ഷിതമായ അകാലചരമം. കോഴിക്കോട്ട് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍നിന്ന് അസി.എഡിറ്റര്‍ ടി.ബാലകൃഷ്ണന്റെ ഫോണ്‍ കോളെത്തി. രണ്ടുമൂന്നു ദിവസത്തിനകം എന്‍.മോഹനനെപ്പറ്റി ഒരു ലേഖനം വേണമെന്ന് അദ്ദേഹം പറഞ്ഞു. സത്യത്തില്‍, ഇങ്ങനെ ഒരു നിര്‍ദേശമുണ്ടായില്ലെങ്കില്‍ ‘നൊമ്പരങ്ങളുടെ മുറിച്ചാലുകള്‍ക്കരികില്‍’ ഞാന്‍ എഴുതാനിടയില്ലതന്നെ. ടി.ബാലകൃഷ്ണന് നന്ദി. ആ ലേഖനംകൂടി ഈ പുസ്തകത്തില്‍ ചേര്‍ക്കുന്നു-അങ്ങനെ മൊത്തം 27 ലേഖനങ്ങള്‍.
ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് ഞാന്‍ അണ്ണനെന്നു വിളിച്ചിരുന്ന എന്‍.മോഹനന്റെ മരണം. ഇടയ്ക്കിടെ ഞാന്‍ കണ്ടിരുന്ന സാഹിത്യകാരന്മാര്‍ പി. കേശവദേവ്, കെ.സുരേന്ദ്രന്‍, ജി.വിവേകാനന്ദന്‍, എന്‍.മോഹനന്‍ എന്നിവരാണ്. ഞാന്‍ ‘ഗുരു’ എന്നു വിളിച്ചിരുന്ന കേശവദേവ് 1983 ജൂലായ് 1-ന് അന്തരിച്ചു. സ്റ്റാറ്റിയുവില്‍നിന്ന് പാങ്ങോട്ടേയ്ക്ക് നിത്യവും വൈകു ന്നേരം നടക്കുന്നതിനിടയില്‍ കൂടുതല്‍ കയറിയിട്ടുള്ളത് വിവേകാനന്ദണ്ണന്റെ വീട്ടിലാണ്. കെ.സുരേന്ദ്രന്റെയും എന്‍. മോഹനന്റെയും വീടുകളില്‍ അത്രയും പ്രാവശ്യം ഞാന്‍ പോയിട്ടില്ല. പക്ഷേ, ഒന്നുണ്ട്: ഞാന്‍ ‘ഗുരു’ എന്നു വിളിച്ചുപോന്ന ദേവിനോടും ‘ആശാ’നെന്നു വിളിച്ചിരുന്ന സുരേന്ദ്രനോടും ‘അണ്ണ’നെന്നു വിളിക്കാറുണ്ടായിരുന്ന വിവേകാനന്ദന്‍, മോഹനന്‍ എന്നിവരോടും എന്നും ഞാന്‍ ഉള്ളുതുറന്ന് സംസാരിച്ചിട്ടുണ്ട്. അവര്‍ പരസ്പരവും നല്ല സൗഹൃദത്തിലായിരുന്നു. അവര്‍ തമ്മില്‍ എന്നെക്കുറിച്ചും സംസാരിച്ചിരുന്നു എന്നെനിക്കറിയാം. ഈ നാലുപേരും കടന്നുപോയപ്പോള്‍ എന്റെ ഏകാകിതാ ബോധത്തിന് വല്ലാതെ കനംവച്ചപോലെ. ഇടയ്ക്കിടെ, സ്വാതന്ത്ര്യത്തോടെ ചെന്നുകയറി, ആരെക്കുറിച്ചും ഏതു വിഷയത്തെപ്പറ്റിയും ഉള്ളു തുറന്നുസംസാരിക്കാന്‍ കഴിഞ്ഞിരുന്ന സാന്നിധ്യമാണ് എന്നന്നേയ്ക്കുമായി നഷ്ടപ്പെട്ടിരിക്കുന്നത്… ഒരിക്കലും നികത്താനാവാത്ത വ്യക്തിപരമായ നഷ്ടം.
ഈ പുസ്തകത്തിന്റെ കവര്‍ ചെയ്തുതന്ന കാര്‍ട്ടൂണിസ്റ്റും ചിത്രകാരനും എന്റെ സുഹൃത്തുമായ പി.വി.കൃഷ്ണനോട് എനിക്ക് ഏറെ കടപ്പാടുണ്ട്.
എല്ലാവര്‍ക്കും നന്ദി, സ്വാഗതം…
ജി.എന്‍. പണിക്കര്‍
തിരുവനന്തപുരം-695 006
1999 നവംബര്‍