ആരാച്ചാര്‍
(നോവല്‍)
കെ.ആര്. മീര
കെ.ആര്. മീരയുടെ ശ്രദ്ധേയമായ നോവലാണു ആരാച്ചാര്‍. മാധ്യമം ആഴ്ചപ്പതിപ്പില്‍ ഖണ്ഡശ്ശഃ പ്രസിദ്ധീകരിച്ചതാണ്. കൊല്‍ക്കത്തയുടെ പശ്ചാത്തലത്തില്‍ ഒരു പെണ് ആരാച്ചാരുടെ കഥ പറയുകയാണ് നോവല്‍. സമകാല ഇന്ത്യയുടെ രാഷ്ട്രവ്യവഹാരത്തിന്റെ സൂക്ഷ്മമായ തലങ്ങളെയും ഇന്ത്യാചരിത്രത്തിന്റെ സംഘര്‍ഷങ്ങളെയും ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിന്റെ യുദ്ധരംഗത്തേക്ക് കൊണ്ടുവന്നിരിക്കുന്നു.
ബംഗാള്‍ പശ്ചാത്തലമാക്കിയ നോവല്‍, പരമ്പരകളായി വധശിക്ഷനടപ്പാക്കല്‍ തൊഴിലാക്കിയ ഒരു കുടുംബത്തിന്റെ കഥപറയുന്നു. നോവലിലെ കേന്ദ്ര കഥാപാത്രമായ ചേതന, തന്റെ പരമ്പരാഗത തൊഴില്‍ സ്വായത്തമാക്കാനായി തീവ്രപ്രയത്നം ചെയ്യുന്നു. 22 വയസുകാരിയായ ചേതനയുടെ കുടുംബത്തിന്റെ തൊഴില്‍ചരിത്രം ക്രിസ്തുവിനു മുമ്പ് 440 വരെ നീണ്ടുകിടക്കുന്നു. തൊഴിലിനെ സംബന്ധിച്ച് അഹങ്കാരത്തോടടുത്തുനില്‍ക്കുന്ന ആത്മപ്രതാപം കൊണ്ടുനടക്കുന്ന പ്രസ്തുതകുടുംബത്തിലേക്ക് പുതിയൊരു വധശിക്ഷ കടന്നുവരുമ്പോള്‍, 451 പേരെ കാലപുരിക്ക് കൈപിടിച്ചയച്ചിട്ടുള്ള 88 വയസായ ചേതനയുടെ പിതാവ് തൊഴിലെടുക്കാനാവാത്ത വിധം വാര്‍ദ്ധക്യബാധിതനാണ്. കൈയും കാലും മുറിച്ചുമാറ്റപ്പെട്ട സഹോദരനും ഈ തൊഴിലെടുക്കാനാവില്ല. ബാക്കിയുള്ളത് ചേതനയാണ്. ജനിക്കുമ്പോള്‍ത്തന്നെ പൊക്കിള്ക്കൊടിയാല് കുരുക്കുതീര്‍ത്തുകൊണ്ട് പുറത്തെത്തിയ ചേതനയുടേത് ആരാച്ചാരുടെ രക്തമാണ്.
ആരാച്ചാര്‍ എന്ന നോവല്‍ ഹാങ്ങ് വുമണ്‍ എന്ന പേരില്‍ ജെ. ദേവിക ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. പെന്ഗ്വിന് ബുക്സിന്റെ രാജ്യാന്തര മുദ്രണമായ ഹാമിഷ് ഹാമിങ്ടണ്‍ ആണ് പ്രസാധകര്.
പുരസ്കാരങ്ങള്‍
ഓടക്കുഴല്‍ പുരസ്കാരം(2013)
വയലാര്‍ പുരസ്കാരം (2014)
കേരള സാഹിത്യ അക്കാദമി പുരസ്കാരം (2013)
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം 2015