മയ്യഴിപ്പുഴയുടെ തീരങ്ങളില്‍
(നോവല്‍)
എം.മുകുന്ദന്
എം. മുകുന്ദന് എഴുതിയ നോവലാണ് മയ്യഴിപ്പുഴയുടെ തീരങ്ങളില്‍. 1974ലാണ് ഈ കൃതി പ്രസിദ്ധീകരിച്ചത്. അധിനിവേശത്തിലായ മയ്യഴിയുടെ രാഷ്ട്രീയസാമൂഹ്യചരിത്രവും മനോഭാവങ്ങളും ചിത്രീകരിക്കുന്ന ഈ കൃതിയില്‍ ഇന്ത്യന്‍ യൂണിയനില്‍ ചേരുക വഴിയുള്ള മയ്യഴിയുടെ ‘വിമോചനത്തെ’ പിന്തുണച്ചും ഫ്രഞ്ച് ഭരണത്തിന്റെ തുടര്‍ച്ചക്കനുകൂലമായുമുള്ള നിലപാടുകള്‍ സമാന്തരമായി സ്വീകരിക്കുന്നു നോവലിസ്റ്റ്.
പാമ്പുകടിയേറ്റു മരിച്ച കേളുവച്ചന്റേയും കുറമ്പിയമ്മയുടേയും മകനായിരുന്ന ദാമു റൈട്ടരുടെ മകന് ദാസനാണ് നോവലിലെ മുഖ്യ കഥാപാത്രം. ഫ്രഞ്ച് ചരിത്രത്തിലെ വീരനായിക ഴാന്താര്‍ക്കിന്റേയും മരണത്തിനും ജനനത്തിനും ഇടയില്‍ ആത്മാക്കളുടെ ഇടത്താവളമായ അറബിക്കടലിലെ
വെള്ളിയാംകല്ലിന്റേയും കഥകള്‍ കുറമ്പിയമ്മയില്നിന്ന് കേട്ടാണ് അയാള്‍ വളര്‍ന്നത്. ദാസന്, മയ്യഴിയിലെ പഠനത്തില്‍ ഇന്റര്‍മീഡിയറ്റ് പരീക്ഷയും, പോണ്ടിച്ചേരിയിലെ പഠനത്തില്‍ ബക്കലോറയ പരീക്ഷയും പാസായി. തുടര്‍ന്ന്, മയ്യഴിയില്‍ സര്‍ക്കാര്‍ ജോലിയോ, ഫ്രാന്‍സില്‍ സര്‍ക്കാര്‍ ചിലവില്‍ ഉപരിപഠനമോ തെരഞ്ഞെടുക്കാനുള്ള അവസരം ഉണ്ടായെങ്കിലും കമ്മ്യൂണിസ്റ്റും ദേശീയവാദിയുമായിരുന്ന തന്റെ
അദ്ധ്യാപകന് കുഞ്ഞനന്തന് മാസ്റ്ററുടെ സ്വാധീനത്തില്‍ അയാള്‍ തീരുമാനിച്ചത് മയ്യഴിയെ ഫ്രെഞ്ച് ആധിപത്യത്തില്‍ നിന്ന് മോചിപ്പിക്കാനുള്ള സമരത്തില്‍ പങ്കെടുക്കാനാണ്.
ദാസന് പഠിച്ച് ഉദ്യോഗം നേടി ലെസ്ലീ സായിപ്പിനെപ്പോലെ കേമനാകുന്നതോടെ കുടുംബത്തിന്റെ കഷ്ടപ്പാടുകള്‍ തീരുമെന്ന് കുറമ്പിയമ്മയും ദാമൂ റൈട്ടറും ഭാര്യ കൗസുവമ്മയും സ്വപ്നം കണ്ടു. അതിനു പകരം അയാള്‍ തെരഞ്ഞെടുത്ത വഴി കുടുംബത്തിന് കൂടുതല്‍ ബുദ്ധിമുട്ടുകള്‍ വരുത്തി വച്ചു. 1948ലെ മയ്യഴിയുടെ താല്‍ക്കാലിക വിമോചനത്തില്‍ പങ്കെടുത്ത ദാസന് ഫ്രെഞ്ച് അധികാരത്തിന്റെ പുന:സ്ഥാപനത്തോടെ ഒളിവില്‍ പോയപ്പോള്‍, റൈട്ടര്‍ക്ക് രണ്ടു വര്‍ഷത്തെ ജയില്‍ വാസം അനുഭവിക്കേണ്ടി വന്നു. അക്കാലത്ത് റൈട്ടര്‍ കുടുംബം കഴിഞ്ഞത് ഫ്രെഞ്ചു ഭരണത്തിന്റെ ഗുണ്ടയായിരുന്ന അച്ചുവിന്റെ
ഔദാര്യത്തിലായിരുന്നു. ജയില്‍ മുക്തനായ റൈട്ടര്‍, മകള്‍ ഗിരിജയെ വിവാഹം ചെയ്തു കൊടുക്കാനുള്ള അച്ചുവിന്റെ അഭ്യര്‍ത്ഥനയ്ക്കു വഴങ്ങി. സഹോദരിക്ക് ഇഷ്ടമില്ലാത്ത വിവാഹം തടയാനായി വീട്ടിലെത്തിയ ദാസനെ ദാമു റൈട്ടര്‍ ആട്ടിയിറക്കി. തുടര്‍ന്ന് പോലീസിന്റെ പിടിയിലായ അയാള്‍ പന്ത്രണ്ടു വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്ക് വിധിക്കപ്പെട്ടു.
1954ല്‍ മയ്യഴിയുടെ മേലുള്ള ഫ്രഞ്ച് ആധിപത്യത്തിന്റെ അന്ത്യത്തെതുടര്‍ന്ന് ദാസന് ജയില്‍ മുക്തനായെങ്കിലും ദാമു റൈട്ടര്‍ അയാളുമായി രമ്യപ്പെടാന്‍ വിസമ്മതിച്ചു. ദാസന്റെ കാമുകി ചന്ദ്രിയെ മറ്റൊരാള്‍ക്കു വിവാഹം ചെയ്തുകൊടുക്കാന്‍ അവളുടെ മാതാപിതാക്കളും തീരുമാനിച്ചു. വിവാഹദിനത്തില്‍
അപ്രത്യക്ഷയായ ചന്ദ്രിയെ പിന്നെ ആരും കണ്ടിട്ടില്ല. താമസിയായെ ദാസനും അവളുടെ വഴി പിന്തുടര്ന്നു. ദാസനും ചന്ദ്രിയും കടലിനു നടുവില്‍ വെള്ളിയാങ്കല്ലുകള്‍ക്കു മുകളിലെ തുമ്പികളായി പാറിനടക്കുകയാണ്.