വാര്‍ധക്യം ആധുനികാനന്തര മലയാള ചെറുകഥയില്‍
(പഠനം)
ഡോ.ആര്.വിജയലത
കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് 2020
നടതള്ളപ്പെടുന്ന വര്‍ത്തമാനകാല ജീവിതത്തില്‍ കുടുംബസങ്കല്പത്തില് നിലനില്‍ക്കുന്ന വാര്‍ധക്യത്തിന്റെ സ്നേഹപാഠങ്ങള്‍ ആവിഷ്ക്കരിക്കുന്ന കഥകളുടെ ഒരു പഠനമാണ് ഡോ. വിജയലതയുടെ ‘ വാര്‍ദ്ധക്യം ആധുനികാനന്തര മലയാളചെറുകഥയില്‍’ എന്ന പുസ്തകം. വ്യവസായവല്‍ക്കരണത്തിന്റെയും പ്രൊഫഷണലിസത്തിന്റെയും വേഗത്തിലുള്ള വളര്‍ച്ചയുടെ ഫലമായി രൂപപ്പെട്ട ഉപഭോഗസംസ്കാരം ഏറ്റവും കൂടുതല്‍ ബാധിച്ചത് കുടുംബബന്ധങ്ങളിലാണ്. കൂട്ടുകുടുംബത്തില്‍ നിന്നും അണുകുടുംബത്തിലേക്ക് സമൂഹം പരിണമിച്ചപ്പോള്‍ ജീവിതസങ്കല്പങ്ങള് മാറി. ജീവിത വിഷമതകള്‍ ഏറെ കടന്നുചെന്നത് വൃദ്ധര്ക്കിടയിലാണ്. സ്നേഹ പരിലാളനകള്‍ ലഭ്യമായിരുന്ന ശൈശവവും കുസൃതിത്തിമിര്പ്പുള്ള ബാല്യകൗമാരങ്ങളും കരുത്തും ആവേശവും ഓജസും പകര്‍ന്ന യൗവനവും, ജീവിത പ്രാരാബ്ധങ്ങളുടെ മധ്യവയസ്സും പിന്നീട്ട് ക്ഷീണവും അവശതയും കടന്നുകൂടിയ വാര്‍ധക്യത്തിലേക്ക് മനുഷ്യന് കടന്നു വരുമ്പോള്‍, സ്വയം ജീവിതം പുലര്‍ത്തിപ്പോരുവാന്‍ സാധിക്കാതെ വരുന്നു. അത്തരം അവസ്ഥാന്തരങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് സാഹിത്യം രചിച്ച ഒട്ടനവധി എഴുത്തുകാര്‍ നമുക്കുണ്ട്.
കഥകളിലും കവിതകളിലും നോവലുകളിലും നാടകങ്ങളിലുമൊക്കെ വാര്‍ധക്യം പ്രമേയമായ ഒട്ടനവധി രചനകളുണ്ട്. ആധുനികാനന്തര മലയാളചെറുകഥകളില്‍ എഴുത്തുകാര്‍ വാര്‍ധക്യത്തെ എങ്ങനെ ആവിഷ്ക്കരിച്ചിരിക്കുന്നു എന്നതാണ് ഈ പഠനം വ്യക്തമാക്കുന്നത്. വാര്‍ധക്യത്തിന്റെ വിവിധ പ്രശ്നങ്ങളെ ആവിഷ്ക്കരിച്ചിരിക്കുന്ന കഥകളുടെ ആഴത്തിലുള്ള പഠനഗ്രന്ഥമാണ് ഈ പുസ്തകം. ജീവിതത്തിന്റെ ഇരുട്ടുകളില്‍ അകപ്പെട്ടുപോയ മനുഷ്യമനസ്സിന്റെ വ്യഥകളെ ഹൃദയസ്പര്‍ശിയായ രീതിയില്‍ വിവരിക്കുന്നു. കാലമാകുന്ന ചക്രത്തിലെ ആരക്കാലുകള്പ്പോലെ നാളെ നമ്മളും ഈ അവസ്ഥയിലേക്ക് തള്ളപ്പെടും എന്ന ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈ പുസ്തകം.
Leave a Reply