ഒറോത
(നോവല്‍)
കാക്കനാടന്
കാക്കനാടന്റെ പ്രശസ്തനോവലാണ് ഒറോത. കണ്ണൂര്‍ ജില്ലയിലെ കിഴക്കന്‍ മലയോരത്തുള്ള ചെമ്പേരിയെന്ന കുടിയേറ്റഗ്രാമത്തിന്റെ തുടിപ്പുകളാണ് കാക്കനാടന്റെ ഒറോത എന്ന നോവല്‍. മധ്യതിരുവിതാംകൂറില്‍ നിന്ന് മലബാര്‍ പ്രദേശത്തേക്കുണ്ടായ കുടിയേറ്റക്കാരുടെ കഥകൂടിയാണിത്. കൊല്ലവര്‍ഷം 1099ല്‍ തിരുവിതാംകൂറിലുണ്ടായ വെള്ളപ്പൊക്കവും പിന്നീട് മീനച്ചിലാറിന്റെ കരയില്‍നിന്ന് കുറച്ച് കുടുംബങ്ങള്‍ മലബാറിലേക്ക് കുടിയേറുന്നതുമാണ് കഥ. സ്നേഹവും ത്യാഗവും കരുത്തും കാട്ടുന്ന ഒറോത ഒരു അസാധാരണ കഥാപാത്രമാണ്. വെള്ളം ഈ നോവലിലെ ഒരു പ്രധാന വിഷയമാണ്. തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കത്തില്നിന്നാണ് റൗഡി പാപ്പനെന്നറിയപ്പെട്ട വെട്ടുകാട് പാപ്പന് ഒറോതയെ കിട്ടിയത്. പാപ്പന് ഒരു വള്ളമൂന്നുകാരനാണ്; വെള്ളത്തില്‍ തൊഴിലെടുക്കുന്നവന്. മീനച്ചിലാറിന്റെ പുത്രിയായ ഒറോതയെ പാപ്പന് നിധിപോലെ കാത്തു. ഒറ്റാംതടിയായി ജീവിച്ച അയാളിലെ ജലാംശം തന്നെയായിരുന്നു ഒറോത. അധ്വാനമാണ് ഒറോത നിര്‍ദ്ദേശിക്കുന്ന ജീവിത വേദാന്തം. ജാനമ്മ, കുഞ്ഞുവര്‍ക്കി, മുത്തുകൃഷ്ണന്, ഔതക്കുട്ടി, ചേച്ചമ്മ, ഇട്ടിയവിശ, അന്നക്കുട്ടി തുടങ്ങിയ കഥാപാത്രങ്ങളുമുണ്ട്. നോവലിന്റെ ആമുഖമായി കാക്കനാടന് ഇങ്ങനെ പറയുന്നു: ‘ഒരു ബൃഹദ് രചനയെക്കുറിച്ച് ആലോചിച്ചിരിക്കുന്നതിനിടയില്‍ അതില്‍നിന്ന് കഥാപാത്രത്തെമാത്രം ചികഞ്ഞെടുത്ത് ആ കഥാപാത്രത്തിന്റെ ഒരു രേഖാചിത്രം വരയ്ക്കണമെന്ന് പെട്ടെന്ന് ഒരിക്കല്‍ തോന്നി. ആ തോന്നലിന്റെ ഫലമാണ് എന്റെ ‘ഒറോത’.
പുരസ്കാരം
കേരള സാഹിത്യ അക്കാദമിയുടെ നോവലിനുള്ള പുരസ്കാരം (1984)