(ജീവചരിത്രം)
ധനഞ്ജയ കീര്‍
അംബേദ്കര്‍ പബ്ലിക്കേഷന്‍സ് 2003
വിവര്‍ത്തനം: അഡ്വ.പി.കെ.രാജന്‍
രാജ്യതന്ത്രജ്ഞനും നേതാവും വിമോചകനും ഇന്ത്യന്‍ ഭരണഘടനയുടെ മുഖ്യശില്പിയുമായ ഡോ.ബി.ആര്‍.അംബേദ്കറുടെ സമ്പൂര്‍ണ്ണവും ആധികാരികവുമായ ജീവചരിത്രം.
ധനഞ്ജയ കീര്‍ എഴുതിയ
ഒന്നാംപതിപ്പിന്റെ ആമുഖം
രാജ്യതന്ത്രജ്ഞനും നേതാവും വിമോചകനും ഇന്ത്യന്‍ ഭരണഘടനയുടെ മുഖ്യശില്പിയുമായ ഈ പണ്ഡിത ശ്രേഷ്ഠന്റെ സമ്പൂര്‍ണവും ആധികാരികവുമായ ജീവചരിത്രം ആദ്യമായി അവതരിപ്പിക്കാന്‍ എനിക്ക് അതിയായ സന്തോഷവും അഭിമാനവുമുണ്ട്. രാഷ്ട്രീയസ്വാതന്ത്ര്യം കൈവരിച്ച ഇന്ത്യക്ക് ഇനി സാമൂഹികവും സാമ്പത്തികവുമായ സ്വാതന്ത്ര്യം ലഭ്യമാക്കേണ്ടതുണ്ട്. മറ്റേതൊരു രാഷ്ട്രീയ നേതാവിന്റേതിലുപരി ഈ സന്ദേശം ഉള്‍ക്കൊള്ളുന്നതാണ് ഡോ. അംബേദ്കറുടെ ജീവിതം. ത്യാഗവും പോരാട്ടങ്ങളും പാണ്ഡിത്യവും നിറഞ്ഞുനില്‍ക്കുന്ന അദ്ദേഹത്തിന്റെ ജീവിതം മുഖ്യമായും ആറുകോടി വരുന്ന ജനങ്ങള്‍ യുഗങ്ങളായി അനുഭവിച്ചുപോന്ന അടിമത്തത്തില്‍നിന്ന് അവരെ വിമോചിപ്പിക്കുന്നതിന് ഉഴിഞ്ഞുവച്ചതായിരുന്നു. അടിച്ചമര്‍ത്തപ്പെട്ട ആ ജനങ്ങളുടെ ജീവിതത്തില്‍ അത് ഒരു യുഗപ്പിറവി കുറിച്ചു. ഇന്ത്യയില്‍ സാമൂഹിക,സാമ്പത്തിക ജനാധിപത്യം സ്ഥാപിക്കുന്നതിനുവേണ്ടി നടത്തിയ മഹത്തായ പോരാട്ടം കൂടിയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.
മഹാനായ ഈ മനുഷ്യനെ സംബന്ധിച്ച ഒരു ചരിത്രപഠനമാണ് ഈ ഗ്രന്ഥം. അദ്ദേഹത്തിന്റെ വാക്കുകളും പ്രവര്‍ത്തനങ്ങളും അവയ്ക്കു പിന്നിലെ പ്രേരണകളും വ്യക്തമാകുംവിധം അവയ്ക്കുമേല്‍ വേണ്ടത്ര പ്രകാശംപരത്താന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ യഥാര്‍ത്ഥമായ ചിത്രം അവതരിപ്പിക്കുകയാണ് എന്റെ ഉദ്ദേശ്യം.
ഇന്ത്യയിലെ അടിച്ചമര്‍ത്തപ്പെട്ട ജനങ്ങളെ വിമോചിപ്പിക്കുന്നതില്‍ വിധിനിര്‍ണായകമായ പങ്കാണ് അംബേദ്കര്‍ വഹിച്ചത്. ആകയാല്‍, അദ്ദേഹത്തിന്റെ ജീവിതവും സ്വഭാവവും ദൗത്യവും ഇന്ത്യ അറിഞ്ഞിരിക്കേണ്ടതാണ്. അദ്ദേഹത്തിന്റെ ശത്രുക്കള്‍ വികൃതമായി ചിത്രീകരിച്ചതു പോലെയോ അനുയായികള്‍ ദിവ്യത്വം കല്പിച്ചാരാധിച്ചതു പോലെയോ അല്ലാതെ അംബേദ്കറെ അദ്ദേഹത്തിന്റെ തനിമയില്‍ ഇന്ത്യ അറിയേണ്ടിയിരിക്കുന്നു. അദ്ദേഹത്തിന്റെ ചിന്താഗതിയുടെ വികാസവും, ഈ രാജ്യത്തെ ഒരുവിഭാഗം ജനങ്ങള്‍ക്കു മനുഷ്യത്വം നിഷേധിച്ചിരുന്ന പഴയ അഭിപ്രായഗതികളെയും മൂല്യങ്ങളെയും തച്ചുടയ്ക്കുന്നതില്‍ പ്രദര്‍ശിപ്പിച്ച നിര്‍ഭയത്വവും രൗദ്രതയും മനസ്സിലാക്കാന്‍ വായനക്കാരനു സഹായകമാംവിധം സംഭവങ്ങളെയും വസ്തുതകളെയും അവയുടെ യഥാര്‍ത്ഥ സന്ദര്‍ഭത്തിലും കാഴ്ച്ചപ്പാടിലും ഞാന്‍ അവതരിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന് ഏറ്റുമുട്ടേണ്ടി വന്ന മഹാന്മാരായ സമകാലീനരുടെ അഭിപ്രായങ്ങളും എടുത്തുകാട്ടിയിട്ടുണ്ട്. ഇതില്‍ അവരുടെ മഹത്വം ഏതെങ്കിലും തരത്തില്‍ കുറച്ചുകാട്ടണമെന്ന് തെല്ലും ഉദ്ദേശിച്ചിട്ടില്ല. മഹാനായ ഏതൊരു വ്യക്തിക്കും ചെറിയ ദൗര്‍ബല്യങ്ങളും കുറവുകളും ഉണ്ടാകും. അങ്ങനെയുള്ളയാള്‍ ഒരു പ്രത്യേകരംഗത്തു പ്രവര്‍ത്തിക്കുകയും പോരാടുകയും ചെയ്യുമ്പോള്‍ ആ രംഗത്തെ മറ്റു മഹാന്മാരുമായും അദ്ദേഹത്തിന് ഏറ്റുമുട്ടേണ്ടി വരും.
മറ്റൊരു വിധത്തിലും ഈ ജീവചരിത്രം പ്രാധാന്യമര്‍ഹിക്കുന്നു. സമൂഹത്തിലെ മാനുഷിക ബന്ധങ്ങളില്‍ മനുഷ്യമഹത്വത്തിനും സമത്വത്തിനും വിലകല്പിക്കുന്ന ഏതൊരാള്‍ക്കും ചിന്തോദ്ദീപകവും പ്രകോപനപരവുമായ ഈ ജീവിതം തികച്ചും വിജ്ഞാനദായകം കൂടിയാണ്. മാത്രവുമല്ല, ഏറ്റവും പ്രതികൂലവും നിസ്സഹായവുമായ സാഹചര്യത്തില്‍ പോലും അക്ഷീണമായ പ്രയത്‌നം കൊണ്ടും മഹത്തായ ത്യാഗത്തിലൂടെയും ഒരാള്‍ക്ക് എത്ര ഉത്കൃഷ്ടമായ നേട്ടങ്ങള്‍ കൈവരിക്കാനാവുമെന്നതിന്റെ ഏറ്റവും ആവേശഭരിതമായ ദൃഷ്ടാന്തം കൂടിയാണിത്. മറ്റുളളവരുടെ സഹായവും സംരക്ഷണവും കാത്തുനില്‍ക്കാതെ സ്വന്തം പരിശ്രമങ്ങളെയാണ് ജീവിതത്തില്‍ ഒരാള്‍ ആശ്രയിക്കേണ്ടതെന്ന പാഠംകൂടി അതു കാണിച്ചുതരുന്നു.
അംബേദ്കറുടെ അടങ്ങാത്ത വിജ്ഞാനതൃഷ്ണ, അവിശ്വസനീയമായ പരിശ്രമശീലം, അചഞ്ചലമായ ലക്ഷ്യബോധം എന്നീ ഗുണങ്ങള്‍കൊണ്ട് വെറും പൂഴിമണ്ണില്‍ നിന്ന് ഏറ്റവും ഔന്നത്യത്തിലേക്ക്, സമൂഹത്തിലെ ഏറ്റവും നിന്ദിക്ക പ്പെട്ടവന്റെ സ്ഥാനത്തുനിന്ന് രാജ്യത്തിന്റെ ഭരണഘടനാ നിര്‍മാതാവിന്റെ പദവിയിലേക്ക് ഉയര്‍ന്നതും, അടിച്ചമര്‍ത്തപ്പെട്ട ജനങ്ങളെ മനുഷ്യ മഹത്വത്തിലേക്കുയര്‍ത്താന്‍ അദ്ദേഹം നടത്തിയ ധീരോദാത്തമായ പോരാട്ടങ്ങളും ഈ രാഷ്ട്രത്തിന്റെ ചരിത്രത്തിലെ മാത്രമല്ല, മനുഷ്യസ്വാതന്ത്ര്യത്തിന്റെ ചരിത്രത്തിലെതന്നെ ഒരു സുവര്‍ണ അധ്യായമായി നിലകൊള്ളും.
എനിക്ക് അനുവദിച്ച കൂടിക്കാഴ്ചകള്‍ക്കും നല്‍കിയ വിശദീകരണങ്ങള്‍ക്കും ഞാന്‍ ഡോ. അംബേദ്കറോട് കടപ്പെട്ടിരിക്കുന്നു. ഈ ഗ്രന്ഥത്തിന്റെ കയ്യെഴുത്തു പ്രതി പരിശോധിക്കുകയും പ്രൂഫ് വായിക്കുകയും ഇതിന്റെ നിര്‍മാണത്തിന്റെ ഓരോ ഘട്ടത്തിലും എന്നെ പ്രോത്സാഹിപ്പിക്കുകയും ചെയ്ത സുഹൃത്തുക്കളോടും അഭ്യുദയകാംക്ഷികളോടും ഞാന്‍ കൃതജ്ഞനാണ്.
ആവശ്യമായ രേഖകളും വിവരങ്ങളും നല്‍കിയ എല്ലാവര്‍ക്കും ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു. ഞാന്‍ ഉദ്ധരണികള്‍ സ്വീകരിച്ച ഗ്രന്ഥകാരന്മാരോടും പ്രസാധകരോടും എനിക്കു കടപ്പാടുണ്ട്. കൃത്യമായും പ്രശംസനീയമായും ഈ ഗ്രന്ഥ ത്തിന്റെ അച്ചടി നിര്‍വഹിച്ച ഇന്ത്യാ പ്രിന്റിംഗ് വര്‍ക്സിനോട് എനിക്കുള്ള കൃതജ്ഞത രേഖപ്പെടുത്തിക്കൊള്ളുന്നു.
ധനഞ്ജയ് കീര്‍
മാഹിം, ബോംബെ  1954
………………
വിവര്‍ത്തകന്‍ അഡ്വ.പി.കെ.രാജന്‍ 
എഴുതിയ ആമുഖക്കുറിപ്പ്
ബാബാ സാഹേബ് അംബേദ്കറുടെ പരിനിര്‍വാണം കഴിഞ്ഞ് മുപ്പതിലേറെ വര്‍ഷങ്ങള്‍ കഴിഞ്ഞാണ് അദ്ദേഹത്തിന്റെ അനുപമമായ ഈ ജീവചരിത്ര ഗ്രന്ഥത്തിന്റെ മലയാള പരിഭാഷ പ്രകാശനം ചെയ്യപ്പെട്ടത്. ബാബാ സാഹേബിന്റെ ഹ്രസ്വമായ ചില ജീവചരിത്രഗ്രന്ഥങ്ങളും ചുരുക്കം ചില പഠനങ്ങളും ഇതിനകം മലയാളത്തില്‍ പ്രസിദ്ധപ്പെട്ടിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ ഔന്നത്യത്തിന് യോജിച്ച പഠനങ്ങള്‍ ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു. അത്തരത്തിലുള്ള കുറവു നികത്താന്‍ ഈ ജീവചരിത്ര ഗ്രന്ഥത്തിന് ഒട്ടൊക്കെ കഴിയുമെന്നുറപ്പുള്ളതുകൊണ്ടാണ് ഈ മുഴുനീള തര്‍ജമ മലയാളത്തില്‍ പ്രകാശനം ചെയ്യാന്‍ ഞങ്ങള്‍ ഒരുമ്പെട്ടത്.
ബാബാ സാഹേബ് അംബേദ്കര്‍ ഏതൊരു ജനവിഭാഗത്തിന്റെ മോചനത്തിനുവേണ്ടിയാണോ തന്റെ ആയുസ്സും വപുസ്സും ഹോമിച്ച് ഇന്ത്യയിലെ ജാതിമേധാവിത്വത്തോട് പടപൊരുതി അവരുടെ അവകാശം സ്ഥാപിച്ചെടുക്കുന്നതില്‍ ഗണ്യ മായ വിജയം കൈവരിച്ചത്, ആ അയിത്തജാതി പിന്നാക്ക വിഭാഗങ്ങള്‍ ഇന്ന് ഏറ്റവും വലിയ വെല്ലുവിളി നേരിടുകയാണ്. അമേരിക്കന്‍ സാമ്രാജ്യത്വ ശക്തികള്‍ ലോകത്തിനുമേല്‍ അടിച്ചേല്പ്പിച്ച പുത്തന്‍ സാമ്പത്തികക്രമത്തിന്റെ ഭാഗമായ സ്വകാര്യവത്ക്കരണത്തിന്റെ മറവില്‍, കഴിഞ്ഞ അരനൂറ്റാണ്ടുകാലത്ത് സാമൂഹിക, സാമ്പത്തിക നീതി നടപ്പാക്കുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ, സാമ്പത്തികമേഖലകളില്‍ രാജ്യം കൈവരിച്ച നേട്ടങ്ങള്‍ ഒന്നടങ്കം ഭരണവര്‍ഗമായ ജാതിമേധാവിത്വം കയ്യടക്കുകയാണ്. ‘പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ അടിമകളായി മരിക്കുക’ എന്നൊരു പോംവഴി മാത്രമേ ചാതുര്‍വര്‍ണ്യ ബാഹ്യരായ ഭൂരിപക്ഷം ജനങ്ങള്‍ക്കു മുന്നിലുള്ളൂ. ആ പ്രവര്‍ത്തനത്തിന് അവര്‍ക്കു പ്രചോദനം നല്‍കാന്‍ ബാബാ സാഹേബിന്റെ ജീവചരിത്രഗ്രന്ഥത്തിന് വലിയൊരളവോളം കഴിയുമെന്ന വിശ്വാസമാണ് ഞങ്ങള്‍ക്കുള്ളത്.
ഈ ഗ്രന്ഥത്തിന്റെ പ്രകാശനം സാധ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ എനിക്ക് നിരന്തരമായ പ്രോത്സാഹനവും പിന്തുണയും നല്‍കിയ സഹപ്രവര്‍ത്തകരോടും സുഹൃത്തുക്കളോടും എന്റെ പ്രിയപത്‌നിയോടും എനിക്ക് ഏറെ കൃതജ്ഞതയുണ്ട്. ഈ ഗ്രന്ഥത്തിന്റെ അച്ചടിസംബന്ധമായ ജോലികള്‍ പ്രശംസനീയമായ വിധത്തില്‍ നിര്‍വഹിച്ച ഓറിയന്റ് ഓഫ്‌സെറ്റ് പ്രസ് പ്രവര്‍ത്തകരോടും ഞാന്‍ നന്ദിയുള്ളവനാണ്.
അഡ്വ.പി.കെ.രാജന്‍
തിരുവനന്തപുരം
2003 ഏപ്രില്‍ 14