സഖാവ്
(കഥകള്‍)
ടി.പത്മനാഭന്‍
മാതൃഭൂമി ബുക്‌സ് 2022
പ്രശസ്ത കഥാകൃത്ത് ടി.പത്മനാഭന്‍ തൊണ്ണൂറ്റിമൂന്നാം വയസ്സില്‍ എഴുതിയ കഥകളുടെ സമാഹാരമാണ് സഖാവ്. 1948ല്‍ ആദ്യ കഥ പ്രസിദ്ധീകരിച്ച കഥാകൃത്ത് 2022ലും എഴുതുന്നു. പത്മനാഭന്റെ കഥകളെല്ലാംതന്നെ അനുഭവങ്ങള്‍ കൂടിയാണ്. പലതരം മാനസിക സംഘര്‍ഷങ്ങളുടെ, സംഗീതത്തിന്റെ, പ്രണയത്തിന്റെ, എകാന്തതകളുടെ, ലളിതമായ ഒഴുക്കുള്ള ഭാഷയുടെ സാന്ദ്രമായ അനുഭവലോകത്തെ അതു നിരന്തരം പങ്കുവയ്ക്കുന്നു. ചെറുവാക്കുകളും വാചകങ്ങളുംകൊണ്ട് വലിയ ലോകത്തെ, വിശാല മാനവികതയുടെ പ്രത്യക്ഷങ്ങളെ ടി.പത്മനാഭന്‍ കഥകള്‍ ആവിഷ്‌കരിക്കുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ഓണപ്പതിപ്പിലെഴുതിയ നോ പ്രോബ്ലം-ഒരു ബഹറൈന്‍ എപ്പിസോഡ് എന്ന കഥയടക്കം പത്തു കഥകളടങ്ങിയ ഈ സമാഹാരത്തിലെ കഥകളുടെ അടിത്തട്ടിലും മതേതരമായ മാനവികതയുടെ അനേകം അടരുകള്‍ കാണാം. മനോഹരം എന്ന കഥയിലെ അവസാന സംഭാഷണത്തില്‍ അതു ദൃശ്യമാണ്. ‘മാര്‍ക്‌സിനെയും എംഗല്‍സിനെയുമൊന്നും പഠിച്ചിട്ടില്ലെങ്കിലും നമ്മളില്‍ ആര്‍ക്കെങ്കിലും ഒരു വിഷമം വന്നാല്‍ രാഷ്ട്രീയമോ മതമോ ജാതിയോ നോക്കാതെ സഹായത്തിനു വരുന്ന മനുഷ്യനെ”ക്കുറിച്ചുള്ള അടയാളപ്പെടുത്തലില്‍ അതു തെളിഞ്ഞുനില്‍ക്കുന്നു.
പീരുമേട്ടിലേക്കുള്ള വഴി, ഒരു വെറും കിനാവ്, ഇതു കല-എന്റെ മകള്‍, സ്‌നേഹത്തിന്റെ വില, എന്നിട്ട്?, സഖാവ് തുടങ്ങിയ പത്മനാഭന്‍ സ്പര്‍ശമുള്ള കഥകളാണ് ഈ സമാഹാരത്തില്‍. വ്യക്തിസംഘര്‍ഷങ്ങള്‍ക്കപ്പുറത്ത് പക്ഷിമൃഗാദികളടങ്ങിയ പ്രകൃതി കൂടി കലര്‍ന്നതാണ് പത്മനാഭന്റെ കഥാലോകം. പത്മനാഭനുമായുള്ള അഭിമുഖവും ഉള്‍പ്പെടുത്തിയിരിക്കുന്നു. ഈ പത്തു കഥകളുടെയും പൊതുവായ പ്രത്യേകത, അവ സ്‌നേഹത്തെക്കുറിച്ചും എകാന്തതയെക്കുറിച്ചും വിശപ്പിനെക്കുറിച്ചും മനുഷ്യബന്ധങ്ങളുടെ മഹത്വത്തെക്കുറിച്ചുഝം സങ്കീര്‍ണതകളെക്കുറിച്ചും നിരന്തരം ഓര്‍മിപ്പിക്കുന്നു എന്നതാണ്. ടി.പത്മനാഭന്റെ സവിശേഷ ശൈലിയായ, ചെറുസംഭാഷണങ്ങളിലൂടെ ഉരുത്തിരിയുന്ന മനുഷ്യജീവിതത്തിന്റെ സവിശേഷമായ അനേകം അടരുകള്‍ ഈ കഥാ സമാഹാരത്തെയും ഹൃദ്യമാക്കിത്തീര്‍ക്കുന്നു.
Leave a Reply