(എഴുത്തുകാരികളെക്കുറിച്ച്)
ബക്കര്‍ മേത്തല
അക്കാപുല്‍ക്കോ പബ്ലിക്കേഷന്‍സ് 2023
കൊടുങ്ങല്ലൂരിന്റെ പിറന്ന മണ്ണില്‍ അറുപതിലേറെ എഴുത്തുകാരികളെ ഒന്നിച്ചണിനിരത്തുന്ന ഒരപൂര്‍വ പുസ്തകമാണിത്. ആര്‍ട്ട് പേപ്പറില്‍ എല്ലാ പേജും കളര്‍ചിത്രങ്ങളോടെ രൂപകല്പന ചെയ്ത പുസ്തകത്തിന്റെ നിര്‍മ്മിതിയാണ് ആദ്യം ആകര്‍ഷിക്കുന്നത്. സലിം റഹ്മാന്റെ കവര്‍ ഡിസൈന്‍ അര്‍ത്ഥവത്തും സൗന്ദര്യാത്മകവുമാണ്. ഈ എഴുത്തു കാരികളില്‍ മുഖ്യധാരയില്‍ നിറഞ്ഞുനില്‍ക്കുന്നവരും അല്ലാത്തവരും ഉണ്ട്. ഈ പുസ്തകത്തിന്റെ പ്രത്യേകതയും അതുതന്നെയാണ്. ഇവരെയൊക്കെ തേടിപ്പിടിച്ച് അവരുടെ എഴുത്തും ജീവിതവും ചൂണ്ടിയെടുത്ത് അവതരിപ്പിക്കുക എന്ന കഠിനശ്രമമാണ് ബക്കര്‍ മേത്തല നിര്‍വഹിച്ചിരിക്കുന്നത്. അക്കാദമികളോ മറ്റോ തയ്യാറാക്കുന്ന എഴുത്തുകാരുടെ ഡയറക്ടറി എന്ന നിലയിലല്ല ഈ കൃതിയുടെ അണിയിച്ചൊരുക്കല്‍. ഒരു പ്രദേശത്തിന്റെ സ്ത്രീ എഴുത്തുകാരുടെ എന്നും സൂക്ഷിച്ചു വയ്ക്കാവുന്ന കൃതി ചരിത്രനിധിയാണ്.